ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; ഗുണവും ദോഷവും

റസാഖ് ചെറൂപ്പ

2025 ജനുവരി 11, 1446 റജബ് 11

ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അടുക്കള മുതൽ ബഹിരാകാശ ഗവേഷണരംഗം വരെ അതിന്റെ സാധ്യത ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയികൊണ്ടിരിക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ അത്ഭുങ്ങളുടെയും അപകടങ്ങളുടെയും വർഷമായിരിക്കും 2025. ലോകക്രമത്തിന്റ നാശത്തിനുതന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിവെക്കുമോ എന്ന് ആ രംഗത്തെ ശാസ്ത്രകാരന്മാർ ആശങ്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. 2023ൽ ഗൂഗിളിലെ സേവനം അവസാനിപ്പിച്ച് പടിയിറങ്ങവെ നൽകിയ ഒരു അഭിമുഖത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ ശാസ്ത്രഞ്ജനായ ജെഫ്രി ഹിന്റൺ പറഞ്ഞത് ‘ഞാൻ ചെലവഴിച്ച എന്റെ ജീവിതാധ്വാനം മറ്റുള്ളവർ ദുരുപയോഗം നടത്തുമെന്നതിൽ എന്റെ മനഃസാക്ഷി വേദനിക്കുന്നു’ എന്നാണ്. മാനവരാശിയെ തന്നെ ഇല്ലാതാക്കാൻ പ്രാപ്തമായ സാങ്കേതിക വിദ്യയാണ് എഐ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകളിലൂടെ മെഷീൻ ലേണിംഗ് സാധ്യമാക്കിയതിനു 2024ൽ ജോൺ ജെ ഹോപ്ഫിൽഡിനൊപ്പം ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം പങ്കിട്ട വ്യക്തിയാണ് ജെഫ്രി ഹിന്റൺ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായത് ഈ അടുത്ത കാലത്താണെ ങ്കിലും 70-75 വർഷത്തെ ചരിത്രം അതിനുണ്ട്. ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് 1956ൽ ജോൺ മക്കാർത്തി എന്ന അമേരിക്കക്കാരനായ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ്. അദ്ദേഹമാണ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ പിതാവ് എന്നറിയപ്പെടുന്നതും.

യന്ത്രങ്ങൾക്ക് ചിന്താശേഷിയും സാമാന്യയുക്തിയും പ്രതികരണശേഷിയും നൽകി മനുഷ്യരെ പോലെ പ്രവർത്തിക്കാൻ സജ്ജമാക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ചെയ്യുന്നത്. 1950 കളിൽ തന്നെ ഇതിന്റെ ഗവേഷണം ആരംഭിച്ചിട്ടുണ്ട്. ജോൺ മക്കാർത്തിക്കൊപ്പം 1959ൽ മസാചുസറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എഐ ലാബിന് മർവിൻ മിൻസ്‌കി തുടക്കമിട്ടത് ഈ രംഗത്തെ പ്രധാന ചുവടുവയ്പായിരുന്നു. കമ്പ്യൂട്ടർ സയൻസിന്റെ പിതാവായ അലൻ ടുറിങ്‌ലൂടെ അസ്തിവാരമിട്ട്, മക്കാർത്തിയിലൂടെയും മാർവിൻ മിൻസ്‌കിയിലൂടെയും വികാസം പ്രാപിച്ച്, ഇലോൺ മസ്‌കിലൂടെയും സുന്ദർ പിച്ചെയിലൂടെയും മാർക് സൂക്കർബർഗിലൂടെയും ജെഫ്രി ഹിന്റണിലൂടെയും പടർന്നുപന്തലിച്ച് ഇന്ന് അതെവിടെ എത്തിനിൽക്കുന്നു എന്നത് നമ്മെ ഏറെ വിസ്മയിപ്പിക്കുന്ന കാര്യമാണ്.

മനുഷ്യർ കായികമായി ചെയ്തിരുന്ന ജോലികളാണ് ആദ്യമൊക്കെ യന്ത്രങ്ങൾ ഏറ്റെടുത്തിരുന്നത്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ബുദ്ധിപരമായി ചെയ്യേണ്ട ജോലികളും യന്ത്രങ്ങൾ ഏറ്റെടുത്തു തുടങ്ങി. അൽഗൊരിതം, ഡാറ്റകൾ, കമ്പ്യൂട്ടിങ് പവർ എന്നിവയുടെ സംയോജിപ്പിച്ച പ്രവർത്തനത്തിലൂടെയാണ് യന്ത്രങ്ങളെ ചിന്തിപ്പിക്കാനും സമയോചിതമായി പ്രതികരിക്കാനും പ്രാപ്തമാക്കുന്നത്. ഭാഷ ഉപയോഗിക്കുക, ദൃശ്യങ്ങൾ തിരിച്ചറിയുക, ചിത്രം വരക്കുക, രോഗം പറഞ്ഞാൽ മരുന്ന് കുറിച്ചുതരിക, ഡ്രൈവർ ഇല്ലാതെ വാഹനം ഓടിക്കുക, വിദ്യാർഥികൾ എഴുതുന്ന വിവരണാത്മക ഉത്തരങ്ങൾവരെ മൂല്യനിർണയും നടത്തി മാർക്കിടുക തുടങ്ങി പല ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി യന്ത്രങ്ങൾ ഏറ്റെടുത്ത് തുടങ്ങിയിട്ടുണ്ട്.

മോളി റോബോട്ടിക്‌സിന്റെ കിച്ചൻ റോബോട്ടുകൾ ഭക്ഷണം പാകം ചെയ്ത് തരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പാകം ചെയ്ത ഭക്ഷണം രുചിച്ചുനോക്കാനും എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് നാവ് കണ്ടെത്തിയിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഏറ്റവും പ്രധാനഭീഷണി ജോലിനഷ്ടം തന്നെയാണ്. മെറ്റ എ ഐ തന്ന വിവരമനുസരിച്ച് 2027ഓടെ ഡാറ്റാ എൻട്രി രംഗത്ത് മാത്രം 7.5 മില്യൺ ജോലി നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക്.

ഡാറ്റാ എൻട്രി രംഗത്ത് മാത്രം ഒതുങ്ങുന്നതല്ല ഈ ജോലി നഷ്ടം. അക്കൗണ്ടിങ് ആൻഡ് ബുക്ക് കീപ്പിങ്, കണ്ടന്റ് റൈറ്റിംഗ്, അധ്യാപനം, ഓഫീസ് സെക്രട്ടറി തുടങ്ങി പല രംഗങ്ങളിലായി 300 മില്യൺ ജോലി നഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് എഐ രംഗത്തെ വിദഗ്ധർ തന്നെ പ്രവചിക്കുന്നത്. 2024ൽ തന്നെ പല കമ്പനികളും തൊഴിലാളികൾ അധികമാണെന്ന് കണക്കുകൂട്ടി പിരിച്ചുവിടൽ ആരംഭിച്ചിട്ടുണ്ട് എന്ന് വാർത്തകളും കണക്കുകളും സൂചിപ്പിക്കുന്നു.

സമീപ ഭാവിയിൽ മൊത്തം തൊഴിൽ അവസരങ്ങളുടെ 25-30 ശതമാനത്തിലധികവും എഐ ഏറ്റെടുക്കുമെന്ന് ഉറപ്പിച്ചു പറയാം. തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങി നിത്യ ജീവിത വ്യവഹാര മേഖലകളിലെ എഐ സ്വാധീനം പ്രവചനാതീതമായിരിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു യഥാർഥ്യമായി കഴിഞ്ഞു. ഇനി അതിനെതിരെ പുറംതിരിഞ്ഞു നിന്നിട്ടു കാര്യമില്ല. അതിനെ യുക്തിപൂർവം ഉപയോഗിക്കുക എന്നതേ വഴിയുള്ളൂ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പല ജോലികളും കുറവ് വരുത്തുകയോ ഇല്ലായ്മ ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിലും പല അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. മെഷീൻ ലേണിംഗ് എഞ്ചിനീയർ, ഡാറ്റാ സയന്റിസ്റ്റ്, റിസർച്ച് സയന്റിസ്റ്റ്, സോഫ്റ്റ്വെയർ എഞ്ചിനീയർ, റോബോട്ടിക് എഞ്ചിനീയർ, ബിസിനസ് ഇന്റലിജൻസ് ഡെവലപ്പർ, എഐ എത്തിക്‌സ് സ്‌പെഷ്യലിസ്റ്റ്, ചാറ്റ്‌ബോട്ട് ഡെവലപ്പർ, എഐ സൊല്യൂഷൻ കൺസൾടന്റ്, എഐ സിസ്റ്റം അർക്കിടെക്ട് തുടങ്ങിയവ ചില ഉദാഹരങ്ങളാണ്. അതിന്റെ പതിപ്പുകൾ എല്ലാ മേഖലകളിലും ആവശ്യമായി വരുമെന്നതും പ്രതീക്ഷക്ക് വകനൽകുന്നു. വേണ്ടത് നമ്മുടെ വിദ്യാഭാസരീതി അതിനുംകൂടെ അനുഗുണമായ രീതിയിൽ ഇപ്പോഴേ പരിഷ്‌കരിക്കുക എന്നതാണ്.