മധുരിക്കുന്ന ദാമ്പത്യം
ശറഫുദ്ദീൻ ശറഫി എടത്തനാട്ടുകര
2025 ഏപ്രിൽ 19, 1446 ശവ്വാൽ 20

കണ്ണിന് ചെറിയ ഒരു അസ്വസ്ഥത ബാധിച്ചതു കാരണമാണ് അന്ന് വൈകുന്നേരം ഡോക്ടറെ കാണിക്കാൻ ഹോസ്പിറ്റലിൽ എത്തിയത്. വലിയ തിരക്കൊന്നും കണ്ടില്ല. പെട്ടെന്ന് തിരിച്ചുപോകാം എന്ന് സമാധാനിച്ചു. കുറച്ചു കഴിഞ്ഞാണ് ഡോക്ടർ അൽപം തിരക്കിലാണ്, കുറച്ചു സമയം കാത്തിരിക്കണം എന്ന് അറിയുന്നത്.
പലതും ചിന്തിച്ച് അവിടെ ഇരിക്കുമ്പോഴാണ് ഒരു സ്ത്രീ ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. നല്ല രൂപത്തിൽ ഇസ്‌ലാമികമായി വസ്ത്രം ധരിച്ച് ക്ഷമയോടെ കാത്തിരിക്കുന്ന അവരോടൊപ്പം ഒരു ചെറിയ കുട്ടിയുമുണ്ട്. അവർ ഭർത്താവിനോടാണ് സംസാരിക്കുന്നത് എന്ന് മനസ്സിലായി.
ഇടക്ക് അവർ ചോദിച്ചു: ‘ബാങ്ക് കൊടുക്കാറായല്ലോ, പള്ളിയിൽ പോകുന്നില്ലേ?’
സ്‌നേഹത്തിൽ പൊതിഞ്ഞ, ഗുണകാംക്ഷാനിർഭരമായ വാക്കുകൾ. തന്റെ അഭാവത്തിലും തന്റെ പ്രിയതമന്റെ ആരാധനാകാര്യങ്ങളിൽ ശ്രദ്ധിക്കുന്ന ഇണ! അവളുടെ ഭർത്താവ് എത്ര ഭാഗ്യവാൻ! ഇഹലോകം മുഴുവനും വിഭവമാണെന്നും അതിൽ ഉത്തമമായത് സ്വാലിഹത്തായ ഭാര്യയാണെന്നുമുള്ള പ്രവാചകവചനം ഓർത്തുപോയി ഞാൻ.
ദാമ്പത്യം മനോഹരമാകുന്നത് ജീവിത വിഭവങ്ങളുടെ ആധിക്യത്തിലോ സാമ്പത്തിക വർധനവിലോ അല്ല; പ്രപഞ്ച സ്രഷ്ടാവിനെ ഭയപ്പെട്ട്, അവന്റെ മാർഗത്തിൽ പരസ്പരം ഓർമപ്പെടുത്തിയും തിരുത്തിയും മുന്നോട്ട് പോകുമ്പോഴാണ്. എങ്കിൽ ദാമ്പത്യം മധുരമനോഹര ജീവിതാനുഭവമായി നിലനിൽക്കും.
ഗുണകാംക്ഷയോടുകൂടിയുള്ള ഉപദേശങ്ങൾ ആവശ്യഘട്ടത്തിൽ ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും നൽകുന്നത് ദാമ്പത്യത്തെ കൂടുതൽ ആസ്വാദ്യകരമാക്കും. അത് കേൾക്കാനും ഉൾക്കൊള്ളാനു മുള്ള നല്ല മനസ്സ് രണ്ടുപേർക്കും ഉണ്ടായിരിക്കണമെന്നു മാത്രം.

