മരണപ്പെട്ടവർക്കരികിലോ ക്വുർആൻ പാരായണം?

വെള്ളില പി.പി. അബ്ദുല്ല

2024 ആഗസ്റ്റ് 10, 1446 സ്വഫർ 06

(പരലോക ചിന്തകൾ 3)

നീയെത്തി ഒരു രോഗിയുടെ ചാരത്ത്
അല്ലെങ്കിലെത്തി മയ്യിതിന്നടുത്ത്
എന്നാൽ അവർക്കായ് വേണം നിന്റെ പ്രാർഥന
കൂട്ടത്തിലായിട്ടല്ല അവിടെ അർഥന
അല്ലാന്റെ ദൂതൻ പറഞ്ഞതായ് കാണുന്നു
പല കുതുബുകൾക്കകമിൽ ഇതാ കുറിക്കുന്നു:
‘ഒരു മയ്യിതിന്നടുത്ത് നീ വന്നെന്നാൽ,
രോഗിക്കു ചാരെ നീ സമീപിച്ചെന്നാൽ
നീ പറയണേ സൽവാക്കുകൾ അവിടന്ന്
മലക്കുകൾ ആമീൻ ചൊല്ലും നിൻ വാക്കിന്ന്’.
സ്വഹീഹു മുസ്‌ലിം പൊലെ പല ഗ്രന്ഥങ്ങൾ
കുറിച്ചുള്ളതാണിത് ഓർക്കണേ നീയൊന്ന്.
എന്നാൽ ഇതേ ഹദീസിനെ ചിലയാളുകൾ
തങ്ങൾക്കു വേണ്ടി വളച്ചൊടിക്കുകയാണ്.
‘സൽവാക്കുകൾ’ എന്നാൽ ക്വുർആനാണ്
അതുകൊണ്ട് ക്വുർആൻ ഓതണം എന്നാണേ;
എന്നാണവർ നൽകുന്നതാം വ്യാഖ്യാനം
മുൽഗാമികൾ പറയാത്തതാണീ ജൽപനം.
ഉലമാക്കൾ പലരും ഇതിനെ വ്യാഖ്യാനിച്ചതാ
ദുഅയാണതെന്നതിൽ അവര് യോജിച്ചുള്ളതാ
രോഗിക്കു ചാരെ ശിഫ ലഭിക്കാൻ പ്രാർഥന
മയ്യിത്തിനാണേൽ മഗ്ഫിറത്തിന്നർഥന
ഇതുതന്നെയാണാ തിരുമൊഴിതൻ അർഥം
ഇതിനെതിരെയുള്ള വാക്കുകൾ അനർഥം
നവവീ ഇമാം ഇത് വ്യക്തമായ് പഠിപ്പിച്ചതാ
സ്വഹീഹു മുസ്‌ലിമിന്റെ ശർഹിൽ വന്നതാ
അബൂസലമ മരണപ്പെട്ടൊരു സമയമിൽ
തിരുദൂതരെത്തി പ്രാർഥന ചെയ്തവിടമിൽ.
മുത്ത് റസൂലിനെ അപ്പടി പിൻപറ്റുവാൻ
നാഥാ, നീ തൗഫീഖേകണേ കരയേറുവാൻ
ബിദ്അത്തിൽനിന്നും പൂർണമായ് അകലുവാൻ
നീ കനിയണേ, തിരുസുന്നത്തിൽ നിലകൊള്ളുവാൻ
നിന്നെയും നിൻ തിരുദൂതരെ സ്‌നേഹിക്കുവാൻ
ഹൃദയത്തെ നീ വെളുപ്പിക്കണേ, ഹുബ്ബേറുവാൻ
അല്ലാതിരുന്നാൽ നഷ്ടമാ റഹ്‌മാനേ
അതു താങ്ങുവാൻ കഴിവില്ലെനിക്കെൻ കോനേ.
നീ മാത്രമാണെനിക്കഭയമെൻ പെരിയോനേ,
നീ എന്റെ കാര്യം ഏൽക്കണേ മന്നാനേ.