സ്ത്രീ റമദാനില്‍

ഹംസ ജമാലി

2019 മെയ് 11 1440 റമദാന്‍ 06

റമദാന്‍ വന്നാല്‍ പിന്നെ സ്ത്രീകള്‍ക്ക് തീരാത്ത അടുക്കളപ്പണിയാണിന്ന്. പുരുഷന്മാര്‍ ആരാധനകളില്‍ മുഴുകിയും വിശ്രമിച്ചുമൊക്കെ സമയം ചെലവഴിക്കുമ്പോള്‍ സ്ത്രീകള്‍ രാപ്പകല്‍ ഭേദമില്ലാതെ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരിക്കും. ഈ അവസ്ഥക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. സ്ത്രീകളുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ കുറിക്കട്ടെ:

ഈ അനുഗൃഹീത പുണ്യമാസം കടന്നുവരുമ്പോള്‍ അതിനെ സ്വീകരിക്കാന്‍ സ്ത്രീകള്‍ മാനസികമായി തയ്യാറാവുകയും നോമ്പുകാര്‍ക്ക് അല്ലാഹു ഒരുക്കിവെച്ച മഹത്തായ പുണ്യങ്ങളില്‍ ബോധമുള്ളവരാകുകയും ചെയ്യേണ്ടതുണ്ട്.  

റമദാനില്‍ കൂടുതല്‍ സമയം ഇബാദത്തിനായി ഉപയോഗപ്പെടുത്താന്‍ സ്ത്രീകളും സമയം കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യം വീട്ടിലെ പുരുഷന്മാരെ ബോധ്യപ്പെടുത്തുകയും അവരുടെ സഹകരണം തേടുകയും ചെയ്യുക. 

പെരുന്നാള്‍ ദിനം ധരിക്കാനുള്ള പുതുവസ്ത്രം റമദാനിനു മുമ്പുതന്നെ വാങ്ങിവെക്കുക. സ്ത്രീകളും രക്ഷിതാക്കളുമെല്ലാം റമദാനിന്റെ അവസാനത്തെ പത്തിലെ വിലപ്പെട്ട സമയം തുണിക്കടകളിലും അങ്ങാടിയിലുമായി നഷ്ടപ്പെടുത്തുന്ന കാഴ്ച സാധാരണമാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്.റമദാനിനെക്കാള്‍ തിരക്കു കുറവായിരിക്കും റമദളാനിന്റെ മുമ്പ്. വിലയിലും ഗണ്യമായ മാറ്റമുണ്ടാവാറുണ്ട്. എന്നിട്ടും പിന്നെന്തിനാണ് വിലകൂടുകയും തിരക്കു വര്‍ധിക്കുകയുംചെയ്യുന്ന റമദാനില്‍ തന്നെ വസ്ത്രം വാങ്ങുവാന്‍ തീരുമാനിക്കുന്നത്?   

സ്ത്രീയും ആരാധനകളും 

സഹോദരീ! ഈ മാസത്തില്‍ നിങ്ങള്‍ക്ക് എങ്ങനെ കൂടുതല്‍ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയും? ഈ പുണ്യമാസത്തില്‍ നന്മകള്‍ ശേഖരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. ആദ്യം അവ നിങ്ങളുടെ കുടുംബത്തില്‍ പ്രാവര്‍ത്തികമാക്കുകയും ശേഷം നിങ്ങളിഷ്ടപ്പെടുന്നവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുക. 

നിര്‍ബന്ധ നമസ്‌കാരം 

ഇനിപറയുന്ന കാര്യങ്ങള്‍ പ്രത്യേകം പരിഗണിക്കുക:  

സമയമാകുന്നതിന്മുമ്പ് തന്നെ വുദൂഅ് ചെയ്ത് നമസ്‌കാര സ്ഥലം വൃത്തിയാക്കി പായവിരിച്ച് തയ്യാറാക്കിവെക്കുക. പള്ളിയില്‍ പോകുന്നുവെങ്കില്‍ അതിന് മുന്‍കൂട്ടി തയ്യാറെടുക്കുക.

സ്വര്‍ഗത്തില്‍ വലിയ മാളികകള്‍ ലഭിക്കുന്നതിനായി ഫര്‍ദിനു മുമ്പും ശേഷവുമുള്ള സുന്നത്തു നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുക. എന്റെ അവസാനത്തെ നമസ്‌കാരമായിരിക്കാമെന്ന ബോധത്തോടെയായിരിക്കാന്‍ ശ്രദ്ധിക്കുക.

നമസ്‌കാരത്തിനുമുമ്പ് ദന്ത ശുദ്ധി വരുത്തുക. നിറുത്തം, റുകൂഅ്, സുജൂദ് പോലുള്ള കര്‍മങ്ങള്‍  പരിപൂര്‍ണമായി നിര്‍വഹിച്ച് നമസ്‌കരിക്കുക. നമസ്‌കാരശേഷമുള്ള സുന്നത്തായ മുഴുവന്‍ ദിക്‌റുകളും ചൊല്ലുക. നമസ്‌കാരശേഷമുള്ള ദിക്‌റുകളും തസ്ബീഹുകളും  ചൊല്ലാന്‍  മുസ്വല്ലയില്‍തന്നെ ഇരിക്കുക. 

പറ്റുമെങ്കില്‍ ഒരു നമസ്‌കാരത്തിനുശേഷം അടുത്ത നമസ്‌കാരവും പ്രതീക്ഷിച്ച് നമസ്‌കാരപായയില്‍ത്തന്നെ ഇരിക്കുക. നമസ്‌കാരശേഷമുള്ള ദിക്‌റുകളും തസ്ബീഹുകളും ചൊല്ലാന്‍ നമസ്‌കാരപ്പായയില്‍തന്നെ ഇരിക്കുന്നതിന്റെ പ്രതിഫലം അറിഞ്ഞിരിക്കുക. നബി ﷺ  പറഞ്ഞു:

'ഒരാള്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടും അവനോട് പാപമോചനം തേടിക്കൊണ്ടും നമസ്‌കരിച്ച സ്ഥലത്തുതന്നെ ഇരിക്കുകയാ ണെങ്കില്‍ അവന്റെ വുദൂഅ് മുറിയുകയോ അല്ലെങ്കില്‍ നമസ്‌കാരസ്ഥലത്തുനിന്ന് എഴുന്നേറ്റ് പോകുകയോ ചെയ്യുന്നത്‌വരെ മലക്കുകള്‍ അവന്റെ  ഗുണത്തിനും പാപമോചനത്തിനും വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നതാണ്.''

നോമ്പുതുറക്കാനുള്ള ഭക്ഷണം തയ്യാറാക്കുമ്പോള്‍ നോമ്പുതുറപ്പിക്കുന്നവര്‍ക്ക് ഇരട്ടി പ്രതിഫലമുണ്ടെന്ന സദ്ചിന്ത വെച്ചുപുലര്‍ത്തുക. വീട്ടുജോലിയിലായിരിക്കുമ്പോഴും ദിക്‌റുകള്‍ ചൊല്ലുന്നതില്‍ മുഴുകുക. 

 ആര്‍ത്തവമോ പ്രസവരക്തമോ ഉണ്ടാകുന്ന സമയങ്ങളില്‍ സല്‍കര്‍മങ്ങള്‍ പാടെ ഉപേക്ഷിക്കുന്നവരുണ്ട്. അതുമേഖേന ഈ പുണ്യമാസത്തിലെ നന്മകളാണ് അവര്‍ക്ക് നഷ്ടപ്പെടുന്നത്. എന്നാല്‍ സ്പര്‍ശിക്കാതെ (മറയോടുകൂടിയാണെങ്കില്‍ സ്പര്‍ശിക്കുന്നതിന് വിരോധമില്ല) ക്വുര്‍ആന്‍ പരായണം ചെയ്യുക, ഫലപ്രദമായ പുസ്തകങ്ങളും മാസികകളും വായിക്കുക, പ്രാര്‍ഥനകള്‍, തസ്ബീഹുകള്‍ ചൊല്ലുക, പാപമോചനംതേടുക, ദാനധര്‍മം ചെയ്യുക, നബി ﷺ യുടെ മേല്‍ സ്വലാത്ത് ചൊല്ലുക, നോമ്പു തുറപ്പിക്കുക തുടങ്ങിയ കര്‍മങ്ങള്‍ ചെയ്യാവുന്നതാണ്. 

'ഇന്ന് നോമ്പ് തുറപ്പിച്ചവര്‍ പ്രതിഫലവുമായി കടന്നുകളഞ്ഞു' എന്ന (ബുഖാരി, മുസ്‌ലിം) നബിവചന പ്രകാരം നോമ്പ് തുറപ്പിക്കുന്നത് വലിയ പ്രതിഫലമര്‍ഹിക്കുന്ന കര്‍മമാണെന്നതില്‍ സംശയമില്ല. 

സ്ത്രീകള്‍ എണ്ണം കൂടുതലുള്ള വീടുകളില്‍ ഭക്ഷണം പാകംചെയ്യുന്നതും നോമ്പുതുറക്കുള്ള ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതും നമസ്‌കരിക്കാന്‍ പാടില്ലാത്ത സ്ത്രീകള്‍ ചെയ്തുകൊണ്ട് മറ്റുള്ള സ്ത്രീകള്‍ക്ക് ഈ പുണ്യമാസത്തിന്റെ രാപകലുകളില്‍ കൂടുതല്‍ ഇബാദത്തില്‍ മുഴുകാന്‍ സൗകര്യം ചെയ്തുകൊടുക്കാന്‍ തയ്യാറാകുകയാണെങ്കില്‍ അത് അവര്‍ക്കും പ്രതിഫലം ലഭിക്കുന്ന കാര്യമാണ്.  

ക്വുര്‍ആനിന്റെ അര്‍ഥവും വിവരണവും മനസ്സിലാക്കി പാരായണംചെയ്യുക. ചിലര്‍ റമദാനില്‍ മൂന്നും നാലും പ്രാവശ്യം ക്വുര്‍ആന്‍ ഓതിത്തീര്‍ക്കും. എന്നാല്‍ അര്‍ഥസഹിതം പാരായണം ചെയ്യുന്നവരുടെ എണ്ണം കുറവാണ്. അര്‍ഥവും വിശദീകരവും കൂടി മനസ്സിലാക്കാന്‍ സമയം കണ്ടെത്തുക.

സ്ത്രീയും അടുക്കളയും

സ്ത്രീകള്‍ക്ക് റമദാനില്‍ അടുക്കളയില്‍ പ്രവേശിക്കല്‍ കൂടാതെ കഴിയില്ല. എന്നാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കുന്നത് ഗുണകരമാണ്:  

ദിവസവും വിവിധയിനം ഭക്ഷണങ്ങളുണ്ടാക്കി കഴിക്കലല്ല റമദാന്‍ മാസംകൊണ്ടുള്ള ലക്ഷ്യം. ഇക്കാര്യം വീട്ടുകാരെ (കുട്ടികളെയടക്കം) ബോധ്യപ്പെടുത്തല്‍ നല്ലതാണ്. ഭക്ഷണ ഇനങ്ങളുടെ എണ്ണം പരമാവധി കുറക്കുക. ഇത് ദുര്‍വ്യയം ചെയ്യുന്നതില്‍നിന്നും രക്ഷപ്പെടാന്‍ വഴിയൊരുക്കും. സ്ത്രീകളുടെ ജോലി കുറക്കുന്നതിന് സഹായകമാവുകയും ചെയ്യും. 

ക്വുര്‍ആന്‍ പാരായണം, റമദാനിനെക്കുറിച്ചുള്ളതും അല്ലാത്തതുമായ മതപ്രസംഗങ്ങള്‍ തുടങ്ങിയവ കേള്‍ക്കാന്‍ മനസ്സു കാണിക്കുക. പീസ് റേഡിയോ അടുക്കളയില്‍ പണിയെടുക്കുമ്പോഴും കേള്‍ക്കാന്‍ പാകത്തില്‍  സംവിധാനമൊരുക്കുക. 

അല്ലാഹുവിനെ സ്മരിക്കുന്നതില്‍ വീഴ്ചവരാതിരിക്കാനായി ഭക്ഷണം പാകംചെയ്യുമ്പോഴും മറ്റും ദിക്‌റുകളിലും തസ്ബീഹുകളിലും മുഴുകുക.

പാകം ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുന്ന പലഹാരങ്ങള്‍ കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. അനിവാര്യമെങ്കില്‍ കടയില്‍നിന്ന് വാങ്ങുക. അത് വാങ്ങുന്ന സമ്പത്തിനെക്കാള്‍ സ്ത്രീകളുടെ സമയത്തിനാണ് കൂടുതല്‍ വിലകല്‍പിക്കേണ്ടത്. 

വീട്ടില്‍ നോമ്പെടുക്കുന്ന വേലക്കാരിയുണ്ടെങ്കില്‍ അവള്‍ക്ക് താങ്ങാന്‍ കഴിയാത്ത ജോലി കൊടുത്ത് പ്രയാസപ്പെടുത്തരുത്. നമ്മളെപ്പോലെ അവളും പ്രതിഫലം ആഗ്രഹിക്കുന്നുണ്ട്. അവളുടെ ജോലി കുറക്കാനായി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്ത് കൊടുത്ത് സഹായിക്കണം. ക്വുര്‍ആന്‍ പാരായണത്തിനും നമസ്‌കാരത്തിനുമൊക്കെ സമയം നല്‍കണം. 

സ്ത്രീയും ദാനധര്‍മവും 

സകാതും ദാനധര്‍മവും പുരുഷന്മാര്‍ക്ക് മാത്രം ബാധകമായതല്ല. മുസ്‌ലിം സഹോദരിമാര്‍ക്കും ഇവയുടെ പുണ്യം കരസ്ഥമാക്കാന്‍ സാധിക്കും. ഈ വിഷയത്തില്‍ അവര്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍താഴെ കൊടുക്കുന്നു:  

സകാത്ത് കൊടുക്കാനുള്ള സ്വര്‍ണം നിങ്ങളുടെ കയ്യിലുണ്ടെങ്കില്‍ പ്രതിഫലം ഇരട്ടിക്കുന്നതിന്നായി ഈ പുണ്യമാസത്തില്‍ അതിന്റെ അവകാശികള്‍ക്ക് അത് കൊടുക്കുക. 

സാധുക്കളും ആവശ്യക്കാരുമായവരെ നോമ്പു തുറപ്പിക്കുക. അപ്രകാരം നിങ്ങളുടെ പ്രദേശത്തെ സമൂഹ നോമ്പുതുറയില്‍ കഴിവിന്റെ പരമാവധി സഹായിക്കുക. കുടുംബങ്ങളെയും അയല്‍ക്കാരെയും പ്രത്യേകിച്ചും നോമ്പു തുറപ്പിക്കുക. ഇത് പ്രതിഫലാര്‍ഹവും ബന്ധങ്ങള്‍ കൂട്ടിയിണക്കാന്‍ ഉപകാരപ്രദവുമാണ്.  

റമദാന്‍ മാസത്തില്‍ ഒരു ദരിദ്രകുടുംബത്തിനെങ്കിലും നോമ്പു തുറക്കാനുള്ളതും അത്താഴത്തിനുള്ളതും നല്‍കുക. അല്ലെങ്കില്‍ സാധ്യമാകുന്നത് ചെയ്യുക. കാശ്, വസ്ത്രം, ഭക്ഷണം, പച്ചക്കറി ഇങ്ങനെ എന്തും ഉള്ളതിനനുസരിച്ച് ദാനം ചെയ്ത് പുണ്യം കരസ്ഥമാക്കുവാന്‍ ശ്രമിക്കുക.