ഒളിത്താവളങ്ങളിലെ നോമ്പുതുറ

ഇബ്‌നു അലി എടത്തനാട്ടുകര

2019 ജൂണ്‍ 01 1440 റമദാന്‍ 27

(ഓര്‍മയിലെ നോമ്പനുഭവങ്ങള്‍: 2)

നമ്മുടെ വീടും കുടുംബവും ഏറെ മിസ് ചെയ്യുന്ന കാലമാണ് നോമ്പ് കാലം. ജോലി, പഠന  ആവശ്യാര്‍ഥം വീടും നാടും വിട്ട് താമസിക്കുന്നവര്‍ക്ക് ഇത് പെട്ടെന്ന് മനസ്സിലാവും. വ്രത കാലത്ത് രാത്രി ജോലി ചെയ്യേണ്ട കാലം മറക്കാന്‍ കഴിയില്ല. മൂന്ന് ജില്ലകളിലെ ജോലി, വീട്ടില്‍ നിന്നകന്ന നോമ്പനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട്.

വീട്ടില്‍ നിന്ന് വൈകുന്നേരം ജോലിക്ക് പോകാന്‍ സാധിച്ചിരുന്ന ദിവസങ്ങളില്‍ ഈത്തപ്പഴവും പത്തിരിയും ഇറച്ചിക്കറിയും പാര്‍സല്‍ കൊണ്ടുപോകും. വാഹന പരിശോധനക്കിടയില്‍ നേരം കണ്ടെത്തി വഴിയരികില്‍  ഔദേ്യാഗിക വാഹനത്തിലോ പുറത്തോ ഇരുന്ന് നോമ്പ് തുറക്കും. ഉള്ള ഭക്ഷണം കഴിക്കും. ഒപ്പമുള്ള സഹോദര സമുദായ സഹപ്രവര്‍ത്തകര്‍ക്ക് ഉള്ള ഭക്ഷണം പകുത്ത് നല്‍കുന്നത് സന്തോഷദായകമായിരുന്നു. ചായ, തിരക്കൊഴിഞ്ഞ് വഴിയോര തട്ടുകടയില്‍നിന്നോ ചെറുഹോട്ടലില്‍ നിന്നോ കുടിക്കും. നേരം വൈകിയിട്ടാണെങ്കിലും ഒരു ഗ്ലാസ് ചുടുചായ കുടിക്കുന്നത്തിന്റ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.

താമസ സ്ഥലത്തിനടുത്ത പള്ളിയില്‍, കഴിച്ച് പരിചയമില്ലാത്ത ജീരകക്കഞ്ഞി, ചമ്മന്തി തുടങ്ങിയവ മടുക്കുമ്പോള്‍, നോമ്പ് തുറക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട വിഭവങ്ങള്‍ ഉള്ള പള്ളി തെരഞ്ഞു പിടിച്ച് അവിടെ സ്ഥിര അതിഥിയാവുക പതിവായിരുന്നു.

നികുതി വെട്ടിപ്പ് നടത്തുന്ന വാഹനങ്ങളെ വലയില്‍ വീഴ്ത്താന്‍ വഴിയില്‍ ഒളിത്താവളങ്ങളില്‍ ചില രാത്രികള്‍ രഹസ്യമായി കിടക്കാറുണ്ട്. രഹസ്യവിവരം ലഭിക്കുന്ന മുറക്കും ഇത്തരം ഒളിവ് ഉണ്ടാകും. ഏറെനേരം മുമ്പ് ഒളിഞ്ഞുകിടന്ന്, യഥാസമയം പുറത്തിറങ്ങി ഇത്തരം വാഹനങ്ങള്‍ പിടിച്ച് നികുതിയും പിഴയും അടപ്പിക്കുകയാണ് പതിവ്. ഈ ഒളിവ് കാല അത്താഴം മറക്കാന്‍ കഴിയില്ല.

ഒളിവുനേരത്ത് കൈയിലുള്ള പാഥേയമായ ഏതാനും ഈത്തപ്പഴം കഴിച്ച് ഒരു കട്ടന്‍കാപ്പി കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിച്ച കുറേ പുലരികള്‍ കഴിഞ്ഞു പോയിട്ടുണ്ട്. കൈയില്‍ പണവും വാഹനവും ഓടിക്കാന്‍ ഡ്രൈവറും ഉണ്ടായിട്ടും ചൂടുള്ള ചായ പോലും കുടിക്കാന്‍ കിട്ടാത്തതില്‍ ആത്മരോഷം തോന്നിയ നിമിഷങ്ങള്‍ കഴിഞ്ഞ് പോയിട്ടുണ്ട്.

ചൂടുള്ള രണ്ട് ദോശയും ഇത്തിരി ചട്ണിയും രണ്ട് മൂന്ന് ഗ്ലാസ് ചായയും കുടിക്കാനായി കിലോമീറ്ററുകള്‍ നടന്ന ഓര്‍മകളും മാഞ്ഞിട്ടില്ല. വൈകുന്നേരം പാകം ചെയ്ത ഇഡ്‌ലി പുലര്‍ച്ചെ തണുത്ത് മരവിച്ച അവസ്ഥയില്‍ കറിയുടെ അകമ്പടിയില്ലാതെ കഴിച്ച് പച്ച വെള്ളവും കുടിച്ച് കുറെ നോമ്പ് നോറ്റിട്ടുണ്ട്.

വിശപ്പിനും ദാഹത്തിനും അറുതി വരാത്ത അന്നേരം വീടിനെയും വീട്ടുകാരെയും കുറിച്ച് ഓര്‍മ വരും. അവിടെ തീന്‍ മേശയില്‍ നിരത്തിവെച്ച പാനീയങ്ങളും പലഹാരങ്ങളും കൊതിപ്പിക്കുന്ന കറികളും അറിയാതെ മനസ്സില്‍ തെളിയാറുണ്ട്. പ്രയാസത്തിനനുസരിച്ച് നോമ്പിന്റെ പ്രതിഫലം വര്‍ധിക്കുമല്ലോയെന്ന് ആശ്വസിക്കാറാണ് പതിവ്.

കാലം ഏറെ മാറി. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ മൂക്കറ്റം തിന്നുന്ന ആചാരമായി നോമ്പുതുറ മാറി. ഓരോ നോമ്പുതുറ പാര്‍ട്ടിയിലും പാഴാക്കിക്കളയുന്ന ഭക്ഷണത്തിന്റെ കണക്കെടുത്താല്‍ മൂക്കത്ത് വിരല്‍വെച്ചു പോകും. ഈ അവസ്ഥ മാറേണ്ടതുണ്ട്. മാറ്റാന്‍ ആരും വരാനില്ല; സ്വയം മാറാന്‍ തയ്യാറാവുക.