ചരിത്രങ്ങളുടെ പൊൻതൂവലുകൾ മോഷ്ടിക്കുന്നവർ

കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ

2025 ജൂലൈ 05, 1447 മുഹറം 09

നാം ചരിത്രം സൃഷ്ടിക്കുന്നില്ലെങ്കി ൽ ചരിത്രം നമ്മെ സൃഷ്ടിക്കുമെന്നത് ഒരു പ്രാപഞ്ചികയാഥാർഥ്യമാണ്. ചരിത്രം സ്വയം സൃഷ്ടിക്കാത്ത പൂർവിക സമൂഹങ്ങളുടെ ചരിത്രം മറ്റുള്ളവർ അവരവരുടെ കാഴ്ചപ്പാടുകളനുസരിച്ച് മെനഞ്ഞുണ്ടാക്കി. എന്നാൽ സ്വന്തം ചരിത്രം സൃഷ്ടിച്ചവർക്ക് എന്നും കാലത്തെ അതിജീവിച്ചു നിലനിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. അജ്ഞതാന്ധകാര കാലത്തെ വകഞ്ഞുമാറ്റി മുന്നേറാൻ മുസ്‌ലിം പൂർവികർ ശ്രമിച്ചപ്പോൾ അതിനെ തടുക്കാൻ ആർക്കും കഴിഞ്ഞില്ല. അതുകൊണ്ടാണ് ശാസ്ത്ര, സാങ്കേതിക മുന്നേറ്റങ്ങളിൽ തമസ്‌കരിക്കപ്പെടാനാകാതെ മുസ്‌ലിം നാമങ്ങളും സംജ്ഞകളും ഇന്നും നിലനിൽക്കുന്നത്. കൊറോണ വൈറസിന്റെ അപ്രതീക്ഷിതമായ കടന്നുകയറ്റം പൊടുന്നനെ ലോകത്തെത്തന്നെ സ്തംഭിപ്പിച്ചപ്പോൾ, പ്രവാചക പാഠങ്ങളുടെ പ്രസക്തിയെ ലോകാരോഗ്യസംഘടനയിലെ ബൂദ്ധിജീവികളടക്കം ചർച്ചക്കെടുത്തത് ചരിത്രത്തെ ആർക്കും മണ്ണിട്ടുമൂടാൻ പറ്റില്ല എന്നതിന്റെ തെളിവാണ്.

മാനവികതയെ നേർവഴിയിലേക്കു നയിച്ച നബിമാരുടെ മാർഗദർശനവും പ്രമാണബദ്ധമായ ജീവിത നിലപാടും നേടാൻ കഴിയാതെ, അന്ധവിശ്വാസങ്ങളുടെ ജീർണിച്ചദുർഗന്ധം വമിക്കുന്ന ആശയങ്ങൾ കൈവിടാത്തവർ കഴിഞ്ഞകാല ചരിത്രങ്ങളുടെ പൊൻതൂവലുകൾ മോഷ്ടിക്കാനും, അന്യരുടെ ചരിത്രങ്ങൾ അവകാശപ്പെടാനും, ചരിത്രം സൃഷ്ടിച്ചവരെ തമസ്‌കരിക്കാനും എമ്പാടും ശ്രമം നടത്തികൊണ്ടിരിക്കുന്നുണ്ടിവിടെ.

മാനവിക നവോത്ഥാനങ്ങളുടെ ഉറവിടങ്ങളും ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രങ്ങളും രാജ്യം ഇതുവരെ ഉയർത്തിപ്പിടിച്ചുപോന്ന ജനാധിപത്യ, മതേതര ഘടനാചരിത്രവുമടക്കമുള്ളവയുടെ ഗതിമാറ്റാൻ ഗൂഢമായ തന്ത്രങ്ങൾ നടക്കുന്നു. അധികാരവും പൗരോഹിത്യജീർണതകളുടെ പുനഃസ്ഥാപനവുമാണ് ഇതിന്റെയൊക്കെ ലക്ഷ്യം എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് ബോധ്യമാണ്. ഇവിടെ ആർക്കും ആരെയും തടുക്കാൻ കഴിയില്ലെങ്കിലും നന്മ പുലരണം എന്നാഗ്രഹിക്കുന്നവർക്ക് ചില ബാധ്യതകളുണ്ട്. നവോത്ഥാനത്തിന്റെ ചരിത്രം അട്ടിമറിക്കുക എന്നതിന്റെയർഥം നവോത്ഥാനത്തിന്ന് നിമിത്തമായ ആശയങ്ങളെ കുഴിച്ചുമൂടുക എന്നാണ്. അപ്രകാരം ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെയും മതേതര-ജനാധിപത്യ വളർച്ചയുടെ നാൾവഴികളെയും വക്രീകരിക്കുക എന്നാൽ വസ്തുതകളെയും സത്യത്തെയും ചിതയിലിട്ട് തീകൊടുക്കുക എന്നാണ്. വേരുമുറിഞ്ഞ വൃക്ഷംപോലെ രാജ്യത്തിന്റെ പൈതൃകം ഇതുമൂലം ഉണങ്ങി നശിച്ചുപോകുമെന്ന് നാം ഭയപ്പെടണം.

ശൈഖ് സൈനുദ്ദീൻ മഖ്ദൂം തന്റെ ‘ഹിദായത്തുൽ അദ്കിയാ’യിൽ ഒരു ഉപമ പറയുന്നുണ്ട്. ‘സ്വന്തമായി വീടുവെക്കാതെ മരക്കൊമ്പിൽ ചാടിച്ചാടി കാലംകഴിക്കുന്ന കുരങ്ങ് തോരാതെ മഴ പെയ്യുമ്പോൾ, സ്വയം കൂടുകെട്ടി ആ കൂട്ടിൽ സുഖമായി കയറിയിരിക്കുന്ന കുരുവിയുടെ കൂട് മാന്തിപ്പൊളിക്കുമെന്ന്.’ ഇതാണ് ഇപ്പോൾ നവോത്ഥാനത്തിനോടും ചരിത്രത്തിനോടും പലരും ചെയ്യുന്ന വേലകൾ.

ഇവിടെ പ്രത്യേകമായി ഒരു കാര്യം സൂചിപ്പിക്കുകയാണ്. ഇന്ത്യാരാജ്യത്തെ മുസ്‌ലിം സംഭാവനകൾ, സ്വാതന്ത്ര്യ സമരത്തിലും രാഷ്ട്രപുനർനിർമാണത്തിലും അവർ വഹിച്ച പങ്ക്, കേരളത്തിലെ മുസ്‌ലിം സാന്നിധ്യം, നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരങ്ങളുടെയും വസ്തുതകൾ എന്നിവ വരുംതലമുറയുടെ കണ്ണിലും കാതിലുമെത്താതിരിക്കാൻ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനാൽ ഏതൊരു സമൂഹത്തിന്റെയും സത്യസന്ധമായ ചരിത്രം അതത് സമൂഹംതന്നെ സൂക്ഷിക്കണം. അടുത്ത തലമുറക്ക് കൈമാറണം. പഠിപ്പിക്കപ്പെടണം. ലഭ്യമായ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തപ്പെടണം. തങ്ങൾ ഈ രാജ്യത്തിൽ അവകാശമുള്ളവരാണെന്നും തങ്ങളുടെയും സാംസ്‌കാരിക സംഭാവനകൾ ഇവിടെയുണ്ടെന്നും കൃത്യമായ അറിവും ബോധ്യവുമുള്ളവരായിരിക്കണം വരും തലമുറ. അല്ലെങ്കിൽ അവർക്ക് അപകർഷതയാൽ തലയുയർത്താനാവില്ല.