മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ വിടവാങ്ങി

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2021 മെയ് 01 1442 റമദാന്‍ 19

ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഇന്ത്യക്കാരനുമായ മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ വിടവാങ്ങി. അവിഭക്ത ഇന്ത്യയില്‍ ജനിക്കുകയും ബ്രിട്ടീഷ് അധിനിവേശ പോരാട്ടത്തില്‍ മുഖ്യപങ്കുള്ള ഒരു കുടുംബത്തിന്റെ ഭാഗമാവുകയും മഹാത്മാ ഗാന്ധിയുടെ ഹിന്ദു-മുസ്‌ലിം മൈത്രിയടക്കമുള്ള കാര്യങ്ങളില്‍ ആകൃഷ്ടനായി വളര്‍ന്നുവരികയും ചെയ്ത ഉത്തര്‍പ്രദേശുകാരനായ ഇസ്‌ലാമിക പണ്ഡിതന്‍ എന്ന നിലയില്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മൈത്രിബന്ധം കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിച്ച ഒരു മഹാമനീഷിയായിരുന്നു മൗലാനാ വാഹീദുദ്ദീന്‍ ഖാന്‍ എന്ന് ഒറ്റ വാക്കില്‍ പറയാം.

1925ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ഫരീദുദ്ദീന്‍ ഖാന്റെയും ഹൈറുന്നിസയുടെയും മകനായി ജനിച്ചു. പിതാവ് ചെറുപ്പത്തിലേ മരണപ്പെട്ടതിനാല്‍ ഉമ്മയുടെയും അമ്മാവന്‍ അബ്ദുല്‍ഹമീദ് ഖാന്റെയും സംരക്ഷണയിലാണ് വളര്‍ന്നതും പഠിച്ചതും. മറ്റു പലരെയുംപോലെ അനാഥബാല്യം തനിക്ക് വലിയ ഉള്‍ക്കാഴ്ചകള്‍ നല്‍കി എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

സറായിലെ മദ്‌റസത്തുല്‍ ഇസ്‌ലാഹിയില്‍നിന്ന് 1938ല്‍ മതവിദ്യാഭ്യാസവും 1944ല്‍ ബിരുദപഠനവും പൂര്‍ത്തിയാക്കി. ചെറുപ്രായത്തില്‍തന്നെ ക്വുര്‍ആന്‍ പഠനത്തില്‍ അതീവ തല്‍പരനായിരുന്നു.

ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ യുവാവായിരുന്ന മൗലാനാ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള, വിഭജനമടക്കം കയ്‌പേറിയ പല അനുഭവങ്ങള്‍ക്കും സാക്ഷിയായാണ് ജീവിച്ചത്. ഇസ്‌ലാമിക സാമൂഹിക വിഷയങ്ങളില്‍ നിരന്തരം ശബ്ദിക്കുകയും എഴുതുകയും ചെയ്തുവന്നിരുന്ന അദ്ദേഹം 1970ല്‍ ഡല്‍ഹിയില്‍ ഒരു ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിക്കുകയുണ്ടായി. അതിനു കീഴില്‍ 1976ല്‍ 'അര്‍രിസാല' എന്ന ഉറുദു  മാഗസിന്‍ പുറത്തിറക്കി. മുസ്‌ലിം സമുദായത്തെ സമുദ്ധരിക്കാനുള്ള അദ്ദേഹത്തിന്റെ തന്നെ സേവനങ്ങളായിരുന്നു മാഗസനില്‍ മിക്കതും. പിന്നീട് ഇതിന്റെ ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകളും ആരംഭിച്ചു

   വിശുദ്ധ ക്വുര്‍ആനിന് ലളിതമായ ഇംഗ്ലീഷ് പരിഭാഷ എഴുതിയിട്ടുണ്ട്. മൗലനാ മൗദൂദി തന്റെ പുതിയ വാദങ്ങള്‍ തുടങ്ങിയ കാലത്ത് അതിനെതിരെ ശക്തിയുക്തം പേന ചലിപ്പിച്ചിരുന്നു. പിന്നീട് തന്റെ സമാധാനപ്രിയതയുമായി മുന്നോട്ടുപോയ അദ്ദേഹം 1992ല്‍ വര്‍ഗീയവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഹിന്ദു-മുസ്‌ലിം മൈത്രി അഭ്യര്‍ഥിച്ചുകൊണ്ട് ആചാര്യ മുനി സുശീല്‍ കുമാര്‍, സ്വാമി ചിദാനന്ദ് എന്നിവര്‍ക്കൊപ്പം സമാധാന യാത്രക്ക് നേതൃത്വം നല്‍കിയിരുന്നു.

ഇന്ത്യയില്‍ മാറിവന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയുടെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം സ്ഥാപിച്ച് ഒരുവേള അവര്‍ക്കുവേണ്ടി തിരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍വരെ പങ്കാളിയായത് അവസാനകാലത്ത് ഇന്ത്യയിലെ മുസ്‌ലിം സംഘടനകളുടെ കടുത്ത എതിര്‍പ്പിന് കാരണമാവുകയുണ്ടായി.

രാജ്യം പൗരന്മാര്‍ക്ക് നല്‍കുന്ന രണ്ടാമത്തെ ഏറ്റവും വലിയ വ്യക്തിഗത അംഗീകാരമായ പത്മവിഭൂഷന്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. അദ്ദേഹത്തിനെതിരില്‍ പല വിമര്‍ശനങ്ങളുമുണ്ടെങ്കിലും ഇസ്‌ലാമിനെ ബൗദ്ധികതലത്തില്‍ പ്രതിരോധിച്ചുനിര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ 200ലധികം വരുന്ന രചനകള്‍ നല്‍കുന്ന സംഭാവനകള്‍ വലിയതാണ്.