ക്ഷമയിലെ നന്മ 6

നസീമ വാടാനപ്പള്ളി

2026 ജനുവരി 03, 1447 റജബ് 14

ക്ഷമയുടെ ഇനങ്ങളിൽ മൂന്നാമത്തെത് പരീക്ഷണങ്ങളിലുള്ള ക്ഷമയാണ്. അത് വിധിയിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്. പരീക്ഷണങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്; അത് പലർക്കും പലവിധത്തിലാകാം എന്നു മാത്രം. അല്ലാഹു ക്വുർആനിൽ ഇക്കാര്യം നമ്മെ അറിയിക്കുന്നുണ്ട്:

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക’’ (2:155).

ക്ഷമാശീലരായ വിശ്വാസികൾ പരീക്ഷണഘട്ടങ്ങളിൽ എടുക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് ശേഷം അല്ലാഹു വ്യക്തമാക്കുന്നു:

“തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) പറയുന്നത്; ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും’’ (2:156).

അങ്ങനെ ക്ഷമ കൈക്കൊണ്ട് ജീവിക്കുന്നവർ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്ന ഭാഗ്യവാന്മാരാണ് എന്ന സന്തോഷ വാർത്ത അല്ലാഹു അറിയിക്കുന്നു:

“അവർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സൻമാർഗം പ്രാപിച്ചവർ’’ (2:157).

പരീക്ഷണങ്ങളിൽ പതറിപ്പോകേണ്ടവരല്ല വിശ്വാസികൾ. ഒരു പ്രയാസം വരുമ്പോഴേക്ക് റബ്ബിന് ഇഷ്ടമില്ലാത്ത വഴികളിലേക്ക് തിരിയുക എന്നത് വലിയ നന്ദികേടുതന്നെയാണ്. എന്തു പ്രതിസന്ധി നേരിട്ടാലും നമുക്ക് സംരക്ഷണം തേടാനുള്ളതും സുരക്ഷ നൽകുന്നതും അല്ലാഹു മാത്രമാണ്. അവനിലാണ് നാം ഭരമേൽപിക്കേണ്ടത്.

അല്ലാഹു താനിഷ്ടപ്പെടുന്നവർക്ക് ഐഹിക സുഖങ്ങൾ ഏറെ നൽകുകയല്ല, മറിച്ച് പരീക്ഷണങ്ങൾ നൽകുകയാണ് ചെയ്യുകയെന്ന യാഥാർഥ്യം മനസ്സിലാക്കണം.

സഅദ്ബ്‌നുഅബീവക്വാസ്(റ) നിവേദനം; നബിﷺ പറഞ്ഞു: “ജനങ്ങളിൽ ഏറ്റവും കഠിനമായി പരീക്ഷിക്കപ്പെടുന്നത് പ്രവാചകൻമാരാണ്. പിന്നെ അതുപോലുള്ളവർ. ഒരു മനുഷ്യൻ അവന്റെ വിശ്വാസത്തിനനുസൃതമായി പരീക്ഷിക്കപ്പെടും. അവന്റെ വിശ്വാസം സുദൃഢമാണെങ്കിൽ അവന്റെ പരീക്ഷണം കഠിനമാകും. അവന്റെ വിശ്വാസം ദുർബലമാണെങ്കിൽ അവന്റെ വിശ്വാസത്തിന്റെ തോതനുസരിച്ച് അവൻ പരീക്ഷിക്കപ്പെടും. ഭൂമിയിൽ പാപരഹിതനായി നടക്കുന്നതുവരെ ഒരടിമ പരീക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും’’ (തിർമുദി).

വിശ്വാസികൾ അല്ലാഹുവിന്റെ അപാരമായ കഴിവിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നു. അഹങ്കാരമില്ലാതെ അവനു കീഴൊതുങ്ങാൻ അവരെ ഇത് പ്രാപ്തരാക്കുന്നു. അല്ലാഹു പറയുന്നു:

“ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങൾ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയിൽ ഉൾപ്പെട്ടു കഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്). നിങ്ങൾക്കു നഷ്ടപ്പെട്ടതിന്റെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കുവാനും നിങ്ങൾക്ക് അവൻ നൽകിയതിന്റെ പേരിൽ നിങ്ങൾ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല’’ (ക്വുർആൻ 57: 22,23).