എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2024 നവംബർ 30, 1446 ജു. ഊലാ 28

മർക്കസുദ്ദഅ്‌വക്കാരായ സാധാരണക്കാരോട്....

- -ഷഫീഖ് ചാലിയം

സഹോദരങ്ങളേ, നിങ്ങളെ നിങ്ങളുടെ സംഘടന എങ്ങോട്ടാണ് നയിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ബുദ്ധിയും യുക്തിയുമാണ് പ്രമാണം സ്വീകരിക്കുവാനും തള്ളിക്കളയുവാനുമുള്ള മാനദണ്ഡം എന്ന നിങ്ങളുടെ നേതാക്കളുടെ വീക്ഷണത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? അത് ശരിയോ തെറ്റോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചിന്തക്ക് പിറകിലാണ് പ്രമാണമെങ്കിൽ നിങ്ങൾ ഓരോ വിഷയവും ചിന്തിച്ചിട്ടാണോ സംഘടനയിൽ അംഗമായത്, അതോ അംഗമായതിനുശേഷം സംഘടന പറയുന്നതിനനുസരിച്ച് ചിന്തയെ ഒതുക്കിയതോ?

നിങ്ങളുടെ ചിന്തയുടെ വിഭവമെന്താണ്? പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കാതെ വെറുതെയിരുന്ന് ചിന്തിക്കുകയാണോ? പഠിച്ചറിഞ്ഞ് ചിന്തിക്കുകയാണോ? വിജ്ഞാനമാണോ നിങ്ങളുടെ ചിന്തയെ സ്വാധീനിക്കുന്നത് അതോ നിങ്ങളുടെ ചിന്തക്കനുസരിച്ച് വിജ്ഞാനത്തെ ചുരുക്കുകയാണോ?

സത്യത്തിൽ നിങ്ങളുടെ നേതൃത്വത്തിലുള്ളവർക്കുണ്ടായ, ഇസ്‌ലാമിന്റെ തനിമ നിലനിർത്തുന്നതിലുള്ള അപകർഷതയെ തുടർന്നാണ് പ്രമാണങ്ങളെ പുനർവായിക്കാൻ അഥവാ കാലത്തിനനുസരിച്ച് നവീകരിക്കാൻ അവർ ചിന്തിച്ചത്. ആ ചിന്തയുടെ ഫലമാണ് ഇന്നീ കാണുന്ന വിവാദങ്ങളെല്ലാം. ചിന്തിച്ച് നോക്കുക; അപ്പോൾ കാര്യം വ്യക്തമാകും. മതയുക്തിവാദത്തിലേക്കും സർവമത സത്യവാദത്തിലേക്കും പോകാതിരിക്കാൻ ജാഗ്രത പാലിക്കുക, പ്രാർഥിക്കുക.


ഇ.കെ മൗലവിയെക്കുറിച്ചുള്ള ലേഖന പരമ്പര

-അഫ്‌സൽ ഹുസൈൻ പി, പാലക്കാഴി

എട്ടുവർഷം പിന്നിടാൻ പോകുന്ന നേർപഥം വാരികയെ മറ്റു ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളിൽ നിന്ന് വേർതിരിക്കുന്നത് നേർക്കുനേരെ, പ്രാമാണികമായി വിഷയങ്ങൾ അവതരിപ്പിക്കുന്നു എന്നതാണ്. ചുരുങ്ങിയ പേജുകളിൽ ചെറിയ കുറിപ്പുകളായി നൽകുന്നത് വലിയ അറിവുകളാണ്.

ഇ.കെ മൗലവിയെക്കുറിച്ചുള്ള ലേഖന പരമ്പര ഏറെ പഠനാർഹമാണ്. മുസ്‌ലിം സമുദായത്തിന്റെ ഭൗതിക വിദ്യാഭ്യാസപരവും മതപരവുമായ രംഗത്തുള്ള വളർച്ചക്കായി അദ്ദേഹം ചെയ്ത സേവനങ്ങളെയും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെയും ത്യാഗങ്ങൾ സഹിച്ചുള്ള പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരണങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. നേർപഥത്തെ അണിയിച്ചൊരുക്കുന്നവർക്ക് അഭിനന്ദനങ്ങൾ.


മുനമ്പത്തിന്റെ മറവിൽ നടക്കുന്ന ധ്രുവീകരണ രാഷ്ട്രീയം

-യാസീൻ അഹ്‌മദ്, കൊച്ചി

നേർപഥം ലക്കം 409ൽ മുജീബ് ഒട്ടുമ്മൽ എഴുതിയ ‘മുനമ്പം വക്വ‌്‌ഫ് ഭൂമിയും ധ്രുവീകരണ രാഷ്ട്രീയവും’ എന്ന ലേഖനം അവസരോചിതവും വസ്തുതകൾ സത്യസന്ധമായി തുറന്നുകാട്ടുന്നതുമായി.

ജാതിമതവർണങ്ങളിൽ ചേരിതിരിഞ്ഞ് സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിച്ച് ഉത്തരേന്ത്യയിൽ അധികാരമുറപ്പിച്ചവർ സൗഹൃദകേരളത്തിന്റെ ഹൃദയത്തെയും തകർക്കാനുള്ള ശ്രമത്തിലാണ്. ഒന്നും വിജയിക്കാതെ പോകുന്നത് മലയാളികളുടെ ഒത്തൊരുമകൊണ്ടാണ്. ലേഖകൻ എഴുതിയതുപോലെ ‘മണിപ്പൂരിന്റെ തെരുവീഥികളിൽ ചീന്തിയെറിയപ്പെടുന്ന സഹോദരിമാരുടെ കണ്ണുനീരിന് വില കൽപിക്കാത്ത, തൃശൂലങ്ങളിൽ പിടഞ്ഞ് വീഴുന്ന ജീവനുകളെ പരിഗണിക്കാത്ത അന്ധത ബാധിച്ച ചില ക്രിസംഘികളാണ്’ മുനമ്പത്തിന്റെ പേരിൽ കണ്ണീരൊഴുക്കുന്നത്.