‘ഉമ്മാന്റെ അടുത്തെത്തിയാൽ...’
മുഹ്‌സിന ചിറക്കൽപടി
2026 മെയ് 02, 1447 ദുൽഖഅദ് 14

ഉമ്മാന്റെ അടുത്തെത്തിയാൽ ഞാനും ഒരു കുട്ടിയായി മാറും; ഞാൻ പോലുമറിയാതെ! സ്‌കൂൾ വെക്കേഷൻ ആയപ്പോൾ ഭർത്താവിന്റെ വീട്ടിൽനിന്ന് ഉമ്മാന്റെ അടുത്ത് വന്നതാ. സുബ്ഹി നമസ്‌കാരം കഴിഞ്ഞു ക്വുർആൻ ഓതിക്കൊണ്ടിരിക്കുമ്പോൾ അടുക്കളയിൽനിന്നും ഉമ്മ വിളിക്കുന്നു. ചെന്നു നോക്കുമ്പോൾ ചൂടുള്ള ഹോർലിക്‌സ് ഗ്ലാസിലൊഴിച്ച് വെച്ചിരിക്കുന്നു. അത് ആസ്വദിച്ചു കുടിക്കവെ ചില ഓർമകൾ മനസ്സിൽ നുരഞ്ഞു പൊങ്ങി.
‘ഉമ്മാ, എന്റെ യുണിഫോമിന്റെ ഷാൾ എവിടെ?’
‘ഉമ്മാ, എന്റെ പേന കാണുന്നില്ല...’
മൂത്ത മോളുടെ വിളിക്ക് ഉത്തരം നൽകാൻ ഓടിച്ചെല്ലുമ്പോൾ ചെറിയ മോളുടെ പൊട്ടിക്കരച്ചിൽ കേൾക്കാം.. കുഞ്ഞാങ്ങളെയുടെ വക നല്ലൊരു അടി കിട്ടിയതാണ് കാരണം. ആ തർക്കം തീർക്കുന്നതിനിടയിൽ ‘ചായ ഇനിയും ആയില്ലേ’ എന്ന ഇക്കയുടെ ചോദ്യം...
അത് കൊടുക്കാൻ വേഗത്തിൽ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അടുക്കള ജനലിലൂടെ ഇക്കാന്റെ ഉമ്മാന്റെ വിളി:
“മാളേ...ഇന്നലെ അലക്കിയിട്ടതൊക്കെ എടുത്ത് മടക്കിഅലമാരയിൽ വെക്ക്.’’
ഉമ്മാക്ക് ഉത്തരം നൽകി അടുക്കളയിൽ വന്നു ചായ ചൂടാക്കാൻ വെച്ചപ്പോഴാണ് ഗ്യാസ് സിലിണ്ടർ പണി തന്നത്. മഞ്ഞക്കളറിൽ പൂത്തിരി കത്തും പോലെ പിടഞ്ഞു പിടഞ്ഞു തീ അണഞ്ഞു. പുതിയ സിലിണ്ടറെടുത്ത് കണക്ഷൻ കൊടുക്കവെ സിറ്റൗട്ടിൽ നിന്നും ‘താത്താ’ എന്നൊരു വിളി കേട്ടു. പ്ലാസ്റ്റിക് എടുക്കാൻ വരുന്ന ‘ഹരിതകർമ’ ചേച്ചിമാരാണ്. അവർക്ക് പ്ലാസ്റ്റിക് നിറച്ച ചാക്കും 50 രൂപയും കൊടുത്ത് തിരിഞ്ഞപ്പോഴുണ്ട് കുഞ്ഞാങ്ങളും പെങ്ങളും പൊരിഞ്ഞ അടി. തർക്കം തീർക്കാനും മധ്യം പറയാനും വീണ്ടും സമയമെടുത്തു. ഇതെല്ലാം കഴിഞ്ഞ് ഒരു ഭാഗത്ത് ഇരുന്നപ്പോഴാണ് വയറ്റിൽനിന്നൊരു വിളിയാളം.. രാവിലെ ഒന്നും കഴിച്ചില്ലല്ലോ എന്ന് അപ്പോഴാണ് ഓർമ വന്നത്.
ഇങ്ങനെ നൂറു കൂട്ടം ഉത്തരവാദിത്തം തലയിൽ കയറ്റി നടക്കുമ്പോഴാണ് ഉമ്മാന്റെ ഫോൺ വിളി . അത് വല്ലാത്തൊരു ആശ്വാസമാണ് നൽകുക. ‘നിന്റെ കാല് വേദന മാറിയോ, ടൈൽസിൽ വെള്ളം പോയാൽ അറിയില്ല, ഓടി നടക്കുമ്പോ വഴുക്കി വീഴുന്നത് നോക്കൊണ്ടു’ എന്ന ഉപദേശവും ‘വയ്യാണ്ടായാൽ നോക്കാൻ ആരൂണ്ടാവില്ല’ എന്ന ഓർമപ്പെടുത്തലും കൂടെയുണ്ടാകും. ആ വാക്കുകൾ നൽകുന്ന ഊർജവും ആശ്വാസവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
സ്വന്തം ഉമ്മാന്റെ അടുത്തെത്തിയാൽ പിന്നെ ഞാനെന്നല്ല എല്ലാ പെൺമക്കളും കുട്ടികളാണ്. കുളിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ഉമ്മ എന്നെ ഓർമപ്പെടുത്തണം. ഉമ്മാന്റെ കൈകൊണ്ടുണ്ടാക്കിയ ചില ഭക്ഷണങ്ങൾക്ക് പൂതി പറഞ്ഞ് ഉണ്ടാക്കിപ്പിക്കും. ഉമ്മാന്റെ അടുത്ത് എത്തിയാലാണ് ഫോണിൽ തോണ്ടിയിരിക്കാൻ സമയം കിട്ടുക. തലയിൽ ഉണ്ടായിരുന്ന ഒരുപാട് ഭാരം ഇറക്കിവെച്ചതിന്റെ ഒരു സുഖം...
ഉമ്മമാർ ജീവിച്ചിരിക്കുന്ന കാലമത്രയും മക്കൾ കുട്ടികളാണ്. പരാതി പറയാനും സങ്കടം പറയാനും സന്തോഷം പങ്കുവെക്കാനും അവർ ഉണ്ടാകുമ്പോൾ ഒരു പക്ഷേ, നമുക്ക് അവരുടെ വില അറിയണമെന്നില്ല. ഒരു വൻവൃക്ഷത്തെ താങ്ങിനിറുത്തുന്ന വേരുപോലെയാണ് ഉമ്മമാർ.
ചെറു പ്രായത്തിൽ ഉമ്മയെ നഷ്ടപ്പെട്ട തിരുദൂതർﷺ മാതാപിതാക്കളോടുള്ള കടമയും കടപ്പാടും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ക്വുർആനിൽ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നു കൽപിക്കുന്നതിന്റെ കൂടെ മാതാപിതാക്കളോടുള്ള ഉത്തരവാദിത്തങ്ങളും കടമകളും പറയുന്നത് അതിന്റെ ഗൗരവം നമ്മെ ഓർമിപ്പിക്കുന്നു. കൂടെയുള്ളപ്പോൾ അവരെ ചേർത്തുപിടിക്കുക. എത്ര തിരക്കാണെങ്കിലും അവരെ വിളിക്കാനും വിശേഷം അറിയാനും സന്ദർശിക്കാനും സമയം കണ്ടെത്തണം.
എന്നാലും ഞാൻ ആലോചിക്കുകയാ; ഉമ്മാന്റെ അടുത്തെത്തിയാൽ വരുന്ന മടിയും അലസതയും കെട്ടിയോന്റെ വീട്ടിൽ എത്തുമ്പോൾ എങ്ങോട്ടാണ് ഓടിയൊളിക്കുന്നത്?

