അബൂമഹദൂറ അല്‍ജുഹ്മി(റ)

മുഹമ്മദ് ശമീല്‍

2020 ജൂണ്‍ 20 1441 ശവ്വാല്‍ 28

അബ്ദുല്ലാഹ് ബിന്‍ മുഹൈരിജ് ശാമിലേക്കുള്ള യാത്രയ്ക്ക് മുമ്പ് തന്റെ യജമാനനായ അബൂമഹദൂറ(റ)യോട് ചോദിച്ചു: ''നിങ്ങള്‍ (അബൂ മഹദൂറ) എങ്ങനെയാണ് ബാങ്ക് വിളിക്കാന്‍ ആരംഭിച്ചത് എന്ന് ശാമിലെ ജനങ്ങള്‍ എന്നോട് ചോദിക്കും. അപ്പോള്‍ അവരോട് ഞാന്‍ എന്ത് പറയും?''

അപ്പോള്‍ അബ്ദുല്ലാഹ് ബിന്‍ മുഹൈരിജി(റ)ന് അബൂമഹദൂറ(റ) അദ്ദേഹത്തിന് സന്മാര്‍ഗം കിട്ടിയ ചരിത്രം വിവരിച്ചു കൊടുത്തു: ''ഞാന്‍ ഒരു സംഘം ആളുകളുമായി യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ഹുനൈന്‍ യുദ്ധം കഴിഞ്ഞ്തിരിച്ചുവരികയായിരുന്ന പ്രവാചകനും സംഘവും വിശ്രമത്തിന് വേണ്ടി വഴിയില്‍ തമ്പടിച്ചു. പ്രവാചകന്റെമുഅദ്ദിന്‍ നമസ്‌കാരത്തിനുള്ള ബാങ്ക് വിളിക്കാന്‍ ആരംഭിച്ചു. ബാങ്കിന്റെ ശബ്ദം ഞങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായി അനുഭവപ്പെട്ടു. ഞങ്ങള്‍ ബാങ്കിനെ പരിഹാസ്യമായി അനുകരിക്കുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തു. ബാങ്കുവിളി കേള്‍ക്കാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ബാങ്ക് വിളിച്ചു കഴിഞ്ഞപ്പോള്‍ പ്രവാചകന്‍ ﷺ  സ്വഹാബത്തിനെ വിട്ട് ഞങ്ങളെ പിടിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങളെ പ്രവാചകന്റെ മുന്നിലിരുത്തി. 'നിങ്ങളില്‍ ആരാണ് ഉച്ചത്തില്‍ ബാങ്ക് കൊടുത്തത്?' പ്രവാചകന്‍ ഞങ്ങളോട് ചോദിച്ചു.

എന്റെ സംഘത്തിലുണ്ടായിരുന്ന ആളുകള്‍ എല്ലാവരും എന്നിലേക്ക് വിരല്‍ ചൂണ്ടി. അവര്‍ പറഞ്ഞത് സത്യമായിരുന്നു. ഞാനാണ് ഉച്ചത്തില്‍ ബാങ്കിനെ കളിയാക്കി ശബ്ദം ഉണ്ടാക്കിയത്.

എന്റെ സംഘത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പ്രവാചകന്‍ വെറുതെവിട്ടു, എന്നെ മാത്രം അവിടെ പിടിച്ചിരുത്തി. എന്നിട്ട് എന്നോട് പറഞ്ഞു: 'എഴുന്നേറ്റ് നമസ്‌കാരത്തിന് വിളിക്കൂ.'

അങ്ങനെ ഞാന്‍ എഴുന്നേറ്റു. ബാങ്ക് വിളിക്കാന്‍ നില്‍ക്കുമ്പോള്‍ അല്ലാഹുവിന്റെ റസൂലിനെക്കാള്‍ ഞാന്‍ വെറുക്കുന്ന ഒരു വ്യക്തിയോ, അദ്ദേഹം പറയുന്നതിനെക്കാള്‍ വെറുക്കുന്ന ഒന്നോ വേറെ ഉണ്ടായിരുന്നില്ല. പ്രവാചകന്‍ എനിക്ക് ബാങ്കിന്റെ വാക്കുകള്‍ നേരിട്ട് പറഞ്ഞുതന്നു. ഞാന്‍ അദ്ദേഹം പറഞ്ഞ പോലെ പറഞ്ഞു.

ബാങ്ക് വിളി പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം എന്നെ അടുത്ത് വിളിക്കുകയും എനിക്ക് ഒരു കിഴി വെള്ളി നാണയങ്ങള്‍ സമ്മാനമായി തരികയും ചെയ്തു. പ്രവാചകന്‍ എന്റെ നെറ്റിയില്‍ കൈ വെച്ചു. തുടര്‍ന്ന് മുഖത്തും നെഞ്ചിലൂടെയും തടവി കൈ പൊക്കിള്‍ വരെ കൊണ്ടുവന്നു. ശേഷം എനിക്ക് വേണ്ടി 'അല്ലാഹു നിങ്ങളെ അനുഗ്രഹിക്കുകയും അനുഗ്രഹങ്ങള്‍ അയക്കുകയും ചെയ്യട്ടെ' എന്ന് പ്രാര്‍ഥിച്ചു.

ഞാന്‍ പറഞ്ഞു: 'പ്രവാചകരേ, എന്നെ മക്കയില്‍ ബാങ്ക് കൊടുക്കാന്‍ അനുവദിക്കുമോ?'

പ്രവാചകന്‍ എനിക്ക് അതിനുള്ള അനുമതി നല്‍കി. അപ്പോള്‍ ലോകത്തില്‍ പ്രവാചകനെക്കാള്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തി വേറെ ആരും ഉണ്ടായിരുന്നില്ല. പ്രവാചകനോടുള്ള എന്റെ വെറുപ്പ് അദ്ദേഹത്തോടുള്ള സ്‌നേഹമായി മാറി.

മക്കയിലെ ഗവര്‍ണറായ അത്താബ് ബിന്‍ ആസിദിന്റെ അടുത്തെത്തി പ്രവാചകന്‍ എന്നെ മക്കയിലെ ബാങ്കുവിളിക്കാരനാക്കിയ വിവരം അദ്ദേഹത്തെ അറിയിച്ചു.  

ഇതാണ് അബൂമഹദൂറ(റ)ക്ക് സന്മാര്‍ഗം കിട്ടിയ ചരിത്രം. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ 16 വയസ്സായിരുന്നു പ്രായം. അബൂമഹദൂറ(റ) ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ആഗ്രഹിച്ചത് ബാങ്ക് കൊടുക്കാനുമാണ്. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ബാങ്ക് കൊടുത്തിരുന്നത് അബൂമഹദൂറ(റ)യും അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു. അബൂമഹദൂറ അല്‍ജുഹ്മി മക്കയിലെ ക്വുറൈശ് ഗോത്രത്തിലാണ് ജനിച്ചത്. ഹിജ്‌റ 58ല്‍ മക്കയില്‍ വെച്ച് മരണപ്പെടുകയും ചെയ്തു. നബി ﷺ യുടെ സ്വഭാവ വൈശിഷ്ട്യത്തിന്റെയും കാരുണ്യത്തിന്റെയും തെളിവാണ് ഈ ചരിത്രം.

അല്ലാഹു പറയുന്നു: ''(നബിയേ,) അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യംകൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു...'' (ക്വുര്‍ആന്‍ 3:159).