ക്വുർആനിൽ പരാമർശിക്കപ്പെട്ട പ്രാണികൾ

റോഷൻ പുനലൂർ

2025 നവംബർ 22, 1447 ജമാദുൽ ആഖിർ 01

ഉറുമ്പ്

ക്വുർആനിലെ 27ാം അധ്യായത്തിന്റെ പേര് ‘നംല്’ (ഉറുമ്പ്) എന്നാണ്. അതിലെ 18ാം വാക്യം ഇതാണ്: “അങ്ങനെ അവർ ഉറുമ്പിൻ താഴ്‌വരയിലൂടെ ചെന്നപ്പോൾ ഒരു ഉറുമ്പ് പറഞ്ഞു: ‘ഹേ, ഉറുമ്പുകളേ, നിങ്ങൾ നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചുകൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവർ ഓർക്കാത്ത വിധത്തിൽ നിങ്ങളെ ചവിട്ടിത്തേച്ചു കളയാതിരിക്കട്ടെ’’ (27:18).

ഈ ഒരു വാക്യം കണ്ടിട്ട് ഇതെന്താ വല്ല fairy tale പുസ്തകമാണോ എന്ന് ചോദിച്ചു കളിയാക്കിയ വിമർശകരുണ്ട്. ഇത് കുട്ടികളുടെ കഥാപുസ്തകം പോലെ, വാസ്തവമില്ലാത്ത കെട്ടുകഥയാണെന്നാണ് വിമർശനം.

ഇതിൽ ഉറുമ്പുകളെ കുറിച്ച് അല്ലാഹു എന്താണ് പറഞ്ഞത്? അടുത്തകാലത്ത് മാത്രം കണ്ടെത്തിയ വസ്തുതയാണ് മനുഷ്യരുടെ ജീവിത രീതിയുമായി ഏറ്റവും ഒത്തു പോകുന്ന ജീവികളാണ് ഉറുമ്പുകൾ എന്നത്. ഒരുകൂട്ടം ശാസ്ത്രജ്ഞർ ഉറുമ്പുകളെ കുറിച്ച് പഠിക്കുന്നതിനിടയിൽ ഉറുമ്പുകളുടെ ഒരു അണ്ടർഗ്രൗണ്ട് Mega City കണ്ടെത്തി. (യൂട്യൂബിൽ ഇതിന്റെ വീഡിയോ കാണാൻ കഴിയും). വളരെ വലിയ ഒരു civilization ആണ് നമുക്ക് അവിടെ കാണാൻ കഴിയുന്നത്. അത്‌പോലെ തന്നെ Antz എന്ന അനിമേഷൻ മൂവി ഉണ്ട്, അതിൽനിന്നും മനസ്സിലാകും ഉറുമ്പുകളുടെ ജീവിതരീതി.

ഈയിടെ ജർമൻ ശാസ്ത്രജ്ഞർ ഒരുകൂട്ടം കാർപെന്റർ ഉറുമ്പുകളെ നിരീക്ഷിക്കുകയുണ്ടായി. അവർ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന കാര്യമാണ്. ഈ ഉറുമ്പുകൾ കൂട്ടത്തിലൊന്നിന് പരിക്കു പറ്റിയാൽ ശുശ്രൂഷിക്കുന്നുവന്നും സർജറി വരെ ചെയ്യുന്നുവെന്നുമാണ് കണ്ടെത്തൽ.

ഈ ഉറുമ്പുകൾ വായയുടെ ഭാഗങ്ങൾ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കുകയോ അല്ലെങ്കിൽ കേടായ കൈകാലുകൾ കടിച്ച് മുറിച്ചെടുക്കുകയോ ചെയ്തുകൊണ്ട് കൂട്ടാളികളുടെ മുറിവേറ്റ അവയവങ്ങളെ ചികിത്സിക്കുന്നത് നിരീക്ഷിച്ചു. പരിചരണത്തിന്റെ തിരഞ്ഞെടുപ്പ് പരിക്കിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. അത് കാലിന് മുകളിലെത്തിയപ്പോൾ, അവർ എപ്പോഴും മുറിച്ചുമാറ്റി. അത് കൂടുതൽ താഴ്ന്നപ്പോൾ, അവർ ഒരിക്കലും ഛേദിച്ചില്ല.

ഉറുമ്പുകളിൽ ഒന്നായ Polyergus ദുഷ്ട സ്വഭാവക്കാരാണ്. ഈ ഉറുമ്പുകൾ ഫോർമിക ഉറുമ്പുകളുടെ ഒരു കോളനി ഏറ്റെടുക്കുകയും അതിന്റെ തൊഴിലാളികളെ അടിമകളാക്കുകയും ചെയ്യുന്നു. പോളിയർഗസ് രാജ്ഞി കൂടിനുള്ളിൽ നുഴഞ്ഞുകയറുകയും ആതിഥേയ രാജ്ഞിയെ കൊല്ലുകയും അവളുടെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു. ഫോർമിക ഉറുമ്പുകൾ പോളിയർഗസ് സന്തതികളെ വളർത്തുകയും കൂട് പരിപാലിക്കുകയും കോളനി മുഴുവൻ തീറ്റ കണ്ടെത്തുകയും ചെയ്യുന്നു.

എന്നാൽ പോളിയർഗസ് അവിടെ നിർത്തുന്നില്ല. ഫോർമിക അടിമ ഉറുമ്പുകളുടെ വിതരണം നിറയ്ക്കാൻ, ഇവർ അയൽപക്കത്തുള്ള ഫോർമിക കോളനികളിൽ പതിവായി റെയ്ഡ് ചെയ്യുകയും തട്ടിക്കൊണ്ടുപോയി യഥാർഥ കോളനിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു.

മറ്റു ചില യാഥാർഥ്യങ്ങൾ അറിയുക:

ഉറുമ്പുകൾ മനുഷ്യരെ പോലെത്തന്നെ ശവം അടക്കം ചെയ്യുന്നു. അവർക്കു കൂടിനോട് ചേർന്ന് ശവകുടീരമുണ്ട്.

അവയ്ക്കു വളരെ സങ്കീർണമായ തൊഴിൽ വ്യവസ്ഥയുണ്ട്. ഒരു നേതാവില്ലാതെ തന്നെ അവർ പെർഫെക്റ്റായി ജോലി ചെയ്യുന്നു.

അവ യാത്രക്കിടയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. പോകുന്ന വഴിക്ക് മറ്റുള്ള ഉറുമ്പുകൾക്കു ഭക്ഷണത്തിലേക്കു വരാനുള്ള അടയാളങ്ങൾ ഇട്ടു കൊടുക്കുന്നു.

അവർ ഭക്ഷണം മാറ്റം ചെയ്‌തെടുക്കുന്നു.

സാധങ്ങൾ വഹിക്കുന്ന, ഒരുമിച്ചു പ്രവർത്തിക്കുന്ന ഉറുമ്പുകളുടെ കൂട്ടം, ഒരു പുതിയ വ്യക്തി ഒരു മികച്ച ആശയവുമായി ചേരുമ്പോഴെല്ലാം തന്ത്രങ്ങൾ മാറ്റുന്നു.

ഫെറോമോണുകൾ, ആന്റിന ടച്ച്, സുഗന്ധ പാതകൾ എന്നിവ ഉപയോഗിച്ച്, ഉറുമ്പുകൾക്ക് വളരെ മികച്ച ഒരു ഭാഷാകോഡ് ഉണ്ട്. ആധുനിക സാങ്കേതികവിദ്യ അതിൽനിന്നാണ് രൂപപ്പെട്ടത്.

ഇനി ക്വുർആനിലേക്ക് വരാം:

എ) ‘പറഞ്ഞു’ എന്നതിന് അറബിയിൽ قَالَ എന്ന പദമാണ് ഉപയോഗിക്കുക. അത് പുല്ലിംഗമാണ്. അതിന്റെ സ്ത്രീലിംഗരൂപം قَالَتْ എന്നതാണ്. നേരത്തെ നാം കണ്ട ക്വുർആൻ സൂക്തത്തിൽ قَالَتْ എന്ന സ്ത്രീലിംഗ പദമാണ് ഉപയോഗിച്ചിട്ടുള്ളത്.

പെൺ ഉറുമ്പുകളാണ് കൂടിന് പുറത്ത് ജോലി ചെയ്യുന്നതും ഭക്ഷണം കൊണ്ടുവരുന്നതും. ആണുറുമ്പുകൾ കൂട്ടിനുള്ളിൽ തന്നെയായിരിക്കും.

ബി) ‘ഹേ! ഉറുമ്പുകളേ’ എന്ന സംബോധന ഉറുമ്പിന് ഒരേ സമയം ഒന്നിലധികം ഉറുമ്പുകളോട് സംസാരിക്കാൻ കഴിയും എന്ന് വ്യക്തമാക്കുന്നു. ഉറുമ്പുകൾ ഫെറോമോൺസ് എന്ന കെമിക്കലിനോട് സംവേദനക്ഷമതയുള്ളവയാണ്. ഇതുവഴി അവ പരസ്പരം ഇടപഴകുന്നു. കൂടാതെ, ചിലയിനം ഉറുമ്പുകൾ സമീപത്തുള്ള ഉറുമ്പുകളുമായി ആശയവിനിമയം നടത്തുന്നത് ചെറിയ ശബ്ദമുണ്ടാക്കിക്കൊണ്ടാണ്.

ഏതാനും വർഷം മുമ്പുവരെ, ഉറുമ്പുകൾക്ക് ശബ്ദം പുറപ്പെടുവിക്കാനാവില്ലെന്നും ശബ്ദം കേൾക്കാ നുള്ള കഴിവില്ലെന്നും ശാസ്ത്രജ്ഞർ കരുതിയിരുന്നു. എന്നാൽ ചിലയിനം ഉറുമ്പുകൾക്ക് വളരെ കുറഞ്ഞ ആവൃത്തിയിലുള്ള ശബ്ദങ്ങൾ ഉപയോഗിച്ച് അടുത്തുള്ള ഉറുമ്പുകളുമായി ആശയവിനിമയം നടത്താൻ കഴിയുമെന്ന് അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. അതെ! ഉറുമ്പുകൾക്കു acoustic communication ഉണ്ടെന്ന് കണ്ടെത്തി.

ഉറുമ്പുകൾക്ക് ഗന്ധം അറിയാനുള്ള കഴിവുണ്ട്. അതിനാൽ അവ മറ്റുള്ളവരുടെ ശരീരഗന്ധം തിരിച്ചറിയും. നായകൾ ഗന്ധത്തിലൂടെ മനസ്സിലാക്കുന്നതുപോലെ തന്നെ. ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

“താൻ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവൻ. മനുഷ്യന്റെ സൃഷ്ടി കളിമണ്ണിൽ നിന്ന് അവൻ ആരംഭിച്ചു’’ (32:7)

എട്ടുകാലിയുടെ വീട്

ക്വുർആനിലെ 29ാം അധ്യായമാണ് ‘അൻകബൂത്’ (എട്ടുകാലി). അതിലെ 41ാം വാക്യം കാണുക: “അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടെത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളിൽ വെച്ച് ഏറ്റവും ദുർബലമായത് എട്ടുകാലിയുടെ വീടുതന്നെ. അവർ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കിൽ!’’ (29:41).

എന്തുകൊണ്ടാണ് എട്ടുകാലിയുടെ വീടാണ് ഏറ്റവും ദുർബലം എന്ന് പറഞ്ഞത്? ‘അവർ കാര്യം മനസ്സിലാക്കിയിരുന്നെങ്കിൽ’ എന്ന് ഈ സൂക്തത്തിന്റെ അവസാനത്തിൽ എടുത്തു പറയുന്നത് ശ്രദ്ധേയമാണ്.

മുഹമ്മദിന്റെ ദൈവം ഈച്ച, ചിലന്തി പോലുള്ള ചെറിയ പ്രാണികളുടെ ഉദാഹരണങ്ങൾ ഉപയോഗിക്കുന്നു എന്നു പറഞ്ഞ് ക്വുറൈശികൾ പരിഹസിക്കാറുണ്ടായിരുന്നു. അല്ലാഹു അവന്റെ സന്ദേശം മനുഷ്യന് മനസ്സിലാക്കിത്തരാൻ അവൻ ഉദ്ദേശിക്കുന്ന ഉദാഹരണങ്ങൾ ഉപയോഗിക്കുന്നു. ഈ വാക്യത്തിൽ, അല്ലാഹു വിശ്വാസിയുടെ വിശ്വാസത്തെ വിഗ്രഹാരാധകന്റെ വിശ്വാസവുമായി താരതമ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

ചിലന്തിവലകൾ കാണുമ്പോൾ സാമ്യമുള്ളതായി തോന്നുമെങ്കിലും അവയ്ക്കിടയിൽ ഏറെ വ്യത്യസ്തതകളുണ്ട്. 130 വ്യത്യസ്ത തരം ചിലന്തിവലകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവ വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും കാണപ്പെടുന്നു. ചിലന്തിവലകൾ വളരെ ശക്തമാണ്. 1.75 ഗിഗാപാസ് കലുകൾ (GPa) വരെ അല്ലെങ്കിൽ ക്രോസ് സെക്ഷനിൽ ഒരു ചതുരശ്ര മില്ലിമീറ്ററിന് 178 കിലോഗ്രാം വരെ ടെൻസൈൽ ശക്തിയുണ്ട്.

ഒരു ചിലന്തിയുടെ സിൽക്ക് ഫൈബർ 300% വരെ ഉയർന്ന ഇലാസ്റ്റിക് ആണ്. കൂടാതെ തേനീച്ച പോലുള്ള പറക്കുന്ന വസ്തുവിൽനിന്നുള്ള വൻആഘാതത്തെ ചെറുക്കാൻ കഴിവുള്ളതുമാണ്. മനുഷ്യനിർമിത പോളിമറുകളിൽ ഏറ്റവും കടുപ്പമേറിയ കെർ ഉൾപ്പെടെയുള്ള മറ്റു നാരുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ചിലന്തിവലകൾക്ക് ശക്തിയുടെയും വഴക്കത്തിന്റെയും അതുല്യമായ എഞ്ചിനീയറിംഗ് ഗുണങ്ങളുണ്ട്. ഒരേ വ്യാസമുള്ള സ്റ്റീലിനെക്കാൾ അഞ്ചിരട്ടി ശക്തമാണ് ചിലന്തിവല.

അന്തരീക്ഷ മലിനീകരണം മൂലം ചിലന്തികളുടെ വലകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവയുടെ ഒട്ടിപ്പിടിക്കൽ നഷ്ടപ്പെടുന്നു. ഊർജവും പ്രോട്ടീനും ലാഭിക്കാൻ, ഒരു ചിലന്തി മറ്റൊരു സ്ഥലത്ത് അല്ലെങ്കിൽ അതേസ്ഥലത്ത് പുതിയത് നിർമിക്കുന്നതിന് മുമ്പ് സ്വന്തം വല തിന്നുന്നു. അതുകൊണ്ടാണ് മിക്ക സമയത്തും ചിലന്തികൾ വെറുതെ ഇരിക്കാത്തത്.

ഒരു ചിലന്തിയുടെ വീട് തകർന്ന കുടുംബത്തെയും ജീർണിച്ച ജീവിതരീതിയെയും സൂചിപ്പിക്കുന്നു. പല സ്പീഷീസുകളിലും, ചിലന്തികൾ അവരുടെ വലയെ പുതിയൊരെണ്ണം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിന് മുമ്പ് തിന്നുന്നു. ഇണചേരലിനു ശേഷം പെൺ ചിലന്തികൾ അവരുടെ ആണിനെ ഭക്ഷിക്കുന്നു. അതുപോലെ തന്നെ ചില സ്പീഷീസ് എട്ടുകാലികളിൽ കുഞ്ഞുങ്ങൾ ഉണ്ടായത്തിന് ശേഷം ആ കുഞ്ഞുങ്ങൾ അതിന്റെ അമ്മയെ ഭക്ഷിക്കുന്നു. എത്ര വിചിത്രമായ വീടാണത്!

ചിലന്തിവല അതിന്റെ വീടാണ്. അവ അത് നിർമിക്കുകയും നശിപ്പിക്കുകയും വീണ്ടും വീണ്ടും പുനർനിർമിക്കുകയും ചെയ്യുന്നു.

ഒരു ചിലന്തി ഒരു വീടുണ്ടാക്കാൻ ധാരാളം സമയവും ഊർജവും ചെലവഴിക്കുന്നു. എന്നാൽ അതിന്റെ കഠിനാധ്വാനത്തിന്റെ അന്തിമഫലം പ്രവേശനമോ പുറത്തുകടക്കലോ പാർപ്പിടമോ ആഴമോ ഇല്ലാത്ത ഒരു ദുർബലമായ ഘടനയാണ്. ചൂട്, തണുപ്പ്, മഴ, മഞ്ഞ്, കാറ്റ്, കീടങ്ങൾ, വേട്ടക്കാർ എന്നിവയിൽനിന്ന് ചിലന്തിയെ സംരക്ഷിക്കാൻ ചിന്തിവലകൾക്ക് ശേഷിയില്ല. ചിലന്തിയുടെ വീട് ഇതര പ്രാണികളുടെ വീടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ദുർബലമായിരിക്കുന്നതുപോലെ, ഏകദൈവ വിശ്വാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ബഹുദൈവ വിശ്വാസം ദുർബലമായ ഒന്നാണ്.

ചിലന്തിക്ക് സ്ഥിരമായ ഒരു വീടില്ല. അവ ഇടയ്ക്കിടെ സ്ഥലങ്ങൾ മാറുന്നു. ബഹുദൈവാരാധകരും ആഗ്രഹ സഫലീകരണത്തിനും മറ്റുമായി ഓരോ ഇടങ്ങളിലേക്ക് മാറി മാറി പോകുന്നവരാണ്. ചിലന്തിവല അത്യാഗ്രഹം, വഞ്ചന, ഭൗതികത എന്നിവയെ പ്രതിനിധീകരിക്കുന്നു. മറ്റ് പ്രാണികളെ കെണിയിലാക്കി അവയുടെ ജീവൻ അപഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവ നിർമിക്കപ്പെടുന്നത്.

അല്ലാഹു അല്ലാത്തവരെ ആരാധിക്കാനായി നിർമിക്കപ്പെടുന്ന ആരാധനാ കേന്ദ്രങ്ങൾ ചൂഷണത്തിന്റെയും വഞ്ചനയുടെ കെണികളൊരുക്കി കാത്തിരിക്കുന്നു എന്നത് അനുഭവ യാഥാർഥ്യമാണ്. മിക്ക ജീവജാലങ്ങളും ഭക്ഷണത്തിനായി വീടിന് പുറത്തേക്ക് പോകുന്നു. എന്നാൽ ചിലന്തി ഇരപിടിക്കാൻ സ്വന്തം വീടുപയോഗിക്കുന്ന ഒരു പ്രാണിയാണ്. ചിലന്തിക്ക് അതിന്റെ വീട് ഇരയെ കൊല്ലാനും തിന്നാനുമുള്ള ഒരുകെണിയാണ്.

എന്തുകൊണ്ടാണ് അല്ലാഹു ചിലന്തിയുടെ വീടാണ് വീടുകളിൽ ഏറ്റവും ദുർബലം എന്ന് പറഞ്ഞതെന്ന് ഇപ്പോൾ ബോധ്യമായിട്ടുണ്ടാകുമെന്ന് കരുതുന്നു.

(തുടരും)