എഴുത്തുകള്‍
വായനക്കാർ എഴുതുന്നു
2024 മെയ് 04, 1445 ശവ്വാൽ 25

- -മുഹമ്മദ് ഫൈസൽ, കളമശ്ശേരി
രാജസ്ഥാനിലെ അജ്മീറിലുള്ള ദൗറ പ്രദേശത്തെ മദീന മസ്ജിദിൽ മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ യു.പിയിലെ രാംപൂർ സ്വദേശിയായ മുപ്പതുകാരൻ മൗലാനാ മാഹിറിനെ കൊലപ്പെടുത്തിയ സംഭവം സമാധാന കാംക്ഷികളെ ഞെട്ടിക്കുന്നതാണ്. രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നുകൊണ്ടിരിക്കെ നടന്ന ഈ അരുംകൊല വലിയ അപകട സൂചനയാണ് നൽകുന്നത്. കാസർക്കോട്ടെ റിയാസ് മൗലവിയെ ഇതേ രൂപത്തിൽതന്നെയാണ് കൊലചെയ്തത് എന്ന കാര്യം ഓർക്കുക. 2023 ആഗസ്റ്റ് മാസത്തിൽ ഡൽഹിക്കടുത്തുള്ള ഗുരുഗ്രാമിലെ സെക്ടർ 57ൽ സ്ഥിതിചെയ്യുന്ന അൻജുമാൻ ജുമുഅ മസ്ജിദിലെ അസിസ്റ്റന്റ് ഇമാമായ പത്തൊമ്പതുകാരൻ മൗലാനാ സാദിനെ ഒരു സംഘം അക്രമികൾ വെടിവെച്ച് കൊന്നിരുന്നു.
ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത മുസ്‌ലിംകൾ ഇവിടെയുള്ള ഭൂരിപക്ഷ മതവിഭാഗത്തിന്റെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്തിരിക്കുകയാണെന്ന വ്യാജപ്രചാരണം, പൗരത്വനിയമം നടപ്പിലാക്കാൻ പശ്ചാത്തലമൊരുക്കുന്നതിന്റെ ഭാഗമായി വ്യാപകമാംവിധം നടക്കുന്നുണ്ട്. പശുമാംസം വീട്ടിൽ സൂക്ഷിച്ചു എന്ന പേരിലാണ് വർഷങ്ങൾക്കു മുമ്പ് ഒരു ഇന്ത്യൻ സൈനികന്റെ പിതാവുകൂടിയായ മുഹമ്മദ് അഖ്‌ലാക്വിനെ സംഘ്പരിവാർ തീവ്രവാദികൾ സംഘടിച്ച് തല്ലിയും കല്ലുകൊണ്ട് ഇടിച്ചും ദാരുണമായി കൊലചെയ്തത്. ഇപ്പോൾ അത് പള്ളികളിൽ ഉറങ്ങിക്കിടക്കുന്ന ഇമാമുമാരെ തല്ലിക്കൊല്ലുന്നതിലേക്ക് എത്തിയിരിക്കുന്നു. ഒരു മനുഷ്യനിൽനിന്ന് മനുഷ്യത്വം പൂർണമായും നീക്കം ചെയ്യപ്പെട്ടാൽ അവനെ സംഘ്പരിവാറുകാരൻ എന്നു വിശേഷിപ്പിക്കാം.

