വീണുപോയവരെ ചേര്‍ത്തുപിടിക്കുക

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2021 ജനുവരി 15, 1442 ജുമാദൽ ആഖിർ 12

‘കിടപ്പിലായാല്‍
ഒരു വലിയ ലോകമാവാന്‍ കഴിയും
തൊട്ടപ്പുറത്തേക്ക് ഒരു കടല്‍ദൂരം
തൊട്ടടുത്ത ആളിലേക്ക് ഒരു ജന്മദൂരം
നിങ്ങളുടെ ഭാഷ
ആര്‍ക്കും മനസ്സിലാവാതെയാവാം
മറ്റുള്ളവരുടെ ശബ്ദം
ഒരു പ്രകാശ വര്‍ഷത്തിനപ്പുറത്താവാം.
ടീപോയ്‌മേല്‍ ഇരിക്കുന്ന ഗ്ലാസിലേക്ക്
നീളുന്ന നിങ്ങളുടെ കൈ
ഒരു വിദേശ രാജ്യത്തിലേക്ക് നീളുകയാണ്.'
-റഫീഖ് അഹ്‌മദ്

കിടന്നു പോയാല്‍ കഴിഞ്ഞു. ഇങ്ങനെ എഴുന്നേറ്റു നടക്കുന്നതുകൊണ്ട് കുഴപ്പമില്ല'- പ്രായാധിക്യമുള്ള പലരോടും വിശേഷം ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടിയാണിത്.

മനുഷ്യനേറ്റവും ഭയക്കുന്നത് കിടപ്പിലായി പോകുന്നതിനെയാണെന്ന് പലപ്പോഴൂം തോന്നിയിട്ടുണ്ട്. നട്ടെല്ല് നമ്മുടെ ശരീരത്തില്‍ നിര്‍വഹിക്കുന്ന മഹാധര്‍മം തിരിച്ചറിയണമെങ്കില്‍ എപ്പോഴെങ്കിലുമൊരിക്കല്‍ നല്ലപ്രായത്തില്‍ വീണു കിടപ്പിലായ ഒരാളെ കണ്ടാല്‍ മതി.

ഊഹിക്കാനാവാത്ത പ്രതിസന്ധികളിലേക്കാണത് നമ്മെ എടുത്തെറിയുക. കവി പറഞ്ഞതുപോലെ നമ്മുടെ ചെറിയലോകം വിശ്വസിക്കാനാവാത്തവിധം അകലങ്ങളിലേക്ക് വഴിമാറും. തൊട്ടപ്പുറത്തിരിക്കുന്ന ചായക്കപ്പിലേക്കോ പുസ്തകത്തിലേക്കോ വര്‍ഷങ്ങളുടെ വഴിദൂരമുണ്ടാകുമെന്നത് ചിന്തിക്കുമ്പോഴേ നടുക്കമുണ്ടാകൂന്നു!

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വര്‍ഷംതോറും രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷംവരെയാളുകള്‍ നട്ടെല്ലിന് ക്ഷതംവന്ന് ജീവിതത്തിന്റെ സജീവതയില്‍നിന്ന് ഒറ്റമുറികളിലേക്ക് വഴിമാറ്റപ്പെടുന്നുണ്ട്.

നമുക്ക് ചുറ്റിലും കാണും അത്തരത്തില്‍ ദൈവത്തിന്റെ പരീക്ഷണത്തിന് വിധേയരായവര്‍. ഓരോ രോഗിയും അയാള്‍ക്ക് മാത്രമല്ല അയാള്‍ക്ക് ചുറ്റിലുള്ളവര്‍ക്ക് കൂടി പരീക്ഷണമത്രെ. നമുക്കുള്ള പരീക്ഷണമാരായിരിക്കും, നാമറിഞ്ഞിട്ടുണ്ടോ? തിരഞ്ഞു നോക്കിയിട്ടുണ്ടോ?

പാരത്രിക കോടതിയില്‍ അടിമയോട് അല്ലാഹു ചോദിക്കുന്നുണ്ട്; ‘ഞാന്‍ രോഗിയായിക്കിടന്നു, നിനക്കെന്നെ വന്ന് ഒന്നു കണ്ടുകൂടായിരുന്നില്ലേ?'

മണ്ണും വിണ്ണും നിയന്ത്രിക്കുന്ന നീ രോഗിയാവുകയോ എന്നാശ്ചര്യപ്പെടുന്ന അടിമയോട് അല്ലാഹു പറയുന്നത് ‘നിന്റെ വിളിപ്പുറത്ത്, ഒരു കണ്ണകലെ ഇന്നയാള്‍ രോഗിയായിക്കിടന്നിരുന്നില്ലേ? അയാളെ നീ സന്ദര്‍ശിച്ചിരുന്നെങ്കില്‍ നീ എന്നെ അവിടെ കണ്ടുമുട്ടുമായിരുന്നു' എന്നാണ്!

നമുക്ക് വേണ്ടി കൂടിയാണവര്‍ വെള്ളം നിറച്ച കിടക്കകളില്‍ മുറിവ് പറ്റാതെ കിടക്കാന്‍ ശ്രമിക്കുന്നത് എന്നറിയുമ്പോഴാണ് ‘ഞാന്‍' എന്നത് നമ്മളാകുന്നത്.

കൊറോണക്കാലത്ത് നീ മാസ്‌ക്ക് വെക്കുന്നതും പുറത്ത് പോകാതിരിക്കുന്നതും ‘നിനക്ക് വേണ്ടി' മാത്രമല്ല; ‘നമുക്ക് വേണ്ടി'യാണെന്ന പാഠം ലോകം മുഴുവന്‍ പഠിച്ചതുപോലെയല്ലേ?

മുന്‍കാലങ്ങളിലില്ലാത്തവിധം ഇന്ന് കിടപ്പിലായവരെ പരിചരിക്കാന്‍ സംവിധാനങ്ങള്‍, ബോധവല്‍ക്കരണങ്ങള്‍, പാലിയേറ്റീവ് കൂട്ടായ്മകള്‍ ഒക്കെ ഉയര്‍ന്നു വന്നിട്ടുണ്ട്.

അവയില്‍ നമ്മുടെ റോളെന്ത് എന്ന് ചിന്തിക്കേണ്ടതും നമുക്ക് എന്ത് ചെയ്യാനാവും എന്ന് തീരുമാനിക്കേണ്ടതും നമ്മള്‍ മാത്രമാണ്! ഏതൊരു ദുരന്തവും നമ്മെ സ്പര്‍ശിക്കുന്നതുവരെ അതിനെ നിസ്സാരമായി നമുക്ക് തോന്നിയേക്കാം.

സുദീര്‍ഘമായ നടത്തം പ്രതീക്ഷിച്ചതിനിടയില്‍ വീണുപോയവരുണ്ടാകാം. അവരുടെ അടുത്തുചെന്ന് ചേര്‍ത്തുപിടിച്ച് സാധ്യമാകുന്ന സാന്ത്വന വാക്കുകള്‍ പറയാന്‍ ശ്രമിച്ചു നോക്കൂ, അവര്‍ക്കു വേണ്ടി അവരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥിച്ചുനോക്കൂ... ഞാൻ

യഥാര്‍ഥ മനുഷ്യനായിരിക്കുന്നു എന്ന് നമ്മുടെ ഉള്ള് നമ്മോട് പറയും, തീര്‍ച്ച. അത് രോഗിക്ക് തെല്ലൊന്നുമല്ല ആശ്വാസമേകുക.