സ്ത്രീ പളളിപ്രവേശം:സമസ്തക്കാർ ദുർവാശി വെടിയണം

അബ്ദുൽ മാലിക് സലഫി

2025 ഡിസംബർ 13, 1447 ജമാദുൽ ആഖിർ 22

മതത്തിന്റെ പ്രമാണങ്ങൾ വിശ്വാസികൾക്ക് അനുവദിച്ചതിനെ വിലക്കുകയും വിലക്കിയതിനെ അനുവദിക്കുകയും ചെയ്യുക എന്നത് സമസ്തക്കാരുടെ പതിവാണ്. സ്ത്രീകളുടെ പള്ളി പ്രവേശനം ഒന്നാമത്തെതിനും ക്വബ്‌റുകൾ കെട്ടി ഉയർത്തൽ രണ്ടാമത്തെതിനും ഉദാഹരണമാണ്.

പള്ളിയിൽ വന്ന് ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുക എന്നത് മതം സ്ത്രീകൾക്ക് അനുവാദം നൽകിയ വിഷയമാണ്. എന്നാൽ, അത് ഹറാം ആണ് എന്നാണ് കേരള സമസ്തക്കാരുടെ വിചിത്രവാദം! ഈ വാദം പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്ന് മാത്രമല്ല, ശാഫീഈ മദ്ഹബിലെ പൗരാണിക കർമശാസ്ത്ര ഗ്രന്ഥങ്ങൾക്കും എതിരാണ്. സംസ്താനക്കാർ ‘ഹറാമാണ് ‘ എന്ന വാദത്തെ എതിർക്കുന്നവരാണ്. ഈ വിഷയത്തിൽ വന്ന പ്രമാണങ്ങൾ പരിശോധിക്കാം:

സൂറ: അഹ്‌സാബിലെ 33-ാം ആയത്തിൽ അല്ലാഹു പറഞ്ഞ

وقرن في بيوتكن

‘നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക’ എന്നതിനെ വിശദീകരിച്ച് മഹാനായ മുഫസ്സിർ ഇബ്‌നു കഥീർ(റഹി) പറയുന്നു:

وَقَوْلُهُ: ﴿وَقَرْنَ فِي بُيُوتِكُنَّ﴾ أَيِ: الْزَمْنَ بُيُوتَكُنَّ فَلَا تَخْرُجْنَ لِغَيْرِ حَاجَةٍ. وَمِنِ الْحَوَائِجِ الشَّرْعِيَّةِ الصَّلَاةُ فِي الْمَسْجِدِ بِشَرْطِهِ،

അഥവാ, മതപരമായ സ്ത്രീയുടെ ആവശ്യങ്ങളിൽ പെട്ടതാണ് നിബന്ധനകളോടെ പള്ളിയിൽ പോവുക എന്നത്.

നബി(സ) പറയുന്നു:

أَنَّ عَبْدَ اللَّهِ بْنَ عُمَرَ قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : “ لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ إِذَا اسْتَأْذَنَّكُمْ إِلَيْهَا “.

‘നിങ്ങളുടെ ഭാര്യമാർ പള്ളിയിൽ പോകാൻ നിങ്ങളോട് അനുവാദം ചോദിച്ചാൽ നിങ്ങളവരെ തടയരുത്.’ ഈ ഹദീസിന് ഇമാം നവവി(റഹി) നൽകിയ അധ്യായം:

خروج النساء إلى المساجد

‘സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ’ എന്നാണ്. ശേഷം നിബന്ധനകൾ പാലിച്ച് സ്ത്രീകൾക്ക് പള്ളിയിൽ പോവാം എന്നദ്ദേഹം ശർഹിൽ വിശദീകരിക്കുകയും ചെയ്യുന്നു.

മറ്റാരു ഹദീസ് ഇപ്രകാരമാണ്:

، عَنِ ابْنِ عُمَرَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : “ لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ “

‘അല്ലാഹുവിന്റെ അടിമസ്ത്രീകളെ നിങ്ങൾ പളളിയിൽ നിന്ന് തടയരുത്.’

രാത്രിയിൽ പോലും പോകാം എന്നുവരെയുള്ള അധ്യായങ്ങൾ ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹിൽ നൽകിയതായി കാണാം.

അത് കൊണ്ടു തന്നെ നബിﷺയുടെ കാലം മുതൽ ഈ അനുവാദം ലോകമെമ്പാടുമുള്ള മുസ്‌ലിം സ്ത്രീകൾ അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്ക് പള്ളി ഹറാം എന്നത് നാല് മദ്ഹബിന്റെ ഇമാമുകൾക്കും അപരിചിതമായ വാദമാണ്.

ഹറാം വാദക്കർ പക്ഷേ, മജ്‌ലിസുന്നൂർ, ഉറൂസ്, നേർച്ചകൾ, പാതിരാ വഅളുകൾ... എന്നിവയ്ക്ക് രാപകൽ വ്യത്യാസമില്ലാതെ സ്ത്രീകൾക്ക് അനുവാദം നൽകുകയും ചെയ്യുന്നു. പള്ളിയിൽ ഫിത്‌ന വാദമുന്നയിക്കുന്നവരാണ് ഇതെല്ലാം അനുവദിക്കുന്നത് എന്നതാണ് വിരോധാഭാസം!

ഇപ്പോൾ നമസ്ത പള്ളികൾക്ക് സമീപം സ്ത്രീ മുസ്വല്ലകൾ ഉയർന്നു തുടങ്ങിയത് ശുഭസൂചനയാണ്. പ്രമാണങ്ങൾ സ്ത്രീകൾക്ക് നൽകിയ ഈ അനുവാദത്തെ ദുർന്യായങ്ങൾ ഉയർത്തി തടയുന്ന ദുർവാശി സമസ്തക്കാർ വെടിയണം. ഇന്നല്ലെങ്കിൽ നാളെ അവർക്ക് ഈ ഹറാം വാദം ഉപേക്ഷിക്കേണ്ടി വരും!

ഈ വിഷയത്തിൽ സത്യം വിളിച്ച് പറയുന്നവരെ അധിക കാലമൊന്നും വിരട്ടി തിരുത്തിക്കാൻ സമസ്തയ്ക്കാവില്ല.