മുഹമ്മദ് നബി ﷺ സൃഷ്ടിക്കപ്പെട്ടത് പ്രകാശത്തില്‍നിന്നോ?

ഹുസൈന്‍ സലഫി, ഷാര്‍ജ

2020 ഡിസംബര്‍ 26 1442 ജുമാദല്‍ അവ്വല്‍ 11

(മുഹമ്മദ് നബി ﷺ , ഭാഗം 2)

മുഹമ്മദ് നബി ﷺ യില്‍ വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ത്തന്നെ, ആ നബിയെപ്പറ്റി പല വികല വിശ്വാസങ്ങളും കടന്നുകൂടിയിട്ടുണ്ട്. അതിനാല്‍ പ്രമാണബദ്ധമായി മുഹമ്മദ് നബി ﷺ യെ സംബന്ധിച്ച് നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം.

പ്രവാചകന്റെ അറുപത്തി മൂന്ന് കൊല്ലത്തെ ജീവിതചരിത്രം മുഴുവനും ഒരു പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കുക എന്ന ശ്രമകരവും വിശാലവുമായ ദൗത്യത്തിനല്ല, പ്രവാചകത്വത്തിന് മുമ്പും ശേഷവുമുള്ള അവിടുത്തെ ജീവിതത്തിലെ സുപ്രധാനമെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രം പ്രതിപാദിക്കുവാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അവയിലും പല കാര്യങ്ങളും വിട്ടുപോയേക്കാം.

നബി ﷺ എന്തില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്?

മുഹമ്മദ് നബി ﷺ ആദം സന്തതിയാണ്. മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് ക്വുര്‍ആന്‍ സംശയത്തിന് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ക്വുര്‍ആന്‍ പറയുന്നു:

''കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. തീയിന്റെ പുകയില്ലാത്ത ജ്വാലയില്‍നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു'' (ക്വുര്‍ആന്‍  55:14,15).

ആഇശ(റ)യില്‍നിന്ന് നിവേദനം; അവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: 'മലക്കുകള്‍ പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ടു. ജിന്നുകള്‍ തീജ്വാലയില്‍നിന്നും സൃഷ്ടിക്കപ്പെട്ടു. ആദം നിങ്ങളോട് വിവരിക്കപ്പെട്ടതില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു'' (മുസ്‌ലിം 2996).

''അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്റെ രൂപം) മണ്ണില്‍നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു'' (ക്വുര്‍ആന്‍ 3:59).

''നിങ്ങളെ അവന്‍ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ'' (ക്വുര്‍ആന്‍ 30:20)

മുകളില്‍ നാം കണ്ട ഓരോ തെളിവും മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് വ്യക്തമാക്കിത്തരുന്നവയാണ്. ഇനിയും ധാരാളം തെളിവുകള്‍ ക്വുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും നമുക്ക് ലഭിക്കുകയും ചെയ്യും. എല്ലാം ഇവിടെ ഉദ്ധരിക്കുവാന്‍ നാം മുതിരുന്നില്ല. ആദം നബി(അ)യുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട വിവരണത്തിലും ഈ കാര്യം നാം പ്രതിപാദിച്ചിട്ടുള്ളത് ഓര്‍ക്കുന്നുണ്ടാകുമല്ലോ.

അല്ലാഹുവാണ് പ്രപഞ്ച സ്രഷ്ടാവ്. അവന്‍ ഏതെല്ലാം സൃഷ്ടികളെ എന്തില്‍നിന്നാണ് സൃഷ്ടിച്ചതെന്നും എങ്ങനെയാണ് സൃഷ്ടിച്ചതെന്നും അഭിപ്രായം പറയുവാന്‍ നമുക്ക് കഴിയില്ല. അതു സംബന്ധമായി അവന്‍ എന്താണോ നമുക്ക് അറിയിച്ചുതന്നത്, അത് വിശ്വസിക്കുകയാണ് നാം ചെയ്യേണ്ടത്. അഥവാ, ക്വുര്‍ആനിലോ സ്വഹീഹായ നബിവചനത്തിലൂടെയോ സ്ഥിരപ്പെട്ടുവന്നത് എന്താണോ അതാണ് നാം സ്വീകരിക്കേണ്ടത്.

ആദം നബി(അ)യെ അല്ലാഹു സൃഷ്ടിച്ചത് മണ്ണില്‍ നിന്നാണെന്ന് നാം മനസ്സിലാക്കി. മണ്ണില്‍നിന്ന് പടക്കപ്പെട്ടു എന്നത് മനുഷ്യാസ്തിത്വത്തിന് യാതൊരു ന്യൂനതയും ഉണ്ടാക്കുന്നില്ല. മാത്രവുമല്ല, പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ട മലക്കുകളെക്കാളും തീജ്വാലയില്‍നിന്ന് സൃഷ്ടിക്കപ്പെട്ട ജിന്നുകളെക്കാളും അല്ലാഹു ആദരവ് നല്‍കിയ സൃഷ്ടി മനുഷ്യനാണ് എന്നതും അല്ലാഹു നമുക്ക് അറിയിച്ചുതന്നിട്ടുണ്ട്. (ക്വുര്‍ആന്‍ 17:70). അതുകൊണ്ടാണല്ലോ ആദം(അ)നെ അല്ലാഹു സൃഷ്ടിച്ചതിന് ശേഷം മലക്കുകളോടും ജിന്നുകളില്‍ പെട്ട ഇബ്‌ലീസിനോടും അദ്ദേഹത്തിന് സുജൂദ് ചെയ്യാന്‍ കല്‍പിച്ചത്. അതുപോലെ, മലക്കുകള്‍ക്കൊന്നും പഠിപ്പിച്ചു കൊടുത്തിട്ടില്ലാത്ത അറിവ് അല്ലാഹു നല്‍കിയതും ആദമി(അ)നായിരുന്നല്ലോ. (ക്വുര്‍ആന്‍ 2:31-33).

മുഹമ്മദ് നബി ﷺ ക്ക് മഹത്ത്വവും ശ്രേഷ്ഠതയും നല്‍കുന്നതിനായി ചിലര്‍ അവിടുത്തെ സൃഷ്ടിപ്പ് പ്രകാശത്തില്‍നിന്നാണെന്ന് എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അത് ഏറ്റുപിടിച്ച് പ്രചരിപ്പിക്കുന്നവരും വിശ്വസിക്കുന്നവരും നമ്മുടെ നാട്ടിലുമുണ്ട്. അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തെയാണെന്നും അല്ലാഹുവിന്റെ പ്രകാശത്തില്‍നിന്ന് അല്ലാഹു മുഹമ്മദ് നബി ﷺ യെ സൃഷ്ടിച്ചുവെന്നും അങ്ങനെ മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തില്‍നിന്ന് മറ്റു മുഴുവന്‍ ചരാചരങ്ങളെയും സൃഷ്ടിച്ചുവെന്നും പാരമ്പര്യമായി, യാതൊരു അടിസ്ഥാനവുമില്ലാതെ ഇക്കൂട്ടര്‍ വിശ്വസിച്ചുപോരുന്നു. സമസ്തയുടെ മദ്‌റസയിലെ മൂന്നാം ക്ലാസ്സിലേക്ക് തയ്യാറാക്കിയ ചരിത്ര പാഠപുസ്തകത്തില്‍ 'നബി ﷺ യുടെ പ്രകാശം' എന്നൊരു തലക്കെട്ട് തന്നെ നമുക്ക് കാണാവുന്നതാണ്. ആ പാഠത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ''അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് നബി ﷺ യുടെ പ്രകാശമായിരുന്നു. ആ പ്രകാശത്തില്‍ നിന്നാണ് മറ്റു ചരാചരങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടത്.''

അതുപോലെ ഈ വിഭാഗക്കാരുടെ മാലപ്പാട്ടുകളിലും ഈ വികല വിശ്വാസം പഠിപ്പിക്കുന്നുണ്ട്:

''ആദി ഒളിവായ് അതുതാന്‍ വെളിവായി.

അതു പിന്നെ ആദമായ് വന്നു വെളിവായ്

അമ്പിയ ഔലിയ ആയ് വന്ന് വന്ന്

അവസാനം മക്കത്തതു തന്നെ വന്ന്< /p>

പൂര്‍ത്തീകരിത്തത്തതില്‍ പിന്നെ വെളിവായ്

പെരുത്ത് ളുഹൂറാത്തുകള്‍ വലിമാരായ്

അതു വെളിവാകും അവസാനത്തോളം

അതു നിലച്ചാലന്ന് ലോകാവസാനം.''

ക്വുര്‍ആനിലെയും സ്വീകാര്യയോഗ്യമായ ഹദീസുകളിലെയും വ്യക്തമായ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമല്ലേ ഈ അധ്യാപനം? ആദ്യമായി അല്ലാഹു നബി ﷺ യുടെ പ്രകാശത്തെയാണോ സൃഷ്ടിച്ചത്? അല്ല! മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭത്തെപ്പറ്റി അല്ലാഹു ക്വുര്‍ആനില്‍ എന്താണു പറഞ്ഞതെന്ന് നാം കാണുകയുണ്ടായി.

മുഹമ്മദ് നബി ﷺ ഒരു മനുഷ്യന്‍ തന്നെയാണ്. പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ടത് മലക്കുകള്‍ മാത്രമാണ്. മലക്കുകളാണ് പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവര്‍. മക്കക്കാര്‍ നബിയായി നിയോഗിക്കപ്പെടേണ്ടത് മലക്കാകണം എന്ന് വാദമുള്ളവരായിരുന്നു. അതിന് അല്ലാഹു മറുപടി നല്‍കുന്നത് ക്വുര്‍ആനില്‍ നമുക്ക് കാണാന്‍ സാധിക്കും.

മുഹമ്മദ് നബ ﷺ യുടെ പ്രകാശത്തെയാണ് അല്ലാഹു ആദ്യമായി പടച്ചതെന്ന അന്ധവിശ്വാസത്തിന് യാതൊരു രേഖയും പ്രാമാണികമായി വന്നിട്ടില്ല. മുന്‍ഗാമികളായ പ്രവാചകന്മാരോ സ്വഹാബിമാരോ താബിഉകളോ തബഉത്താബിഉകളോ ഇമാമുമാരോ ആരും തന്നെ ഇപ്രകാരം വിശ്വസിച്ചിരുന്നതായി ഒരു കിതാബിലും നമുക്ക് കാണാന്‍ കഴിയില്ല. ജാബിര്‍(റ) നബി ﷺ യോട് ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്താണെന്ന് ചോദിക്കുകയും അതിന് നബി ﷺ 'നിന്റെ നബിയുടെ പ്രകാശത്തെയാണ് ജാബിറേ' എന്ന് മറുപടി പറയുകയും ചെയ്തു എന്ന വാറോല ചിലര്‍ കൊണ്ടുനടക്കുന്നുണ്ട്. ഇത് മുസ്വന്നഫ് അബ്ദുര്‍റസാക്വില്‍ ഉണ്ട് എന്നും അവര്‍ തട്ടിവിടുന്നു. മുസ്വന്നഫ് നോക്കിയാല്‍ അങ്ങനെ ഒരു റിപ്പോര്‍ട്ട് നമുക്ക് കാണാന്‍ കഴിയില്ല. അപ്പോള്‍ ഇവര്‍ അതിനൊരു മറുപടി ഇറക്കിയിരിക്കുന്നു. മുസ്വന്നഫിലെ ചില ഹദീസുകള്‍ നഷ്ടപ്പെട്ടിരുന്നു എന്നും അത് പിന്നീട് ഇന്ത്യയില്‍നിന്ന് കണ്ടെടുക്കുകയുണ്ടായി എന്നും അത് പിന്നീട് കിതാബായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട് എന്നുമാണ് ആ മറുപടി. പച്ചക്കളവാണ് ഇത്. അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല. മുസ്വന്നഫില്‍നിന്ന് അങ്ങനെ ചില ഹദീസുകള്‍ നഷ്ടമായിട്ടില്ല. ഇത് അല്ലാഹുവിന്റെ പേരിലും അവന്റെ പ്രവാചകന്റെ പേരിലും കെട്ടിച്ചമച്ചതാകുന്നു. ഇനി ഒന്ന് ചിന്തിക്കുക; അങ്ങനെ ഒരു റിപ്പോര്‍ട്ട് നഷ്ടമായിരുന്നെങ്കിലും പൂര്‍വികര്‍ക്ക്, അല്ലാഹു ആദ്യം സൃഷ്ടിച്ചത് നബി ﷺ യുടെ നൂറിനെയായിരുന്നു എന്ന വിശ്വാസം ഉണ്ടാകുമായിരുന്നല്ലോ. നാം നേരത്തെ പറഞ്ഞതുപോലെ പൂര്‍വികരില്‍ ആര്‍ക്കെങ്കിലും അപ്രകാരം ഒരു വിശ്വാസമുണ്ടായിരുന്നു എന്നതിന് ഏതെങ്കിലും ഒരു കിതാബില്‍നിന്ന് ഇക്കൂട്ടര്‍ക്ക് തെളിയിക്കാന്‍ കഴിയുമോ?

'ഞങ്ങളെ പോലയുള്ള ഈ മനുഷ്യനാണോ അല്ലാഹുവിന്റെ റസൂല്‍?' എന്നായിരുന്നു മക്കക്കാരുടെ ചോദ്യം. അഥവാ, മുഹമ്മദ് നബി ﷺ ഒരു മനുഷ്യന്‍ ആയതിനാല്‍ മക്കക്കാര്‍ അദ്ദേഹത്തില്‍ വിശ്വസിക്കാന്‍ വിസമ്മതിച്ചു. അതുസംബന്ധമായി അവര്‍ പറഞ്ഞത് ക്വുര്‍ആനില്‍ നമുക്ക് കാണാവുന്നതാണ്. അതുപോലെ മക്കക്കാര്‍ നബി ﷺ യോട് പല അത്ഭുതങ്ങളും പ്രകടിപ്പിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് നബി ﷺ മക്കക്കാരോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:

''അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍നിന്ന് ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നതുവരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നതുവരെ. അല്ലെങ്കില്‍ നീ ജല്‍പിക്കുന്നതുപോലെ ആകാശത്തെ ഞങ്ങളുടെമേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നതുവരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ടുവരുന്നതുവരെ. അല്ലെങ്കില്‍ നിനക്ക് സ്വര്‍ണംകൊണ്ടുള്ള ഒരു വീടുണ്ടാകുന്നതുവരെ, അല്ലെങ്കില്‍ ആകാശത്തുകൂടി നീ കയറിപ്പോകുന്നതുവരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കിക്കൊണ്ടുവരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ? ജനങ്ങള്‍ക്ക് സന്മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു. (നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്നുപോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്തുനിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു''(ക്വുര്‍ആന്‍ 17:90-95).

നബി ﷺ യുടെ തറവാട്

നാട്ടിലെ അറിയപ്പെട്ട കുടുംബത്തിലായിരുന്നു ഓരോ പ്രവാചകന്റെയും ജനനം. മുഹമ്മദ് നബി ﷺ മക്കയിലെ അറിയപ്പെട്ട തറവാട്ടിലായിരുന്നു പിറന്നത്.

വാസലതുബ്‌നുല്‍ അസ്‌ക്വഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ (ഇപ്രകാരം) പറയുന്നതായി ഞാന്‍ കേട്ടു: 'അല്ലാഹു ഇസ്മാഈലിന്റെ മക്കളില്‍നിന്ന് കിനാനയെ തിരഞ്ഞെടുത്തു, കിനാനഃയില്‍നിന്ന് അല്ലാഹു ക്വുറയ്ശികളെ തിരഞ്ഞെടുത്തു. ക്വുറയ്ശികളില്‍നിന്ന് ബനൂ ഹാശിമിനെ അല്ലാഹു തിരഞ്ഞെടുത്തു. ബനൂ ഹാഷിമില്‍ നിന്ന് അല്ലാഹു എന്നെയും തിരഞ്ഞെടുത്തു'' (മുസ്‌ലിം).

അറബികള്‍ക്കിടയിലെ ഉന്നത കുടുംബം, ഉന്നത തറവാട്, ഉന്നത പിതൃപരമ്പര. ഇസ്മാഈല്‍ നബി(അ) മുതല്‍ മുഹമ്മദ് നബി ﷺ വരെയുള്ള കുടുംബ പരമ്പര അതാത് കാലങ്ങളില്‍ ആ നാട്ടില്‍ പേരും പ്രശസ്തിയും ഉള്ളതായിരുന്നു. നബി ﷺ യുടെ വൈരികളായ മക്കക്കാര്‍ പോലും ഈ കുടുംബ മഹിമ അംഗീകരിച്ചവരായിരുന്നു എന്നതും ഇതിലേക്ക് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഇസ്‌ലാമിലേക്ക് ഏറെ വൈകി വന്ന സ്വഹാബിയായിരുന്നു അബൂസുഫ്‌യാന്‍(റ). അദ്ദേഹം ഇസ്‌ലാമിലേക്ക് വരുന്നതിന് മുമ്പ് നടന്ന പ്രസിദ്ധമായ ഒരു സംഭവമായിരുന്നു ഹിര്‍ക്വല്‍ രാജാവിന്റെ കൊട്ടാരത്തിലെ ഒരു ഒത്തുകൂടല്‍. മുഹമ്മദ് നബി ﷺ പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യനാളുകളില്‍ അബൂസുഫ്‌യാന്‍(റ) ഹിര്‍ക്വല്‍ രാജാവിനെ സമീപിക്കുകയുണ്ടായി. മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന് എതിരായിട്ടായിരുന്നു ആ സംസാരം. അന്ന് ഹിര്‍ക്വല്‍ രാജാവ് പല കാര്യങ്ങളും മുഹമ്മദ് നബി ﷺ യെ പറ്റി അബൂസുഫ്‌യാനോട് ചോദിക്കുകയുണ്ടായി. 'നിങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആ വ്യക്തിയുടെ കുടുംബപരമ്പര എങ്ങനെയാണ്' എന്നതായിരുന്നു അതില്‍ ഒരു ചോദ്യം. അന്ന് നബി ﷺ യുടെ ശത്രുവായിരുന്ന അബൂസുഫ്‌യാന് ഹിര്‍ക്വലിന്റെ മുമ്പില്‍ സത്യം മറച്ചുവെക്കാന്‍ സാധിച്ചില്ല. അദ്ദേഹം പറഞ്ഞു: 'അദ്ദേഹം ഞങ്ങളിലെ ഏറ്റവും നല്ല കുടുംബമുള്ളവനാണ്...' അവസാനം ഹിര്‍ക്വല്‍ രാജാവ് അബൂസുഫ്‌യാനോട് പറഞ്ഞു: 'ഞാന്‍ നിങ്ങളോട് അദ്ദേഹത്തിന്റെ കുടുംബ സാഹചര്യത്തെ പറ്റി ചോദിച്ചപ്പോള്‍, അദ്ദേഹം ഏറ്റവും നല്ല കുടുംബത്തിലാണ് ഉള്ളതെന്ന് പറഞ്ഞു. അതെ, മുന്‍കഴിഞ്ഞ ദൂതന്മാരെല്ലാം ഏറ്റവും നല്ല കുടംബത്തില്‍നിന്നു തന്നെയാണ് വന്നിരുന്നത്.' ഈ സംഭവം ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ് നബി ﷺ യെ ശത്രുക്കള്‍ മാരണക്കാരന്‍, ഭ്രാന്തന്‍, കവി, ജ്യോത്സ്യന്‍ എന്നിങ്ങനെയെല്ലാം വിളിച്ച് ആക്ഷേപിച്ചിരുന്നു. എന്നാല്‍ മുഹമ്മദ് ﷺ ഒരു മോശം കുടുംബത്തില്‍ ജനിച്ചവനാണെന്നോ മറ്റോ പറഞ്ഞ് അവിടുത്തെ ആക്ഷേപിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല എന്നതും നബി ﷺ യുടെ കുടുംബ മഹിമ അവര്‍ക്കിടയില്‍ എത്ര പ്രശംസനീയമായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്.

ആദം(അ) മുതല്‍ നബി ﷺ യുടെ പിതാവ് അബ്ദുല്ലാഹ് വരെയും, ഹവ്വാഅ്(റ) മുതല്‍ ആമിനവരെയും അടങ്ങുന്ന എല്ലാവരും മുസ്‌ലിമാകണമെന്ന് അതിന് അര്‍ഥമില്ല. എന്നാല്‍ അവിടുത്തെ കുടുംബ പരമ്പരയില്‍ വ്യഭിചാരം, മോഷണം, മദ്യപാനം, കൊല തുടങ്ങിയ മ്ലേച്ഛ സ്വഭാവങ്ങളുള്ളവര്‍ ഇല്ലായിരുന്നു. പ്രവാചകന്മാരുടെ മാതാപിതാക്കള്‍ ആരും തന്നെ ഇത്തരം ദുഃസ്വഭാവികളായിരുന്നില്ല. എന്നാല്‍ വിശ്വാസപരമായി പലരും വഴികേടിലായിരുന്നു എന്ന് നമുക്ക് കാണാന്‍ സാധിക്കുന്നതുമാണ്. ഇബ്‌റാഹീം നബി(അ)യുടെ പിതാവ് ഒരു ഉദാഹരണം.

നബി ﷺ യുടെ മാതാപിതാക്കള്‍ ശരിയായ വിശ്വാസികളായിരുന്നു എന്ന് മനസ്സിലാക്കിയവരുണ്ട്. അത് ശരിയല്ല. നബി ﷺ തന്നെ അവിടുത്തെ മാതാപിതാക്കളുടെ അവസ്ഥയെ പറ്റി നമുക്ക് വിവരിച്ച് തന്നത് നാം മനസ്സിലാക്കണം.

അനസ്(റ)വില്‍നിന്ന് നിവേദനം; ഒരാള്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരെ, എന്റെ പിതാവ് എവിടെയാകുന്നു?'' നബി ﷺ പറഞ്ഞു: ''നരകത്തില്‍.'' അങ്ങനെ അദ്ദേഹം തിരിഞ്ഞുനടന്നപ്പോള്‍ നബി ﷺ അദ്ദേഹത്തെ വിളിച്ചു, എന്നിട്ട് പറഞ്ഞു: ''തീര്‍ച്ചയായും എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാകുന്നു'' (മുസ്‌ലിം).

ഇമാം നവവി(റഹി) ശറഹ് മുസ്‌ലിമില്‍ ഈ ഹദീസ് വരുന്ന അധ്യായത്തിന് നല്‍കിയ പേര് ഇപ്രകാരമാണ്: 'തീര്‍ച്ചയായും ആര്‍ സത്യനിഷേധത്തിലായി മരണപ്പെട്ടുവോ അപ്പോള്‍ അവന്‍ നരകത്തിലായെന്നും അവന് ശുപാര്‍ശ ലഭിക്കില്ലെന്നും (അല്ലാഹുവിലേക്ക്) അടുത്തവരുടെ അടുപ്പം അവന് ഉപകാരപ്പെടുകയില്ലെന്നും വ്യക്തമാക്കുന്ന അധ്യായം.'

ഈ ഹദീസ് കൊടുത്തതിന് ശേഷം ഇമാം നവവി(റ) പറയുന്നു: 'ഏതൊരാള്‍ സത്യനിഷേധത്തിലായി മരണപ്പെടുന്നുവോ അവന്‍ നരകത്തിലാണ് എന്നും (അല്ലാഹുവിലേക്ക്) സാമീപ്യം ലഭിച്ചവരുടെ അടുപ്പം അവന് ഉപകാരപ്പെടുകയില്ലെന്നും ഇതില്‍ (ഈ ഹദീസില്‍ തെളിവ്) ഉണ്ട്. വിഗ്രഹങ്ങളെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട അറബികളുടെ സമ്പ്രദായത്തിലായി ഒരാള്‍ മരണപ്പെട്ടു, അപ്പോള്‍ അവനും നരകക്കാരനാണെന്ന് ഇതില്‍ (ഈ ഹദീസില്‍ തെളിവ്) ഉണ്ട്. ഇത് പ്രബോധനം എത്തുന്നതിന് മുമ്പ് പിടികൂടുക എന്നതല്ല. (കാരണം,) ഇക്കൂട്ടര്‍ ഇബ്‌റാഹീമി(അ)ന്റെയും മറ്റു നബിമാരുടെയും പ്രബോധനം എത്തിയവരാകുന്നു' (ശറഹു മുസ്‌ലിം).

മറ്റൊരു ഭാഗം കൂടി കാണുക: ''നബി ﷺ റബ്ബിനോട് തന്റെ മാതാവിന്റെ ക്വബ്ര്‍ സന്ദര്‍ശിക്കുന്നതില്‍ അനുവാദം ചോദിക്കുന്ന അധ്യായം.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'ഞാന്‍ എന്റെ രക്ഷിതാവിനോട് എന്റെ ഉമ്മാക്ക് വേണ്ടി പൊറുക്കലിനെ തേടുവാന്‍ അനുവാദം ചോദിച്ചു. അപ്പോള്‍ എനിക്ക് അതിന് അനുവാദം ലഭിച്ചില്ല. അവരുടെ ക്വബ്ര്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടി ഞാന്‍ അനുവാദം ചോദിച്ചു. അപ്പോള്‍ എനിക്ക് അനുവാദം ലഭിക്കുകയുണ്ടായി.'

ബഹുദൈവ വിശ്വാസികളെ ജീവിതകാലത്തും മരണശേഷം അവരുടെ ക്വബ്‌റും സന്ദര്‍ശിക്കുന്നത് അനുവദനീയമാണ് എന്ന് ഇതില്‍ (തെളിവ്) ഉണ്ട്'' (ശറഹു മുസ്‌ലിം).

രണ്ടു തെളിവുകള്‍ ഇവിടെ നാം രേഖപ്പെടുത്തി. ഇമാം നവവി(റഹി) കൊടുത്ത ഹദീസും അതില്‍ നിന്ന് അദ്ദേഹം നിര്‍ധാരണം ചെയ്‌തെടുത്ത ആശയവും വായിക്കുന്ന ആര്‍ക്കും മനസ്സിലാകും നബി ﷺ യുടെ മാതാപിതാക്കള്‍ നരകാവകാശികളാണ് എന്ന്. ചുരുക്കത്തില്‍ ഈ വിഷയത്തില്‍ നബി ﷺ നമുക്ക് പഠിപ്പിച്ചുതന്ന കാര്യമാണ് നാം അംഗീകരിക്കേണ്ടത്. അതിലപ്പുറം ഒരു അഭിപ്രായം പറയാന്‍ നമുക്ക് എന്ത് അവകാശമാണുള്ളത്? നബിമാരുടെ കുടുംബത്തിലെ അംഗങ്ങളെല്ലാം സത്യവിശ്വാസികളായിരിക്കുമെന്നൊന്നും അല്ലാഹുവോ റസൂലോ നമുക്ക് അറിയിച്ചുതന്നിട്ടില്ല. നബിമാരുടെ അടുത്ത ബന്ധുക്കളിലെ ആരെങ്കിലും അവിശ്വാസികളായി എന്നത് നബിമാരുടെ മഹത്ത്വത്തിനോ സ്ഥാനത്തിനോ യാതൊരു കുറവും ഉണ്ടാക്കുന്നില്ല. ക്വുര്‍ആനിലെ ചില ആയത്തുകള്‍ ഉദ്ധരിച്ച് നബി ﷺ യുടെ മാതാപിതാക്കള്‍ സ്വര്‍ഗാവകാശികളാണെന്ന് ചിലര്‍ ദുര്‍വ്യാഖ്യാനിക്കാറുണ്ട്. സ്വഹീഹ് മുസ്‌ലിമിലെ ഹദീസ് ക്വുര്‍ആനിന് എതിരാണോ? നബി ﷺ ക്ക് ഈ ആയത്തുകളൊന്നും മനസ്സിലായില്ലേ? ഇമാം നവവി(റഹി)ക്ക് ഈ ആയത്തുകള്‍ മനസ്സിലായില്ലേ? നിഷ്പക്ഷമതികള്‍ ചിന്തിക്കുക. (തുടരും)