പരലോക ചിന്തകൾ

വെള്ളില പി.പി. അബ്ദുല്ല

2024 ജൂലായ് 30, 1446 മുഹർറം 14

അല്ലാഹുവിൻ നാമം മഹത്തരമാണേ
ആ നാമമിൽ ഞാൻ കൃതി തുടങ്ങുകയാണേ
സ്‌തോത്രങ്ങളഖിലം അവനുതന്നെയാണേ
അവനോ പ്രപഞ്ചത്തിന്റെ അധിപനുമാണേ
തിരുനബിയിലായ് ചൊല്ലുന്നു ഞാൻ സ്വലാത്ത്
അവിടന്നുതന്നെ മൊഴിഞ്ഞ, ആ സ്വലാത്ത്
ഇബ്‌റാഹീം നബിയുടെ പേരിലുള്ള സ്വലാത്ത്
ഗുണം പലത് നേടിത്തന്നിടും സ്വലാത്ത്
പരലോക വിശ്വാസത്തിനായ് ചില ഇൽമുകൾ
എൻ സോദരർക്ക് പകർന്നിടാം ചില നേരുകൾ
‘നാഥാ, അതിന്നായ് നീ തുണ, ദയ്യാനേ
നീ മാത്രമാ എനിക്കാശ്രയിക്കാൻ കോനേ
കാര്യങ്ങൾ സ്വന്തം ചെയ്തിടാൻ കഴിയാത്ത
കേട്ടുത്തരം നൽകാൻ കഴിവില്ലാത്ത
സൃഷ്ടികളോട് ഞാൻ ദുആ ചെയ്യില്ല
സ്രഷ്ടാവിൽ പങ്ക് ചേർത്തിടുകയില്ല
അല്ലാഹുവേ, നീ മാത്രമാണേ എൻ തണി
അതിനായി നിന്നിലേക്കുയർത്താം പാണി.’
എൻ സോദരാ, അല്പം സമയം നൽകുമോ,
ഞാൻ ചൊല്ലിടുന്നത് ശ്രദ്ധയോടെ കേൾക്കുമോ?
ഒരുനാൾ മരണം നിന്നെ തേടി എത്തിടും
ഓർത്തോ അതന്ന് നിന്നെ കൊണ്ടുപോയിടും
നാഥൻ നിനക്ക് വിധിച്ച സമയം വന്നാൽ
നീട്ടില്ലൊരല്പം പോലും സമയം എന്നാ
ഏതാണു ദേശം അവൻ നിനക്കു വിധിച്ചത്
അങ്ങോട്ട് നീ എത്തും അതിൻ നേരത്ത്
അവിടന്നുതന്നെ മലകുൽ മൗത്ത് വന്ന്
ആത്മാവുമായി പോയിടും അവിടന്ന്
ഈ ആശയം നൽകുന്ന വചനം വന്നതാ
തിരുദൂതരന്ന് മൊഴിഞ്ഞതായ് കാണുന്നതാ
ഒരു പാട് ഗ്രന്ഥങ്ങൾ എടുത്ത് കൊടുത്തതാ
ത്വബ്‌റാനി തന്നിൽ ഇവ്വിധം കുറിച്ചതാ
ചുമരിൽ കറങ്ങും ക്ലോക്കിലേക്കു നീ നോക്കുമോ,
നിൻ മരണ സമയം നിന്നെതേടി വരുന്നുവോ?
നിൻ വീടിൻ ചുമരിൽ തൂങ്ങിയാടും കലണ്ടറിൽ
നിൻ മരണ തീയതി ചേർത്തുവോ എന്നറിയുമോ?
നീ വാങ്ങിക്കൂട്ടി സംഭരിച്ചവയൊക്കെയും
അവകാശികൾ വീതിച്ചിടും അത് ഓർത്തുവോ?
ആത്മാവ് തന്നു നിനക്കു റബ്ബ് ദാനമായ്
അതിന്നു പാർക്കാൻ ദേഹവും സൗജന്യമായ്.
നീ നിന്റെ വീട്ടിൽ വളർത്തി നല്ലൊരു പക്ഷി
അമൂല്യമാണത് സുന്ദരിപ്പൊൻ പക്ഷി
നീ നൽകിയില്ല അതിനു ഭക്ഷണമൊന്നും
പകരം നീ നന്നാക്കുന്നു കൂടിനെയെന്നും
ദിനങ്ങൾ കഴിഞ്ഞാൽ പക്ഷി ചാകും നിശ്ചയം
പിന്നെയാ കൂട് നിനക്ക് പാഴ് വസ്തുവാം
നീ ഇത്രകാലം ജോലി ചെയ്തത് എന്തിനാ,
പാഴ്‌വസ്തുവായ് ഒഴിവാക്കിടുന്നൊരു കൂടിനാ?
അതുതന്നെയല്ലേ സോദരാ, നിൻ ജീവിതം?
ദേഹത്തിനായ് ജീവിക്കയല്ലേ ഈ വിധം?
അമൂല്യമാം ദേഹിക്കു വേണ്ടവയൊന്നും
നൽകാതെയല്ലേ ജീവിതം നിനക്കെന്നും?
‘റബ്ബേ അതിൽനിന്നും കര നീ കേറ്റണേ
ദേഹിക്കു ഊർജം നൽകുവാൻ വിധിയേകണേ
നീ നിന്റെ ഔദാര്യത്തിലതു നൽകേണേ
നഷ്ടത്തിൻനിന്നും എന്നെ നീ കാക്കേണേ
ഞാൻ ചെയ്തു നാഥാ, അക്രമം കൂമ്പാരമായ്
നീ നൽകിടേണേ മാപ്പതിന്നോശാരമായ്
കഴിയില്ല നാഥാ, നിന്റെ ശിക്ഷ താങ്ങുവാൻ
കരുണക്കു വേണ്ടി കെഞ്ചിടുന്നു പാപി ഞാൻ
(തുടരും)