എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2024 ഏപ്രിൽ 20, 1445 ശവ്വാൽ 11

ജനാധിപത്യ-മതനിരപേക്ഷ ഇന്ത്യയെ തിരിച്ചുപിടിക്കുക

- -വി.വി. ബഷീർ വടകര

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. അതീവ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് ഈ വിധിയെഴുത്ത്. ഇന്ത്യ എന്ന രാജ്യം അതിന്റെ സവിശേഷതകളോടെ സംരക്ഷിക്കപ്പെടണമോ അതല്ല രാജ്യത്തിന്റെ സവിശേഷതകൾ കശാപ്പുചെയ്യപ്പെട്ട് ഇന്ത്യക്കാർക്ക് പരിചിതമല്ലാത്ത ഒരു വെറുപ്പിന്റെ മണ്ണായി മാറണമോ എന്ന് തീരുമാനിക്കുന്നതുകൂടിയാണ് ഈ തെരഞ്ഞെടുപ്പ് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

രാജ്യത്തിന്റെ വൈവിധ്യങ്ങളെയും നാനാത്വത്തെയും ഇല്ലാതാക്കാനും ഭൂരിപക്ഷ വംശീയതയ്ക്ക് വളവും വെള്ളവും നൽകി ഏകശിലാത്മകമാക്കാനുമുള്ള അശ്രാന്ത പരിശ്രമം നടത്തുന്നവർ വീണ്ടും അധികാരത്തിലെത്തിയാൽ എന്തായിരിക്കും നടക്കുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. രാജ്യത്തെ ജനങ്ങളെ മുഴുവൻ ഒരേ കണ്ണിലൂടെ കാണാതെ അവരുടെ ജാതിയും മതവും ഭാഷയും മറ്റും നോക്കി ചിലരെ ശ്രേഷ്ഠരും മറ്റു ചിലരെ അധമരും അവകാശങ്ങൾ നിഷേധിക്കപ്പെടേണ്ടവരുമായി കാണുന്ന ഭരണകൂടത്തെ എങ്ങനെയാണ് പിന്തുണക്കാനാവുക?

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും മോശപ്പെട്ട സർക്കാരാണ് ഇന്ത്യയെ നയിക്കുന്നത്. കോർപ്പറേറ്റുകൾക്ക് ഓശാന പാടി രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളെ മുഴുവൻ അവർക്ക് തീരെഴുതിക്കൊടുത്തുകൊണ്ടിരിക്കുന്ന ഒരു സർക്കാർ! എണ്ണപ്പെട്ട പണക്കാരുടെ വരുമാനം കുത്തനെ ഉയർന്നുകൊണ്ടിരിക്കുമ്പോൾ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. തൊഴിലില്ലായ്മ ജനകോടികളെ പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. നിയമം കയ്യിലെടുത്ത് നിരത്തിലിറങ്ങി ഒറ്റയായും കൂട്ടമായും അക്രമം നടത്തുന്നവർ സംരക്ഷിക്കപ്പെടുകയും ഇരകൾ തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്യുന്നു.

പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി തകർത്തുകളയാൻ അവയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. അമിതമായ ടാക്‌സ് അടക്കാൻ വിധിക്കുന്നു. ഭരണകൂടത്തെ എതിർക്കുന്നവരെ ഇ.ഡിയെ പറഞ്ഞയച്ച് പ്രയാസപ്പെടുത്തുന്നു.

സ്വാതന്ത്ര്യം കിട്ടിയ പല രാജ്യത്തും ജനാധിപത്യം നിലനിന്നുപോന്നിട്ടില്ല എന്നത് വസ്തുതയാണ്. എന്നാൽ ഇന്ത്യ പിടിച്ചുനിന്നത് ഭരണഘടനയുടെ കരുത്തുകൊണ്ടാണ്. മതനിരപേക്ഷ ഇന്ത്യയെ നിലനിർത്താനാണ് നെഹ്‌റു മുതൽക്കിങ്ങോട്ട് പതിറ്റാണ്ടുകൾ രാജ്യം ഭരിച്ചവർ ശ്രമിച്ചിട്ടുള്ളത്. നാനാത്വത്തിലെ ഏകത്വമാണ് രാജ്യത്തിന്റെ സൗന്ദര്യമെന്നും മത, ജാതി, വർഗ, ഭാഷ വ്യത്യാസമില്ലാതെ എല്ലാവരും പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും അവർ പ്രവൃത്തിയിലൂടെ കാണിച്ചുതന്നു. ഈ മഹത്തായ പാരമ്പര്യമാണ് ഇന്ന് പിച്ചിച്ചീന്തപ്പെടുന്നത്.

ഇന്ത്യൻ ഭരണഘടനയിൽ സെക്യുലറിസം എന്ന വാക്ക് ചേർക്കുന്നതിനു മുമ്പേ തന്നെ ഇന്ത്യ മതേതരത്വത്തെ പുൽകിയ ഒരു രാജ്യമായിരുന്നു. അശോക ചക്രവർത്തി കലിംഗ യുദ്ധത്തിനു ശേഷം ബുദ്ധ മതം സ്വീകരിച്ചെങ്കിലും അദ്ദേഹം രാജ്യത്തെ ഒരു ബുദ്ധമത രാഷ്ട്രമായി പ്രഖ്യാപിച്ചില്ല. ചന്ദ്രഗുപ്ത മൗര്യൻ മൗര്യസാമ്രാജ്യം സ്ഥാപിച്ച് ജൈന സന്യാസിയായെങ്കിലും അദ്ദേഹം ഈ രാജ്യത്തെ ഒരു ജൈനമത രാഷ്ട്രമാക്കിയില്ല. മുഗൾ ചക്രവർത്തിമാരായ ബാബർ മുതൽ ഔറംഗസേബ് വരെയുള്ളവർ ഭരണം നടത്തിയിട്ടും അവരാരും ഇന്ത്യയെ ഇസ്‌ലാമിക രാജ്യമായി പ്രഖ്യാപിച്ചില്ല. ബ്രിട്ടീഷുകാർ നൂറ്റാണ്ടുകളോളം ഇന്ത്യയെ ഭരിച്ചിട്ടും ഈ രാജ്യത്തെ ക്രിസ്ത്യൻ രാജ്യമായി പ്രഖ്യാപിച്ചില്ല. എന്നാൽ സംഘ്പരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യം ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റുക എന്നതാണ്. ബിജെപി എന്ന പാർട്ടി സംഘ്പരിവാറിൽനിന്നും ഭിന്നമായ ഒരു ആദർശം വെച്ചുപുലർത്തുന്ന പാർട്ടിയല്ലെന്നത് രഹസ്യമല്ല. ബാബരി മസ്ജിദ് തകർത്തതും തൽസ്ഥലത്ത് ക്ഷേത്രം പണിതതും രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ അതിന്റെ പ്രതിഷ്ഠാ ചടങ്ങിനു കാർമികത്വം വഹിച്ചതും ഓർക്കുക.