ഒരു ഭാര്യയുടെ സങ്കടങ്ങൾ

വി.വി. ബഷീർ വടകര

2026 മെയ് 16, 1447 ദുൽഖഅദ് 27

പ്രിയതമാ, വർഷങ്ങളായി ചിലതൊക്കെ അറിയിക്കണമെന്ന് എന്റെ മനസ്സ് എന്നോട് പറയുന്നു. ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞ നമ്മുടെ ദാമ്പത്യ ജീവിതത്തിനിടയിലെ ചില നഗ്‌നസത്യങ്ങൾ പ്രിയൻ അറിയുന്നുണ്ടോ അതല്ല അറിഞ്ഞുകൊണ്ട് മൗനം പാലിക്കുകയാണോ? പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങളിൽ ഒരു മെഴുകുതിരിയായി മറ്റുള്ളവർക്കു വേണ്ടി പ്രകാശിക്കുന്നവരാണല്ലോ പ്രവാസികൾ! സ്വയം ഉരുകുമ്പോഴും മറ്റുള്ളവർ ആസ്വദിക്കുന്ന പ്രകാശം തനിക്ക് നിർവൃതി നൽകുന്നു എന്നത് ശരിയാണ്. അതിനിട യിൽ ഓർക്കേണ്ടത് മറന്നുപോകുന്നുണ്ടോ എന്ന് സംശയിക്കുന്നു.

റബ്ബ് കനിഞ്ഞരുളിയ ദാമ്പത്യജീവിതത്തിനിടയിൽ എപ്പോഴെങ്കിലും നാട്ടിലേക്ക് വന്നു പോകുന്ന പ്രിയതമൻ മതശാസനകൾ എത്രകണ്ടു ജീവിതത്തിന്റെ ഭാഗമാക്കുന്നു എന്ന് ചിന്തിക്കാറുണ്ടോ? കൂടു മ്പോൾ ഇമ്പം ഉണ്ടാകുന്ന കുടുംബജീവിതത്തിന്റെ സത്ത ചോർന്നുപോകാതെ സൂക്ഷിക്കാൻ ശ്രമിച്ചിക്കുന്നുണ്ടോ? ‘സ്ത്രീകളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, കാരണം അല്ലാഹുവിന്റെ കരാറിലാണ് നിങ്ങൾ അവരെ സ്വീകരിച്ചത്, അല്ലാഹുവിന്റെ വചനം കൊണ്ടാണ് നിങ്ങൾക്ക് അവരുടെ ലൈംഗികാവയവങ്ങളെ അനുവദനീയമാക്കിയത്’ എന്ന റസൂലിﷺന്റെ വചനം നിങ്ങൾ കേട്ടിട്ടില്ലേ?

‘നിങ്ങളിൽ ഉത്തമർ തങ്ങളുടെ ഭാര്യമാരോട് സ്വഭാവം കൊണ്ട് നന്നായവരാണ്’ എന്ന നബി വചനത്തിന്റെ പൊരുളറിയാത്തവരല്ലല്ലോ നിങ്ങൾ! അല്ലാഹുവിന്റെ വിധിവിലക്കുകളെ യഥാവിധി മനസ്സി ലാക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നവനല്ലേ വിശ്വാസി? അല്ലാഹുവിന്റെ കൽപനകളെയും തിരുദൂതരുടെ ചര്യകളെയും മറന്ന് ജീവിക്കുമ്പോൾ കുടുംബ ജീവിതത്തിൽ എന്ത് സംതൃപ്തിയാണ് ലഭിക്കുക? പ്രിയനേ, നമസ്‌കാരം അതിന്റെ സമയത്ത് നിർവഹിക്കണമെന്ന അല്ലാഹുവിന്റെ കൽപന മറന്നുപോകുന്നതെന്തേ? നമസ്‌കാരത്തിൽ കൃത്യനിഷ്ഠയില്ലാത്തവൻ വിശ്വാസികളിൽ പെട്ടവനല്ല എന്ന നബിവചനത്തിന്റെ ഗൗരവം ആലോചിക്കാറുണ്ടോ?

നിങ്ങൾ ചോദിച്ചല്ലോ, ‘ഉമ്മയും വാപ്പയും എന്റെത് മാത്രമല്ല, മറ്റു മക്കൾക്കും നോക്കിയാലെന്താ’ എന്ന്. ഒരു വിശ്വാസി എന്ന നിലയിൽ അങ്ങനെ പറഞ്ഞ് ഒഴിഞ്ഞുമാറാൻ പറ്റുമോ? പ്രായമായ അവരുടെ തൊലിയുടെ ചുളിവല്ലേ ആരോഗ്യമുള്ള നിങ്ങളുടെ തൊലിയുടെ രഹസ്യം? നിങ്ങൾക്ക് വേണ്ടി ഉപ്പ ജീവിച്ചത്, കാശ് കടം വാങ്ങി നിങ്ങളെ വിദേശത്തേക്ക് അയച്ചത്... എല്ലാം എത്ര പെട്ടെന്നാണ് മറന്നുപോ യത്! എത്ര തവണയാ മാതാവുമായി നിങ്ങൾ പിണങ്ങി നിന്നത്. ഞാൻ അവരോടൊപ്പം നിന്നതിന് ‘നിങ്ങളെല്ലാം എനിക്കെതിരാണ്’ എന്ന് നിങ്ങൾ കുറ്റപ്പെടുത്തിയില്ലേ? പ്രിയതമാ, സ്വർഗത്തെക്കുറിച്ച് നിങ്ങൾ മറന്നുപോയി! നരകത്തിന്റെ കാഠിന്യം നിങ്ങൾ അറിയാതെപോയി!

ഇസ്‌ലാമിക വിശ്വാസകാര്യങ്ങളിൽ അടിയുറച്ചു നിൽക്കാൻ എന്റെ പ്രിയന് സാധിക്കുന്നില്ല എങ്കിൽ അതിലും വലിയ അപരാധം എന്താണുള്ളത്? മണലാരണ്യത്തിലെ ചൂടും ചൂരും വിശ്വാസത്തിലെ അചഞ്ചലതയുമാവണ്ടേ വിശ്വാസ ജീവിതത്തിന്റെ പൊരുൾ! ജീവിതത്തെ മണലാരണ്യത്തിൽ ബലികഴിക്കു മ്പോഴും കാത്തിരിക്കുന്നവളുടെ വേദനയോ ആഗ്രഹങ്ങളോ മനസ്സിലാക്കാതെ പോകുന്നു. ഒപ്പം എല്ലാം നൽകി അനുഗ്രഹിച്ച റബ്ബിന്റെ നിയമങ്ങളെയും!

പ്രിയതമാ, ഇനിയും പറയാനേറെയുണ്ട്. ഞാൻ നിർത്തുകയാണ്. നമ്മൾ കുടുംബസമേതം സ്വർഗത്തിൽ പ്രവേശിക്കാൻ നിമിത്തമാകുന്നതിലേക്ക് താങ്കൾ മടങ്ങുക. ഈ ലോകം ശാശ്വതമല്ലെന്ന് തിരിച്ചറിയുക. ഇഹലോകത്തെ അൽപകാല ജീവിതത്തിൽ അഭിമാനത്തോടെ അല്ലാഹുവിന്റെ വിധിവില ക്കുകൾ അനുസരിച്ച് ജീവിക്കാൻ പരിശ്രമിക്കുക. അല്ലാഹു അതിന് നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ-ആമീൻ.