പരലോക ചിന്തകൾ
വെള്ളില പി.പി. അബ്ദുല്ല
2024 ജൂലായ് 27, 1446 മുഹർറം 21

നീ ഓർത്തു നോക്കൂ സോദരാ പരലോകം
വരുവാൻ നിനക്കുണ്ടങ്ങനെ ഒരു ലോകം
വിശ്വാസമില്ലേൽ നീ വെറും ഒരു മണ്ടനാ
മണ്ടൻ നിനച്ചു, ഞാൻ വലിയൊരു കേമനാ
പരലോക വിശ്വാസം പലർക്കും പലതരം
തെറ്റായ് മനസ്സിലാക്കിയാൽ സ്ഥിതി ഗുരുതരം
ചിലരുണ്ട് പാടെ നിഷേധിക്കുന്നവരായി
ചത്തങ്ങു പോയാൽ ഒക്കെ തീർന്നെന്നായി
ചിലരുണ്ടവർ പറയും പരലോകത്തിൽ
വിശ്വാസമുണ്ടെന്ന്, പ്രവർത്തനമില്ല
എന്നാൽ ചിലർ; വിശ്വാസമുണ്ട് പ്രവൃത്തിയും
വിശ്വാസമോ സത്യത്തിൽനിന്നകലത്തിലും
ഇവർക്കൊന്നുമേ ജയമില്ല പരലോകത്തിൽ
എന്നാൽ ജയം യഥാർഥ വിശ്വാസത്തിൽ
നാഥൻ പറഞ്ഞത് അപ്പടി നാം കേൾക്കണം
നബിയോരുടെ വഴികൊള്ളെ നം ചരിക്കണം
അതിനപ്പുറം വ്യാഖ്യാനമൊന്നും വേണ്ട
തിരുദൂതരെക്കാൾ ജ്ഞാനിയായ് ചമയേണ്ട
പരലോകമെന്തിന്നറിയുമോ എൻ സോദരാ
നീതി പുലർത്താനാണതെൻ സഹോദരാ
ഒരു നൂറു കൊല ചെയ്തുള്ളൊരു കൊലയാളിയെ
ഒരുവട്ടം കൊല്ലാൻ മാത്രമല്ലേ കഴിയുക?
ഒരു തെറ്റിനും മതിയായ ശിക്ഷകൾ നൽകുവാൻ
ഒരു ഭരണകൂടത്തിന്നുമില്ല കഴിവുകൾ
ആത്മാർഥമായ് പണി ചെയ്തിടുന്നോരുണ്ട്
കള്ളത്തരങ്ങൾ കാട്ടിടുന്നോരുണ്ട്
ആത്മാർഥതക്ക് പ്രതിഫലം നൽകാനായ്
അറിയില്ല മുതലാളിക്ക് സത്യം സത്യമായ്
എന്നാൽ അതേക്കുറിച്ചറിയുന്നോനാം റബ്ബ്
നൽകാനിരിക്കുകയാണതിൻ സവാബ്
സത്യത്തിനായ് നിലകൊണ്ട പലരും ജയിലിലാം
കുറ്റങ്ങൾ ചെയ്ത് മദിച്ചവർ മണിമേടയിൽ!
ആ രീതിയാണിഹലോകമിൽ കാണുന്നെ
സത്യത്തിനാ പരലോകമിൽ ജയമെന്നും
അതുകൊണ്ട് പരലോകം ഒരത്യാവശ്യമാ
അതു നിശ്ചയിച്ച പടച്ചവൻ പരിശുദ്ധനാ
മരണം നടന്ന് ശരീരമാകെ നശിച്ചുപോയ്
മണ്ണിൽ അവന്റെ ശരീരമാകെ ലയിച്ചുപോയ്
പിന്നെങ്ങനാ പരലോകമിൽ ചെന്നെത്തുക
എന്നുള്ള ചോദ്യം പലരുമുന്നയിക്കുന്നതാ
ഇത് ബുദ്ധിയല്ലെന്നറിയണേ സഹോദരാ
ചിന്തിക്കുവാൻ കഴിവുള്ളവൻ പറയാത്തതാ.
ദേഹത്തിൽനിന്നും ദേഹി വിട്ടകന്നു പോയ്
അതിനാലെ ദേഹം സർവവും നിലച്ചുപോയ്
എന്നാൽ നശിച്ചിട്ടില്ല ദേഹി അറിയണം
അതുതിരികെ വന്നാൽ ജീവനാകും ഓർക്കണം
പിന്നെ നശിച്ചത് ദേഹമെന്നൊരു കൂട്
അതു വീണ്ടും പണിയാൻ നാഥനില്ല പാട്
ഒരിക്കൽ വളരെ സൂക്ഷ്മമായ് പടച്ചൊരു
നാഥന്നു വീണ്ടും പടക്കുവാനോ പാട്?
അല്ലാഹു തന്റെ വേദമാം ക്വുർആനിൽ
ചോദിച്ചിടുന്നു ബുദ്ധിയുള്ളവരോട്
നിങ്ങളെ നാം വെറുതെ പടച്ചുവെന്നോ
നമ്മുടെ പക്കലേക്കു മടങ്ങില്ലെന്നോ
നിങ്ങൾ വിചാരിക്കുന്നതെന്ന ചോദ്യം
സൂറത്തു മുഅ്മിനിൽ നമുക്കതു കാണാം.
പരലോക വിജയം നൽകണം മന്നാനേ
വിശ്വാസമിൽ കരുത്തേകണം ദയ്യാനേ
ഹൃദയത്തെ മാറ്റിമറിച്ചിടും പെരിയോനേ
പരരോക രക്ഷ നീ നൽകണം ഹന്നാനേ
നിൻ മഗ്ഫിറത്തല്ലാതെ മറ്റൊന്നില്ല
ഞാൻ ചെയ്ത അമലുകൾ ഒട്ടുമേ തികയില്ല
ദോഷം പെരുത്ത് മലകണക്കെ നിൽക്കയാ
അമലോ ചെറു കുന്നിക്കുരുവിൽ താഴെയാ
അതിനാലെ നീ എനിക്കേകണം റഹ്‌മത്ത്
അല്ലാതിരുന്നാൽ നഷ്ടമാണു പെരുത്ത്
അതു താങ്ങുവാൻ എനിക്കില്ല ആഫിയത്ത്
നിൻ കരുണ മാത്രമാണെനിക്കു കരുത്ത്.

