സകരിയ്യ സ്വലാഹി: ആര്‍ജവമുള്ള വ്യക്തിത്വം

മുബാറക് ബിന്‍ ഉമര്‍

2019 ആഗസ്ത് 03 1440 ദുൽഹിജ്ജ 02

എഴുതാനുള്ള കഴിവും പ്രസംഗിക്കാനുള്ള കഴിവും ദൈവികാനുഗ്രഹങ്ങളാണെന്നതില്‍ സംശയമില്ല. ഈ കഴിവുകളുള്ളവരാണ് എഴുത്തുകാരും പ്രസംഗകരുമായി അറിയപ്പെടുക. എഴുത്തുകാരില്‍ മിക്കവരും പ്രസംഗത്തില്‍ കഴിവുള്ളവരായിക്കൊള്ളണമെന്നില്ല. പ്രസംഗകരില്‍ വളരെ കുറച്ചു പേരേ എഴുതാറുള്ളൂ. എഴുത്തും പ്രസംഗവും ഒരുപോലെ മതപ്രബോധന രംഗത്ത് ഉപയോഗിച്ച പ്രഗത്ഭ പണ്ഡിതനായിരുന്നു കെ.കെ സകരിയ്യ സ്വലാഹി റഹിമഹുല്ലാഹ്.

സ്വലാഹിയുടെ പിതാവ് കെ.കെ ഹംസ മൗലവി തിരൂര്‍ക്കാട്ടിന്റെ തൊട്ടടുത്ത മഹല്ലായ അരിപ്രയില്‍ ഖത്വീബും ഇമാമും സ്വദ്ര്‍ മുദര്‍രിസ്സുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഞാന്‍ എല്‍.പി, യു.പി സ്‌കൂളിലൊക്കെ പഠിക്കുന്ന കാലത്താണത്. തിരൂര്‍ക്കാട്ട് അന്ന് യഥാസ്ഥിതികരുടെ പള്ളിയേ ഉണ്ടായിരുന്നുള്ളൂ. ഈദ്ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്നത് കാണാനും അതില്‍ പങ്കെടുക്കാനുമായി ഞങ്ങള്‍ പലരും അക്കാലത്ത് അരിപ്രയില്‍ പോയിരുന്നു. ഹംസമൗലവി കുടുംബസമേതം അന്ന് അരിപ്രയിലുണ്ടായിരുന്നു. കൃത്യമായ പ്ലാനിംഗോടെ മഹല്ല് നിയന്ത്രിച്ച അദ്ദേഹം വലിയ പരിവര്‍ത്തനങ്ങള്‍ വരുത്തിയത് പഴമക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. സകരിയ്യ സ്വലാഹിയുടെ പ്രാഥമിക സ്‌കൂള്‍ പഠനം അരിപ്രയിലായിരുന്നു. ഏകദേശം 1967-73 കാലമായിരിക്കണമത്.

എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ പഠിക്കുന്ന കാലത്ത് തന്നെ സമര്‍ഥനായ വിദ്യാര്‍ഥിയായി അറിയപ്പെട്ടിരുന്നു സ്വലാഹി. 'സല്‍സബീല്‍' മാസികയില്‍ സ്ഥിരമായി ഡോ. ഉസ്മാന്‍ സാഹിബ് (റഹി.) എഴുതിയിരുന്നു. എന്റെ പിതാവ് കെ. ഉമര്‍ മൗലവിയുടെ വളരെ അടുത്ത സ്‌നേഹിതനായിരുന്നു ഡോക്ടര്‍. അദ്ദേഹം കമ്യൂണിസ്റ്റ് ബുദ്ധിജീവിയായും നാടക സംവിധായകനായും പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കാലത്തും ഉപ്പ അദ്ദേഹവുമായി അടുപ്പത്തിലായിരുന്നു. ഡോക്ടറുടെ ലേഖനം സാധാരണ തപാലിലാണ് വന്നിരുന്നത്. ആ തവണ ലേഖനം എത്തിയില്ല. ആ ലക്കം മാസികയുടെ പണി തീരാറായിരിക്കുകയാണ്. ഡോക്ടറുടെ ലേഖനം കുടി കിട്ടിയാല്‍ ആ ലക്കം പുറത്തിറക്കാം. ഉപ്പ എന്നോട് 'നീ നിലമ്പൂരില്‍ പോയി ഡോക്ടറുടെ ലേഖനം വാങ്ങിക്കൊണ്ടുവാ' എന്ന് പറഞ്ഞു. അതൊരു വെള്ളിയാഴ്ചയായിരുന്നു. ഞാന്‍ പുറപ്പെട്ടു. മഞ്ചേരിയില്‍ എത്തിയപ്പോള്‍ ജുമുഅക്ക് സമയമായി. അങ്ങനെ മേലാക്കം പള്ളിയില്‍ ജുമുഅക്ക് കൂടി. നോക്കുമ്പോള്‍ മിമ്പറില്‍ സകരിയ്യയാണ്. അദ്ദേഹം ജാമിഅയില്‍ പഠിക്കുന്നകാലമാണത്.

അതൊരു പൊതുതെരഞ്ഞെടുപ്പ് കാലമാണ്. തെരഞ്ഞെടുപ്പിന്റെ പ്രചാരണ ബഹളങ്ങള്‍ക്കിടയില്‍ മൂല്യങ്ങള്‍ പലതും ചോര്‍ന്നുപോകാറുണ്ടല്ലോ. ഒരു മുസ്‌ലിം തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ഞാന്‍ ശബാബ് വാരികയില്‍ ഒരു ലേഖനമെഴുതിയിരുന്നു. 'ജനസേവകരുടെ പൂക്കാലം' എന്നായിരുന്നു അതിന്റെ തലക്കെട്ട് എന്നാണെന്റെ ഓര്‍മ.

ആ ലേഖനത്തിലെ പോയിന്റുകള്‍ നിരത്തിയാണ് സകരിയ്യ അന്ന് ഖുത്വുബ നടത്തിയത്. ഇസ്‌ലാമികമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന ആര്‍ക്കും പറയാവുന്ന പോയിന്റുകള്‍. ഖുത്വുബ കഴിഞ്ഞ് സകരിയ്യ എന്റെയടുത്ത് വന്ന് സലാം പറഞ്ഞു. ശേഷം മുഖവുരയൊന്നുമില്ലാതെ ഇങ്ങനെ പറഞ്ഞു: ''ഞാന്‍ നിങ്ങളുടെ ലേഖനമാണ് ഖുത്വുബയില്‍ സംസാരിച്ചത്.''

എന്നോടങ്ങനെ തുറന്ന് പറയേണ്ട കാര്യമൊന്നുമില്ല. ഖുത്വുബയും ക്ലാസ്സുമൊക്കെ നടത്തുന്ന ആള്‍ക്കും വിശകലനം ചെയ്യാവുന്ന കാര്യങ്ങളേ എന്റെ ലേഖനത്തിലുള്ളൂ. മറ്റൊരാളുടെ ലേഖനത്തിലെ പോയിന്റുകള്‍ നമുക്കുപയോഗിക്കാം. അത് സ്വാഭാവികമാണ്. പക്ഷേ, നമ്മളോടത് തുറന്ന് പറയുന്നതില്‍ നിന്നൊരു കാര്യം വ്യക്തം; ആ വ്യക്തി വിനയമുള്ളവനാണ്. ഒരു സംശയവുമില്ല. മറ്റൊന്ന്, അഭിനന്ദിക്കാനുള്ള നല്ലൊരു മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. അധികം പേരിലും കാണപ്പെടാത്ത ഗുണങ്ങളാണിതൊക്കെ.

സകരിയ്യ ജാമിഅയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി സ്വലാഹിയായി പുറത്തുവന്നു. പ്രഭാഷണ രംഗത്ത് മിടുക്കനായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം മതപ്രഭാഷണ വേദികളില്‍ നിന്ന് വേദികളിലേക്ക് ഇടതടവില്ലാതെ ഓടിനടന്നു. പാലക്കാട് ജില്ലയില്‍ കുറച്ച് കാലം സ്‌കൂള്‍ അധ്യാപകനായി ജോലിചെയ്ത ശേഷമാണ് കടവത്തൂര്‍ അറബിക്കോളേജില്‍ ലക്ചററായി അവിടെത്തന്നെ താമസമാക്കിയത്. രണ്ടു വീടുകളും അതിന്നിടയില്‍ നല്ലൊരു ലൈബ്രറിയും അദ്ദേഹം നിര്‍മിച്ചു.

പ്രസ്ഥാനത്തില്‍ സ്വാഭാവികമായും സ്വലാഹി ഉയര്‍ന്നുവന്നു. അദ്ദേഹം ഐ.എസ്.എമ്മിന്റെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു അവിഭക്ത മുജാഹിദ് സംഘടനയില്‍. നിരന്തരമായ പ്രഭാഷണവും ഖണ്ഡന പ്രസംഗങ്ങളും അതുമായി ബന്ധപ്പെട്ട യാത്രകളും സ്വലാഹിക്കൊരു ഹരമായിരുന്നു എന്നുവേണം പറയാന്‍. യാത്രകള്‍ക്കിടയില്‍ ഒഴിഞ്ഞു കിട്ടുമ്പോഴൊക്കെ തിരൂര്‍ക്കാട്ട് വരുമായിരുന്നു. മിക്കവാറും ഭക്ഷണം കഴിച്ച് ഒന്ന് വിശ്രമിച്ചിട്ടേ പോകുമായിരുന്നുള്ളു. ഇഷ്ടപ്പെട്ട ഭക്ഷണം ഇന്നത് വേണം എന്ന് ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടായിരുന്നു.

പുതിയ വിഷയങ്ങള്‍ പഠിക്കാനും കിതാബുകള്‍ നോക്കാനും സ്വലാഹിയെപ്പോലെ താല്‍പര്യമുള്ളവരെ മൂന്നോ നാലോ പേരെ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളൂ. അറിയാത്തത് ചോദിക്കാനും പഠിക്കാനും ഒരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഖലീഫ മഅ്മൂനിനെതിരായി ഇമാം അഹ്മദ്ബ്‌നു ഹന്‍ബല്‍(റഹി) പ്രാര്‍ഥിച്ച ഒരു വാചകത്തിന്റെ അര്‍ഥം ചോദിച്ചത് ഞാനോര്‍ക്കുന്നു.

വാദപ്രതിവാദത്തിലും അദ്ദേഹം സമര്‍ഥനായിരുന്നു. യാഥാസ്ഥിതികരുമായി മണ്ണാര്‍ക്കാട്ട് നടന്ന വാദപ്രതിവാദം എല്ലാവരും ഓര്‍ക്കുന്നുണ്ടാകും.

ഞാന്‍ അബൂദാബിയിലായിരുന്നപ്പോള്‍ പലതവണ അദ്ദേഹം വന്നത് ഞാനോര്‍ക്കുന്നു. സ്വലാഹിയുടെ പ്രസംഗശൈലി ഏറെ പ്രസിദ്ധമായിരുന്നല്ലോ. കര്‍ക്കശമായ പദപ്രയോഗങ്ങള്‍ ഒഴിവാക്കുന്നതല്ലേ ഉത്തമം എന്ന് ഞാന്‍ ഇടക്കിടെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. അല്ല, അതങ്ങനെത്തന്നെയാണ് പറയേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

സകരിയ്യ സ്വലാഹിയുടെ ശൈലി വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടുകാരന്‍ എനിക്കുണ്ടായിരുന്നു. പന്താരങ്ങാടി സ്വദേശി കോയ. ഈ ശൈലിയെപ്പറ്റി നമുക്കൊരു ചര്‍ച്ച നടത്താം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. മദീനായിലും ഈജിപ്തിലുമൊക്കെ പഠിച്ച മുഹമ്മദ് അഹ്മദ് ഫാറൂഖിയുടെ സാന്നിധ്യത്തില്‍ അന്ന് അബൂദാബിയില്‍ വെച്ച് ഞങ്ങള്‍ ചര്‍ച്ച നടത്തി. അത്തരം ശൈലീ പ്രയോഗങ്ങള്‍ക്ക് കുഴപ്പമില്ല എന്ന് സ്വലാഹി സമര്‍ഥിച്ചു. രണ്ടോ മൂന്നോ മണിക്കൂറുള്ള ഒരു തൗഹീദ് പ്രഭാഷണത്തില്‍ മേല്‍പറഞ്ഞ തരത്തിലുള്ള രണ്ടോ മൂന്നോ വാചകങ്ങള്‍ കാണാം. അത് കേള്‍ക്കുന്നതോടെ യാഥാസ്ഥിതികനോ നിഷ്പക്ഷനോ ആയ ഒരാള്‍ അതോടെ എഴുന്നേറ്റ് പോകും. ആ വാചകങ്ങള്‍ ഒഴിവാക്കി എന്നത് കൊണ്ട് ആ പ്രഭാഷണത്തിന്ന് ഒരു കുറവും ഇല്ല. അത് കൊണ്ട് അതൊഴിവാക്കുന്നതല്ലേ നല്ലത് എന്നായിരുന്നു ഞാന്‍ ചോദിച്ചത്. ഇടക്ക് അങ്ങനെയൊക്കെ പറയാമെന്ന വാദത്തില്‍ സ്വലാഹി ഉറച്ചുനിന്നു.

ഉപ്പായുടെ ക്വുര്‍ആന്‍ പരിഭാഷയില്‍ ചേര്‍ത്തിയിട്ടുള്ള ഹദീഥുകളുടെ സ്വഹീഹ്/ദഈഫ് പരിശോധനക്ക് സഹായിക്കണമെന്ന് സ്വലാഹിയോട് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ കടവത്തൂരിലേക്ക് ചെല്ലണമെന്നാവശ്യപ്പെട്ടു. നല്ല ലൈബ്രറിയുമുണ്ടല്ലോ. അങ്ങനെ ഞാന്‍ പോയി. സ്വലാഹിയുടെ കൂടെ താമസിച്ചു. ഒരു ഖണ്ഡനപ്രസംഗത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ത്വരീക്വത്തുകാര്‍ക്കുള്ള മറുപടി. ആ പ്രസംഗ കാസറ്റുകള്‍ കേള്‍ക്കുകയായിരുന്ന അദ്ദേഹം. അടുത്ത ദിവസം വെള്ളിയാഴ്ചയായിരുന്നു. അദ്ദേഹം ഖുത്വുബ നടത്തിയിരുന്ന തലശ്ശേരി പള്ളിയില്‍ ഖുത്വുബക്കു പോകാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ പോയി. പഴയ വലിയൊരു പള്ളി. ഖുത്വുബ കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് തിരിച്ചുചെന്നു. ഞാനുദ്ദേശിച്ച പണി കുറച്ചൊക്കെ നടന്നു.

മൂന്നു നാലു മാസങ്ങള്‍ക്കു മുമ്പ് സ്വലാഹി തിരൂര്‍ക്കാട്ട് വന്നു. കുറേ വിഷയങ്ങള്‍ സംസാരിച്ചു. ഭക്ഷണം കഴിച്ചശേഷം തിരിച്ചു പോയി. അവസാനമായി കണ്ടത് അന്നായിരുന്നു.

എന്നെക്കാള്‍ എട്ടു വയസ്സ് കുറവായിരുന്നു അദ്ദേഹത്തിന്. വിഷയങ്ങള്‍ പഠിക്കുന്നതിനും ബോധ്യപ്പെട്ട കാര്യം തുറന്നു പറയുന്നതിനും ഒരു നേരിയ ഭയമോ മടിയോ സ്വലാഹിക്കുണ്ടായിരുന്നില്ല. കെ.കെ. സകരിയ്യ സ്വലാഹി എന്ന പണ്ഡിത വ്യക്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതായിരുന്നു; എന്റെ പത്തുനാല്‍പത് വര്‍ഷത്തെ പരിചയത്തില്‍ നിന്ന് എനിക്ക് ഒട്ടും ആലോചിക്കാതെ തന്നെ ഇത് പറയാന്‍ കഴിയും. പ്രസ്ഥാന നേതൃത്വത്തോട് കലഹിക്കേണ്ടി വന്നപ്പോഴും അദ്ദേഹം ശിരസ്സുയര്‍ത്തിപ്പിടിച്ചു തന്നെ നിലകൊണ്ടു.

ഒരുപാട് ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ആനുകാലിക പ്രശ്‌നങ്ങളുടെ വിശകലനമായി എത്രയോ ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഐ.എസ്സിനെക്കുറിച്ച് ഒടുവിലെഴുതിയത് പുസ്തകമായി എന്നാണറിയാന്‍ കഴിഞ്ഞത്. ശക്തമായ ഒരു രചനാശൈലിക്ക് ഉടമായിരുന്നു സ്വലാഹി.

അദ്ദേഹത്തിന്റെയും നമ്മുടെയും പാപങ്ങളും തെറ്റുകളും പരമകാരുണികന്‍ വിട്ടുപൊറുത്തു മാപ്പാക്കത്തരുമാറാകട്ടെ. സല്‍കര്‍മങ്ങള്‍ സ്വീകരിക്കട്ടെ. സ്വര്‍ഗത്തില്‍ വെച്ച് കണ്ടുമുട്ടാനും മാതാപിതാക്കളും ഗുരുനാഥന്മാരും പുണ്യവാന്മാരുമായി ഒത്തുകൂടാനും സര്‍വശക്തന്‍ തുണക്കട്ടെ- ആമീന്‍.