മുഹമ്മദ് നബി ﷺ

ഹുസൈന്‍ സലഫി, ഷാര്‍ജ

2020 ഡിസംബര്‍ 19 1442 ജുമാദല്‍ അവ്വല്‍ 04
ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമായിക്കൊണ്ട് കടന്നുവന്ന അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിﷺയുടെ ജീവിതം സമഗ്രമായി പരിചയപ്പെടുത്തുന്ന ചരിത്രപഥം ഈ ലക്കം മുതല്‍

മുഹമ്മദ് നബിﷺ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള മഹാനാണ്. മുഹമ്മദ് നബിﷺയെ സംബന്ധിച്ച് ഇസ്‌ലാമിന്റെ അകത്തും പുറത്തുമുള്ള ആളുകള്‍ ധാരാളം തെറ്റുധാരണകള്‍ വെച്ചുനടക്കുന്നവരാണ്. ഇസ്‌ലാമിന് പുറത്തുള്ളവര്‍ തിരുജീവിതത്തെ സത്യസന്ധമായ പഠനത്തിന് വിധേയമാക്കാതെ അനേകം കുപ്രചാരണങ്ങളും ആരോപണങ്ങളും സിനിമകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ ഉല്‍കൃഷ്ടനായ മുഹമ്മദ് നബിﷺയെ വസ്തുനിഷ്ഠമായി പഠിക്കലും മനസ്സിലാക്കലും വിശ്വസിക്കലും അവിടുത്തെ ധാരാളം സ്‌നേഹിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ കടമയാണ്. അതുപോലെ പ്രവാചകനെതിരില്‍ ശത്രുക്കള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക് പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മറുപടി നല്‍കലും വിശ്വാസികളുടെ ബാധ്യതയാണ്.

നബിﷺ ആരായിരുന്നു എന്നാണ് ഈ ചരിത്ര വിവരണത്തിലൂടെ നാം മനസ്സിലാക്കുന്നത്. ഇരുപത്തി മൂന്ന് കൊല്ലത്തെ പ്രവാചകത്വ ജീവിതവും നാല്‍പത് കൊല്ലത്തെ പ്രവാചകത്വത്തിന് മുമ്പുള്ള ജീവിതവും പരിപൂര്‍ണമായി വിവരിക്കുക എന്നത് സാധ്യമല്ലാത്തതിനാല്‍, പ്രധാനമെന്ന് തോന്നുന്ന ഭാഗങ്ങള്‍ മാത്രമാണ് ഇതിലൂടെ വിവരിക്കുന്നത്.

സ്വന്തം ജീവനെക്കാള്‍ മുഹമ്മദ് നബിﷺയെ ബഹുമാനിക്കാനും ആദരിക്കാനും സ്‌നേഹിക്കാനും കടമപ്പെട്ടവരാണല്ലോ നാം. ഏതൊരാള്‍ക്ക് നബിﷺ അപ്രകാരം ആകുന്നില്ലയോ, അവന്റെ വിശ്വാസം പൂര്‍ണമല്ല എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ലോകത്ത് എല്ലാ കാലത്തും എല്ലാ സമൂഹത്തിലേക്കും അല്ലാഹു താക്കീതുകാരെ അയച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവുംകൊണ്ടാണ്. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല'' (ഫാത്വിര്‍:24).

എന്തിനു വേണ്ടിയാണ് അല്ലാഹു എല്ലാ സമൂഹത്തിലേക്കും പ്രവാചകന്മാരെ അയച്ചത്?

''സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (അന്നിസാഅ്: 165).

അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗത്തെക്കുറിച്ച് സന്തോഷവാര്‍ത്ത നല്‍കുന്നവരും, അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നവര്‍ക്ക് കത്തിയാളുന്ന നരകത്തെക്കുറിച്ച് താക്കീത് നല്‍കുന്നവരും ആയിരുന്നു അല്ലാഹുവിന്റെ ദൂതന്മാര്‍. ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നതിനും അവര്‍ക്ക് താക്കീത് നല്‍കുന്നതിനും അല്ലാഹുവിനെതിരില്‍ അന്ത്യനാളില്‍ യാതൊരു തെളിവും ഇല്ലാതിരിക്കുന്നതിനും വേണ്ടിയാണ് അല്ലാഹു ദൂതന്മാരെ അയച്ചത്. ഇബ്‌നു കഥീര്‍(റ) പറയുന്നത് കാണുക:

''അല്ലാഹു അവന്റെ വേദഗ്രന്ഥങ്ങളെ ഇറക്കുകയും അവന്റെ ദൂതന്മാരെ സന്തോഷവാര്‍ത്തകൊണ്ടും താക്കീതുകൊണ്ടും അയക്കുകയും ചെയ്തു. അല്ലാഹുവിന് ഇഷ്ടപ്പെടുന്നവയെപ്പറ്റിയും തൃപ്തിപ്പെടുന്നവയെപ്പറ്റിയും അവന്‍ (ദൂതന്മാരിലൂടെ) വിശദീകരിച്ചു. അല്ലാഹുവിന് വെറുപ്പുള്ള കാര്യങ്ങളെപ്പറ്റിയും അവനോട് വിസമ്മതിക്കുന്ന കാര്യങ്ങളെപ്പറ്റിയും അവന്‍ (ദൂതന്മാരിലൂടെ) വിവരിച്ചു. ഒഴികഴിവ് പറയുന്നവന് യാതൊരു ഒഴികഴിവും അവശേഷിക്കാതിരിക്കാന്‍ വേണ്ടിയാണ് അത്'' (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

മുഹമ്മദ് നബിﷺ; അന്തിമദൂതന്‍

സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കിത്തരാന്‍ ഒരു ദൂതന്‍ ഞങ്ങളിലേക്ക് വന്നില്ലെന്ന് അന്ത്യനാളില്‍ അല്ലാഹുവിനെതിരില്‍ ഒരു അടിമക്കും പ്രതിബന്ധം പറയാന്‍ സാധിക്കാത്തവിധം അല്ലാഹു എല്ലാ സമൂഹത്തിലേക്കും ദൂതന്മാരെ അയച്ചിട്ടുണ്ട്. മുഹമ്മദ് നബിﷺക്ക് മുമ്പുള്ള ഓരോ പ്രവാചകനും അതാത് സമൂഹത്തിലേക്കാണ് അയക്കപ്പെട്ടതെങ്കില്‍ മുഹമ്മദ് നബിﷺ അന്ത്യനാള്‍വരെയുള്ള മുഴുവന്‍ ജനങ്ങളിലേക്കുമായിട്ടാണ് അയക്കപ്പെട്ടിട്ടുള്ളത്.

''നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല'' (സബഅ്: 28).

നബിﷺക്ക് ശേഷം പുതിയ ഒരു പ്രവാചകന്‍ വരാനില്ല. അതുകൊണ്ട് തന്നെ അന്ത്യനാള്‍വരെയുള്ള എല്ലാ മനുഷ്യരും ജിന്നുകളും ആ പ്രവാചകനെ പിന്തുടരല്‍ നിര്‍ബന്ധമാണ്. അവര്‍ക്കാകുന്നു വിചാരണനാളില്‍ രക്ഷയുള്ളത്.

ജാതി, മത, വര്‍ണ, രാഷ്ട്ര വ്യത്യാസമില്ലാതെ ലോകര്‍ക്കാകമാനം കാരുണ്യമായിട്ടാണ് മുഹമ്മദ് നബിﷺ അയക്കപ്പെട്ടത് എന്നതും ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:

''ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'' (അമ്പിയാഅ്: 107).

മുഹമ്മദ്ﷺ അവസാനത്തെ നബിയാണ്. അല്ലാഹു ഇനി ഒരു നബിയെ പുതിയ ശരീഅത്തുമായി മനുഷ്യരിലേക്ക് അയക്കുന്നതല്ല. പ്രവാചക പരമ്പരക്ക് അന്ത്യംകുറിച്ചാണ് മുഹമ്മദ് നബിﷺ അയക്കപ്പെടുന്നത്. മുഹമ്മദ് നബിﷺയിലൂടെ ഇസ്‌ലാമാകുന്ന മണിമാളിക പൂര്‍ത്തിയായി. അവിടുന്ന് പറയുന്നത് കാണുക:

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; റസൂല്‍ﷺ പറഞ്ഞു: ''എന്റെയും എനിക്ക് മുമ്പുള്ള നബിമാരുടെയും ഉപമ ഒരാളെപ്പോലെയാകുന്നു. അദ്ദേഹം ഒരു വീട് നിര്‍മിച്ചു. എന്നിട്ട് അത് നന്നാക്കുകയും ഭംഗിയുള്ളതാക്കുകയും ചെയ്തു; ഒരു മൂലയിലെ ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴികെ (ബാക്കിയെല്ലാം അയാള്‍ പൂര്‍ത്തിയാക്കി). എന്നിട്ട് ജനങ്ങള്‍ അതിനെ (കാണുന്നതിനായി) ചുറ്റിനടന്നു. അവര്‍ അതില്‍ അത്ഭുതപ്പെടുകയും ചെയ്തു. അവര്‍ ചോദിച്ചു: 'ഈ ഇഷ്ടിക (അതിന്റെ സ്ഥാനത്ത്) വെക്കപ്പെട്ടുകൂടായിരുന്നില്ലേ?' നബിﷺ പറഞ്ഞു: 'ഞാനാകുന്നു ആ ഇഷ്ടിക. ഞാന്‍ പ്രവാചകന്മാരില്‍ അന്തിമനാകുന്നു'' (ബുഖാരി).

നബിﷺയുടെ ഈ വിവരണത്തില്‍നിന്ന് അവിടുന്ന് പ്രവാചകന്മാരില്‍ അന്തിമനാകുന്നു എന്നത് വ്യക്തമാണല്ലോ. ഭംഗിയുള്ള ഒരു വീട്; എല്ലാ ഭാഗവും എല്ലാംകൊണ്ടും പൂര്‍ണം. എന്നാല്‍ ഒരു ഇഷ്ടികയുടെ സ്ഥാനം മാത്രം ഒഴിഞ്ഞുകിടക്കുന്നു. വീടിന്റെ ഭംഗി ആസ്വദിക്കുന്നവര്‍ മുഴുവന്‍ പറയുന്നു; ആ ഒഴിവുള്ള ഭാഗത്ത് ഒരു ഇഷ്ടികകൂടി വെച്ചിരുന്നെങ്കില്‍ എന്ന്. ആ ഇഷ്ടിക താനാണ് എന്ന് നബിﷺ വയക്തമാക്കുന്നു. അഥവാ, പ്രവാചകന്മാര്‍ മുഴുവനും വന്നുകഴിഞ്ഞു. ഒരു നബിയുടെ കുറവ് മാത്രമെ ഇനി ബാക്കിയുള്ളൂ. അത് മുഹമ്മദ് നബിﷺയാകുന്നു. ആ പ്രവാചകനിയോഗമനത്തിലൂടെ പ്രവാചകശൃംഖലക്ക് അവസാനമായി. ഇസ്‌ലാമിക അധ്യാപനങ്ങള്‍ മുഴുവനും മുഹമ്മദ് നബിﷺയിലൂടെ പൂര്‍ണമാക്കപ്പെടുകയും ചെയ്തു. അഴകുള്ള ഇസ്‌ലാമാകുന്ന ഈ സൗധത്തില്‍നിന്ന് ഇനി യാതൊന്നും എടുത്തുകളയാനോ പുതിയത് കൂട്ടിച്ചേര്‍ക്കുവാനോ സാധ്യമല്ല. മുഹമ്മദ് നബിﷺയിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ഇസ്‌ലാം മതം; അതിലേക്ക് പുതിയതൊന്നും ചേര്‍ക്കാതെയും അതിലൂള്ളതൊന്നും ഒഴിവാക്കാതെയും നിലനില്‍ക്കുമ്പോഴാണ് അതിന്റെ തനിമയും പ്രൗഢിയും നിലനില്‍ക്കുക.

മുഹമ്മദ് നബിﷺ അന്തിമദൂതനാണ് എന്ന വ്യക്തമായ സൂചനയും ഈ ഉദാഹരണത്തിലൂടെ നമുക്ക് ലഭിക്കുന്നു. മുഹമ്മദ് നബിﷺക്ക് ശേഷം ഇനിയൊരു പ്രവാചകന്‍ വരാനില്ലെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ പെട്ടതാകുന്നു. ആരെങ്കിലും മുഹമ്മദ് നബിﷺക്ക് ശേഷം പ്രവാചകത്വം വാദിക്കുന്നുവെങ്കില്‍ അവന്‍ ഇസ്‌ലാമിലേക്ക് ചാരനായി കടന്നുകൂടിയ കള്ളനാണയമാണെന്ന് ഓരോ മുസ്‌ലിമിനും ഉറപ്പിക്കാവുന്നതാണ്.

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്നു

ഇബ്‌റാഹീം നബി(അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചത് നമുക്ക് ഇപ്രകാരം കാണാവുന്നതാണ്:

''ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുക്കുകയും വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു'' (അല്‍ബക്വറ: 129).

മുഹമ്മദ് നബിﷺക്ക് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പ് മരണപ്പെട്ട മഹാനാണ് ഇബ്‌റാഹീം നബി(അ). മുഹമ്മദ് നബിﷺയുടെ പിതൃപരമ്പര ഇബ്‌റാഹീം നബി(അ)യില്‍ എത്തുന്നത് നമുക്ക് കാണാം. അഥവാ നബിﷺയുടെ പിതാമഹന്മാരില്‍ ഒരാളാണ് ഇബ്‌റാഹീം(അ). നബിﷺയുടെ പിതൃപരമ്പര ഇമാം ദഹബി(റഹി) ഇപ്രകാരം കൊടുക്കുന്നത് നമുക്ക് കാണാവുന്നതാണ്:

''ജനങ്ങളുടെ ഏകാഭിപ്രായമനുസരിച്ച് ഇബ്‌റാഹീം(അ)ന്റെ മകനായ ഇസ്മാഈല്‍(അ)ന്റെ മക്കളില്‍ പെട്ട അദ്‌നാനിന്റെ മകന്‍ മഅദ്ദിന്റെ മകന്‍ നിസാറിന്റെ മകന്‍ മുദ്വറിന്റെ മകന്‍ ഇല്‍യാസിന്റെ മകന്‍ മുദ്‌രികഃയുടെ (മുദ്‌രികഃയുടെ യഥാര്‍ഥ നാമം ആമിര്‍ എന്നാണ്) മകന്‍ ഖുസൈമയുടെ മകന്‍ കിനാനഃയുടെ മകന്‍ നദ്വ്ര്‍ന്റെ മകന്‍ മാലികിന്റെ മകന്‍ ഫിഹ്‌റിന്റെ മകന്‍ ഗാലിബിന്റെ മകന്‍ ലുഅയ്യിന്റെ മകന്‍ കഅ്ബിന്റെ മകന്‍ മര്‍റഃയുടെ മകന്‍ കിലാബിന്റെ മകന്‍ ക്വുസ്വയ്യിന്റെ (ക്വുസ്വയ്യിന്റെ യഥാര്‍ഥ നാമം സൈദ് എന്നാണ്) മകന്‍ അബ്ദു മനാഫിന്റെ (അബ്ദു മനാഫിന്റെ യഥാര്‍ഥ നാമം മുഗീറഃ എന്നാണ്) മകന്‍ ഹാഷിമിന്റെ (ഹാഷിമിന്റെ യഥാര്‍ഥ നാമം അംറ് എന്നാണ്) മകന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ (അബ്ദുല്‍ മുത്ത്വലിബിന്റെ യഥാര്‍ഥ നാമം ശൈബ എന്നാണ്) മകന്‍ അബ്ദുല്ലയുടെ മകനാണ് മുഹമ്മദ്ﷺ'' (സിയറു അഅ്‌ലാമിന്നുബലാഅ്).

ഇമാം ദഹബി(റ) തുടരുന്നു: ''ഇസ്മാഈല്‍(അ)ന്റെയും അദ്‌നാനിന്റെയും ഇടയിലുള്ള പിതാക്കന്മാരുടെ കാര്യത്തില്‍ അവര്‍ അഭിപ്രായ വ്യത്യാസത്തിലായിരിക്കുന്നു. അവര്‍ക്കിടയില്‍ ഒമ്പത് പിതാക്കളുണ്ട് എന്ന് പറയുന്നവരും ഏഴു പേരാണെന്ന് പറയുന്നവരുമെല്ലാം ഉണ്ട്. അദ്‌നാന്‍വരെയുള്ള പിതാക്കന്മാരുടെ പരമ്പരയില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണെന്ന് ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാം.''

പിതാക്കന്മാരില്‍ എത്രയോ അകലമുള്ള പിതാവാണ് ഇബ്‌റാഹീം(അ). ആരാരും ഇല്ലാത്ത മണല്‍ ക്കാട്ടില്‍ വെച്ചുള്ള ഉപ്പാന്റെ പ്രാര്‍ഥന നാം കണ്ടല്ലോ. അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നത് എത്ര കാലങ്ങള്‍ക്ക് ശേഷമാണ് എന്നതും നാം ചിന്തിക്കേണ്ട കാര്യമാണ്. എത്രയോ സംവല്‍സരങ്ങള്‍ക്ക് ശേഷമാണ് അല്ലാഹു ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയത്. പ്രാര്‍ഥനക്ക് ഉത്തരം നല്‍കുക എന്നത് ഓരോ വ്യക്തിയെ സംബന്ധിച്ചും ഏറ്റവും നന്നായി അറിയാവുന്ന അല്ലാഹുവാണ് തീരുമാനിക്കുന്നത്. അതിനാല്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ആരും വ്യാകുലരാകേണ്ടതില്ലെന്ന് ഈ സംഭവം നമ്മെ അറിയിച്ചുതരുന്നുണ്ട്. ഉപ്പ എന്തിനാണോ പ്രാര്‍ഥിച്ചത്, അതുപ്രകാരം തന്നെയാണ് മുഹമ്മദ് നബിﷺ പ്രവാചകനായി നിയോഗിക്കപ്പെടുന്നത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു'' (അല്‍ജുമുഅ: 2).

ഇസ്ഹാക്വ്(അ), ഇസ്മാഈല്‍(അ) എന്നിവരുടെ പരമ്പരയിലൂടെയാണല്ലോ പില്‍ക്കാലത്ത് അല്ലാഹു നബിമാരെ അയച്ചത്. ഇസ്ഹാക്വ് നബി(അ)യുടെ പരമ്പരയിലൂടെയാണ് അദ്ദേഹത്തിനുശേഷം മുഹമ്മദ് നബിﷺക്ക് മുമ്പുള്ള എല്ലാ നബിമാരും നിയോഗിക്കപ്പെട്ടത്.

തൗറാത്തിലും ഇഞ്ചീലിലും പേരുപറയപ്പെട്ട അന്തിമദൂതന്‍

മുഹമ്മദ് നബിﷺയുടെ വരവിനെപ്പറ്റി വേദക്കാര്‍ക്ക് നന്നായി അറിയാമായിരുന്നു. കാരണം അന്ത്യ പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് അവരിലേക്ക് ഇറക്കപ്പെട്ട തൗറാത്തിലും ഇഞ്ചീലിലും അല്ലാഹു അറിയിച്ചിരുന്നു:

''(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്)...'' (അല്‍അഅ്‌റാഫ്: 157).

തൗറാത്തിലും ഇന്‍ജീലിലും പേരുപറയപ്പെട്ട പ്രവാചകന്‍ ആയതിനാല്‍ തന്നെ വേദക്കാര്‍ ആ പ്രവാചകന്റെ വരവിനെ പ്രതീക്ഷിക്കുന്നവരുമായിരുന്നു. അന്തിമദൂതന്റെ പ്രത്യേകതകളെപ്പറ്റിയും സവിശേഷതകളെക്കുറിച്ചും വേദഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കിയവരായിരുന്നു ജൂത-ക്രൈസ്തവര്‍. അതിനാല്‍ തന്നെ മക്കയിലെ അറബികള്‍ ആ പ്രവാചകനില്‍ വിശ്വസിക്കുന്നതിനു മുമ്പേ വിശ്വസിക്കേണ്ടവരായിരുന്നു ജൂത-ക്രൈസ്തവര്‍. പക്ഷേ, അസൂയയും കുടിപ്പകയും കാരണത്താല്‍ അവര്‍ ആ പ്രവാചകനില്‍ അവിശ്വസിക്കുകയാണുണ്ടായത്. (അവസാനിച്ചില്ല)