സമയം തികയാത്തവരും തള്ളിനീക്കുന്നവരും

ടി.കെ അശ്‌റഫ്

2022 മാർച്ച് 19, 1442 ശഅബാൻ 16

സമയത്തെ സംബന്ധിച്ച് രണ്ടുതരം സംസാരങ്ങള്‍ നാം കേള്‍ക്കാറുണ്ട്. ഒന്നിനും സമയം തികയുന്നില്ല എന്നതാണ് ഒരു വിഭാഗത്തിന്റെ പരാതി. ജോലിയുള്ളവര്‍, മറ്റെന്തങ്കിലും ചുമതലയുള്ളവര്‍ എന്നിവരാണ് ഈ പരാതി പറയാറുള്ളത്.

മറ്റൊരു വിഭാഗമാകട്ടെ, സമയം പോകുന്നില്ലെന്ന പരിഭവമാണ് അവര്‍ക്കുള്ളത്. അവരുടെ മുമ്പില്‍ സമയം ഒരു ഭാരമായി തൂങ്ങിനില്‍ക്കുന്നു. ജോലികളില്‍നിന്ന് വിരമിച്ചവര്‍, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍, പ്രായമായവര്‍, പ്രത്യേക ജോലിയില്ലാത്ത ചെറുപ്പക്കാര്‍... തുടങ്ങിയവരാണ് സമയം നീങ്ങുന്നില്ലന്ന പരാതി പങ്കുവയ്ക്കുന്നവര്‍.

യഥാര്‍ഥത്തില്‍, ഒരു വിശ്വാസിയെ സംബന്ധിച്ച് തന്റെ അടിസ്ഥാന ബാധ്യത നിര്‍വഹിക്കുന്നതില്‍നിന്ന് മാറി നടക്കാന്‍ ഈ രണ്ട് പരാതികളിലും ന്യായീകരണം കണ്ടെത്താന്‍ ഒരിക്കലും പാടില്ല. നമ്മെ ഈ ലോകത്തേക്ക് സൃഷ്ടിച്ചയച്ചതിന്റെ ലക്ഷ്യം എന്താണോ അതിനു സമയം തികയാത്ത ഒരു തിരക്ക് വിശ്വാസികള്‍ക്ക് ഒരു കാരണവശാലും ഉണ്ടായിക്കൂടാ. മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യംതന്നെ അല്ലാഹുവിന് ആരാധനകള്‍ അനുഷ്ഠിക്കലാണ്. അല്ലാഹു പറയുന്നത് നോക്കൂ.

‘‘ജിന്നിനെയും മനുഷ്യനെയും അവര്‍ എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല’’ (ക്വുര്‍ആന്‍ 51:56).

ജീവിതവും മരണവും മനുഷ്യനെ പരീക്ഷിക്കാന്‍ വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:

‘‘നിങ്ങളില്‍ ആരാണ് കൂടുതല്‍ നല്ല പ്രവൃത്തി ചെയ്യുന്നവരെന്ന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടി, മരണവും ജീവിതവും സൃഷ്ടിച്ചവനാണ് (അവന്‍). അവനത്രെ, വളരെ പൊറുക്കുന്നവനായ പ്രതാപശാലി’’ (ക്വുര്‍ആന്‍ 67:2).

ജീവിതത്തെക്കാള്‍ മരണമാണ് മനുഷ്യന് ചിന്താവിഷയമായിരിക്കേണ്ടത് എന്നതിനാലാണ് മേല്‍ വചനത്തില്‍ ആദ്യം മരണത്തെക്കുറിച്ച് പറഞ്ഞത് എന്ന് നാം ഓര്‍ക്കണം. ചിലര്‍ ഇഹലോകത്തേക്ക് ചുരുങ്ങി ജീവിക്കുമ്പോള്‍ പരലോകത്തേക്കുള്ള പാഥേയമൊരുക്കാന്‍ സമയം തികയാതെ വരുന്നു എന്നതാണ് യാഥാര്‍ഥ്യം. അങ്ങനെയാകുമ്പോള്‍ പലപ്പോഴും മതപരമായ ബാധ്യതകള്‍ അവര്‍ക്ക് ഒരു ഭാരമായി അനുഭവപ്പെടുകയും ചെയ്യുന്നു.

എന്തുകൊണ്ട് ജമാഅത്ത് നമസ്‌കാരത്തിന് പള്ളിയിലെത്താന്‍ ആവുന്നില്ല? എന്തുകൊണ്ട് മതപഠന സദസ്സുകളില്‍ വന്നുചേരാന്‍ കഴിയുന്നില്ല? ഓണ്‍ലൈനില്‍ പോലും വ്യവസ്ഥാപിതമായ ഒരു മതപഠന ക്ലാസ്സ് സ്ഥിരമായി കേള്‍ക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്? ജുമുഅക്ക് പോലും നേരത്തെയെത്തി ക്വുതുബ മുഴുവന്‍ കേള്‍ക്കാന്‍ സാധിക്കാത്തതിന്റെ കാരണം എന്ത്?

നാം വരിചേര്‍ത്ത ഇസ്‌ലാമിക പ്രസിദ്ധീകരണത്തിന്റെ റാപ്പര്‍ പോലും പൊട്ടിക്കാന്‍ സമയം കിട്ടാത്തത് എന്തുകൊണ്ട്? ഇസ്‌ലാമിക പ്രബോധനരംഗത്തേക്ക് എത്തിനോക്കാന്‍ പോലും കഴിയാത്ത സാഹചര്യം എങ്ങനെയുണ്ടായി?

ഓഫീസിലെ തിരക്ക്, പ്രൊഫഷന്‍, കച്ചവടം, വിവിധ ചടങ്ങുകള്‍... എല്ലാം കഴിഞ്ഞശേഷം ഇതിനൊന്നും സമയം കിട്ടുന്നില്ല എന്നതാണ് മേല്‍ചോദ്യങ്ങളുടെയെല്ലാം മറുപടിയായി പലര്‍ക്കും നിരത്താനുള്ള ന്യായം.

വിദേശത്ത് ജോലിചെയ്യുന്ന ചിലര്‍ ചോദിക്കാറുള്ള ഒരു സംശയം ഈ സമയത്ത് ഓര്‍മവരികയാണ്. ‘എനിക്ക് തുടര്‍ച്ചയായി 17 മണിക്കൂറാണ് ജോലി. അതിനിടക്ക് ചെറിയൊരു സമയം ഭക്ഷണത്തിന് കിട്ടുമെന്നല്ലാതെ നമസ്‌കാരത്തിന് സമയം ലഭിക്കാറില്ല. ഓഫീസിലാകട്ടെ, നമസ്‌കരിക്കാന്‍ സാധിക്കുന്ന സാഹചര്യവുമല്ല. അതിനാല്‍ ജോലി കഴിഞ്ഞ് എല്ലാ നമസ്‌കാരവും ഒന്നിച്ച് നിര്‍വഹിക്കുന്നതില്‍ തെറ്റുണ്ടോ?’

അല്‍പമെങ്കിലും ഈമാനിന്റെ ലക്ഷണമുള്ളവരാണ് ഇങ്ങനെ ചോദിക്കാന്‍ പോലും തയ്യാറാകുന്നത്. സ്ഥിരമായി നമസ്‌കരിച്ചിരുന്നവര്‍ക്ക് അത് മുടങ്ങിയപ്പോഴുള്ള മനസ്സാക്ഷികുത്തു കാരണമാണ് ഈ ചോദ്യം. ദിവസങ്ങള്‍ കടന്നുപോകുമ്പോള്‍ അവരുടെ മനസ്സും ഇതിനനുസരിച്ച് പാകപ്പെടുകയാണ് പതിവ്. സ്ഥിരമായി നമസ്‌കാരം നഷ്ടപ്പെടുത്തി ജോലിയില്‍ മാത്രം മുഴുകുന്നതില്‍ യാതൊരു കുറ്റബോധവും തോന്നാത്ത തരത്തില്‍ മനസ്സ് കടുത്തുപോയവരും ഉണ്ടെന്ന കാര്യം നാം അറിയണം.

നമ്മുടെ ജീവിതലക്ഷ്യത്തിന്റെ മുന്‍ഗണന നാം പോലുമറിയാതെ മാറിമറിഞ്ഞിരിക്കുന്നുവെന്ന യാഥാര്‍ഥ്യമാണ് ഇത്തരം ഒരവസ്ഥയിലേക്ക് നാം എത്തിപ്പെടാനുണ്ടായ കാരണം. ഇത് തിരിച്ചറിയാന്‍ ഇനിയും വൈകരുത്.

ദുന്‍യാവിന്റെ അലങ്കാരങ്ങളില്‍ നാം വഞ്ചിതരാകുമെന്ന ക്വുര്‍ആനിന്റെ താക്കീത് നമ്മെ ചിന്തിപ്പിക്കണം. ക്വുര്‍ആന്‍ അക്കാര്യം ഉണര്‍ത്തുന്നത് നോക്കൂ: ‘‘നിങ്ങള്‍ അറിഞ്ഞിരിക്കണം: ഐഹിക ജീവിതമെന്നത് കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ തമ്മില്‍ ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം നടിക്കലും മാത്രമാകുന്നുവെന്ന്. (അതെ, കേവലം) ഒരു മഴയുടെ മാതിരി. അതില്‍ മുളച്ച ചെടി കര്‍ഷകരെ ആശ്ചര്യപ്പെടുത്തി; പിന്നീടത് വാടിപ്പോകുന്നു, എന്നിട്ടതിനെ മഞ്ഞനിറം പൂണ്ടതായി നീ കാണുന്നു, പിന്നെ അത് (ഉണങ്ങി) തുരുമ്പായിത്തീരുന്നു(എന്നപോലെ). പരലോകത്തിലാകട്ടെ കഠിനമായ ശിക്ഷയും അല്ലാഹുവിങ്കല്‍നിന്നുള്ള പാപമോചനവും പ്രീതിയും! ഇഹലോകജീവിതം വഞ്ചനയുടെ (അഥവാ കൃത്രിമത്വത്തിന്റെ) വിഭവമല്ലാതെ (മറ്റൊന്നും) അല്ല’’ (57:20).

പരലോകത്തിന്റെ ഭയാനകതയെക്കുറിച്ച് പലര്‍ക്കും ബോധമില്ല എന്നതാണ് യാഥാര്‍ഥ്യം. ആ ബോധമുള്ളവര്‍ക്ക് ദുന്‍യാവിലെ ഒരു തിരക്കും മതപരമായ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിന് തടസ്സമാവുകയില്ല. എത്ര തിരക്കാണെങ്കിലും അല്ലാഹുവിനെ സ്മരിക്കേണ്ട സമയമായാല്‍ മറ്റെല്ലാം മാറ്റിവച്ച് അവര്‍ ആരാധനകളില്‍ മുഴുകും. പരലോകത്തെ ഭയപ്പെട്ടതുകൊണ്ടാണ് അവര്‍ക്ക് അതിന് സാധിക്കുനത്.

ക്വുര്‍ആന്‍ പറയുന്നത് നോക്കൂ: ‘‘ചില ആളുകള്‍; അല്ലാഹുവിന്റെ സ്മരണ, നമസ്‌കാരം നിലനിറുത്തല്‍, സകാത്ത് കൊടുക്കല്‍ എന്നിവയില്‍നിന്ന് കച്ചവടമാകട്ടെ, വ്യാപാരമാകട്ടെ, അവരെ മിനക്കെടുത്തുകയില്ല! (അങ്ങനെയുള്ളവരാണ് തസ്ബീഹ് നടത്തുന്നത്). ഹൃദയങ്ങളും ദൃഷ്ടികളും അവതാളത്തിലായിപ്പോകുന്ന ഒരു ദിവസത്തെ -അന്ത്യനാളിനെ- അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു’’ (24:37).

നാം എത്ര തിരക്കുപിടിച്ച് പരലോകത്തെ മറന്നു ജീവിച്ചാലും മരണം ഏതു സമയത്തും വരാം എന്ന കാര്യം നാം വിസ്മരിക്കരുത്. ക്വുര്‍ആന്‍ അക്കാര്യം ഓര്‍മപ്പെടുത്തുന്നുണ്ട്:

‘‘...നാളെ എന്താണ് താന്‍ പ്രവര്‍ത്തിക്കുകയെന്നുള്ളത് ഒരാളും അറിയുന്നതല്ല; ഏത് നാട്ടില്‍വച്ചാണ് താന്‍ മരണമടയുകയെന്നും ഒരാളും അറിയുന്നതല്ല. നിശ്ചയമായും അല്ലാഹു സര്‍വജ്ഞനാണ്, സൂക്ഷ്മജ്ഞനാണ്’’ (31:34).

നമ്മുടെ അടിസ്ഥാന ബാധ്യതകള്‍ വിസ്മരിച്ചു സമ്പാദിച്ചത് മരണവേളയില്‍ കൂടെ കൊണ്ടുപോകാനാവില്ല. അത് അനന്തരാവകാശികള്‍ക്കിടയില്‍ വീതിക്കപ്പെടും. അവര്‍ക്കാവട്ടെ, നാം കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സമ്പത്തിന്റെ മൂല്യം അറിഞ്ഞുകൊള്ളണമെന്നുമില്ല. പരലോകം ലക്ഷ്യംവച്ച് ചെയ്ത സല്‍കര്‍മങ്ങള്‍ മാത്രമെ സ്വന്തം ക്വബ്‌റില്‍ തുണയായുണ്ടാകൂ. പരലോകത്തേക്കുള്ള പാഥേയമൊരുക്കുന്നതില്‍ ഇഹലോകം തടസ്സമായിക്കൂടാ. അപ്പോള്‍ സമയമില്ലെന്ന പരാതി പറഞ്ഞ് രക്ഷപ്പെടാന്‍ നമുക്ക് സാധ്യമല്ലെന്ന് അറിയുക.

സമയം തികയാത്തതല്ല മറ്റുചിലരുടെ പ്രശ്‌നം. സമയം തള്ളിനീക്കുകയാണെന്നാണ് അവര്‍ പറയുന്നത്. ഒരു വിശ്വാസി ഇങ്ങനെ പറയാന്‍തന്നെ പാടില്ലാത്തതാണ്. മരണത്തിനുമുമ്പ് നമുക്ക് എന്തെല്ലാം ചെയ്യാനുണ്ട്! നമ്മള്‍ ഇപ്പോഴും ആ മുഖ്യലക്ഷ്യത്തിലേക്ക് എത്തിയിട്ടില്ല എന്നത് തിരിച്ചറിയേണ്ടതുണ്ട്. ഒരു ഇന്റര്‍വ്യൂവിന് ഒരുങ്ങുന്ന ഉദ്യോഗാര്‍ഥി അതിന്റെ ദിവസവും മണിക്കൂറും അടുത്തുവരുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയല്ലേ ചെയ്യുക?

നമ്മളാകട്ടെ മരണത്തോടടുക്കുകയാണ്. എന്റെ ഉമ്മത്തിന്റെ ആയുസ്സ് 60നും 70നും ഇടയിലാണെന്ന് നബി ﷺ  അരുളിയിട്ടുണ്ട്. അതുകൊണ്ട് ജോലിയില്‍നിന്ന് വിരമിച്ചവരും പ്രായമായവരും പരലോകത്തേക്കുള്ള പാഥേയമൊരുക്കാനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.

ജീവിതത്തിന്റെ അവസാനകാലത്ത് വളരെ അത്യാവശ്യമില്ലാത്ത ബാധ്യതകള്‍ വലിച്ചുകൂട്ടി സ്വന്തം ആരാധനകളും അനുഷ്ഠാനങ്ങളും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളും വിസ്മരിക്കരുത്.

ഒരു ദിവസത്തെ അഞ്ച് നേരമുള്ള ജമാഅത്ത് നമസ്‌കാരവും അതിന്റെ സുന്നത്തുകളും ക്വുര്‍ആന്‍ പാരായണവും ദിക്‌റുകളുമെല്ലാം വ്യവസ്ഥാപിതമായി ചെയ്യാന്‍ തീരുമാനിച്ചാല്‍ തള്ളിനീക്കാന്‍ എവിടെയാണ് നമുക്ക് സമയമുണ്ടാവുക? നാം വാങ്ങിവച്ച ക്വുര്‍ആന്‍ പരിഭാഷകള്‍, പുസ്തകങ്ങള്‍, റാപ്പര്‍ പോലും പൊട്ടിക്കാത്ത ഇസ്‌ലാമിക ആനുകാലികങ്ങള്‍ എന്നിവ വായിക്കാന്‍ തീരുമാനിച്ചാല്‍ തള്ളിനീക്കാന്‍ സമയം എവിടെയാണുള്ളത്?

നിരീശ്വരവാദം സമുദായത്തിലേക്ക് ലിബറലിസത്തിന്റെ രൂപത്തില്‍ കടന്നുവരുമ്പോള്‍, തൗഹീദില്‍ നിന്ന് സമുദായം അകന്നു പോകുമ്പോള്‍, ശിര്‍ക്ക് ചെയ്യാന്‍ ക്വുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍, ശീഇസം എന്ന വിപത്തിനെ കേരള മുസ്‌ലിംകളിലേക്ക് രഹസ്യമായി കടത്തിക്കൊണ്ടുവരുമ്പോള്‍, മദ്യവും മയക്കുമരുന്നും വ്യാപകമാകുമ്പോള്‍, സൈബര്‍ സെക്‌സിനും ഇന്റര്‍നെറ്റ് മാലിന്യങ്ങള്‍ക്കും പുതുതലമുറ അടിമയാകുമ്പോള്‍, നിസ്സാര കാരണങ്ങളാല്‍ കുടുംബങ്ങളില്‍ ശൈഥില്യമുണ്ടാകുമ്പോള്‍, ഹിജാബിന്റെയും ഹലാലിന്റേയും ജിഹാദിന്റെയും പേരില്‍ വിവാദമുണ്ടാക്കി മതസ്വാതന്ത്ര്യം തന്നെ ഹനിക്കപ്പെടുമ്പോള്‍, മുസ്‌ലിംകളെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ലക്ഷ്യംവച്ച് തല്‍പരകക്ഷികള്‍ സമുദായത്തിനിടയില്‍ ഭിന്നതയുണ്ടാക്കുമ്പോള്‍... നമ്മുടെ ബാധ്യത എത്രമാത്രമാണ് വര്‍ധിക്കുന്നത്! ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തിനായി നാം ഇറങ്ങിയാല്‍ തള്ളിനീക്കാന്‍ സമയം എവിടെ? സ്വന്തം വീട്ടില്‍ നമുക്ക് ചെയ്യാവുന്ന ജോലികള്‍ നാം തന്നെ ചെയ്യുമെന്ന് തീരുമാനിച്ചാല്‍ തള്ളിനീക്കാന്‍ സമയമുണ്ടാകുമോ? എന്തിനും ഏതിനും മരുന്നുകഴിച്ച് പണവും ആരോഗ്യവും നശിപ്പിക്കുന്നതിന് പകരം, മുറതെറ്റാതെ വ്യായാമത്തിലേര്‍പ്പെട്ടാല്‍ സമയം തള്ളിനീക്കാനുണ്ടാകുമോ? കുടുംബത്തിലും നാട്ടുകാരിലും സുഹൃത്തുക്കളിലും പെട്ട രോഗികളെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചാല്‍ സമയത്തെ തള്ളിനീക്കേണ്ടി വരുമോ?

കുടുംബബന്ധം ചാര്‍ത്താനായി കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ വെറുതെ കളയാന്‍ സമയമെവിടെ?

കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ച് ഡയാലിസിസ് ചെയ്യാന്‍ പ്രയാസം അനുഭവിക്കുന്നവര്‍, ക്യാന്‍സര്‍ രോഗികള്‍, നോക്കാന്‍പോലും ആരും ഇല്ലാത്തവര്‍, വീടില്ലാത്തവര്‍, കടബാധിതര്‍... ഇവരുടെയെല്ലാം പ്രശ്‌നപരിഹാരത്തിന് തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന എന്തെങ്കിലും ഒരു സേവനം ചെയ്യാന്‍ തീരുമാനിച്ചാല്‍ സമയം തള്ളിനീക്കേണ്ടി വരുമോ?

നബി ﷺ യുടെ ഈ കല്‍പനക്ക് നാം കാതോര്‍ക്കുക: അംറുബിന്‍ മൈമൂനി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘നബി ﷺ  ഒരു മനുഷ്യനോട് ഇപ്രകാരം ഉപദേശിച്ചു: ‘അഞ്ചു കാര്യങ്ങള്‍ക്ക് മുമ്പ് അഞ്ചു കാര്യങ്ങളെ നീ ഉപയോഗപ്പെടുത്തുക. വാര്‍ധ്യക്യത്തിനു മുമ്പ് യുവത്വം, രോഗത്തിനു മുമ്പ് ആരോഗ്യം, ദാരിദ്ര്യത്തിനു മുമ്പ് സമ്പന്നത, ജോലിത്തിരക്കിനു മുമ്പ് ഒഴിവുസമയം, മരണത്തിനുമുമ്പ് ജീവിതം.’’