വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍...

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2021 ജനുവരി 22, 1442 ജുമാദൽ ആഖിർ 19

അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെവെച്ച് കേള്‍ക്കുകയില്ല. സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ'' (ക്വുര്‍ആന്‍ 56:25,26).

സ്വര്‍ഗത്തിന്റെ പ്രത്യേകതകള്‍ പറയുന്നിടത്ത് ക്വുര്‍ആന്‍ എടുത്തുപറയുന്ന ഒരു കാര്യമാണിത്. ആക്ഷേപങ്ങളോ വിമര്‍ശനങ്ങളോ ഇല്ലാത്ത ലോകമായിരിക്കും സ്വര്‍ഗം! ഹാ എത്ര സുന്ദരമായിരിക്കും അത്തരമൊരു ലോകം!

നോക്കൂ...!

എത്ര വിവരദോഷികളും വിവേകമില്ലാത്തവരുമാണ് അന്നം നല്‍കുന്ന സര്‍വലോക പരിപാലകനെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത്! അപ്പോള്‍ ഞാനോ നിങ്ങളോ വിമര്‍ശിക്കപ്പെടുന്നത് അത്ര വലിയ കാര്യമാണോ? ഒരിക്കലുമല്ല!

ജീവിതത്തില്‍ നിരന്തരമായും ഒട്ടും മാര്‍ദവമില്ലാതെയും അതിക്രൂരമായും നാം വിമര്‍ശിക്കപ്പെട്ടേക്കാം. ചിലപ്പോള്‍ ബോധപൂര്‍വമുള്ള ഇകഴ്‌ത്തലുകള്‍ക്കും കരുതിക്കൂട്ടിയ അപഹസിക്കലുകള്‍ക്കും വിധേയമായേക്കാം.

കാരണം, പ്രവൃത്തിപഥത്തില്‍ നാം സജീവമായി നിലകൊള്ളുന്നുണ്ടാകും. തിന്മകള്‍ക്കെതിരില്‍ ശബ്ദിക്കുന്നുണ്ടാകും. അതിനാല്‍ കുടിലമനസ്‌കര്‍ക്ക് നമുക്ക് പിന്നില്‍ കൂടാതിരിക്കാനാവില്ല. നാം എവിടെയാണെങ്കിലും നമ്മുടെ കണ്ണുകളെ നിറയിക്കുവാനായി അവര്‍ പിന്നാലെയുണ്ടാകും.

കവി പാടിയതെത്ര യാഥാർഥ്യം:

‘‘അയാളുടെ പരിശ്രമങ്ങളിലേക്കെത്താന്‍  അവര്‍ക്കാവാത്തതിനാല്‍

അവര്‍ ആ ചെറുപ്പക്കാരനോട് അസൂയവെച്ചു.

ജനങ്ങള്‍ ഒന്നടങ്കം അവന്റെ ശത്രുവും

വിമര്‍ശകരുമായിതീര്‍ന്നു.''

നിലത്തിരിക്കുന്നവനൊരിക്കലും മറിഞ്ഞുവീഴാറില്ല! എന്നാല്‍ നിന്നോടവര്‍ കെറുവ് കാണിക്കും. കാരണം നീ ഒട്ടേറെ നന്മകള്‍ ചെയ്യുന്നവനാണ്. വിജ്ഞാനവും സമ്പത്തും സംസ്‌ക്കാരവും ആളുകള്‍ക്കിടയില്‍ വിതറുന്നവനാണ്. അവരുടെ കണ്ണില്‍ നീ മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്തവനാണ്! കാരണം നീ നിനക്ക് ദൈവം തന്ന അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു!

വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോഴേക്ക് തളരുന്ന മനസ്സിന്റെ ഉടമകളാവരുത് നാം. വിമര്‍ശിക്കുക, ആക്ഷേപിക്കുക എന്നത് മനുഷ്യന്റെ പൊതുവായ പ്രത്യേകതയാണ്.

വിമര്‍ശിക്കപ്പെടുന്നവനിരിക്കുന്ന ഉയര്‍ന്ന സ്ഥാനത്തേക്കെത്താന്‍ കഴിയാത്തതിന്റെ അസൂയ കൂടിയായിരിക്കാം വിമര്‍ശനത്തിന്റെ ഹേതു.

എന്നാല്‍ ശക്തനായ ഒരാള്‍ തനിക്കു നേരെ വരുന്ന വിമര്‍ശനങ്ങളുടെ കൂരമ്പുകളെ പൂമാലയായി സ്വീകരിക്കുകയും തന്റെ പ്രവര്‍ത്തന വീഥിയില്‍ പുനഃപരിശോധന ആവശ്യമുണ്ടോ എന്ന് പരിശോധിക്കാന്‍ തയ്യാറാവുകയുമാണ് വേണ്ടത്.

നിരന്തരമായ ആത്മവിചാരണ നമ്മുടെ അകം സ്ഫടികസമാനമാക്കും. കറുത്ത ചെറുപുള്ളികള്‍ പോലും മായ്‌ച്ചുകളഞ്ഞ് മനസ്സിനെ വെട്ടിത്തിളങ്ങുന്നതാക്കി മാറ്റും.