മക്കൾ വഴിതെറ്റുന്നുവോ?
മുഹമ്മദ് അഷ്‌റഫ് ഏകരൂൽ
2025 മാർച്ച് 29, 1446 റമദാൻ 28

മക്കൾ വഴിതെറ്റുന്നു എന്ന പരാതി വർധിച്ച തോതിൽ രക്ഷിതാക്കളിൽനിന്ന് ഉയർന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഒരുപാട് കാരണങ്ങൾ അതിനു പിന്നിൽ ഉണ്ടാകാം. കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നത് മിക്കവാറും അത് ഉപയോഗിക്കുന്നവരുമായുള്ള കൂട്ടുകെട്ടിലൂടെയായിരിക്കും. എന്നാൽ ഇന്നത്തെ പല കുട്ടിക്കുറ്റവാളികളെയും സൃഷ്ടിക്കുന്നത് സ്വന്തം മാതാപിതാക്കൾ തന്നെയാണ് എന്നാണ് ഇതിനെക്കുറിച്ച് പഠന നിരീക്ഷണങ്ങൾ നടത്തിയവർ പറയുന്നത്!
മക്കളുടെ വ്യക്തിത്വമോ പ്രായമോ അഭിമാനമോ പരിഗണിക്കാതെയുള്ള നിരന്തര ശാപവും കോപവും അതിരുകടന്നതും അപക്വവുമാർന്നതുമായ മര്യാദ പഠിപ്പിക്കലും ശരിയല്ല. ഉപദേശിക്കുന്നത് ഇഷ്ടമല്ലാത്ത തലമുറയാണ് വളർന്നുവരുന്നത്. അതുകൊണ്ടുതന്നെ വളരെ ഗുണകാംക്ഷയോടെയുള്ള നിലയി ലായിരിക്കണം ഉപദേശം നൽകുന്നത്.
മക്കളോട് മാന്യമായും മൃദുവായും പെരുമാറാൻ പഠിപ്പിക്കുന്ന ഇസ്‌ലാമിന്റെ അധ്യാപനങ്ങളൊന്നും പല രക്ഷിതാക്കളും അധ്യാപകരും മുഖവിലക്കെടുക്കുന്നില്ല. ആവശ്യത്തിൽ കവിഞ്ഞു ശിക്ഷിക്കുകയും പ്രായം പരിഗണിക്കാതെ അപമാനിക്കുകയും ചെയ്യുന്നത് നിമിത്തം മുറിവേൽക്കുന്ന കൗമാരവും ബാല്യവും, ധാർമികതയും കുടുബ സംവിധാനവുമെല്ലാം പാരതന്ത്ര്യവും തന്മൂലം മനുഷ്യവിരുദ്ധവുമാണെന്ന അപകടമാർന്ന വിലയിരുത്തലിലേക്ക് എത്തുകയും സ്വന്തം നെയ്‌തെടുക്കുന്ന ഒരു സ്വതന്ത്ര ജീവിത രീതി ശീലിക്കുകയും നിയമ ലംഘനങ്ങളെ നിസ്സാരമായി കണ്ടു തുടങ്ങുകയും ചെയ്യുന്നു.
അല്ലാഹുവും റസൂലും എല്ലാ മനുഷ്യരോടും മാന്യമായി പെരുമാറുവാൻ പഠിപ്പിക്കുന്നു. കോപത്തെ നിയന്ത്രിക്കുവാൻ ഉപദേശിക്കുന്നു. ക്ഷമയും മാപ്പാക്കലും ജീവിത ഗുണമായി കൊണ്ടുനടക്കാൻ ആവശ്യപ്പെടുന്നു. ദയാദാക്ഷിണ്യം കൈവിടരുതെന്ന് ഓർമപ്പെടുത്തുന്നു. പരുഷ ഹൃദയം വേണ്ടപ്പെട്ടവരെ പോലും നമ്മിൽനിന്ന് അകറ്റുമെന്നു താക്കീത് നൽകുന്നു. ഇതിൽ മക്കൾ ഉൾപെടുകയി
െല്ലന്ന് കരുതാനൊക്കുമോ? സന്തം വീട്ടിലല്ലേ നാം ഇതെല്ലൊം ആദ്യം നടപ്പിലാക്കേണ്ടത്? അല്ലാഹു പറയുന്നു: “തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബ ബന്ധമുള്ളവർക്ക് (സഹായം) നൽകുവാനുമാണ്...’’ (16:90).
കുട്ടികളുടെയും കൗമാരക്കാരുടെയും ജൈവ പ്രകൃതിയാണ് കളിയോടുള്ള അവരുടെ അഭിനിവേശം. ഈ ജൈവ പ്രകൃതിയെ കണ്ടറിയുവാനും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാനും രക്ഷിതാക്കൾക്ക് കഴിയണം. ശാരീരിക, മാനസിക ഉല്ലാസവും ആരോഗ്യവും പ്രദാനം ചെയ്യുന്ന, നിരുപദ്രവകരമായ വിനോദങ്ങൾക്കുള്ള അവസരങ്ങൾ മനഃപൂർവം നാം സൃഷ്ടിച്ചു നൽകുകയോ, അത്തരം ചുറ്റുപാടിലേക്ക് അവരെ വഴി നടത്തുകയോ ചെയ്യണം. അല്ലാത്തപക്ഷം സ്വാഭാവികമായും അവർ അവരുടെ അപക്വമായ തെരഞ്ഞെടുപ്പിലൂടെ ബദൽ സംവിധാനങ്ങൾ സ്വയം തട്ടിക്കൂട്ടുകയും മോശക്കാരുടെ വൃത്തത്തിലേക്ക് ആനയിക്കപ്പെടുകയും ചെയ്യും. കുടുംബത്തിനും സമൂഹത്തിനും തലവേദന സൃഷ്ടിക്കുമാറ് അവർ വഴികേടിലേക്ക് ചെന്നെത്തുകയായിരിക്കും പിന്നീട് സംഭവിക്കുക.
ഈയിടെ കേരളത്തിലെ ചില നഗരങ്ങളിൽ നിന്ന് പിടിക്കപ്പെട്ട ബൈക്ക് മോഷ്ടാക്കളായ കുട്ടികളെ പരിശോധിച്ചതിൽ കണ്ടത്തിയ വസ്തുത, അവരാരും ജീവിക്കുവാൻ നിവൃത്തിയില്ലാത്ത ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരല്ല എന്നതാണ്. ധൂർത്തടിക്കാൻ പണം വേണം. ഒഴിവ് വേളകൾ ചെലവഴിക്കുവാൻ ഉപകാരപ്രദമായ അജണ്ടകൾ അവർക്കില്ല. അവർ എവിടെയായിരുന്നു, എന്തെടുക്കുകയായിരുന്നു എന്ന് രക്ഷിതാക്കൾ അറിയുന്നില്ല, അന്വേഷിക്കുന്നുമില്ല. ഇവിടെ രക്ഷിതാക്കൾ പ്രതികളായിത്തീരുന്നു. അഞ്ചുനേരത്തെ നിർബന്ധ നമസ്‌കാരം മുറതെറ്റാതെ പള്ളിയിൽ വെച്ചുതന്നെ നിർവഹിക്കണം എന്ന മിനിമം അജണ്ടയെങ്കിലും ഒഴിവുകാലത്ത് ആൺകുട്ടികൾക്ക് ഉണ്ടായാൽ സമയത്തിന്റെ ഒരു നീണ്ട ലോകം അവർക്ക് മുമ്പിൽ വെറുതെ തുറന്ന് കിടക്കുന്നതായി തോന്നില്ല. കൃത്യത, സമയനിഷ്ഠ തുടങ്ങിയ നല്ല ജീവിത ശൈലികൾ ആർജിക്കാൻ അതവരെ സഹായിക്കുകയും ചെയ്യും.

