ആരായിരിക്കണം കൂട്ടുകാർ?
മൻഷൂഖ് അൽഅസ്ഹരി എടത്തനാട്ടുകര
2025 മാർച്ച് 29, 1446 റമദാൻ 28

കുടുംബത്തിൽനിന്നും കടമകളിൽനിന്നുമെല്ലാം മാറിനിന്ന് സന്യാസജീവിതം നയിക്കുക എന്നത് ഒരു മുസ്‌ലിമിന് അനുയോജ്യമായ കാര്യമല്ല. എന്നാൽ അല്ലാഹുവിനോട് പ്രാർഥിക്കുന്നതിനും ദിക്‌റുകൾ ചൊല്ലുന്നതിനും നമസ്‌കാരം നിർവഹിക്കുന്നതിനും റബ്ബിനെക്കുറിച്ച് ചിന്തിക്കുന്നതിനും ആത്മവിചിന്തനത്തിനും മനസ്സ് നന്നാക്കുന്നതിനുമെല്ലാം ഒഴിഞ്ഞിരിക്കുക എന്നത് അനിവാര്യമാണുതാനും.
പൂർണമായും സമൂഹത്തിൽനിന്ന് ഒഴിഞ്ഞിരിക്കുകയെന്നതും ദുനിയാവിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ പുലർത്തുകയെന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ആത്മീയ കാര്യങ്ങളും ഭൗതിക കാര്യങ്ങളും ഒരുമിച്ചു കൊണ്ടുപോകുവാൻ ശ്രമിക്കേണ്ടതുണ്ട്.
കൂട്ടുകൂടുക, ഇണക്കമുണ്ടാവുക എന്നത് ഒരു വിശ്വാസിയുടെ ലക്ഷണമാണ്. എന്നാൽ അനാവശ്യമായ കൂട്ടുകെട്ട് ഒഴിവാക്കൽ അനിവാര്യമാണ്. വിനോദങ്ങളിൽ അധികമായി സമയം ചെലവഴിക്കുകയും പരലോകചിന്തയില്ലാതിരിക്കുകയും ചെയ്യുന്നവരുമായി കൂട്ടുകൂടൽ അപകടകരമാണ്. കാരണം അവർ നമ്മുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നവരും സ്വർഗ പാതയിൽനിന്ന് നമ്മെ തടയുന്നവരുമാണ്. അവർ നമ്മിൽ സ്വാധീനം ചെലുത്തിയാൽ പിന്നീടവരെ ഉപേക്ഷിച്ചു പോരാൻ കഴിയാതെ വന്നേക്കാം. രോഗം വന്ന് ചികിത്സിക്കുന്നതിനു മുമ്പേ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുകയാണല്ലോ ഉത്തമം.
നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കുക എന്നത് ഈമാനിൽ അടിയുറച്ചു നിൽക്കുവാനും ഫിത്‌നകളിൽ നിന്ന് മാറി നിൽക്കുവാനും നമ്മെ സഹായിക്കും.
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം: നബിﷺ പറഞ്ഞു: “ഒരാൾ തന്റെ സ്‌നേഹിതന്റെ മതത്തിലായിരിക്കും. അതിനാൽ നിങ്ങളിലോരോരുത്തരും താൻ കൂട്ടുകൂടുന്നവരെ കുറിച്ച് ചിന്തിച്ചു നോക്കട്ടെ’’ (അബൂദാവൂദ്).
നമ്മെ പരലോക കാര്യത്തിൽ സഹായിക്കുകയും ഇഹലോക പ്രയാസങ്ങളിൽ ആശ്വസിപ്പിക്കുകയും ചെയ്യുന്ന കൂട്ടുകാർ നമുക്ക് ലഭിക്കുന്ന സമ്പത്താണ്. അത്തരം കൂട്ടുകാർ ജീവിതത്തിൽ എല്ലാ സമയത്തും നമുക്ക് ഉപകാരപ്പെയും.
അബൂമൂസ(റ)യിൽനിന്ന് നിവേദനം: നബിﷺ പറഞ്ഞു: “തന്റെ കൂടെയിരിക്കുന്ന നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉപമ കസ്തൂരി വഹിക്കുന്നവനെപ്പോലെയും ഉല
യിൽ ഊതുന്നവനെപ്പോലെയുമാകുന്നു. കസ്തൂരി വഹിക്കുന്നവൻ ഒന്നുകിൽ നിനക്ക് അത് വെറുതെ തരും, അല്ലെങ്കിൽ നിനക്ക് അവനിൽനിന്ന് വാങ്ങാം. അതുമല്ലെങ്കിൽ അവനിൽനിന്ന് നിനക്ക് നല്ല സുഗന്ധം അനുഭവിക്കാം. ഉലയിൽ ഊതുന്നവനാകട്ടെ ചിലപ്പോൾ നിന്റെ വസ്ത്രം കരിച്ചു കളയും. അല്ലെങ്കിൽ അവനിൽനിന്ന് നിനക്ക് ദുർഗന്ധം അനുഭവപ്പെടും’’ (ബുഖാരി).
അല്ലാഹുവിനെ ഭയപ്പെടുന്നവരുടെ കൂടെയല്ലാത്ത എല്ലാ കൂട്ടുകെട്ടുകളും നാളെ പരലോകത്ത് എതിരായി വന്നേക്കാം.
“സുഹൃത്തുക്കൾ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും; സൂക്ഷ്മത പാലിക്കുന്നവരൊഴികെ’’ (സൂറതുസ്സുഖ്‌റുഫ് 67).
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം: നബിﷺ പറഞ്ഞു: “തീർച്ചയായും അല്ലാഹു പറയും: എന്റെ മഹത്ത്വം കൊണ്ട് പരസ്പരം സ്‌നേഹിച്ചവർ എവിടെയാണ്? എന്റെ തണലല്ലാതെ വേറെ യാതൊരു തണലും ലഭിക്കാത്ത ഇന്നേദിവസം അവർക്ക് എന്റെ തണൽ ഞാൻ നൽകുന്നതാണ്’’ (മുസ്‌ലിം).
അല്ലാഹുവിനെ ഭയപ്പെടുന്ന, ജീവിതത്തിൽ ധാരാളം നന്മകൾ പതിവാക്കുന്ന, നാം മറന്നാൽ നമ്മെ ഓർമിപ്പിക്കുന്ന, നമ്മെ സഹായിക്കുന്ന, ആവശ്യങ്ങൾ നിറവേറ്റിത്തരാൻ ശ്രമിക്കുന്ന, ദേഷ്യപ്പെട്ടാൽ ക്ഷമിക്കുന്ന കൂട്ടുകാരെ ലഭിക്കുവാൻ നാം ശ്രമിക്കുകയും അതോടൊപ്പം നമ്മൾ അങ്ങനെ ആയിത്തീരുവാൻ പരിശ്രമിക്കുകയും വേണം.
ശൈഖ് ഇബ്‌നു ഉസൈമീൻ(റഹി) പറഞ്ഞു: “നിനക്ക് നന്മ അറിയിച്ചുതരുന്നതായും, അതിന് നിന്നെ സഹായിക്കുന്നതായും, നീ മറന്നാൽ നിന്നെ ഓർമിപ്പിക്കുന്നതായും, നിനക്ക് അറിവില്ലാതായാൽ നിന്നെ പഠിപ്പിക്കുന്നതായുമുള്ള കൂട്ടുകാരെ നീ കണ്ടെത്തിയാൽ അവരെ നീ മുറുകെ പിടിക്കുകയും അണപ്പല്ലുകൊണ്ട് കടിച്ചുപിടിക്കുകയും ചെയ്യുക.’’
അതുപോലെ നാം ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്: അവർ നന്മയും തിന്മയും തിരിച്ചറിയുവാൻ കഴിയുന്നവരായിരിക്കണം. അല്ലെങ്കിൽ അവൻ നമ്മെ തിന്മകളിലേക്കും കുഴപ്പങ്ങളിലേക്കും കൊണ്ടെത്തിക്കും.
സൽസ്വഭാവികളായിരിക്കണം. മറിച്ചാണെങ്കിൽ അവരുടെ ദുസ്സ്വഭാവവും സ്വാർഥതയുമെല്ലാം നമ്മെ അപകടത്തിലാക്കും. അവർ ബിദ്അത്ത് ചെയ്യുന്നവരായിരിക്കരുത്. അവരിലൂടെ നമ്മിലേക്കും അത് ഇരച്ചു കയറിയേക്കാം.
ദുനിയാവിനോട് അമിതമോഹം ഉള്ളവരാകരുത;് എങ്കിൽ പരലോകത്തെ വിട്ട് നമ്മളും ദുനിയാവിലെ സുഖസൗകര്യങ്ങളുടെ പിന്നാലെ പോയേക്കാം. അങ്ങനെയായാൽ നമ്മൾ പരലോകത്ത് വിരൽ കടിക്കേണ്ടി വരുന്ന ആളുകളുടെ കൂട്ടത്തിലാകും.
അല്ലാഹു പറയുന്നു: “അക്രമം ചെയ്തവൻ തന്റെ കൈകൾ കടിക്കുന്ന ദിവസം. അവൻ പറയും; റസൂലിന്റെ കൂടെ ഞാനൊരു മാർഗം സ്വീകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.എന്റെ കഷ്ടമേ! ഇന്ന ആളെ ഞാൻ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതിൽനിന്ന് അവൻ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ...’’ (ക്വുർആൻ 25/27-29).

