എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2024 ഏപ്രിൽ 27, 1445 ശവ്വാൽ 18

ആട് ജീവിതത്തിലെ ചർച്ചയാകാതെ പോകുന്ന മറുവശങ്ങൾ

- -വി.വി. ബഷീർ വടകര

അറേബ്യൻ മരുഭൂമിയിലെ ആടുവളർത്തലും ആടിനെ മേയ്ക്കലും ഒട്ടകത്തെ വളർത്തലുമൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇസ്‌ലാമിക ചരിത്രത്തിൽ മിക്ക പ്രവാചകൻമാരും ആട് മേയ്ച്ചതായി കാണാൻ കഴിയും. അറബ് സമൂഹത്തിന് അതൊരു പുതുമയുമല്ല. ഒരു പ്രവാചക വചനത്തിന്റെ സാരം തന്നെ ഇതാണ്: “നീ മുഖേന ഒരാൾക്ക് സൻമാർഗം ലഭിക്കുകയാണെങ്കിൽ ഒരു ചുവന്ന ഒട്ടകം ലഭിക്കുന്നതിനെക്കാൾ നിനക്കത് ഉത്തമമാണ്.’’ ഒട്ടകത്തിന് അവർ കൽപിച്ചിരുന്ന മൂല്യവും താൽപര്യവും ഈ തിരുവചനത്തിൽനിന്ന് വ്യക്തമാണ്.

ഇപ്പോഴും ചർച്ച തുടരുന്ന ‘ആട് ജീവിത’ത്തിലെ പ്രധാന കഥാപാത്രമായ അർബാബ് (സ്‌പോൺസർ) ഏതു മതക്കാരനാണ് എന്നതു തന്നെയാണ് വിഷയം! ‘റിയൽ സ്റ്റോറി’ എന്നു പറയുമ്പോഴും റീലുകൾ ഒന്നൊന്നായി പുറത്തുവരുന്നത് സ്വയം തിരക്കഥകൾ ചമച്ചുകൊണ്ടാണ്.

കാൽ നൂറ്റാണ്ടു കാലം സൗദി അറേബ്യയിൽ ജോലി ചെയ്ത ആളെന്ന നിലയിൽ ആട് ജീവിതത്തിന്റെ കുറെ കഥകൾ ഈയുള്ളവൻ ‘മലയാളം ന്യൂസ്’ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഹായിലിൽനിന്ന് ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരത്തിനിടയിൽ കണ്ട കാഴ്ചകൾ 2005 മുതൽ വാർത്താ പ്രാധാന്യത്തോടെയാണ് മലയാളം ന്യൂസും ഏഷ്യാനെറ്റ് ചാനലും പ്രസിദ്ധീകരിച്ചത്.

അതിലെ ഒരു സംഭവം പറയാം: “ഒരിക്കൽ യാത്രക്കിടെ ടാക്‌സിയിൽ ഒപ്പമുണ്ടായിരുന്ന ഒരു തമിഴ്‌നാട് സ്വദേശി പരിഭ്രമത്തോടെ റോഡിലേക്ക് മാറി മാറി നോക്കുന്നത് ശ്രദ്ധയിൽ പെടുകയുണ്ടായി. ടാക്‌സി ലക്ഷ്യത്തിലേക്ക് എത്തുന്നതിനു മുമ്പായി പിന്നിൽനിന്ന് വന്ന മറ്റൊരു വാഹനം അപകട സിഗ്‌നൽ എന്നതു പോലെ ലൈറ്റടിച്ച് ടാക്‌സിക്കു മുന്നിൽ വിലങ്ങനെ നിറുത്തി. ആ സഹോദരൻ പേടിച്ചരണ്ടു. കാരണം അന്വേഷിക്കുന്നതിന് മുമ്പേ വാഹനത്തിൽ നിന്നിറങ്ങിയ അറബ് വംശജൻ ടാക്‌സിക്കാരനോട് ഈ തമിഴ് സഹോദരനെ വാഹനത്തിൽനിന്ന് ഇറക്കാൻ പറഞ്ഞു. ഈയുള്ളവൻ അറബി സഹോദരനോട് കാര്യമന്വേഷിച്ചു. പക്വമായ ശൈലിയിൽ സ്‌നേഹത്തോടെ അദ്ദേഹം കാര്യം പറഞ്ഞു: “ഇയാൾ എന്റെ ആടുകളെ മേയ്ക്കുന്ന ജോലിക്കായി രണ്ടു മാസം മുമ്പു വന്ന ഇന്ത്യക്കാരനാണ്. ഭാഷ തീരെ പരിചയമില്ല. ഞാൻ പറയുന്നത് അവനോ അവൻ പറയുന്നത് എനിക്കോ മനസ്സിലാക്കാൻ കഴിയുന്നില്ല. എങ്കിലും ഞാൻ ശ്രദ്ധാപൂർവം കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്നു. ഈയടുത്ത ദിവസങ്ങളിലായി 5 ആടുകൾ ചത്തുപോയി. അത് സാധാരണയാണ്. പക്ഷേ, അതു മുതൽ ഇവൻ പ്രയാസത്തിലാണ്. ചിരിച്ചുകൊണ്ടു ഞാൻ മരണത്തെക്കുറിച്ച് പറയും. പക്ഷേ, അവൻ അതെങ്ങനെ മനസ്സിലാക്കുന്നു എന്നെനിക്കറിയില്ല. അടുത്തുള്ള ജോലിക്കാർ അവനെ എന്തെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചോ എന്നുമറിയില്ല. ഉച്ച നേരത്ത് റോഡിലിറങ്ങി വാഹനത്തിന് കൈകാണിച്ച് പോകുന്നത് എന്റെ സുഹൃത്ത് വിളിച്ചു പറഞ്ഞതിനാലാണ് ഞാൻ ഇവിടെ എത്തിയത്. ഇവനെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ഞാനായിരിക്കുമല്ലോ.’’

യഥാർഥ്യം അറിയാൻ തമിഴ് സഹോദരനോടും ഞാൻ കാര്യങ്ങൾ അന്വേഷിച്ചു. രണ്ടു മാസത്തെ ശമ്പളം മുടങ്ങാതെ കിട്ടിയതും, ഭക്ഷണവും വസ്ത്രങ്ങളും ആവശ്യത്തിനു ലഭിച്ചതും കടംവീട്ടാൻ സഹായിച്ചതുമെല്ലാം അവൻ പറഞ്ഞു. ആടുകൾ ചത്തുപോയതിന് ഞാൻ ശിക്ഷിക്കപ്പെടുമോ എന്ന് ഭയന്നാണ് ഒളിച്ചോടാൻ തീരുമാനിച്ചത് എന്നും അയാൾ വ്യക്തമാക്കി. ഇത് ആ അറബിയെ ധരിപ്പി ച്ചപ്പോൾ അയാൾ കുലുങ്ങിച്ചിരിച്ചുകൊണ്ട് ചോദിച്ചു: “ആടിന്റെ ജീവനാണോ മനുഷ്യന്റെ ജീവനാണോ വലുത്?’’

അമുസ്‌ലിമായ ആ തമിഴ്‌നാട്ടുകാരൻ അറബിയോടൊപ്പം സന്തോഷത്തോടെ തിരിച്ചുപോയി. ആ സൗദി പൗരൻ ഇടയ്ക്കിടെ ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ വന്ന് കുശലാന്വേഷണം നടത്തൽ പതിവായി. തമിഴ് സ്വദേശിയുടെ വീടുപണി പൂർത്തീകരിച്ചുകൊടുത്തതും ലീവിന് നാട്ടിൽ വിട്ടതും അയാൾ പറഞ്ഞു. ഒരുവർഷം തികയും മുമ്പേ നാട്ടിലേക്ക് പറഞ്ഞയച്ചതിനെക്കുറിച്ച് അറബി പറഞ്ഞത് ‘അവനും ഒരു കുടുംബത്തിൽ നിന്നാണല്ലോ’ എന്നാണ്.

ഇത് ഒരു റിയൽ സ്റ്റോറിയാണ്. തന്റെ പണിക്കാരന്റെ മതം നോക്കിയല്ല ആ അറബ് സഹോദരൻ ഇത്രയും ചെയ്തത്. തന്റെ വിശ്വാസത്തിന്റെ ഭാഗമായി ചെയ്ത നൻമ മാത്രം.