ഡോ: ആര്‍.കെ. നൂര്‍ മുഹമ്മദ് മദനി: പ്രബോധകര്‍ക്ക് മാതൃകയായ പണ്ഡിതന്‍

അബ്ദുല്‍ മാലിക് സലഫി

2021 മാര്‍ച്ച് 27 1442 ശഅബാന്‍ 13

പ്രസിദ്ധ പണ്ഡിതനും പ്രബോധകനുമായിരുന്ന ഡോ: ആര്‍.കെ.നൂര്‍ മുഹമ്മദ് മദനി അല്ലാഹുവിലേക്ക് യാത്രയായി. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.

നാട്ടിലെ പ്രാഥമിക പഠനത്തിനുശേഷം ഉമറാബാദിലെ ജാമിഅ ദാറുസ്സലാമില്‍നിന്ന് ഉമരി ബിരുദം നേടി. 1985ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബിഎ പൂര്‍ത്തിയാക്കി. ശേഷം മദീനയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. അവിടെ കുല്ലിയ്യത്തുല്‍ ഹദീസില്‍നിന്ന് ബിഎ, എംഎ, പിഎച്ച്ഡി എന്നിവ കരസ്ഥമാക്കി. നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ആള്‍ ഇന്ത്യാ അഹ്ലേ ഹദീസ് സെക്രട്ടറി, തമിഴ്നാട് പോണ്ടിച്ചേരി അഹ്ലേ ഹദീസ് പ്രസിഡന്‍റ്, ചെന്നൈയിലെ ഐആര്‍ജിസിയുടെ പ്രസിഡന്‍റ് തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഉര്‍ദു, തമിഴ് ഭാഷകളില്‍ അസാമാന്യ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു.

പ്രബോധന മേഖലയില്‍ കര്‍മനിരതനായിരിക്കെയാണ് അദ്ദേഹത്തിന്‍റെ വിയോഗമുണ്ടായത്. തമിഴ്നാട്ടില്‍ തൗഹീദീ പ്രബോധനരംഗത്ത് അദ്ദേഹം ചെയ്ത സേവനങ്ങള്‍ നിസ്തുലമാണ്.

കേരളത്തിലെ സലഫി പ്രബോധന മേഖലയില്‍ വളരെ തല്‍പരനായിരുന്നു അദ്ദേഹം. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനുമായി വളരെ ഗാഢമായ ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വിസ്ഡം ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടന്ന ഉര്‍ദു സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു.

ജാമിഅ അല്‍ഹിന്ദ് അല്‍ഇസ്ലാമിയ്യ അദ്ദേഹം സന്ദര്‍ശിക്കുകയും കുട്ടികളുമായി ഹൃദ്യമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്. ജാമിഅയെ ഹൃദയംകൊണ്ട് സ്നേഹിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ജാമിഅയിലെ പി.ജി വിദ്യാര്‍ഥികള്‍ക്ക് ആഴ്ചതോറും ഓണ്‍ലൈനായി അദ്ദേഹം ക്ലാസ്സെടുത്തിരുന്നു. മരിക്കുന്നതിന്‍റെ ദിവസങ്ങള്‍ക്കു മുമ്പുവരെ അദ്ദേഹം ക്ലാസ്സെടുത്തിട്ടുണ്ട്.

വിവിധ ഭാഷകളില്‍ നിരവധി പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 'അക്വ്ളിയത്തുല്‍ ഖുലഫാഇര്‍റാശിദീന്‍' എന്നത് അദ്ദേഹത്തിന്‍റെ പ്രസിദ്ധ ഗ്രന്ഥമാണ്.

അറിവിനെ ഗാഢമായി സ്നേഹിച്ച, പ്രബോധരംഗത്തെ നിറസാന്നിധ്യമായിരുന്ന ആ മഹദ് വ്യക്തിത്വത്തിന്‍റെ വിയോഗം വലിയ വിടവുതന്നെയാണ്. പണ്ഡിതന്മാരുടെ വിയോഗം സമൂഹത്തിനേല്‍പിക്കുന്ന ആഘാതം വലുതാണ്. അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)