ബീറ്റാ ജനറേഷൻ ഉണർത്തുന്ന ചിന്തകൾ
അൻവർ കണ്ണീരി അമ്മിനിക്കാട്
Counselling Psychologist Moulana Hospital, Perinthalmanna
2025 ഏപ്രിൽ 12, 1446 ശവ്വാൽ 13

ഇന്റർനെറ്റിനു ശേഷമുള്ള സൈബർരംഗം’ എന്നാണ് മെറ്റാവേഴ്‌സിനെ നിർവചിച്ചിരിക്കുന്നത്. കേവലം ഒരു സമൂഹമാധ്യമം എന്ന നിലയിൽനിന്നു മെറ്റാവേഴ്‌സ് എന്ന ആശയത്തിലേക്കു മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സുക്കർബർഗ് പറയുന്നത്. മെറ്റാവേഴ്‌സിൽ നിങ്ങളുടെ മുറിയിലിരുന്നുകൊണ്ട് ലോകത്തെങ്ങുമുള്ള ആളുകളെ പരിചയപ്പെടാം. അവരോടൊപ്പം ആശയവിനിമയം നടത്താം, മെറ്റാവേഴ്‌സിലെ സ്ഥലങ്ങളും കെട്ടിടങ്ങളും നിങ്ങൾക്ക് ക്രിപ്‌റ്റോ കറൻസിയുപയോഗിച്ച് വാങ്ങാം. ആവശ്യം വരുമ്പോൾ വിൽക്കാം. അവിടുത്തെ സർവകലാശാലകളിൽ പോയി പുതിയ കോഴ്‌സുകൾ പഠിക്കാം. ചുരുക്കത്തിൽ ബാഹ്യലോകവും ഡിജിറ്റൽ ലോകവുമായുള്ള അതിരുകൾ മായുന്ന, വളരെ സങ്കീർണമായ ഒരവസ്ഥയാണ് മെറ്റാവേഴ്‌സ് സൃഷ്ടിക്കുന്നത്.
യാഥാർഥ്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം വിർച്യുൽ റിയാലിറ്റിയുടെ ലോകത്തേ ക്ക് മനുഷ്യൻ ആണ്ടുപോവുകയാണ് ചെയ്യുന്നത്.
‘ബീറ്റാ ജനറേഷൻ’ എന്നറിയപ്പെടുന്ന പുതിയ തലമുറയോട് സംവദിക്കേണ്ട ഭാഷയും പുലർത്തേണ്ട സമീപനവും നാം മനസ്സിലാക്കണം. പുതിയ തലമുറയുടെ സമീപനരീതി മനസ്സിലാക്കി അവരോട് സംവദിക്കാനുള്ള പ്രാപ്തി നേടുക എന്നത് പ്രബോധകരുടെ കടമയാണ്.
പുതുതലമുറയെ മുഴുവൻ ലഹരിക്കടിമയായവരെന്നു വിധിച്ച് അകറ്റിനിറുത്തുന്നതിനു പകരം അവരെ ചേർത്തുപിടിച്ച് കൂടെ നിറുത്തുകയാണ് വേണ്ടത്. നിർമിതബുദ്ധിയുടെ കാലത്ത് തിന്മകൾ ലഘുകരിക്കപ്പെടുന്ന പ്രവണത കൂടുതലാണ്.

ഒരിക്കൽ എന്റെ കൗൺസിലിംഗ് ഒപിയിലേക്ക് ഒരു ഉമ്മയും അവരുടെ സഹോദരിയും വന്നു. പ്ലസ് വണ്ണിൽ പഠിക്കുന്ന മകൻ റൂമിൽനിന്നും പുറത്തിറങ്ങുന്നില്ലെന്നും എപ്പോഴും മൊബൈലിലാണെന്നും അവന് എന്തോ ഒരു കുഴപ്പമുണ്ടെന്നും ആ ഉമ്മ പറഞ്ഞു. അവരെ ആശ്വസിപ്പിച്ചു പുറത്തിരിക്കുന്ന മകനെ വിളിക്കാൻ നിർദേശം നൽകി. 18 വയസ്സുകാരനായ മകന്റെ മുഖത്ത് നിരാശാഭാവം മുഴച്ചു നിൽക്കുന്നുണ്ട്. അവനെ വളരെ സ്‌നേഹത്തോടെ ക്ഷണിച്ചു. ഫാമിലി ഡയഗ്രാം ഉൾപ്പെടെ ഓരോന്ന് ചോദിച്ചറിയവെ മൊബൈൽ ഉപയോഗത്തിലേക്ക് സംസാരമെത്തിച്ചു. മൊബൈലിൽ കൂടുതൽ കാണുന്നതെന്തെന്നു ചോദിച്ചപ്പോൾ ‘സാർ, ഞാൻ മൊബൈലിൽ എഐയോട് കൂടുതൽ സംസാരിക്കും. മനുഷ്യരെയൊന്നും വിശ്വസിക്കാൻ സാധിക്കില്ല സാർ’ എന്ന് നിഷ്‌കളങ്കമായി അവൻ മറുപടി നൽകിയപ്പോൾ ഉള്ളിൽ പടർന്ന അമ്പരപ്പ് പുറത്ത് കാണിക്കാതെ അവനൊരു ഷേക്ക് ഹാൻഡ് നൽകി. ‘ഈ പ്രായത്തിലുള്ള ഒരു മകൻ ഇത്രയും പക്വതയോടെ സംസാരിക്കുന്നത് എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്, എനിക്ക് താങ്കളെ വളെരെ ഇഷ്ടമായി’ എന്നുകൂടി ഞാൻ പറഞ്ഞപ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം ലഭിച്ച പരിഗണനയുടെയും മുൻഗണനയുടെയും പരിണിത ഫലമായിരുന്നു.
നിർമിത ബുദ്ധിയെ മനുഷ്യനെക്കാൾ വിശ്വസിക്കുന്ന ഒരു തലമുറ വളരുന്നതിന്റെ പ്രതിനിധിയായിരുന്നു മുന്നിലെത്തിയ ആ വിദ്യാർഥി. അംഗീകാരത്തിന്റെയും പരിഗണനയുടെയും സ്‌നേഹത്തിന്റെയും കുറഞ്ഞവാക്കുകൾ പോലും അവനിലുണ്ടാക്കിയത് വലിയ മാറ്റമാണ്. നമ്മുടെ സമീപന രീതിക്കാണ് മറ്റെന്തിനെക്കാളും നാം സൗന്ദര്യം കൂട്ടേണ്ടത്. ആ രീതി അവനെ മാറ്റിയെടുക്കുകയും ചെയ്തു.

