അവധിക്കാലം: ഉമ്മമാരോട് സ്‌നേഹപൂർവം
ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി
2025 ഏപ്രിൽ 19, 1446 ശവ്വാൽ 20

ഒരു ഒഴിവുദിവസം തറവാട്ടിലെ പറമ്പിലൂടെ നടക്കാനിറങ്ങിയപ്പോൾ കണ്ട, നിലത്ത് വീണുകിടക്കുന്ന പഴുത്ത മാങ്ങകളും അതിന്റെ കൊതിയൂറും മണവും ബാല്യത്തിലെ അവധിക്കാലത്തിലേക്ക് മനസ്സിനെ കൊണ്ടുപോയി!
പറമ്പിന്റെ വണ്ണവും മാവുകളുടെ എണ്ണവുമെല്ലാം കുറഞ്ഞിട്ടുണ്ടെങ്കിലും അവധിക്കാലവും കുട്ടികളും മാങ്ങയുമെല്ലാം ഇന്നുമുണ്ട്. ‘പാടവും പറമ്പും കുട്ടിപ്പുരകളുമൊന്നും വേണ്ടാത്ത മക്കൾ’ എന്ന് വെറുതെ പഴി പറഞ്ഞ് ആത്മനിർവൃതിയടയുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ കാലത്തിനൊത്ത് മക്കളോട് ഇടപഴകി അവരിൽ മൂല്യവത്തായ ഒരു ജീവിത ശൈലി ഉണ്ടാക്കിയെടുക്കാത്തത് മുതിർന്നവരുടെ കഴിവു കേടാണ് എന്നതാണ് വാസ്തവം.
മുതിർന്നവർ എന്ന് പറയുമ്പോൾ ഉമ്മയാണ് അതിന്റെ ഏറ്റവും ഉത്തരവാദപ്പെട്ട വ്യക്തി. ഉമ്മ/ഭാര്യ ഒരു വീടിന്റ ഭരണാധികാരിയാണ് എന്നാണ് നമ്മൾ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. അതായത് ആ വീട്ടിലെ തന്റെ ഭരണീയരെയെല്ലാം കൃത്യമായി പരിപാലിക്കേണ്ട ചെറുതല്ലാത്ത ഉത്തരവാദിത്തം തന്നെയാണ് അവളിൽ ഏൽപിക്കപ്പെട്ടിട്ടുള്ളത്.
വീണ്ടുമൊരു അവധിക്കാലം വന്നെത്തിയിരിക്കുന്നു. ഓരോ മാതാവും തന്റെമേൽ ഏൽപിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ കർത്തവ്യങ്ങളിൽ ഒന്നായ, തന്റെ മക്കളുടെ മേൽനോട്ടം വളരെ കണിശതയോടെ ത്തന്നെ കൈകാര്യം ചെയ്യേണ്ട സമയമാണിത്.
സമകാലീന സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് തന്നെ, ആശങ്കകൾ വെടിഞ്ഞ് ജാഗ്രതയോടെ മുന്നോട്ടുപോവുകയാണ് വേണ്ടത്. തന്റെ മക്കളുടെ പ്രായത്തിനനുസരിച്ച് ശരിയായ പാരന്റിങ് പഠിച്ചറിഞ്ഞ് അതനുസരിച്ചാവണം ഓരോ ഉമ്മയും മക്കളെ കൈകാര്യം ചെയ്യേണ്ടത്.
മക്കളുമായി കൂട്ടുകൂടുക
മക്കളും മാതാപിതാക്കളും തമ്മിലെ അടുപ്പം വളരെ പ്രധാനപ്പെട്ടതാണ്. തിരക്കുപിടിച്ച ലോകത്ത് ആർക്കും ആരെയും പരിഗണിക്കാൻ സമയമില്ല എന്നത് മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തെയും സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. പ്രായമായ മാതാപിതാക്കളെ നോക്കാൻ മക്കൾക്ക് സമയമില്ലാത്തതു പോലെത്തന്നെ, മുലകുടിക്കേണ്ട പ്രായത്തിലുള്ള മക്കളെ നോക്കാൻ പോലും മാതാപിതാക്കൾക്കും സമയമില്ല എന്നതാണ് വാസ്തവം.
വീട്ടുജോലികളാണെങ്കിലും അവനവന്റെ ഉദ്യോഗമാണെങ്കിലും മക്കൾക്കായി ഒരു ക്വാളിറ്റി ടൈം മാറ്റി വെക്കുക എന്നത് നിർബന്ധമായും ചെയ്യേണ്ട കാര്യമാണ്. മക്കളുടെ പ്രായമനുസരിച്ച് അവർക്ക് നമ്മളോടും തിരിച്ചും പങ്കുവെക്കേണ്ട കാര്യങ്ങൾ പരിഗണിക്കുകതന്നെ വേണം. പരിഗണനകൾ യഥാവിധം ലഭിക്കുന്ന മക്കൾ അവരുടെ വികാരവിചാരങ്ങൾ മറ്റാരെക്കാളും കൂടുതൽ അടുപ്പത്തോടെയും വിശ്വാസത്തോടെയും അവരുടെ മാതാപിതാക്കളുമായി പങ്കുവെക്കാൻ മടിക്കില്ല. മറിച്ചാണെങ്കിൽ തെറ്റായ കൂട്ടുകെട്ടുകളിലും പല തെറ്റായ പ്രവർത്തനങ്ങളിലും മക്കൾ അകപ്പെട്ടുപോകാനുള്ള സാധ്യത ഏറെയാണ്.

Screen Time
ഈ കാലഘട്ടത്തിലെ കുട്ടികൾക്ക് മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കാത്ത ഒരു ജീവിതം സാധ്യമല്ല. ഏന്നാൽ എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രസക്തം.
കുട്ടികളുടെ പ്രായം, പഠനം തുടങ്ങിയവയനുസരിച്ച് അവർക്ക് സ്‌ക്രീൻ ടൈം നിശ്ചയിച്ച് കൊടുക്കുകയും എന്തു കാണാം, എന്തു കാണരുത് എന്ന് കൃത്യമായി പറഞ്ഞുകൊടുക്കുകയും ആ കാര്യങ്ങളിൽ കണിശത പുലർത്തുകയും ചെയ്യുക രക്ഷിതാക്കളുടെ കർത്തവ്യമാണ്.
കൂട്ടുകുടുംബങ്ങളിലും അടുത്ത കുടുംബ വീടുകളിലുമൊക്കെ താമസിക്കുന്നവർ ഈ രംഗത്ത് ഐക്യത്തോടെ ഒരു തീരുമാനമെടുത്താൽ മാത്രമാണ് പലപ്പോഴും ഇത്തരം തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുത്താൻ കഴിയുക. അവധിക്കാലത്ത് മക്കൾ കുടുംബ വീടുകളിലേക്ക് വിരുന്നു പോകുമ്പോഴും ഇത്തരം മേഖലകളിൽ അവർക്ക് വേണ്ടപ്പെട്ടവരുടെ ശ്രദ്ധ ലഭിക്കുന്നുണ്ട് എന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തേണ്ട തുണ്ട്. കാരണം, കുട്ടികൾ ഒത്തുകൂടുമ്പോൾ ഇസ്‌ലാമികമായ കാര്യങ്ങളിൽനിന്നും ശ്രദ്ധ മാറിപ്പോവുകയും പലപ്പോഴും കൂട്ടുകെട്ടുകളിൽ പെട്ട് നമസ്‌കാരത്തിൽപോലും കണിശത നഷ്ടപ്പെടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്.
Out door games
കുട്ടികളുടെ കളിയും ചിരിയും തുടങ്ങുന്ന പ്രായം തൊട്ട് അവരുമായി കളിക്കാൻ നമ്മളുണ്ടാവണം. സഹോദരങ്ങൾ പരസ്പരം കൂട്ടുകാരായി കളിക്കുവാനുള്ള അവസരങ്ങൾ ഒരുക്കണം. പ്രായത്തിനനുസ രിച്ച് മുറ്റത്തേക്കും പറമ്പിലേക്കുമെല്ലാം കളി നീങ്ങണം.
അയൽപക്കത്തെയും കുടുംബത്തിലെയുമെല്ലാം കുട്ടികളുമൊത്തുള്ള സഹവാസം കുട്ടികളിൽ പരസ്പര സ്‌നേഹം, കരുതൽ, ബഹുമാനം, അനുസരണം തുടങ്ങിയ വിവിധ സാമൂഹിക മൂല്യങ്ങൾ പഠിക്കാനും വളർത്താനും സഹായകമാകും. കൂടാതെ, അൽപം വെയിലും വെള്ളവും മണ്ണുമൊക്കെയായി ഇടപഴകിയുള്ള കളികൾ കുട്ടികളുടെ രോഗപ്രതിരോധശേഷി വളരുവാനും കാരണമാവുന്നു. ദേഹമനങ്ങിയുള്ള കളികൾ കുട്ടികളിൽ ശരിയായ വിശപ്പും ദഹനവും വളർച്ചയും ഉണ്ടാക്കുവാനും സഹായിക്കുന്നു.
കുടുംബ സന്ദർശനങ്ങൾ
ഒഴിവുദിവസങ്ങളിൽ കുട്ടികളുമായി യാത്രകൾ പ്ലാൻ ചെയ്യാം. കുടുംബ വീടുകളിലേക്കും സുഹൃത്തുക്കളുടെ വീടുകളിലേക്കും പോകാം. രോഗികളെ സന്ദർശിക്കലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോകലുമെല്ലാം അതിൽ ഉൾപ്പെടുത്താം.
യാത്രാവേളകളിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ രക്ഷിതാക്കളോ മക്കളോ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. ഈ സമയമത്രയും യാത്രയുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുക. ഇത്തരം യാത്രകൾ കുട്ടികളെ വിവിധ ജീവിത സാഹചര്യങ്ങളും സാമൂഹികാന്തരീക്ഷവും മനസ്സിലാക്കാൻ സഹായിക്കും. യാത്രയിലെ ഇസ്‌ലാമിക മര്യാദകൾ നിർബന്ധമായും പഠിപ്പിക്കാൻ ശ്രദ്ധിക്കണം. റീൽസിലും ഷോർട്‌സിലും ബ്ലോഗുകളിലും കാണുന്നതല്ല യഥാർഥ ജീവിതമെന്നും, ജീവിതമെന്നത് സുഖദുഃഖ സമ്മിശ്രമാണെന്നും കുട്ടികൾ മനസ്സിലാക്കേണ്ടതും ഈ യാത്രകളുടെ ലക്ഷ്യങ്ങളിലൊന്നായിരിക്കണം.
കലാകായിക മേഖലകളിലെ ഇടപെടലുകൾ
കുട്ടികളിലെ കലാകായിക കഴിവുകളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും അവ വളർത്തിയെടുക്കാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യണം. ഇത് ഒഴിവുസമയം ഫലപ്രദമായ രീതിയിൽ ചെലവഴിക്കാനും അനാവശ്യമായ കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കാനും കുട്ടികളെ സഹായിക്കും.
അവധിക്കാല ക്യാമ്പുകൾ
കുട്ടികളുടെ അവധിക്കാലം ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ അവധിക്കാല ക്ലാസുകളും ക്യാമ്പുകളും നമ്മുടെ നാട്ടിൽ നടന്നുവരുന്നുണ്ട്. മദ്‌റസ പഠനം നിറുത്തിയ കുട്ടികൾക്കെല്ലാം സിആർഇ പോലെയുള്ള തുടർപഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം ക്ലാസുകളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ രക്ഷിതാക്കൾ മുൻകൈയെടുക്കുകയും കൃത്യമായി മക്കളെ അവിടെ എത്തിക്കു വാൻ ശ്രമിക്കുകയും ചെയ്യുക.

