കുട്ടികളും സംശയങ്ങളും

ശഹീദ

2019 ഒക്ടോബര്‍ 12 1441 സഫര്‍ 13

കുട്ടികള്‍ നിഷ്‌കളങ്ക ഹൃദയരാണ്. അവരുടെ നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ പലപ്പോഴും മാതാപിതാക്കളെ പ്രതിസന്ധിയിലാക്കാറുണ്ട്. പ്രത്യേകിച്ചും അവരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിയാതെ വരുമ്പോള്‍. ചോദ്യങ്ങള്‍ ചോദിക്കുന്ന സ്വഭാവം കുട്ടികളില്‍ ഒരു വയസ്സു മുതല്‍ തന്നെ കണ്ടുതുടങ്ങും. അത് ഏറ്റവും കൂടുതല്‍ കാണുന്നത് നാലു വയസ്സ് ആകുമ്പോഴാണ്. സാധാരണ ഗതിയില്‍ ഒരു കുട്ടി 95-100 ചോദ്യങ്ങള്‍ വരെ ഒരു ദിവസത്തില്‍ ചോദിക്കാം. അതില്‍ പകുതിയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്കും അവര്‍ക്ക് ഉത്തരം ലഭിക്കാറില്ല. കാരണം മുതിര്‍ന്നവര്‍ അവരുടെ എല്ലാ ചോദ്യങ്ങളോടും പ്രതികരിക്കാറില്ല എന്നതു തന്നെ. പിന്നീട് സാവകാശം അവരിലെ ജിജ്ഞാസ കുറയുകയും ചോദ്യങ്ങള്‍ ചോദിക്കാനുള്ള താല്‍പര്യം കുറഞ്ഞുവരികയും ചെയ്യുന്നു.

ഒരു കുട്ടി അവന്റെ/അവളുടെ ബൗദ്ധികവികാസത്തിലൂടെ നിരന്തരം കടന്നുപോകുകയാണ്. ഈ വികാസം സാധ്യമാകുന്നത് ചുറ്റുപാടുകളുമായി സമ്പര്‍ക്കമുണ്ടാകുന്നതിലൂടെയും അറിയുന്നതിലൂടെയുമാണ്. കണ്ടും കേട്ടും തൊട്ടും അനുഭവിച്ചും ചുറ്റുപാടുകളെമനസ്സിലാക്കുന്നതിലൂടെ കുട്ടിയുടെ ബുദ്ധിപരമായ വികാസം ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ കൂടുതല്‍ തന്റെ ചുറ്റുപാടില്‍ ഉള്ളതിനെ മനസ്സിലാക്കാനുള്ള ത്വരയാണ് സംശയങ്ങളുടെയും ചോദ്യങ്ങളുടെയും രൂപത്തില്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്നത്.

ഇതിനൊക്കെ പുറമെ താന്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്, മാതാപിതാക്കളുടെ മുമ്പില്‍ വേണ്ടത്ര ശ്രദ്ധ കിട്ടുന്നുണ്ട് എന്ന തോന്നല്‍ സൃഷ്ടിക്കാനും കുട്ടികള്‍ പലപ്പോഴും സംശയങ്ങള്‍ ഉന്നയിക്കാറുണ്ട്. കുടുംബ സദസ്സുകളില്‍ ഒരു ശ്രദ്ധാകേന്ദ്രം ആകുന്നതിനും സംശയങ്ങള്‍ ചോദിക്കുന്ന കുട്ടികളുണ്ട്. അതിലൂടെ താന്‍ എല്ലാവരാലും സ്‌നേഹിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന തോന്നല്‍ അവരില്‍ ഉണ്ടാകുന്നു.

എങ്ങനെ പ്രോല്‍സാഹിപ്പിക്കാം?

ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലൂടെ തന്നെ അലട്ടുന്ന ചോദ്യങ്ങളില്‍നിന്ന് കുട്ടിയെ വഴിതിരിച്ചു വിടാം.

ചെറിയ ചെറിയ ചോദ്യങ്ങള്‍ ചോദിച്ച് കുട്ടിയുടെ ചിന്താശക്തിയെ ഉത്തേജിപ്പിക്കുക.

കുട്ടികളുടെ സംശയങ്ങള്‍ ക്ഷമയോടെ കേള്‍ക്കുക. അവര്‍ക്ക് മനസ്സിലാകുന്ന രൂപത്തില്‍ ഉത്തരം നല്‍കുക.

'വൃത്തികെട്ട ചോദ്യം' എന്നു പറഞ്ഞ് കുട്ടിയെ കളിയാക്കാതിരിക്കുക

കുട്ടിയുടെ നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ച് കുട്ടിയെ പരിഹാസ്യപാത്രമാക്കാതിരിക്കുക.

നാം തിരിച്ചറിയേണ്ടത്

മനുഷ്യന്റെ എല്ലാ ചിന്തകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും ആധാരം മനസ്സില്‍ ഉരുത്തിരിയുന്ന ചോദ്യങ്ങളാണ.് അവയാണ് പുതിയ കണ്ടെത്തലുകളിലേക്കും ഉത്തരങ്ങളിലേക്കും നയിക്കുന്നത്. കുട്ടികള്‍ ധാരാളം സംശയങ്ങളും ചോദ്യങ്ങളും ചോദിക്കട്ടെ. ഉത്തരം നമുക്കറിയില്ലെങ്കിലും അവരെ തളര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെ അവര്‍ കണ്ണും കാതും തുറന്നിരിക്കുന്ന ചിന്താശക്തിയുള്ള വ്യക്തികളായി വളരട്ടെ.