ഡോ. അബ്ദുറഹ്മാന്‍ സാഹിബ് വിടവാങ്ങി

പത്രാധിപർ

2021 ഏപ്രില്‍ 23 1442 റമദാന്‍ 11

മലബാറിന്‍റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും വിശിഷ്യാ മുജാഹിദുകള്‍ക്കിടയിലും നിറസാന്നിധ്യമായിരുന്ന ഡോ. അബ്ദുറഹ്മാന്‍ സാഹിബ്. നാഥന്‍റെ അലംഘനീയമായ വിളിക്ക് ഉത്തരം നല്‍കി തിരിച്ചുപോയി. അരീക്കോട് പരേതനായ കൊല്ലത്തൊടി അബൂബക്കര്‍ സാഹിബിന്‍റെയും ജംഇയ്യത്തുല്‍ മുജാഹിദീന്‍ സ്ഥാപകരില്‍ പ്രധാനിയായിരുന്ന എന്‍.വി.അബ്ദുസ്സലാം മൗലവിയുടെ സഹോദരി ഖദീജയുടെയും മകനായി ജനിച്ച അദ്ദേഹം ദീര്‍ഘകാലം മഞ്ചേരിയിലായിരുന്നു താമസിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങളായി കോഴിക്കോട്ടേക്ക് താമസം മാറ്റിയിട്ട്. രണ്ടാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഏപ്രില്‍ 16 വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.

മുജാഹിദ് പ്രസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ കാഴ്ചപ്പാട് രൂപീകരിക്കുന്നതിലും പ്രയോഗവത്കരിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു ഡോ. അബ്ദുറഹ്മാന്‍ സാഹിബ്. മഞ്ചേരി നോബ്ള്‍ പബ്ലിക് സ്കൂള്‍ യാഥാര്‍ഥ്യമാകുന്നതില്‍ കഠിനാധ്വാനം ചെയ്ത ഡോക്ടര്‍ അതില്‍നിന്ന് പോയശേഷം എയ്സ് എന്ന പേരില്‍ മാതൃകാപരമായ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു.

മലബാറില്‍ പെയിന്‍&പാലിയേറ്റീവ് സ്ഥാപിക്കുന്നതിലും ഇന്ന് കാണുന്ന രീതിയില്‍ അത് വളര്‍ന്നു വികസിക്കുന്നതിലും ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ ലോകോത്തര നിലവാരത്തില്‍ മലബാറില്‍ കൊണ്ടുവരുന്നതിലും ഡോക്ടറുടെ കാഴ്ചപ്പാടുകളും പ്രവര്‍ത്തനവും നിര്‍ണായക പങ്കുവഹിച്ചു. മൂല്യങ്ങളിലധിഷ്ഠിധമായ ആരോഗ്യ പരിപാലന രീതികളുടെ ശക്തനായ പ്രചാരകനായിരുന്നു അദ്ദേഹം.

നിച്ച് ഓഫ് ട്രൂത്ത്, ഐ.എം.ബി, പെയ്ന്‍ ആന്‍റ് പാലിയേറ്റീവ് സൊസൈറ്റി, കോഴിക്കോട് കെയര്‍ ഹോം, ഇസ്വ്ലാഹി കാംപസ്... തുടങ്ങി നന്മയുടെ പല തുരുത്തുകളുടെയും തുടക്കക്കാരില്‍ ഡോക്ടറുടെ പേര് കാണാമായിരുന്നു.

സര്‍ക്കാര്‍ ജോലിയടക്കം ഉന്നതമായ പല അവസരങ്ങളും ഉപേക്ഷിച്ചാണ് ദഅ്വാ രംഗത്ത് അദ്ദേഹം സജീവമായത്. ദേശീയ തലത്തിലുള്ള ഒട്ടധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പായും പങ്കായവുമായി വര്‍ത്തിച്ചു. പലതും ഒറ്റപ്പെട്ടതോ ചെറിയൊരു സംഘത്തെ മുന്‍നിര്‍ത്തിയോ മാത്രമായിരുന്നു.

നിയരന്തരമായ വായനയും പഠനവും പ്രബോധകര്‍ക്കുണ്ടാവേണ്ട ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ തന്‍റെ അറിവുകള്‍ സംഘടനകള്‍ക്കതീതമായി വീതിച്ചുനല്‍കുന്നതില്‍ അദ്ദേഹം യാതൊരു പിശുക്കും കാണിച്ചില്ല.

ഇടപെട്ട മേഖലകളിലൊക്കെ ആഴത്തിലുള്ള പഠനവും ഗവേഷണാത്മകമായ അന്വേഷണവും നടത്തുക എന്നത് അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു.

ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളില്‍ സജീവമായി നിലകൊള്ളുമ്പോള്‍തന്നെ ഇസ്ലാഹി പ്രബോധനരംഗത്ത് തന്‍റെതായ ഇടപെടലുകള്‍ നടത്താന്‍ സമയം ക്രമീകരിക്കുന്നതില്‍ വിജയിച്ച വ്യക്തികൂടിയാണ് ഡോ. അബ്ദുറഹ്മാന്‍ സാഹിബ്. കെ.എം.എച്ച്, ആസ്റ്റര്‍ മിംസ്, മെയ്ത്ര ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുമ്പോഴും പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് ദിവസം നിശ്ചയിച്ച് സമയം കണ്ടെത്തിയ അദ്ദേഹത്തിന്‍റെ മനസ്സ് വളര്‍ന്നുവരുന്ന തലമുറക്ക് നല്‍കുന്ന പാഠം ചെറുതല്ല. അല്ലാഹു അദ്ദേഹത്തിന്‍റെ പാപങ്ങള്‍ പൊറുത്ത് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.