ക്വുർആനിൽ പരാമർശിക്കപ്പെട്ട പ്രാണികൾ 2
റോഷൻ പുനലൂർ
2025 നവംബർ 29, 1447 ജമാദുൽ ആഖിർ 08

കൊതുക്
ആന, ചിലന്തി, ഉറുമ്പ്, തേനീച്ച തുടങ്ങിയ ജീവികളുടെ പേരുകൾ ക്വുർആനിൽ പരാമർശിച്ചതിനെ സത്യനിഷേധികൾ കളിയാക്കിയിരുന്നു. ക്വുർആൻ വേദഗ്രന്ഥമാണെങ്കിൽ ഇവയെക്കുറിച്ചുള്ള പരാമർശം എന്തുകൊണ്ട് അതിൽ കാണപ്പെടുന്നു, അത് മോശമല്ലേ എന്നതായിരുന്നു അവരുടെ വിമർശന ചോദ്യം. അല്ലാഹു അവർക്ക് വ്യക്തമായി ഉത്തരം നൽകി:
“ഏതൊരു വസ്തുവേയും ഉദാഹരണമാക്കുന്നതിൽ അല്ലാഹു ലജ്ജിക്കുകയില്ല; തീർച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാൽ വിശ്വാസികൾക്ക് അത് തങ്ങളുടെ നാഥന്റെ പക്കൽനിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാകട്ടെ ഈ ഉദാഹരണം കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക...’’ (2:26).
ഈ വാക്യം ചില കാര്യങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നു:
1. കൊതുകുകളുടെ സൃഷ്ടിയിൽ മനുഷ്യർക്ക് അല്ലാഹുവിന്റെ ഒരു അടയാളമുണ്ട്.
2. കൊതുകുകളെക്കാൾ ചെറുതായ മറ്റു ചില സൃഷ്ടികൾ (പരാന്നഭോജികൾ) ഉണ്ട്.
3. വിശ്വാസികൾ മാത്രമെ ക്വുർആൻ നൽകുന്ന വിവരം അംഗീകരിക്കൂ. ക്വുർആനിൽ പറയുന്നത് സത്യമാണ്.
4. അവിശ്വാസികൾ തങ്ങളുടെ നാഥന്റെ ഏതെങ്കിലും അടയാളത്തിൽ (സൃഷ്ടിയിലും പ്രതിഭാസങ്ങളിലും) ഒന്നും കണ്ടെത്തുകയില്ല.
5. ഇത്തരത്തിലുള്ള ഉദാഹരണങ്ങളും ശരിയായ പാതയിലേക്ക് നയിക്കുന്നതിന് കാരണമാകാം:
കൊതുകുകൾ കേവലം ഒരു സൃഷ്ടിയല്ല, മറിച്ച് വളരെ സങ്കീർണമായ ഘടനയുള്ള വ്യത്യസ്തമായ ഒന്നാണ്. ആ ഘടന അവയെ മറ്റു പരാന്നഭോജികളിൽനിന്ന് വേർതിരിക്കുന്നു.
മേൽപറഞ്ഞ ആയത്തിൽ (2:26) ഉപയോഗിച്ചിരിക്കുന്ന പദമായ ‘ബഊദത്ത്’ എന്നത് പെൺകൊതുകുകളെ സൂചിപ്പിക്കുന്നു. മുട്ടയുടെ പോഷകങ്ങളുടെ ആവശ്യം നിറവേറ്റാൻ പെൺകൊതുകിന് മാത്രമെ രക്തം ആവശ്യമുള്ളൂ എന്ന് ആധുനിക ശാസ്ത്രം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു.
കൊതുകുകൾക്ക് അവയുടെതായ പരാന്നഭോജികൾ ഉണ്ടെന്ന കാര്യം മനസ്സിലാക്കുന്നത് വളരെ രസകരമാണ്. ക്വുർആൻ ‘അതിലുപരി നിസ്സാരം’ എന്ന വാചകം ഉപയോഗിച്ചിരിക്കുന്നു. കൊതുകിൽ നിന്ന് രക്തം വലിച്ചെടുക്കുന്ന മറ്റ് ചില പറക്കുന്ന പരാദങ്ങൾ ഉണ്ടെന്ന് ആധുനികശാസ്ത്രം തെളിയിച്ചിട്ടുണ്ട്. 1922ൽ, എഫ്.ഡബ്ല്യു. എഡ്വേർഡ്‌സ് എന്ന ശാസ്ത്രജ്ഞൻ തന്റെ ഗവേഷണ പ്രബന്ധത്തിൽ ഇക്കാര്യം സോദാഹരണം വ്യക്തമാക്കുന്നുണ്ട്.
കൊതുക് എന്ന ചെറിയ ജീവിയുടെ ശരീര ഘടന വളരെ സങ്കീർണമാണെന്ന് നാം മനസ്സിലാക്കണം. ക്വുർആനിൽ അല്ലാഹു കൊതുകിനെ ഉദാഹരിക്കുമ്പോൾ വിസ്മയകരമായ ചില കാര്യങ്ങൾ നാം ഓർക്കുക:
1. അത് പെണ്ണാണ്.
2. അതിന്റെ തലയിൽ നൂറു കണ്ണുകളുണ്ട്.
3 അതിന്റെ വായിൽ 48 പല്ലുകളുണ്ട്.
4. അതിന്റെ ചെറിയ ശരീരത്തിനുള്ളിൽ മൂന്ന് പൂർണ ഹൃദയങ്ങളുണ്ട്.
5. അതിന്റെ മൂക്കിൽ ആറ് കത്തികളുണ്ട്, ഓരോ കത്തിക്കും പ്രത്യേക ഉപയോഗമുണ്ട്.
6. അതിന് ഓരോ വശത്തും മൂന്ന് ചിറകുവീതമുണ്ട്.
7. ഈ പ്രാണിയുടെ ശരീരത്തിൽ ഒരു ഡിജിറ്റൽ എക്‌സ്-റേ മെഷീൻ ഉണ്ട്. ഇത് മനുഷ്യന്റെ ചർമത്തെ ഇരുട്ടിൽ വയലറ്റ് നിറത്തിൽ വേർതിരിച്ചറിയാൻ ഉപയോഗിക്കുന്നു.
8. രക്തം വലിച്ചെടുക്കുന്നത് മൂലമുണ്ടാകുന്ന വേദനയോ അനുഭവമോ കൂടാതെ മനുഷ്യ ചർമത്തിൽ മുള്ളുകൾ കയറ്റാൻ സഹായിക്കുന്ന ഒരു ചെറിയ വാക്‌സിൻ അതിന്റെ ശരീരത്തിൽ ഒരു ലോക്കൽ അനസ്‌തെറ്റിക് ആയി പ്രവർത്തിക്കുന്നു.
9. ഇതിന് രക്തപരിശോധനയ്ക്കുള്ള ഒരു ഉപകരണമുണ്ട്, ഇതിന് എല്ലാ രക്തഗ്രൂപ്പുകളും ഇഷ്ടമല്ല.
10. രക്തയോട്ടം വേഗത്തിലാക്കാൻ ഇതിന് ഒരു പ്രത്യേക സംവിധാനമുണ്ട്.

