ബീറ്റ ജനറേഷൻ: സാധ്യതകളും വെല്ലുവിളികളും
റസാഖ് ചെറൂപ്പ
2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03

ഒരു പുതിയ ജനറേഷന് തുടക്കം കുറിച്ചിരിക്കുകയാണ് ലോകത്ത്. ‘ജനറേഷൻ ബീറ്റ’ അഥവാ ‘ജൻ ബീറ്റ’ എന്ന പേരിലായിരിക്കും ഈ തലമുറ അറിയപ്പെടുക. 2025 ജനുവരി 1 മുതൽ 2039 ഡിസംബർ 31 വരെ ജനിക്കുന്നവരാണ് ജൻ ബീറ്റ വിഭാഗത്തിൽ പെടുന്നവർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്തേക്കു ജനിച്ച് വീണ് ദൈനംദിന ജീവിതത്തിൽ അതിന്റെ എല്ലാ സൗകര്യങ്ങളും ആസ്വദിച്ചു ജീവിക്കാൻ പോകുന്ന തലമുറ. 2010 മുതൽ 2024 ഡിസംബർ വരെ ജനിച്ച ആൽഫ ജനറേഷൻ കുട്ടികളെ ഐപാഡ് ജനറേഷൻ എന്ന് വിശേഷിപ്പിക്കുന്നതുപോലെ ജൻ ബീറ്റയെ എഐ ജനറേഷൻ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.
ജനറേഷൻ ബീറ്റ അറിവിലും ഡിജിറ്റൽ വൈദഗ്ധ്യത്തിലും സാങ്കേതിക രംഗത്തും നമ്മെ അപേക്ഷിച്ച് വളരെ മുന്നിലായിരിക്കും. ഇന്ത്യയിലെ ആദ്യത്തെ ബീറ്റ ബേബി ജനിച്ചത് മിസോറാമിലെ ഐസോളിലാണ്. ഫ്രാങ്ക് സാദങ് എന്നാണ് ആ കുട്ടിയുടെ പേര്. 2025 ജനുവരി ഒന്നിന് മൂന്നു മിനുട്ട് സമയത്തായിരുന്നു ആ ആൺകുട്ടിയുടെ ജനനം. 1964 മുതൽ 15 വർഷ കാലയളവാണ് ജനറേഷൻ മാറ്റത്തിന് പരിഗണിക്കുന്നത്. അതിന് മുൻപ് 20-30 വർഷ കാലയളവിലായിരുന്നു അത്. 1964 മുതൽ 1979 വരെ ജനിച്ചവർ ‘ജനറേഷൻ എക്‌സ്’ എന്നും 1980 മുതൽ 1994 വരെ ജനിച്ചവർ ‘ജനറേഷൻ വൈ’ അഥവാ ‘മില്ലേനിയൻസ്’ എന്നും 1995 മുതൽ 20൦9 വരെ ജനിച്ചവർ ‘ജനറേഷൻ ഇസഡ്’ എന്നും അറിയപ്പെടുന്നു.
ജനറേഷൻ ബീറ്റ: സാധ്യതകൾ
ജനറേഷൻ ബീറ്റയുടെ ഏറ്റവും വലിയ സാധ്യത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ആധുനിക വിദ്യാഭ്യാസമായിരിക്കും അവർക്ക് ലഭിക്കുക എന്നതാണ്. വിദ്യാഭ്യാസ രീതി വളരെ കാര്യക്ഷമവും വിരസത അകറ്റുന്നതരത്തിലുമുള്ളതായിരിക്കും. വിദ്യാഭ്യാസം വ്യക്തിഗതമായിരിക്കും എന്നതാണ് അതിന്റെ പ്രത്യേക സവിശേഷത. ഓരോരുത്തർക്കും തന്റെ ഇഷ്ടവും അഭിരുചിയും സമയവും കഴിവുമനുസരിച്ച് പഠനം മുമ്പോട്ട് കൊണ്ടുപോകാം. സാങ്കൽപിക യാഥാർഥ്യം (വെർച്വൽ റിയാലിറ്റി), വിപുലീകൃത യാഥാർഥ്യം (ആഗ്മെന്റഡ് റിയാലിറ്റി), ഹ്യൂമനോയ്ഡ്കൾ എന്നിവ വിദ്യാഭ്യാസ പ്രക്രിയയെ കൂടുതൽ സംവേദനാത്മകവും ആകൃഷ്ടവുമാക്കും.
ദിവസങ്ങൾ എടുത്ത് നാമൊക്കെ തയ്യാറാക്കിയിരുന്ന പല പഠന പ്രവർത്തനങ്ങളും മിനുട്ടുകൾക്കുള്ളിൽ കൃത്യതയോടെ തയ്യാറാക്കാൻ ഈ തലമുറക്ക് സാധിക്കും. ലോകത്ത് എവിടെയുമുള്ള കഴിവുറ്റ അധ്യാപകരുടെ സേവനം ഇവർക്ക് പലരീതിയിൽ ലഭ്യമാക്കാനും സാധിക്കും.
മറ്റൊരു പ്രധാന സാധ്യത ആരോഗ്യരംഗത്താണ്. വിപ്ലവാത്മകമായ കണ്ടുപിടുത്തങ്ങൾ നടക്കാനും അതുവഴി ചികിത്സാരംഗത്ത് ഏറെ മുന്നേറി അവരുടെ ആയുസ്സ് വർധിക്കുവാനും ഏറെ സാധ്യതയുണ്ട്. ഈ തലമുറയിൽ ജനിക്കുന്ന അധികപേരും അടുത്ത നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും ജീവിച്ചിരിക്കുകയും പല വിസ്മയങ്ങൾക്കും സാക്ഷിയാവുകയും ചെയ്യും. നാമിന്ന് മാരകമായി കാണുന്ന പല അസുഖങ്ങളും നേരത്തെ തന്നെ കണ്ടെത്തി ആ വ്യക്തിക്കു പ്രത്യേകമായി യോജിച്ച മരുന്നുകളും (Personilised Medicine) ആവശ്യമെങ്കിൽ കൃത്യമായ റോബോട്ടിക് സർജറിയും ജീൻ റിപ്പയർ ചികിത്സയും ലഭ്യമാക്കാം. ഒരു വ്യക്തിയുടെ ഡിഎൻഎയിൽ ആവശ്യമായ എഡിറ്റിംഗ് നടത്തുന്ന പ്രക്രിയയാണ് ജീൻ റിപ്പയർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുവഴി പാരമ്പര്യവും അല്ലാത്തതുമായ പല രോഗങ്ങളും സുഖപ്പെടുത്താൻ സാധിക്കും. കാൻസർ ചികിത്സയിൽ വലിയ പ്രതീക്ഷയാണ് ഇതുവഴി ലഭിക്കുന്നത്.
കായികാധ്വാനവും ബുദ്ധിയും ശാരീരിക സാന്നിധ്യവും ആവശ്യമുള്ള തൊഴിലുകൾ റോബോട്ടുകളും ഹ്യൂമനോയിഡ്കളും എഐ ഏജന്റുകളും (ഒരു പ്രത്യേക ജോലി സ്വയം ചെയ്യാനും വേണ്ട സമയത്ത് ആവശ്യമായ തീരുമാനങ്ങൾ എടുക്കാനും സന്ദർഭോചിതമായി തിരുത്തലുകൾ വരുത്താനും ഒക്കെ പര്യാപ്തമായ സോഫ്റ്റ് വെയർ) എഐ സിസ്റ്റങ്ങളും ഏറ്റെടുത്ത കാലത്താണ് അവർ ജനിച്ചു വീഴുന്നത്. സ്മാർട്ട് വീടുകൾ, ഡ്രൈവർ ആവശ്യമില്ലാത്ത വാഹനങ്ങൾ, ആവശ്യവസ്തുക്കൾ ഫിൽ ചെയ്ത് ബട്ടൺ അമർത്തിയാൽ ഭക്ഷണം ‘പ്രിന്റ്’ ചെയ്തു വരുന്ന പല അതിശയകരമായ സാങ്കേതിക വിദ്യകളും അനുഭവിക്കുന്ന കാലഘട്ടമാണ് ജൻ ബീറ്റയുടേത്.
വെല്ലുവിളികൾ
ജനറേഷൻ ബീറ്റ അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിൽ രംഗത്തായിരിക്കും. ഡിജിറ്റൽ ലോകത്തേക്കും നൂതന സാങ്കേതികവിദ്യ രംഗത്തേക്കുമുള്ള മാറ്റം പല തൊഴിൽ അവസരങ്ങളും ഇല്ലാതാക്കുകയും പുതുതായി സൃഷ്ടിക്കപ്പെടുന്ന അവസരങ്ങളിലേക്ക് പലർക്കും എത്തിപ്പെടാൻ പറ്റാത്ത അവസ്ഥ സൃഷ്ട്ടിക്കപ്പെടുകയും ചെയ്യും എന്നതാണ്. അത് യുവാക്കളിൽ അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും ഉടലെടുക്കാൻ കാരണമാവും.
മറ്റൊരു വെല്ലുവിളി മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ഡിജിറ്റൽ ലോകത്ത് ജീവിക്കേണ്ടിവരുന്ന ഈ തലമുറക്ക് വ്യക്തിബന്ധങ്ങൾ വളരെ കുറവായിരിക്കും. അത് അവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. ഡിജിറ്റൽ ലോകത്തെ ജീവിതവും വ്യക്തിബന്ധങ്ങളുടെ അഭാവവും അവരിൽ ഉത്കണ്ഠ, മാനസിക പിരിമുറുക്കം, വിഷാദം എന്നിവയ്ക്ക് കാരണമാവുകയും ജീവിതത്തിന്റെ താളം നിലനിർത്താൻ പ്രയാസപ്പെടുകയും ചെയ്യും.
ഇപ്പോൾ തന്നെ വ്യാപിച്ചു കഴിഞ്ഞ സൈബർ ക്രൈമുകൾ അതിന്റെ പാരമ്യതയിൽ എത്തുന്ന കാലത്താണ് ജൻ ബീറ്റ അവരുടെ പ്രായോഗിക ജീവിതം ആരംഭിക്കുക. ഓരോ വ്യക്തിയും പലരീതിയിലുള്ള ക്രൈമുകൾക്ക് വിധേയമാവാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കാരണമാകും.
കൂടാതെ കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി മലിനീകരണം, മാലിന്യസംസ്‌കരണം തുടങ്ങി പല പൊതുപ്രശ്‌നങ്ങളും കൂടുതൽ അഭിമുഖീകരിക്കേണ്ടിവരുന്ന തലമുറയാണ് ജനറേഷൻ ബീറ്റ. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന അതിശൈത്യവും അതികഠിന ചൂടും, ശക്തമായ മഴയുമൊക്കെ പല പ്രകൃതി ദുരന്തങ്ങളെയും വിളിച്ചു വരുത്തും. ക്രമാതീതമായി അജൈവ മാലിന്യങ്ങൾ തള്ളുന്നതും ഭൂമിയെ വാസയോഗ്യമല്ലാതാക്കും. ഇതിനെല്ലാം പരിഹാരം കണ്ടെത്തേണ്ട ജനറേഷൻ കൂടിയാണ് ജൻ ബീറ്റ.

