എം. മുഹമ്മദ് മദനി; ബാക്കിവച്ച നൻമകൾ
കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ
2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17

1969ൽ പുളിക്കൽ മദീനത്തുൽ ഉലൂം അറിക്കോളേജിൽ വിദ്യാർഥിയായി ചേർന്ന കാലം മുതൽ ചിരപരിചിതമായ പേരുകളിലൊന്നായിരുന്നു മുഹമ്മദ് മദനി. അതിന്നു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, കോളേജിൽ ഞങ്ങളുടെ വന്ദ്യഗുരുവായിരുന്ന എം. ആലിക്കുട്ടി മൗലവിയുടെ ഉറ്റബന്ധുവായിരുന്നു മുഹമ്മദ് മദനി. എന്നെക്കാളും ആറേഴു വർഷം സീനിയറാണെങ്കിലും ഇടയ്ക്ക് കോളേജിൽ വരികയും ഞങ്ങളുമായി സുഹൃദ് ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. മറ്റൊന്ന് അക്കാലത്ത് മുജാഹിദ് വേദികളിൽ മദനി നല്ലൊരു പ്രഭാഷകനായിരുന്നു. കൊടുങ്കാറ്റ്-ചിന്ത-കണ്ണുനീർ പ്രഭാഷണങ്ങൾ എന്ന് ഞങ്ങൾ വിദ്യാർഥികൾ തമാശയയായി പറഞ്ഞിരുന്ന മൂന്ന് പ്രഭാഷകരിൽ ഒരാളായിരുന്നു മദനി. തൗഹീദും മുജാഹിദ് ആദർശവും ഏതു പ്രക്ഷുബ്ധമായ സാഹചര്യങ്ങളിലും കടുത്ത ഭാഷയിൽ പ്രതികൂലികളെ ഭയപ്പെടുത്തുന്ന ശൈലിയിൽ പ്രസംഗിച്ചിരുന്ന കെ.വി മൂസ സുല്ലമിയെ കൊടുങ്കാറ്റായും, ഏതു എതിരാളിയെയും കാതും കണ്ണും കൂർപ്പിച്ചു നിർത്തി, ഇരുത്തിച്ചിന്തിപ്പിപ്പ് ആദർശം പറഞ്ഞിരുന്ന കെ.കെ മുഹമ്മദ് സുല്ലമിയെ ചിന്താ പ്രഭാഷകനായും, എത്ര വലിയ കഠിന ഹൃദയമുള്ള ശത്രുവിന്റെയും കരളലിയിപ്പിച്ച് പരലോക ബോധത്തിൽ ഇഹലോക ജീവിതത്തെപ്പറ്റി ബോധവൽക്കരിച്ചിരുന്ന മദനിയെ കണ്ണുനീർ പ്രഭാഷകനെന്നുമാണ് കുട്ടികൾ വിശേഷിപ്പിച്ചിരുന്നത്. ഈ പ്രഭാഷകത്രയങ്ങളായിരുന്നു അക്കാലത്ത് പല വിജ്ഞാന വേദികളെയും പഠന ക്യാമ്പുകളെയും അലങ്കരിച്ചിരുന്നത്.
അന്നു മുതൽ പരിചയമുള്ള മദനിയുമായുള്ള ബന്ധം, പിന്നീട് അകന്ന ഒരു കുടുംബ ബന്ധു കൂടിയായി വളർന്നു. കുടുംബത്തോടൊപ്പം ഹജ്ജ് യാത്രയടക്കം മറ്റു പല പ്രസ്ഥാന യാത്രകളും ചെയ്തു. എന്തു കാര്യവും ഗൗരവമില്ലാതെ, ചിലപ്പോൾ നർമ ഭാവത്തിൽ കണ്ടിരുന്ന മദനിയുമായി ആ ബന്ധം ഊഷ്മളമായിത്തന്നെ നിലനിർത്തി. മുഹമ്മദ് മദനി സംഘടനയുടെ നേതൃസ്ഥാനത്ത് വന്നപ്പോഴും മദീനത്തുൽ ഉലൂമിന്റെ പ്രിൻസിപ്പാൾ സ്ഥാനം വഹിച്ചപ്പോഴുമെല്ലാം-മറ്റു പല വ്യക്തി ബന്ധങ്ങളെ അപേക്ഷിച്ച്-എന്നും ഊഷ്മളമായി സൗഹൃദബന്ധം നിലനിർത്താൻ കഴിഞ്ഞിരുന്നു. അതിനു കാരണംമദനിയോടുള്ള എന്റെ സമീപനത്തെക്കാൾ മദനിയുടെ വ്യക്തിത്വമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
സംഘടനാപരമായ വിള്ളലുകളുണ്ടായപ്പോൾ ഒരിക്കൽ മദനി വിളിച്ചു. ‘എടാ, എന്താണ് നിന്റെ നിലപാട്?’ മദനി തന്റെ സമപ്രായക്കാരെയും താഴെയുള്ളവരെയും ‘എടാ’ എന്നു വിളിച്ചാൽ അത് മനസ്സിലൊളിപ്പിച്ച സ്നേഹത്തിന്റെ കോഡ് ഭാഷയാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. മദനിയുടെ വിളികേട്ട് ഞാൻ അടുത്തു ചെന്ന് പറഞ്ഞു: ‘മദനീ, മതപ്രവർത്തനം പരലോക വിജയത്തിന്നുള്ളതല്ലേ? എന്തു പ്രശ്നങ്ങളുണ്ടായാലും അവനവന്റെ പരലോക രക്ഷക്ക് കേട് സംഭവിക്കാത്ത നിലപാട് എടുക്കണമെന്നാണന്റെ പക്ഷം.’ ഇതു കേട്ട് പുഞ്ചിരിയോടെ മദനി പറഞ്ഞു: ‘ജ്ജൊന്ന് പോയാ ഇവിടുന്ന്.’ആ നാടൻ പ്രയോഗത്തിൽ നർമവും നസ്വീഹത്തും നന്മ നിറഞ്ഞ മനസ്സിന്റെ തെളിച്ചവും നിറഞ്ഞു നിന്നിരുന്നുവെന്ന് ഓർക്കുന്നു.
ഏതായാലും മദനിയും നമ്മോട് വിടപറഞ്ഞു. ഒന്നിച്ചൊരുമിച്ച് ആദർശപ്പെരുമയിൽ കഴിഞ്ഞു കൂടിയിരുന്ന നാടുകളും നാളുകളും ആളുകളും ഓർമകളായി മാറുന്നു. ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ ഓർമ വരുന്ന ഒരു പ്രാർഥന കൂടി ഇവിടെ ചേർക്കുന്നു. ആഇശ(റ) ഉദ്ധരിക്കുന്നു: “നബിﷺ രാത്രി എഴുന്നേറ്റ് നിസ്‌കരിക്കുമ്പോൾ പ്രാരംഭത്തിൽ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു: ‘അല്ലാഹുവേ, ജിബ്രീലിന്റെ നാഥാ, മീകാഈലിന്റെയും ഇസ്റാഫീലിന്റെയും നാഥാ, ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, അദൃശ്യവും ദൃശ്യവുമറിയുന്ന നാഥാ, നിന്റെ അടിമകൾക്കിടയിൽ അവർ അഭിപ്രായ വ്യത്യാസത്തിലായ കാര്യങ്ങളിൽ വിധികർത്താവ് നീ മാത്രം. സത്യമാർഗത്തിൽ ഭിന്നതയുള്ള ഏതു കാര്യത്തിലും എന്നെ നീ നേർമാർഗത്തിലേക്ക് ചേർക്കേണമേ. നിശ്ചയം, നീയാണ് നീ ഉദ്ദേശിച്ചവരെ നേർമാർഗത്തിൽ ചേർക്കുന്നവൻ (സ്വഹീഹ് മുസ്‌ലിം).
മദനിക്കും നമ്മിൽ നിന്ന് മരിച്ചുപോയ എല്ലാവർക്കും അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ-ആമീൻ.

