നിരീശ്വരന്മാരുടെ ദൈവവും ഇസ്‌ലാമും
റോഷൻ പുനലൂർ
2025 ജനുവരി 18, 1446 റജബ് 18

നിരീശ്വരവാദത്തിന് ഒരു പ്രാചീനമായ ചരിത്രമുണ്ട്. ഭൗതികവാദപരമായി ചിന്തിക്കുന്ന ഒരുപക്ഷം സാമൂഹിക ചിന്തകന്മാർ, പ്രകൃതിയുമായുള്ള മനുഷ്യന്റെ സങ്കീർണ ബന്ധങ്ങൾ സൃഷ്ടിച്ച ആശയക്കുഴപ്പ ങ്ങളിൽനിന്നാണ് ദൈവസങ്കൽപം ഉണ്ടായതെന്ന് വാദിക്കുന്നു. ഫ്രെഡറിക് എംഗൽസിന്റെ ആന്റി-ഡൂറിങ് (Anti-Duhring) എന്ന പുസ്തകത്തിൽ ഈ വാദം ഉന്നയിക്കുന്നുണ്ട്. കാലം മുന്നോട്ട് പോകുകയും സമൂഹം വികസിക്കുകയും ചെയ്തപ്പോൾ പ്രകൃതിശക്തികളോടൊപ്പം സാമൂഹികശക്തികളും ഈ പറയുന്ന ദൈവസങ്കൽപത്തിലേക്ക് ചേർക്കപ്പെട്ടുവെന്നും അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. ഇത്തരം സങ്കൽപങ്ങളോടുള്ള എതിർപ്പുമായി രംഗത്തു വന്നവരാണ് നാസ്തികന്മാർ എന്നാണ് പൊതുവായുള്ള വിശകലനം. പ്രാചീന കാലത്ത് ഇന്ത്യയിലെ ചാർവാകൻ മുതൽ ഗ്രീസിലെ എപിക്യൂറസ്, ഡെമോക്രിറ്റസ് തുടങ്ങിയവരൊക്കെയും ദൈവനിരാകരണവാദത്തിന്റെ വക്താക്കളായിരുന്നു.
എന്നാൽ ആധുനിക കാലത്താകട്ടെ, ജ്ഞാനോദയത്തിന്റെ പശ്ചാത്തലത്തിലാണ് നിരീശ്വരവാദം ശക്തിപ്പെടുന്നത്. അവിടെ മതവും ശാസ്ത്രവും തമ്മിൽ ഏറ്റുമുട്ടി. കാരണമെന്തെന്നാൽ, അത്രത്തോളം കർക്കശമായ മതാധിപത്യം അന്ന് യൂറോപ്പിനെ വരിഞ്ഞുമുറുക്കിയിരുന്നു. ചർച്ച് പറയുന്നതിനെതിരായി പ്രവർത്തിക്കുവാനോ ചിന്തിക്കുവാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
കെപ്ലറുടെയും ടൈക്കോബ്രാഹെയുടെയുമൊക്കെ ചരിത്രം നമ്മൾ കേട്ടിട്ടുണ്ട്. സത്യം പറഞ്ഞതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ശാസ്ത്രജ്ഞരാണിവർ. ചിലരെ ചുട്ടെരിച്ചു കൊന്നു. ഗലീലിയോയെപ്പോലുള്ളവർ ജീവിതാവസാനംവരെ വീട്ടുതടങ്കലിലുമായി.
മതവും സ്വതന്ത്രചിന്തയും തമ്മിലുള്ള ഈ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ആധുനിക ഹ്യൂമനിസം വളർച്ച പ്രാപിച്ചത്. സ്വാഭാവികമായും അതൊരു സെക്യുലർ-ലിബറൽ ഹ്യൂമനിസമായി മാറി. ശാസ്ത്രത്തോട് കൂടുതൽ ചേർന്നുനിന്ന ആധുനിക ഹ്യൂമനിസം ആദ്യം ക്രൈസ്തവാധിപത്യത്തെയാണ് ചോദ്യം ചെയ്തത്. പിന്നീടത് ക്രൈസ്തവ തത്ത്വങ്ങൾക്കും വിശ്വാസത്തിനുമെതിരെയുള്ള എതിർപ്പുകളായി മാറി. വൈകാതെ അത് മതത്തെയും മത ത്ത്വങ്ങളെയും നിരാകരിക്കുന്ന നിരീശ്വരവാദമായി ത്തീർന്നു.
ഈ നിരീശ്വരവാദം തന്നെ നാല് തരത്തിലുണ്ട്. തനി ദ്രവ്യവാദികളാണ് അതിൽ ഒന്നാമത്തെ വിഭാഗം. എംപിരിക്കൽ അല്ലാത്ത ജ്ഞാനത്തോട് അവർ പൂർണമായും അകലം പാലിച്ചു. സെൻസറി എക്‌സ്പീരിയൻസ് ഇല്ലാത്ത ഒന്നിനെയും അംഗീകരിക്കാത്ത ഒരു നിലപാടാണത്. യാന്ത്രിക ഭൗതികവാദം എന്ന് മാർക്‌സ് വിശേഷിപ്പിച്ച, ലുദ്‌വിഗ് ഫൊയർബാഹിന്റെയും മറ്റും ചിന്തകൾ അതിൽപ്പെടുന്നു. ഒപ്പം മാർക്‌സും വൈരുധ്യാത്മക ഭൗതികവാദവും ഇതേപക്ഷത്ത് തന്നെയാണ് നിൽക്കുക എന്നും മനസ്സിലാക്കേ ണ്ടതാണ്.
എഗ്‌നോസ്റ്റിക് എതീസ്റ്റുകളാണ് രണ്ടാമത്തെ വിഭാഗം. തോമസ് ഹക്‌സ്‌ലിയും മറ്റും ഇതിന്റെ വക്താക്കളാണ്. ‘ദൈവം എന്ന ആശയത്തിന് തൃപ്തികരമായ തെളിവുകളൊന്നും ലഭ്യമല്ല, എന്നാൽ അതിനെ തള്ളിക്കളയാനും പറ്റില്ല’ എന്നതാണ് ഇവരുടെ വീക്ഷണം.
മൂന്നാമത്തെത് ഇതിൽനിന്നും ഉൽഭവിച്ച ഒരുതരം ‘ആത്മീയ നിരീശ്വരവാദ’മാണ്. അത് പാൻതീയിസം (‘പ്രകൃതിതത്ത്വവാദം’ ‘അഥവാ പ്രകൃതിദൈവവാദം’) എന്ന പേരിൽ അറിയപ്പെടുന്നു. പ്രകൃതിയും അതിലെ പ്രതിഭാസങ്ങളുമല്ലാതെ വേറെ ദൈവമില്ല എന്ന വാദമാണത്.
നാലാമത്തെ വിഭാഗത്തെ നിരാകരണവാദികൾ എന്ന് വിളിക്കുന്നു. അവർ മതത്തെയും മതതത്ത്വങ്ങളെയും ദൈവത്തെയുമെല്ലാം തള്ളിക്കളഞ്ഞു. എന്നാൽ അത് ദ്രവ്യവാദികളുടെത് പോലെയായിരുന്നില്ല. മതത്തോടും മതാധിപത്യത്തോടും പൊരുതിക്കൊണ്ട് സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും സ്ഥാപിക്കാൻ ശ്രമിച്ചവരാണവർ.
തനിക്കായി മനുഷ്യൻ സ്വയം തന്നെ നിർമിച്ച പ്രതിദ്വന്ദ്വമാണ് ദൈവം എന്ന നിരീക്ഷണമാണ് ഫൊയർബാഹ് നടത്തുന്നത്. അതായത്, തന്റെ തന്നെ പ്രതിപക്ഷസ്ഥാനി. ഒപ്പം പരിമിതികളെ അതിജയി ക്കാനുള്ള മനുഷ്യന്റെ അഭിലാഷവും കൂടിയാണത്. ‘മനുഷ്യന്റെ മോഹങ്ങളും കാമനകളും ഭാവനകളായി മാറി ദൈവത്തിൽ അത് ഗുണങ്ങളായി ആരോപിക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യൻ അപൂർണനാണ്, ദൈവം പൂർണതയുള്ളവനും. പല കാര്യങ്ങളിലും മനുഷ്യൻ അശക്തനായിരിക്കെ, ദൈവം സർവശക്തനാണ്. മനുഷ്യന്റെ ജ്ഞാനത്തിന് പരിമിതികളുണ്ട്, എന്നാൽ ദൈവം സർവജ്ഞനാണ്.’ ദൈവം എന്ന ആശയത്തിന്റെ ഉൽപത്തിയെ ഫൊയർബാഹ് ഇപ്രകാരമാണ് വിശദീകരിക്കുന്നത്.
A Contribution to the Critique of Hegel’s Philosophy of Rights എന്ന ഗ്രന്ഥത്തിലാണ് കാൾ മാർക്‌സ് മതത്തെ Opium of the Masses (മനുഷ്യസമൂഹത്തെ മയക്കുന്ന കറുപ്പാണ് മതം) എന്ന് വിശേഷിപ്പിച്ചത്. ചരിത്രപരമായും സാമൂഹ്യമായും മതത്തിന്റെ സ്ഥാനത്തെ അടയാളപ്പെടുത്താനും അദ്ദേഹമതിൽ മുതിരുന്നുണ്ട്. ഫൊയർബാഹിന്റെ യാന്ത്രിക ഭൗതികവാദമല്ല മാർക്സിന്റെത്. ‘മർദിത ജനതയുടെ നിശ്വാസമാണ് മതം. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്; ഉന്മേഷരഹിത സാഹചര്യങ്ങളിലെ ലഹരിയും. മതം എന്നാൽ മനുഷ്യന്റെ ഓപ്പിയം ആണ്. ലഹരിവസ്തു എന്നതോടൊപ്പം വേദനസംഹാരി കൂടിയാണ് ഓപ്പിയം’ എന്നൊക്കെയാണ് മതത്തെക്കുറിച്ച് മാർക്‌സ് നിരീക്ഷിച്ചിട്ടുള്ളത്. അങ്ങനെ ചിന്തിക്കുമ്പോൾ കുറേക്കൂടി ക്രിയാത്മകമാണ് മാർക്‌സിന്റെ സമീപനം. സാമൂഹ്യബോധത്തിന്റെയും പ്രതിഷേധത്തിന്റെയും ആവിഷ്‌കാരമായി മതത്തെ കാണുന്നുണ്ടെങ്കിലും ഒളിച്ചോട്ടമാണ് ഈ പ്രതിഷേധത്തിന്റെ സ്വഭാവം എന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്. ഇനിയും സ്വയം കണ്ടെത്താത്ത വനോ കണ്ടെത്തിയിട്ടും സ്വയം നഷ്ടപ്പെട്ടവനോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാ ണ് മതമെന്നും തലകുത്തിനിർത്തപ്പെട്ട ലോകബോധമാണതെന്നും അദ്ദേഹം വിലയിരുത്തുന്നു.
എന്നാൽ, മനുഷ്യൻ എന്തായിട്ടാണോ ഭൂമിയിൽ നിലകൊള്ളേണ്ടത്, അതിലേക്ക് അവനെ പരിവർത്തിപ്പിക്കലാണ് മതം എന്ന് അലി ഇസ്സത് ബെഗോവിച് പറയുന്നു. എന്നുപറഞ്ഞാൽ ഭൗതികവും മാനസികവുമായ സന്തുലിതത്വമുള്ള മനുഷ്യനെ സൃഷ്ടിക്കലാണ് ഇസ്‌ലാം. ഇതൊരു തിരിച്ചറിവ് അഥവാ അന്തഃപ്രജ്ഞ ആണ്. അന്തഃപ്രജ്ഞയെ (Intuition) നിരാകരിക്കുമ്പോഴാണ് അനുഭവമാത്രവാദം ഉണ്ടാകുന്നത്. എന്നാൽ Intuition ആയാണ് വെളിപാടുകൾ നിലനിൽക്കുന്നത്. ഇതിനെ യുക്തിഭദ്രമായി വിവരിക്കുന്നുണ്ട് ദെകാർത്ത്. ഒരർഥത്തിൽ യുക്തിവാദം എന്നത് ഇന്റ്യൂഷനെ നിരാകരിക്കലാണല്ലോ. തത്ത്വശാസ്ത്രത്തിൽ യുക്തിവാദത്തിന്റെ ആചാര്യനായ ദെകാർത്ത് ആകട്ടെ, അന്തഃപ്രജ്ഞയെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. വെളിപാടുകളെയും അദ്ദേഹം യുക്തിബോധത്തോടെ സമർഥിക്കുന്നു. നന്മതിന്മകളെക്കുറിച്ചുള്ള അവബോധത്തെപ്പോലും ഇങ്ങനെയാണ് ദെകാർത്ത് കാണുന്നത്. ‘മനുഷ്യനിൽ ധാർമികചിന്തകൾ ഉൽഭവിക്കുന്നത് എവിടെനിന്നാണ്? അതൊരിക്കലും തന്നെ ശാസ്ത്രത്തിൽ നിന്നാവാ ൻ സാധ്യതയില്ല. അത് മനുഷ്യന്റെ വികാസത്തിൽനിന്നുണ്ടാകുന്നതാണ്. മനുഷ്യചരിത്രം എന്നത് അത്ര എളുപ്പത്തിൽ വായിക്കാൻ പറ്റുന്ന ഒരു സംഗതിയല്ല. അത് വളരെ സങ്കീർണമാണ്. അതുകൊണ്ടു തന്നെ അതിനെ ശരിയായി മനസ്സിലാക്കിക്കഴിഞ്ഞാൽ നമ്മൾ കാണേണ്ടത് ധാർമികത എന്നത് Intuitionമായി ബന്ധമുള്ളതാണെന്നാണ്.’
അവർ മനുഷ്യന്റെ സഹജ പ്രകൃതിയെ സംബന്ധിച്ച് പറയുന്നുണ്ട്. ഈ സഹജ പ്രകൃതിയെയാണ് വിശുദ്ധ ക്വുർആൻ ഫിത്വ‌്റഃ എന്നടയാളപ്പെടുത്തുന്നത്. ഫിത്വ‌്‌റയുമായി ബന്ധപ്പെടുത്തുമ്പോൾ ധാർമികാവബോധം മനുഷ്യനിൽ സ്വാത്മപ്രചോദിതമായി നിലകൊള്ളുന്ന ഒന്നാണെന്ന് വരും. ധർമാധർ മവിവേചനബോധം മനുഷ്യനിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ക്വുർആൻ അതു സംബന്ധമായി പറയുന്നു. ഓരോ മനുഷ്യന്നും അവന്റെ യുക്തിയിൽ തന്നെയുള്ള ഘടകമാണ് ഈ വിവേചനബോധം. ഇതിൽ നിന്നാണ് ധാർമികത ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ധാർമിക ബോധം എന്നുപറഞ്ഞാൽ മനുഷ്യന്റെ എംപിരിക്കൽ ആയ ജ്ഞാനത്തിൽനിന്ന് കിട്ടുന്നതല്ല. അത് Intutionൽ നിന്ന് കിട്ടുന്നതാണ്. സ്വാഭാവിക മായും അതിലൂടെ മാത്രമെ മനുഷ്യന്റെ അതിജീവനം സാധ്യമാവുകയുള്ളൂ, ഒപ്പം വിമോചനവും. ആത്യന്തി കമായി ശാസ്ത്രത്തിന്റെ ലക്ഷ്യം സത്യാന്വേഷണമല്ല. സത്യത്തെക്കാൾ അതിജീവനവുമായാണ് അതിന് ബന്ധം.
ഇസ്‌ലാമിന്റെ തിയോളജി, ഒറ്റവാക്കിൽ തൗഹീദ് ആണ്. ഇതിന് വിരുദ്ധമായ ദൈവശാസ്ത്രത്തെയാണ് ക്വുർആൻ ശിർക്ക് എന്ന് വിശേഷിപ്പിക്കുന്നത്. ശിർക്കിനെ ക്വുർആൻ ദ്വുൽമ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അക്രമം എന്നും അനീതി എന്നും അർഥമുള്ള പദമാണത്. സ്വാഭാവികമായും തൗഹീദ് എന്നാൽ നീതിയാണ്. ഇതാണ് ഇസ്‌ലാമിന്റെ എതിക്‌സിന്റെ പ്രധാന അടിസ്ഥാനം. യുക്തിയെയും ബുദ്ധിയെയും പാടെ നിരാകരിക്കുന്ന മതമല്ല ഇസ്‌ലാം. എന്നാൽ മത സംബന്ധിയായ കാര്യങ്ങളിൽ പ്രമാണങ്ങളാണ് ആത്യന്തിക അവലംബം. എല്ലാ കാര്യങ്ങളിലും മധ്യമ നിലപാടാണ് ഇസ്‌ലാമിനുള്ളത്.

