മരണവേദന
വെള്ളില പി.പി. അബ്ദുല്ല
2024 ആഗസ്റ്റ് 17, 1446 സ്വഫർ 13

(പരലോക ചിന്തകൾ 04)
മരണത്തിനുണ്ടൊരു വേദന സുബ്ഹാനേ
അതിനെ എനിക്കു കുറക്കണേ മന്നാനേ.
തിരുദൂതരവരുടെ മരണസമയം വന്ന്
അവിടുന്നു പോലും വേദന സഹിക്കുന്ന്!
ഇടക്കൊക്കെ വെള്ളം കൈയിലാക്കിക്കൊണ്ട്
നബിയുല്ല തന്റെ വദനം തടവുന്നുണ്ട്.
ബുഖാരിയിൽ ആ കഥ പറയുന്നുണ്ട,്
അതിൽനിന്നു നാം ഏറെ പഠിക്കാനുണ്ട്.
അംറുബ്‌നു ആസ്വിൻ മരണനേരമടുക്കലായ്
എന്താണവസ്ഥ എന്ന് മോൻ ചോദിക്കലായ്
‘എന്നെ ചുരുട്ടിക്കൂട്ടി വെച്ചൊരവസ്ഥയാ
സൂചിക്കുഴയിലൂടെ മാത്രം ശ്വാസമാ,
മുള്ളുള്ള വസ്തുവിനാലെ എന്നെ വലിക്കയാ
ഉച്ചിമുതൽ പാദം വരെ മുറിക്കയാ’
എന്നാണവർ മറുപടി പറഞ്ഞത്.
അതുകൊണ്ട്, നീ ചിന്തിച്ചുവെങ്കിൽ നല്ലത്
അബിദ്ദുൻയ തന്റെ കിതാബിൽനിന്നുമെടുത്തതാ
അതുപോലെ വേറെ കുതുബിലും കാണുന്നതാ
അവർക്കൊക്കെ തന്നെ ഇതാണവസ്ഥയെങ്കിലേ,
എന്താണു സ്ഥിതി യാ റബ്ബനാ ഇനി എന്നിലേ!
കുറച്ചു തരേണേ റബ്ബനാ ആ വേദന
മരണത്തിൽ നീയല്ലാതെ ആരാ എൻ തുണ!
വിശ്വാസി തന്നുടെ മരണവേദന പോലുമെ
കൂലിക്കു കാരണമെന്നതാണാശ്വാസമെ.
മരണത്തിൻ വേദന സോദരാ, ചെറുതല്ല,
വലിപ്പം പറയാൻ വാക്ക് നമ്മൾക്കില്ല.
‘ഒരായിരം വാൾവെട്ടുകൊണ്ടൊരു സോദരൻ
അവനുള്ള വേദന നീ അതൊന്നോർത്തീടണം
അതിനെക്കാൾ വേദനയാണു മരണത്തിന്ന്’
എന്നു പറഞ്ഞത് സയ്യിദർ അലിയാണേ.
ശറഹുസ്സുദൂറിൽ ആണ് ആ മൊഴിയുള്ളത്
ഇമാം സുയൂതിയാണത് രചിച്ചത്.
മരണം നടന്നത് കാഫിറിന്നാണെങ്കിലേ
നിലക്കാത്തതാണാ വേദന അവൻ തന്നിലേ.
ക്വബ്‌റിൽ ആ വേദന അനുഭവിക്കുന്നുണ്ട്
എന്നും ചില ഗ്രന്ഥങ്ങൾ പറയുന്നുണ്ട്.
‘ഹിൽയതുൽ ഔലിയാഇ’ലുള്ളൊരു വാക്യമാ
അബൂ നഈമുൽ അസ്ബഹാനി രചിച്ചതാ.

