ഞാൻ എത്തുന്നില്ലെങ്കിൽ, ഒരുനാൾ എന്റെ സഹപ്രവർത്തകർ അത് പൂർത്തിയാക്കും!
Tadhg Hickey
(ഐറിഷ് സ്റ്റാന്റപ് കൊമേഡിയൻ Tadhg Hickey സുമൂദ് ഫ്‌ളോട്ടിലയിൽ നിന്ന് അയച്ച സന്ദേശം)
2025 ഒക്ടോബർ 11, 1447 റബീഉൽ ആഖിർ 19

സുഹൃത്തുക്കളേ,
ഇത് എന്റെ അവസാന സന്ദേശമാണ്. എന്റെ ജീവിതത്തിലെ അവസാന സന്ദേശമാകില്ലെന്ന് കരുതാം. ഞങ്ങൾ ഇപ്പോൾ ‘റെഡ് സോണി’ൽ പ്രവേശിക്കുന്നു. ഇസ്രായേൽ ഞങ്ങളെ തടയാനുള്ള സാധ്യതയുണ്ട്. പിടിച്ചുകൊണ്ടുപോകാനുമിടയുണ്ട്. അതിനാൽ ഞാൻ എന്റെ നിലപാട് രേഖപ്പെടുത്തുകയാണ്.
എനിക്ക് ഒട്ടും പശ്ചാത്താപമില്ല. ഞാൻ ഒന്നിലും ഖേദിക്കുന്നില്ല. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ അഭിമാനമുണ്ട്. ജീവിതം തിരികെ ലഭിച്ചാൽ, ഞാൻ ഈ ദൗത്യത്തിൽ വീണ്ടും പങ്കെടുക്കും.
ഞാൻ എന്റെ രണ്ടു മക്കളെ അതിയായി സ്‌നേഹിക്കുന്നു എന്ന് കൂടി പറയണം. അവരെ ഞാൻ വളരെ മിസ്സ് ചെയ്യുന്നു. അവരെ കാണാനുള്ള ആകാംക്ഷയുണ്ട്. എന്നാൽ ഒരുവിധത്തിൽ, ഞാൻ ഈ ദൗത്യത്തിലേക്ക് വന്നത് എന്റെ മക്കൾക്കായി തന്നെയാണ്. കാരണം, ആളുകൾ കൂട്ടത്തോടെ കൊല്ലപ്പെടുകയും വിശന്നു മരിക്കുകയും ചെയ്യുന്ന വിഷയത്തിൽ എല്ലാവരും കണ്ണടയ്ക്കുന്ന ഈ ലോകത്ത് അവരെ വളരാൻ അനുവദിക്കാനാവില്ല. എന്റെ കുട്ടികൾ വളരുമ്പോൾ തങ്ങൾ മഹത്ത്വമുള്ളവരാണെന്ന് അവർ അറിയണം. എന്നാൽ, എല്ലാവരും മഹത്ത്വമുള്ളവരാണെന്നും ഒരു കുഞ്ഞും മറ്റൊരു കുഞ്ഞിനെക്കാൾ മികച്ചതോ മോശമോ അല്ലെന്നുമുള്ള ഉറപ്പോടെ അവർക്ക് ജീവിക്കാനാവണം.
അടുത്ത കുറച്ച് മണിക്കൂറുകളിൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. ഞങ്ങളെ തടയുമോ എന്നതാണ് ചോദ്യം. അതു തന്നെയാണ് യഥാർഥത്തിൽ യുദ്ധക്കുറ്റം. ഞങ്ങളെ കൂട്ടക്കൊല ചെയ്യുമോ എന്ന ഭയവും ഉണ്ട്. കാരണം കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ ഇസ്രായേൽ അതിനായി പ്രചാരണം കൂട്ടുകയാണ്. ഒന്നും സംഭവിച്ചില്ലെങ്കിൽ, ഞങ്ങൾ ഗസ്സയിൽ എത്തും, ഞാൻ എന്റെ സ്വപ്നങ്ങളുടെ തീരമണയും. എന്റെ സഹോദരങ്ങളെ ഗസ്സയുടെ കടൽത്തീരത്ത് കാണും.
എന്താണ് മുന്നിൽ കാത്തിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ, ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു; എന്റെ പിന്നാലെ മനുഷ്യത്വത്തിന്റെ പ്രത്യാശയുടെ ക്ഷീണിക്കാത്ത യാത്ര തുടർന്നുകൊണ്ടിരിക്കും. ഞാൻ എത്തുന്നില്ലെങ്കിൽ, ഒരുനാൾ എന്റെ സഹപ്രവർത്തകർ അത് പൂർത്തിയാക്കും. വളരെ വളരെ അടുത്തുതന്നെ. ഫലസ്തീൻ സ്വതന്ത്രമാവും. എന്റെ എല്ലാ സ്‌നേഹവും സമാധാനവും നേരുന്നു. വീണ്ടും കാണാം.

