വാല് മുറിഞ്ഞ കുറുക്കന്മാരും ക്വബ്ർസ്ഥാനിലെ നായയും

പി.എൻ അബ്ദുല്ലത്വീഫ് മദനി

2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03

മുമ്പൊരിക്കൽ ഉരുണ്ടുവീണ കല്ലിന്നടിയിൽ കുടുങ്ങി ഒരു കുറുക്കന്റെ വാൽ മുറിഞ്ഞുപോയി. ഇത് കണ്ട മറ്റൊരു കുറുക്കൻ വാല് മുറിഞ്ഞ കുറുക്കനോട് ചോദിച്ചു: “എന്തേ നീ വാൽ മുറിച്ചുകളഞ്ഞത് ?’’ “അതോ? എന്താണിപ്പോഴെന്റെ സുഖമെന്നറിയാമോ! എനിക്കിപ്പോൾ വായുവിൽ പാറിനടക്കുന്ന പോലെ അനുഭവപ്പെടുന്നു. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി’’ മറ്റേ കുറുക്കൻ പറഞ്ഞു.

ഇത് കേട്ട വാലുള്ള കുറുക്കനും തന്റെ വാൽ ഛേദിച്ചു! എന്നാൽ ആശിച്ച സുഖം ലഭിച്ചില്ല, കഠിന വേദന കൊണ്ട് നിവർന്നു നിൽക്കാനും വയ്യ. “നീ എന്തിനെന്നോട് കളവു പറഞ്ഞു?’’ കുറുക്കൻ ആവലാതിപ്പെട്ടു. ആദ്യം വാൽമുറിഞ്ഞ കുറുക്കൻ രണ്ടാമനെ ഗുണദോഷിച്ചു: “നിന്റെ വേദനയും അലോസരങ്ങളുമൊന്നും മറ്റു കുറുക്കന്മാരുമായി പങ്കുവെച്ച് പോകരുത്. അവരൊന്നും പിന്നെ വാലുമുറിക്കാൻ തയ്യാറാവില്ല; എന്ന് മാത്രമല്ല നമ്മെ അവർ വല്ലാതെ പരിഹസിക്കുകയും ചെയ്യും!’’

രണ്ടു കുറുക്കന്മാരും കൂടി കാണുന്ന മറ്റു കുറുക്കന്മാരോടൊക്കെ (ഉള്ളിൽ നൊമ്പരം പതയുന്നുവെങ്കിലും) വാല് മുറിഞ്ഞാൽ കിട്ടാൻ പോകുന്ന സുഖത്തെയും അനുഭൂതിയെയും കുറിച്ച് വാചാലമായി വിളിച്ച്പറഞ്ഞപ്പോൾ ഭൂരിപക്ഷം കുറുക്കന്മാരും കെണിയിൽ വീണു വാലില്ലാത്തവരായി. അതോടെ വാലുള്ള വല്ല കുറുക്കനെയും കണ്ടാൽ വാലില്ലാത്തവർ പരിഹാസത്തോടു പരിഹാസം! വാലുള്ളവർക്കു കഴിഞ്ഞുകൂടാൻ പറ്റാത്ത സ്ഥിതി!

ഇപ്രകാരം തന്നെയാണ് മനുഷ്യസമൂഹത്തിന്റെ അവസ്ഥയും. അരാജകത്വവും അധർമവും മേൽക്കോയ്മ നേടിയ സമൂഹത്തിൽ നല്ലവർക്ക് ജീവിക്കാൻ വല്ലാതെ പ്രയാസപ്പെടേണ്ടിവരും. അധർമകാരികൾ നന്മയുള്ളവരെയൊക്കെ പരിഹസിക്കും. പമ്പര വിഡ്ഢികൾ എന്ന് മുദ്രകുത്തും.

കഅബ്(റഹി) പറയുന്നു: “ജനങ്ങൾക്ക് ഒരു കാലം വരും. അന്ന് സത്യവിശ്വാസികൾ അവരുടെ വിശ്വാസം കാരണം ആക്ഷേപിക്കപ്പെടും; ഇന്നിപ്പോൾ കൊള്ളരുതാത്തവൻ അവന്റെ തെമ്മാടിത്തരം കാരണം ആക്ഷേപിക്കപ്പെടുന്ന പോലെ. ‘ഹോ, താങ്കൾ ഒരു വലിയ വിശ്വാസിയും പണ്ഡിതനുമാണല്ലേ’ എന്ന് വരെ കളിയാക്കി ചോദിക്കും.’’

കുത്തഴിഞ്ഞ് ജീവിക്കുന്ന സമൂഹം നല്ല മനുഷ്യരെക്കുറിച്ച് പറയാൻ കുറ്റമൊന്നും കണ്ടെത്താൻ കഴിയാത്ത പക്ഷം, അവരിലെ ഏറ്റവും വലിയ ഗുണങ്ങളെടുത്തു പറഞ്ഞ് പരിഹസിക്കും! ലൂത്വ് നബി(അ)യുടെ ജനത പറഞ്ഞതോർക്കുക: ‘ലൂത്വിന്റെ ആളുകളെ നിങ്ങളുടെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുക. അവർ വലിയ പരിശുദ്ധന്മാരാണ്!’

ഒരു കഥ പറയട്ടെ: ഒരാൾ മുസ്‌ലിം ക്വബ്ർസ്ഥാനിൽ ഒരു നായയെ ക്വബ്‌റടക്കി. അപ്പോൾ ജനങ്ങൾ കോപാകുലരായി ജഡ്ജിയോട് പരാതിപ്പെട്ടു. ജഡ്ജി നായയെ കുഴിച്ചിട്ടവനെ വിളിച്ചുവരുത്തി മുസ്‌ലിം ശ്മശാനത്തിൽ നായയെ കുഴിച്ചിട്ടത് ശരിയാണോ എന്ന് തിരക്കി. ‘അതെ, അപ്രകാരം ചെയ്യണമെന്ന് നായയുടെ വസ്വിയ്യത്തുണ്ടായിരുന്നു. ഞാനാ വസ്വിയ്യത്ത് നടപ്പാക്കിയതാണ്’ എന്നായിരുന്നു അയാളുടെ മറുപടി! ‘നീ പരിഹസിക്കുകയാണോ?’ ജഡ്ജി കലിതുള്ളി. ഉടനെ അയാളുടെ മറുപടി: ‘നായ അതുമാത്രമല്ല എന്നോട് വസ്വിയ്യത്തു ചെയ്തിട്ടുള്ളത്; താങ്കൾക്ക് 10000 ദീനാർ തരാൻ കൂടി നായയുടെ വസ്വിയ്യത്തുണ്ട്.’ ഉടൻ ജഡ്ജി ഇരുകൈകളുമുയർത്തി പ്രാർഥിച്ചു: ‘ദിവംഗതനായ വന്ദ്യനായക്ക് അല്ലാഹു കരുണ ചൊരിയട്ടെ.’ ജഡ്ജിയുടെ ഈ തകിടംമറിച്ചിലിൽ പരാതിക്കാരായ ജനം അത്ഭുതപ്പെട്ടു. എത്ര പെട്ടെന്നാണ് ഇയാൾ നിലപാട് മാറ്റിയത്!

ജനങ്ങളുടെ അത്ഭുതഭാവം കണ്ട ജഡ്ജിയുടെ അടുത്ത വെടി ഇതായിരുന്നു: ‘നിങ്ങൾ അത്ഭുതപ്പെടേണ്ട. ഞാനീ സൽകർമകാരിയായ നായയുടെ വിഷയത്തിൽ ആലോചിക്കുകയായിരുന്നു. ഈ നായ അസ്ഹാബുൽ കഹ്ഫിന്റെ നായയുടെ പരമ്പരയിൽ പെട്ട നായയാണ്.’

ഇതാണ് സമകാലിക ലോകത്തിന്റെ അവസ്ഥ. ഒരു വിഭാഗം അവരുടെ ആദർശവും നയ, നിലപാടുകളും നൊടിയിടകൊണ്ടു മാറ്റിപ്പറയുന്നു. അസത്യങ്ങൾ പറഞ്ഞ് പിന്നീടതിനെ അവരുടെ സ്വാർഥ താൽപര്യങ്ങൾക്കനുസരിച്ച് ന്യായീകരിക്കുന്നു. വിചിത്രമേ ഉലകം!