ക്ഷമയിലെ നന്മ-7
നസീമ വാടാനപ്പള്ളി
2026 ജനുവരി 10, 1447 റജബ് 21

അല്ലാഹുവിന്റെ പരീക്ഷണങ്ങളിലുള്ള ക്ഷമയുമായി ബന്ധപ്പെട്ട് നാല് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്:
ഒന്ന്) അല്ലാഹു നമുക്ക് എന്തു വിധിച്ചിട്ടുണ്ടെങ്കിലും അത് അവന്റെ തീരുമാനമാണ്: അത് അവൻ നടപ്പിലാക്കും. അതിന് അവന് അധികാരമുണ്ട്. അത് ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയതുമാണ്. ഇക്കാര്യങ്ങൾ നാം ഉറച്ച് വിശ്വസിക്കണം. അല്ലാഹു പറയുന്നു:
“ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പു തന്നെ ഒരു രേഖയിൽ ഉൾപെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയാ യും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്) നിങ്ങൾക്കു നഷ്ടപ്പെട്ടതിന്റെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കുവാനും നിങ്ങൾക്ക് അവൻ നൽകിയതിന്റെ പേരിൽ നിങ്ങൾ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല’’ (57:22,23).
ഈ വിശ്വാസമുള്ളവർ എന്ത് പരീക്ഷണം വന്നാലും അസ്വസ്ഥരാവുകയില്ല. അല്ലാഹു നമ്മെ ഏൽപിച്ച കാര്യങ്ങൾ നാം ഭംഗിയായി ചെയ്യുക. അവന്റെ വിധിയിൽ തൃപ്തിയടയുക. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘വിധിയെന്നത് അല്ലാഹുവിന്റെ രഹസ്യമാകുന്നു.’
രണ്ട്) ക്ഷമയിലൂടെ നമുക്ക് ലഭിക്കുന്ന വമ്പിച്ച പ്രതിഫലത്തെ കുറിച്ച് ചിന്തിക്കുക: സ്‌നേഹിക്കാനും സംരക്ഷിക്കാനും തന്റെ റബ്ബ് ഉണ്ടെന്നതിനെക്കാൾ സന്തോഷവും സമാധാനവും നൽകുന്ന മറ്റെന്തു കാര്യമാണുള്ളത്?
പരിശുദ്ധ ക്വുർആനിൽ ക്ഷമയുടെ മഹത്ത്വവും പ്രാധാന്യവും വ്യക്തമാക്കുന്ന നിരവധി സൂക്തങ്ങൾ കാണുവാൻ സാധിക്കും.
“തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്‌കാരം മുറപോലെ നിർവഹിക്കുകയും, നാം നൽകിയിട്ടുള്ളതിൽനിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്മയെ നന്മകൊണ്ട് തടുക്കുകയും ചെയ്യുന്നവർ. അത്തരക്കാർക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം. അതായത്, സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകൾ. അവരും, അവരുടെ പിതാക്കളിൽനിന്നും ഇണകളിൽനിന്നും സന്തതികളിൽനിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതിൽ പ്രവേശിക്കുന്നതാണ്. മലക്കുകൾ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കൽ കടന്നുവന്നിട്ട് പറയും: ‘നിങ്ങൾ ക്ഷമ കൈക്കൊണ്ടതിനാൽ നിങ്ങൾക്ക് സമാധാനം! അപ്പോൾ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്!’’ (13:22-24).
“...നിങ്ങൾ ക്ഷമിക്കുക. തീർച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു’’ (8:46).
“...ക്ഷമ കൈക്കൊണ്ടവർക്ക് അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവർക്കുള്ള പ്രതിഫലം നാം നൽകുക തന്നെ ചെയ്യും’’ (16:96).
‘പരീക്ഷണങ്ങൾ എത്രത്തോളമുണ്ടോ അത്രത്തോളം പ്രതിഫലവും മഹത്ത്വമുള്ളതായിരിക്കും’ എന്ന് നബിﷺ അറിയിച്ചിട്ടുണ്ട്.
മൂന്ന്) ഏതൊരു പരീക്ഷണത്തിലും ഗുണം പ്രതീക്ഷിക്കുന്നവരായിരിക്കണം വിശ്വാസികൾ. കാരണം പരിശുദ്ധ ക്വുർആൻ പറയുന്നു: “എന്നാൽ തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും’’ (94:5,6).
ഒരിക്കൽ നബിﷺ ചിരിച്ചുകൊണ്ട് സ്വഹാബത്തിന്റെ അടുത്തേക്ക് ചെന്നു. അവർ ചോദിച്ചു: ‘എന്താണ് റസൂലേ, അങ്ങ് ചിരിക്കുന്നത്?’ അവിടുന്ന് മറുപടി പറഞ്ഞു: ‘അൽഹംദുലില്ലാഹ്! ഒരു പ്രയാസത്തിന് രണ്ട് എളുപ്പം അല്ലാഹു നൽകിയിരിക്കുന്നു.’ ശേഷം അവിടുന്ന് മുകളിലുദ്ധരിച്ച ക്വർആൻ സൂക്തങ്ങൾ (94:5,6) ഓതിക്കേൾപിച്ചു.
ഇവിടെ പ്രയാസം എന്നത് ‘അൽ’ ചേർത്തും എളുപ്പം എന്നത് ‘അൽ’ ചേർക്കാതെയുമാണ് പ്രയോഗിച്ചുട്ടുള്ളത്. ഒരു പ്രയാസത്തിന് രണ്ട് എളുപ്പമുണ്ടെന്ന് ഇത് അറിയിക്കുന്നു എന്ന് ചില ക്വുർആൻ വ്യാഖ്യാതാക്കൾ വിശദീകരിച്ചതായി കാണാൻ കഴിയും.
ഒരിക്കൽ ഇബ്‌നു അബ്ബാസ്(റ)വിനെ വിളിച്ചുകൊണ്ട് റസൂൽﷺ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞു: ‘...നിശ്ചയമായും വിജയമെന്നത് ക്ഷമയോടൊപ്പമാണെന്ന് നീ അറിയേണ്ടതുണ്ട്. നിശ്ചയമായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്.’
നാല്) അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് ധാരാളമായി ഓർക്കുക. ധാരാളമായി കിട്ടിയ അനുഗ്രഹങ്ങളെ ഓർക്കാതെ ഇല്ലായ്മയിൽ പരിതപിക്കുന്നവരാണ് പൊതുവെ മനുഷ്യർ. ഈ സ്വഭാവം സ്ത്രീകൾക്കിടയിലാണ് കൂടുതലായി കാണുന്നത്. പരസ്പരം കണ്ടുമുട്ടി വിശേഷങ്ങൾ അന്വേഷിക്കു മ്പോൾ ‘അൽഹംദുലില്ലാഹ്’ എന്ന് പറയുമെങ്കിലും തൊട്ടുടനെ വാചാലമാകുന്നത് ഇല്ലായ്മകളെയും വല്ലായ്മകളെയും കുറിച്ചായിരിക്കും. ഇത് ക്ഷമകേടാണ് എന്നതിൽ തർക്കമില്ല. സഹോദരിമാരേ, നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾ ഒന്ന് എണ്ണിനോക്കുക. അല്ലെങ്കിൽ കടലാസിലൊന്ന് എഴുതിത്തുടങ്ങുക. അപ്പോൾ മനസ്സിലാകും അല്ലാഹു ചൊരിഞ്ഞുതന്ന അനുഗ്രഹങ്ങളുടെ ആധിക്യവും പ്രയാസങ്ങളുടെ കുറവും.
ഒരിക്കൽ വാട്‌സാപ്പിൽ വന്ന ഒരു മെസ്സേജ് വായിച്ചത് ഓർമ വരികയാണ്. ഉമിനീർ ഗ്രന്ഥിക്ക് ക്യാൻസർ ബാധിച്ച് അത് റിമൂവ് ചെയ്യേണ്ടിവന്ന ഒരു സഹോദരിയുടെ അവസ്ഥയായിരുന്നു അത്. ഓരോ തവണ സംസാരിക്കാനും ഓരോ കവിൾ വെള്ളം കുടിക്കേണ്ട അവസ്ഥയാണ് അവർക്കുള്ളത്. അല്ലാത്തപക്ഷം നാവു പൊട്ടി ചോര വരും! അത് വായിച്ചപ്പോൾ ആവശ്യത്തിനും അനാവശ്യത്തിനും നമ്മൾ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംസാരമാകുന്ന അനുഗ്രഹത്തെക്കുറിച്ച് ചിന്തിച്ചുപോയി.
ചിന്താശേഷി, ബുദ്ധിശക്തി, കാഴ്ച, കേൾവി എന്നിങ്ങനെ ബാഹ്യവും ആന്തരികവുമായ എത്രയെത്ര അനുഗ്രഹങ്ങൾ! മൂത്രം പിടിച്ചുവെക്കാൻ പറ്റാത്ത അവസ്ഥയെയും മൂത്രമൊഴിക്കാൻ പറ്റാത്ത അവസ്ഥയെയും കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ജീവിതം എത്ര പ്രയാസകരമായിരിക്കും!
സഹോദരിമാരേ, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിക്കണക്കാക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് അതിന് സാധിക്കുകയില്ല എന്ന ക്വുർആൻ വചനം സ്മരണീയമാണ്. നമ്മുടെ ജീവിതത്തിലെ ഓരോ ഇടപെടലിലും ക്ഷമകേട് വരുന്നുണ്ടോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്.
സ്ത്രീകൾ എന്ന നിലയ്ക്ക് പലർക്കും പ്രയാസം ഉണ്ടാക്കുന്ന ഒരു ജോലിയാണല്ലോ പാത്രങ്ങൾ കഴുകുക എന്നത്. കഴുകുവാൻ ഒരുപാട് പാത്രങ്ങൾ ഉണ്ടായത് എന്തുകൊണ്ട് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരുപാട് വിഭവങ്ങൾ ഒരുക്കിയതിനാൽ, അതിനുള്ള സാധനങ്ങളും സംവിധാനങ്ങളും നമുക്ക് ലഭിച്ചതിനാൽ, പാചകം ചെയ്യാനുള്ള കഴിവും ആരോഗ്യവും റബ്ബ് തന്നതിനാൽ, ഉണ്ടാക്കിയ ഭക്ഷണം പ്രയാസമില്ലാതെ കഴിക്കാൻ കഴിഞ്ഞതിനാൽ... അങ്ങനെ കുറെ അനുഗ്രഹങ്ങളാൽ നമ്മൾ ഭക്ഷണമുണ്ടാക്കി, വിളമ്പി കുടുംബസമേതം കഴിച്ചു. എന്നിട്ട് അവസാനം പാത്രം കഴുകുന്ന സമയത്ത് നമുക്ക് ക്ഷമകേടാണ്. ആരു കഴുകും എന്നതിൽ തർക്കമാണ്! ശരിയല്ലേ? വീടകത്തെ ഒരു ഉദാഹരണം എടുത്തു പറഞ്ഞു എന്നു മാത്രം.

