പിണങ്ങുമ്പോള്‍ സംഭവിക്കുന്നത്?!

ടി.കെ അശ്‌റഫ്

2022 ഫെബ്രുവരി 12, 1442 റജബ്  10

സ്വന്തം പാപങ്ങള്‍ പൊറുക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വര്‍ഗകവാടം തുറക്കുമെന്നും അല്ലാഹുവില്‍ പങ്കുചേര്‍ക്കാത്തവര്‍ക്ക് പാപങ്ങള്‍ പൊറുത്തുകൊടുക്കുമെന്നും നബി ﷺ അറിയിച്ചിട്ടുണ്ട്. അല്ലാഹുവില്‍ പങ്കുചേര്‍ക്കാത്തവരാണെങ്കിലും അവരില്‍പെട്ട ഒരു പ്രത്യേക വിഭാഗത്തിന് പൊറുത്തുകൊടുക്കുകയില്ല എന്നും അതേ വചനത്തില്‍തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആ വിഭാഗത്തില്‍ നമ്മളൊരിക്കലും ഉള്‍പ്പെടരുത്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘‘തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും അല്ലാഹുവില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാത്ത എല്ലാ ദാസന്മാര്‍ക്കും പൊറുത്തുകൊടുക്കുകയും ചെയ്യും; തന്റെയും സഹോദരന്റെയും ഇടയില്‍ പിണക്കമുള്ള ഒരു വ്യക്തിക്കൊഴിച്ച്. പറയപ്പെടും: ‘‘തെറ്റു തീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക. തെറ്റു തീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക. തെറ്റു തീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക'' (മുസ്‌ലിം).

നാം പരസ്പരം പിണങ്ങിനില്‍ക്കുന്നവരുടെ കൂട്ടത്തിലാണോയെന്ന് ചിന്തിക്കുക. നിസ്സാരകാര്യത്തിന് പിണങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയാണിന്ന്. കൂടുതല്‍ ഇണങ്ങാന്‍ അവസരം ലഭിക്കുമോ എന്ന് ചിന്തിക്കുന്നതിനുപകരം പിണങ്ങാന്‍ കാരണം കിട്ടുമോ എന്നാണ് പലരും അന്വേഷിക്കുന്നത്!

ആര്‍ക്കിടയിലാണ് പിണക്കം സംഭവിക്കുക? സംശയം വേണ്ട, ഇണങ്ങിയവര്‍ക്കിടയില്‍ തന്നെ. അടുത്തവര്‍, ബന്ധുക്കള്‍, അയല്‍വാസികള്‍, സഹപ്രവര്‍ത്തകര്‍... തുടങ്ങിയവര്‍ക്കിടയിലാണ് പിണക്കം സംഭവിക്കുക. അടുപ്പത്തിന്റെ ആഴം കൂടുന്തോറും അകല്‍ച്ചയുടെ വേദന വര്‍ധിച്ചുകൊണ്ടിരിക്കും. നിലപാടുകള്‍ പരസ്പരം കടുപ്പിക്കാന്‍ അത് കാരണമാവുകയും ചെയ്യും. ഭാര്യയും ഭര്‍ത്താവും പിണങ്ങിയതിന്റെ പേരില്‍ ക്രൂരമായ പ്രതികാരങ്ങള്‍ നാം എത്ര കണ്ടതാണ്. പിതാവും മകനും തെറ്റിയതിന്റെ പേരില്‍ മരണം വരെ പക വിട്ടുമാറാത്ത എത്രയോ പേരുണ്ട്! ‘പിണക്കത്തിന്റെ കുറ്റക്കാരനന്‍ ഞാനല്ല; അവനാണ് പ്രശ്‌നമുണ്ടാക്കിയത്' എന്ന ‘ന്യായ'ത്തില്‍ ഉടക്കി എത്രയെത്ര ആളുകള്‍ പിണങ്ങി ജീവിക്കുന്നുണ്ട്! ആരാധനാകര്‍മങ്ങളില്‍ കണിശത പാലിക്കുന്നവര്‍ പോലും ഇക്കാര്യത്തില്‍ യാതൊരു നീക്കുപോക്കിനും തയ്യാറാകുന്നില്ല എന്നത് ഏറെ വേദനിപ്പിക്കുന്നതാണ്.

പിണങ്ങിയാലുള്ള നഷ്ടത്തിന്റെ ആഴം പലരും തിരിച്ചറിയാത്തതാണ് പ്രധാന കാരണം. പിണങ്ങിയാല്‍ നന്മയുടെ വാതിലുകള്‍ നമുക്കു മുമ്പില്‍ അടക്കപ്പെടുകയും തിന്മയുടെ കവാടങ്ങളെല്ലാം തുറന്നു വയ്ക്കപ്പെടുകയും ചെയ്യുമെന്നതാണ് ഏറ്റവും വലിയ ദുരന്തം. തൃപ്തികരമായ ഭാര്യാഭര്‍തൃ ജീവിതത്തിലൂടെ ലഭിക്കുന്ന പുണ്യങ്ങള്‍ ഏറെയാണ്! അതെല്ലാം പിണക്കം കാരണം നഷ്ടപ്പെടുകയാണ്. കൂടാതെ കോടതിയിലും മറ്റും കളവും കുറ്റാരോപണവും ഉന്നയിക്കാന്‍ ഓരോരുത്തരും നിര്‍ബന്ധിതരാകുന്നതിലൂടെ തിന്മയുടെ കവാടങ്ങള്‍ തുറന്നുവയ്ക്കുകയാണ് ചെയ്യുന്നത്. പിണക്കം കുടുംബ ബന്ധം ചാര്‍ത്തുന്നതിന്റെ പുണ്യം നഷ്ടപ്പെടുത്തും. അയല്‍പക്ക ബന്ധത്തിലൂടെ ഇസ്‌ലാം നേടിത്തരുന്ന നന്മകളെയെല്ലാം പാഴാക്കും. അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നാം ഏറ്റെടുത്ത ചില ഉത്തരവാദിത്തങ്ങളില്‍നിന്ന് ആരോടെങ്കിലുമുള്ള പിണക്കത്തിന്റെ പേരില്‍ മാറിനിന്നാല്‍ നഷ്ടപ്പെടുന്ന നന്മ എത്രയാണ്!

പള്ളികള്‍, മതസ്ഥാപനങ്ങള്‍, സംഘടനാ ഭാരവാഹിത്വം എന്നിവയില്‍നിന്നെല്ലാം ആരോടെങ്കിലുമുള്ള സ്വരചേര്‍ച്ചയില്ലായ്മയുടെ പേരില്‍ പിണങ്ങി നില്‍ക്കുന്നത് സ്വന്തത്തിന് വരുത്തിവെയ്ക്കുന്ന നഷ്ടം ഊഹിക്കാനാവാത്തതാണ്.

വ്യക്തിളില്‍നിന്നുണ്ടാകുന്ന മോശമായ പെരുമാറ്റത്തിന്റെ പേരില്‍ ഞാന്‍ ആ പള്ളിയില്‍ നമസ്‌കരിക്കില്ല, എന്റെ മകനെ ആ സ്ഥാപനത്തില്‍ ചേര്‍ക്കില്ല, ഞാന്‍ സംഘടനാ ഭാരവാഹിത്വം രാജിവെക്കുകയാണ് എന്നെല്ലാം പറയുന്നത് ആത്യന്തികമായി സ്വന്തത്തിന് നഷ്ടം മാത്രമെ വരുത്തിവയ്ക്കുകയുള്ളൂ. ഒരു വ്യക്തിയെ കണ്ടുകൊണ്ടല്ല നാം ഒരാദര്‍ശം സ്വീകരിക്കുന്നത്. വ്യക്തികളുടെ പ്രശ്‌നം അവരുടേത് മാത്രമാണ്. അതിനെ സ്ഥാപനവും സംഘടനയുമായി ചേര്‍ത്ത് വ്യാഖ്യാനിക്കരുത്. നമ്മുടെ പ്രതീക്ഷക്കൊത്ത് ചുറ്റുമുള്ളവരെല്ലാം പ്രതികരിച്ചാലേ നമ്മള്‍ നമ്മുടെ ചുമതല നിര്‍വഹിക്കൂ എന്ന് തീരുമാനിച്ചാല്‍ അത് നടപ്പിലാവാന്‍ പോകുന്നതല്ല. വ്യക്തികള്‍ വരും, പോകും. ആദര്‍ശവും സംവിധാനങ്ങളും എന്നും നിലനില്‍ക്കും. നമ്മള്‍ ദേഷ്യം പിടിച്ചോ മനസ്സ് മടുത്തോ മാറിനിന്നാലും സംവിധാനങ്ങള്‍ മറ്റുള്ളവരെ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകും. നഷ്ടം നമുക്ക് മാത്രമായിരിക്കും. നന്മയുടെ സംഘത്തില്‍നിന്ന് മാറിസഞ്ചരിച്ചാല്‍ നാം അറിയാതെ പിശാചിന്റെ പണിയായുധമായി മാറും. നമ്മുടെ കാരണത്താല്‍ സംഭവിച്ച പിണക്കത്തിന്റെ ദുരന്തം തലമുറകളിലേക്ക് വ്യാപിക്കും. അതിന്റെ ഉത്തരവാദിത്തം നാം ഏറ്റെടുക്കേണ്ടിവരും. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും അതിന്റെ അനന്തരഫലങ്ങളും നമ്മുടെ രേഖയില്‍ മായാതെ കിടക്കും. അല്ലാഹു പറയുന്നു:

‘‘നിശ്ചയമായും, നാം മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു; അവര്‍ മുമ്പ് ചെയ്തുവച്ചിട്ടുള്ളതും അവരുടെ അവശിഷ്ടങ്ങളും (അഥവാ പ്രവര്‍ത്തന ഫലങ്ങളും) നാം എഴുതിരേഖപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ കാര്യവും തന്നെ ഒരു സ്പഷ്ടമായ മൂലരേഖയില്‍ നാം കണക്കാക്കി (സൂക്ഷിച്ചു) വയ്ക്കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 36:12).

പിണക്കത്തിലൂടെ പ്രമാണങ്ങളെ നിഷേധിച്ചവരായി നമ്മള്‍ മാറുമെന്നതും ഓര്‍ക്കണം. ഹദീസ് നിഷേധമെന്നത് ആദര്‍ശ എതിരാളികളില്‍ മാത്രം ദര്‍ശിക്കുന്ന ഒന്നല്ല. സ്വഹീഹായ  ഹദീസില്‍ വ്യക്തമായി പഠിപ്പിച്ച ഒരു പാഠം സ്വന്തം ജീവിതത്തില്‍ സ്വീകരിക്കില്ലന്ന് വാശിപിടിക്കുന്നതും ജീവിതംകൊണ്ടുള്ള പ്രമാണ നിഷേധമാണ്. പിണങ്ങിനില്‍ക്കുന്നവര്‍ താഴെ കൊടുത്ത പ്രവാചക വചനങ്ങള്‍ ഒരര്‍ഥത്തില്‍ നിഷേധിക്കുകയല്ലേ ചെയ്യുന്നത്?

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; അല്ലാഹു വിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘‘ഒരു മുസ്‌ലിമിനും തന്റെ സഹോദരനോട് മൂന്നു ദിവസത്തിലധികം പിണങ്ങിനില്‍ക്കുവാന്‍ പാടുള്ളതല്ല. വല്ലവനും തന്റെ സഹോദരനോട് മൂന്ന് ദിവസത്തില്‍ കൂടുതല്‍ പിണങ്ങി നില്‍ക്കുകയും അയാള്‍ മരണപ്പെടുകയുമായാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു'' (ബുഖാരി).

അബൂഖിറാശിസ്സുലമി(റ)യില്‍നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘‘വല്ലവനും തന്റെ സഹോദരനോട് ഒരു വര്‍ഷം പിണങ്ങി നിന്നാല്‍ അത് അവന്റെ രക്തം ചിന്തുന്നതു പോലെയാണ്.''

ഇണങ്ങാനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്ന് കൂടി നാം അറിയണം. ഇസ്‌ലാമില്‍ പരസ്പരം ഇണങ്ങുന്നതിന്റെ പ്രാധാന്യവും മഹത്ത്വവും അറിയുക എന്നതാണ്. അതില്‍ ഏറ്റവും പ്രധാനം.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ‘‘... വിശ്വാസി ഇണങ്ങുകയും ഇണക്കപ്പെടുകയും ചെയ്യും. ഇണങ്ങുകയും ഇണക്കപ്പെടുകയും ചെയ്യാത്തവനില്‍ യാതൊരു നന്മയുമില്ല...''

അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ‘‘നിശ്ചയം അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തിരിക്കുന്നവര്‍ പെരുമാറുവാൻ കൊള്ളുന്ന നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. (അവര്‍ തങ്ങളുടെ സ്വഭാവം കൊണ്ട്) ഇണങ്ങുകയും ഇണക്കപ്പെടുകയും ചെയ്യുന്നവരായിരിക്കും.''

രണ്ടാമതായി, ഇണങ്ങാന്‍ നാം മുന്‍കൈ എടുക്കുകയെന്നതാണ്. ആദ്യം ആരാണോ സലാം കൊണ്ട് തുടങ്ങുന്നത് അവനാണ് ഉത്തമന്‍. ‘ഞാനൊരു കുറ്റവും ചെയ്തിട്ടില്ല; അവന്‍ ഇങ്ങോട്ട് വരട്ടെ'യെന്നാണ് പലരും ഇണങ്ങാതിരിക്കാന്‍ ‘ന്യായം' പറയാറുള്ളത്. ഈ നിലപാട് ഇസ്‌ലാമിന് അന്യമാണ്. അറ്റുപോയ ബന്ധം നന്നാക്കുന്നതാണ് യഥാര്‍ഥ കുടുംബ ബന്ധം ചേര്‍ക്കലെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.

മൂന്നാമതായി, സ്‌നേഹം ഉള്ളില്‍ ഒളിപ്പിച്ചുവയ്ക്കാതെ തുറന്നു പ്രകടിപ്പിക്കുക എന്നതാണ്.

മുആദ് ഇബ്‌നു ജബലി(റ)ല്‍നിന്ന് നിവേദനം: ‘‘അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിന്റെ കൈ പിടിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘മുആദ്, അല്ലാഹുവാണെ സത്യം! നിശ്ചയം, ഞാന്‍ താങ്കളെ ഇഷ്ടപ്പെടുന്നു...''

നാലാമതായി, തന്റെ സഹോദരനെ മുഖപ്രസന്നതയോടെ കണ്ടുമുട്ടുകയെന്നതാണ്.

അബൂദര്‍റുല്‍ ഗിഫ്ഫാരി(റ)യില്‍നിന്ന് നിവേദനം; നബി ﷺ എന്നോട് പറഞ്ഞു: ‘‘നന്മയില്‍ യാതൊന്നിനെയും താങ്കള്‍ നിസ്സാരവത്കരിക്കരുത്. താങ്കളുടെ സഹോദരനെ മുഖപ്രസന്നതയില്‍ കണ്ടുമുട്ടുന്നത് പോലും'' (മുസ്‌ലിം).

ഒരു പുഞ്ചിരിക്ക് ഒരായിരം വെറുപ്പിന്റെ വികാരങ്ങളെ നിഷ്പ്രഭമാക്കാനാവും.

അഞ്ചാമതായി, സലാം വ്യാപിപ്പിക്കുകയെന്നതാണ്. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ‘‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം! നിങ്ങള്‍ വിശ്വാസികള്‍ ആകുന്നതുവരെ നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല. നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല. നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹിക്കാവുന്ന ഒരു സംഗതി അറിയിച്ചു തരട്ടെയോ? നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുക'' (മുസ്‌ലിം).

ആറാമതായി,നമസ്‌കാരത്തില്‍ അണികള്‍ (സ്വഫ്ഫുകള്‍) ചേര്‍ന്ന് നില്‍ക്കുകയെന്നതാണ്. സ്വഫ്ഫിനിടയിലുള്ള വിടവുകള്‍ മനസ്സുകള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുമെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.

ഏഴാമതായി, പാപങ്ങളെ കരുതിയിരിക്കുകയെന്നതാണ്.

അനസി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ‘‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രണ്ടുപേര്‍ സ്‌നേഹിക്കുകയും അതില്‍ പിന്നെ അവര്‍ക്കിടയില്‍ ബന്ധം വേര്‍പെടുത്തുകയും ചെയ്യുന്നുവെങ്കില്‍ അത് അവര്‍ രണ്ടിലൊരാള്‍ ചെയ്യുന്ന പാപം കാരണത്താല്‍ മാത്രമായിരിക്കും.''

ഇതെല്ലാം പരസ്പരം ഇണങ്ങാനുള്ള മാര്‍ഗങ്ങളാണ്. ഇതിനെല്ലാം പുറമെ അറ്റുപോയ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ മറ്റുള്ളവരുടെ സഹായം ആവശ്യമെങ്കില്‍ അതും തേടാവുന്നതാണ്. പിണങ്ങിയവരെ ഇണക്കാനായി സഹായിക്കുന്നത് വലിയ പുണ്യകര്‍മമാണ്.

അതോടൊപ്പം പ്രാര്‍ഥന കൈവിടാതിരിക്കുകയെന്നതും പ്രാധാന്യപൂര്‍വം പരിഗണിക്കണം. പിണക്കവും പ്രാര്‍ഥനയും തുടര്‍ന്നുപോയതുകൊണ്ട് പ്രയോജനമില്ല. പിണക്കമവസാനിപ്പിച്ചാലേ അല്ലാഹു പൊറുത്തുതരികയുള്ളൂ.