സ്ത്രീയും കൃഷിയിടവും അന്ധമായ വിമർശനവും

ജൗസല്‍ സി.പി

2022 ഒക്ടോബർ 15, 1444 റബീഉൽ അവ്വൽ 18

ഇസ്‌ലാം വിമർശകർ പലപ്പോഴും തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ക്വുർആൻ സൂക്തത്തെയാണ് ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

“നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങൾ ഇച്ഛിക്കും വിധം നിങ്ങൾക്ക് നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്. നിങ്ങളുടെ നന്മയ്ക്ക് വേണ്ടത് നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കേണ്ടതുമാണ്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങൾ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികൾക്ക് നീ സന്തോഷവാർത്ത അറിയിക്കുക’’ (ക്വുർആൻ 2:223).

ഇസ്‌ലാം സ്ത്രീകളെ മോശമായി കാണുന്നു എന്നതിനുള്ള തെളിവാണ് ഈ സൂക്തത്തിൽ ഭാര്യമാരെ കൃഷിയിടം എന്ന് ഉപമിച്ചത് എന്നാണ് ഇസ്‌ലാം വിമർശകരുടെ വാദം.

പ്രസ്തുത ആയത്തിലെ പ്രതിപാദ്യ വിഷയം എന്താണെന്ന് വിമർശകർക്കും ഒരുപക്ഷേ, നല്ലൊരു ശതമാനം മുസ്‌ലിംകൾക്ക് പോലും അറിവില്ലാത്തതുകൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ഒരു വിശദീകരണം നല്ലതാവും എന്ന് കരുതുന്നു.

ഇവിടെ സ്ത്രീകളെ കൃഷിയിടത്തോട് ഉപമിച്ചത് എന്തോ മോശപ്പെട്ട കാര്യമായി വിമർശകർ തെറ്റിദ്ധരിച്ചിരിക്കുന്നു. കൃഷിയോടുള്ള പുച്ഛമനോഭാവത്തിൽ നിന്നായിരിക്കണം ഇത്തരമൊരു ചിന്ത ഉണ്ടായത്. എന്നാൽ മണ്ണിനെ സ്‌നേഹിക്കുന്ന ഒരു കർഷകനെ സംബന്ധിച്ചിടത്തോളം കൃഷിയിടം എന്നത് അവന്റെ ജീവനാണ്, അവന്റെ എല്ലാമെല്ലാമാണ്.

പ്രസ്തുത സൂക്തം അവതരിപ്പിക്കപ്പെട്ടത് മദീനയിൽവെച്ചാണ്. കൃഷി മദീനയിലെ ആളുകളുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. എത്രത്തോളമെന്നാൽ, സ്വർഗത്തിലുള്ള ഒരാൾ അല്ലാഹുവിനോട് തനിക്ക് കൃഷി ചെയ്യാൻ അവസരം തരണമെന്ന് ആവശ്യപ്പെടുന്ന ഒരു സംഭവം ഹദീസിൽ കാണാൻ സാധിക്കും. ‘നിനക്ക് ആഗ്രഹിക്കുന്നതെല്ലാം ഈ സ്വർഗത്തിൽ ലഭിക്കുന്നില്ലേ’ എന്ന് അല്ലാഹു അയാളോട് ചോദിക്കുമ്പോൾ അയാൾ മറുപടി പറയും: ‘അതെ. പക്ഷേ, എനിക്ക് മണ്ണിൽ കൃഷി ചെയ്യാൻ അത്രയ്ക്ക് ഇഷ്ടമാണ്.’ അങ്ങനെ അയാൾക്ക് സ്വർഗത്തിൽ കൃഷിചെയ്യാൻ അനുവാദം നൽകപ്പെടുകയും വിത്ത് വിതച്ച് സ്വർഗത്തിൽ കായ്കനികൾ ഉൽപാദിപ്പിക്കുകയും പർവതസമാനമായ അളവിൽ അയാൾ വിളവെടുക്കുകയും ചെയ്യുന്ന സംഭവത്തെപ്പറ്റി പ്രവാചകൻ ﷺ   പറഞ്ഞതായി ഹദീസിൽ കാണാം. പ്രസ്തുത സംഭവം പ്രവാചകനിൽനിന്ന് കേട്ടുകൊണ്ടിരിക്കുകയായിരുന്ന ഒരു അഅ്‌റാബി (ഗ്രാമീണൻ) പറഞ്ഞു: ‘തീർച്ചയായും ഇത് ചോദിക്കുന്നത് ഒരു ക്വുറൈശ് വംശജനോ മദീനക്കാരനോ ആയിരിക്കണം.’ പ്രവാചകൻ ഒരു പുഞ്ചിരിയോടെ ആ അ്അറാബി പറഞ്ഞത് അംഗീകരിച്ചതായി ഹദീസിൽ കാണാൻ സാധിക്കും. (സ്വഹീഹുൽ ബുഖാരി: 2348)

കൃഷി എന്നത് അവർക്ക് അത്രമാത്രം വൈകാരിക ബന്ധമുള്ള ഒന്നായിരുന്നു. സുഖാനുഭൂതികളുടെ സ്വർഗത്തിൽപോലും തനിക്ക് മണ്ണിൽ കൃഷിചെയ്യണമെന്ന് അല്ലാഹുവിനോട് ആഗ്രഹം പറയുന്ന ആളുകളുടെ കൃഷിയോടുള്ള സ്‌നേഹം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ!

സാഹിത്യത്തിലെ ഉപമാലങ്കാരപ്രയോഗങ്ങൾ അനുവാചകരുടെ നിലവാരത്തിനനുസരിച്ചാണ് മനസ്സിലാക്കപ്പെടുക. ‘മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം’ എന്ന് കവി പാടുമ്പോൾ സാഹിത്യപ്രയോഗം മനസ്സിലാകാത്ത ഒരാൾ ഒരുപക്ഷേ, ചന്ദ്രോപരിതലം പോലെ കുന്നും കുഴിയുമുള്ള പരുപരുത്ത വികൃതമായ മുഖമാണ് രാജാവിന് എന്നായിരിക്കും ഗ്രഹിക്കുക. അത് സാഹിത്യത്തിന്റെയോ സാഹിത്യകാരന്റെയോ കുഴപ്പമല്ല; അനുവാചകന്റെ മാത്രം കുഴപ്പമാണ്. ഇനി ഒരാൾ മനസ്സിലായിട്ടും ഇങ്ങനെ വ്യാഖ്യാനിക്കുകയാണെങ്കിൽ മനോഹരമായ ഒരു ഉപമയെപോലും തന്റെ വികല ചിന്തകൊണ്ട് വക്രീകരിക്കാൻ ശ്രമിക്കുന്നു എന്നർഥം.

എന്താണ് ഉപരിസൂചിത ക്വുർആൻ സൂക്തത്തിന്റെ ശരിയായ വിശദീകരണം? ഈ വചനം ഇറങ്ങുന്നതിന് ഒരു പശ്ചാത്തലമുണ്ട്. മദീനയിൽ അറബികളും ജൂതന്മാരുമായിരുന്നു ഉണ്ടായിരുന്നത്. ജൂതന്മാർക്കിടയിൽ ഒരു അന്ധവിശ്വാസം നിലനിന്നിരുന്നു. ഭർത്താവ് ഭാര്യയുടെ പുറകിലായിക്കൊണ്ടുള്ള പൊസിഷനിൽ ലൈംഗികബന്ധത്തിലേർപ്പെടാൻ പാടില്ലെന്നും അങ്ങനെ ചെയ്താൽ അതിൽ ജനിക്കുന്ന കുഞ്ഞിന് കോങ്കണ്ണ് ഉണ്ടാകുമെന്നുമായിരുന്നു ആ അന്ധവിശ്വാസം. ജൂതന്മാരിൽനിന്ന് ഈ ചിന്താഗതി മദീനയിലെ അറബികൾക്കിടയിലും പ്രചരിച്ചിരുന്നു. ഭാര്യയും ഭർത്താവും പരസ്പരം അഭിമുഖം കണ്ടുകൊണ്ടുള്ള സെക്‌സ് പൊസിഷനുകൾ മാത്രമെ പാടുള്ളൂ എന്ന് അവരും വിശ്വസിച്ചിരുന്നു. (സാധാരണ ലൈംഗികബന്ധം അഥവാ യോനിയിലുള്ള സംഭോഗമാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ഗുദമൈഥുനം ഇസ്‌ലാമിൽ ഹറാമാണ്).

ഈ അന്ധവിശ്വാസം തെറ്റാണെന്നും യാതൊരു അടിസ്ഥാനവും അതിന് ഇല്ലെന്നുമാണ് ക്വുർആൻ വ്യക്തമാക്കുന്നത്. ഭാര്യാഭർത്താക്കന്മാർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള സെക്‌സ് പൊസിഷനുകൾ സ്വീകരിക്കാമെന്നും അതെല്ലാം അനുവദനീയമാണെന്നും അതിന് മതപരമായ വിലക്കുകൾ ഒന്നുമില്ലെന്നുമാണ് ഇത് അറിയിക്കുന്നത്. ഈയൊരു കാര്യം യാതൊരുവിധത്തിലുള്ള അശ്ലീല പ്രയോഗങ്ങളും ഇല്ലാതെ, എന്നാൽ കേൾക്കുന്ന ആളുകൾക്ക് കൃത്യമായി കാര്യം മനസ്സിലാക്കാവുന്ന രൂപത്തിൽ മനോഹരമായ അറബി സാഹിത്യ ഭാഷയിലൂടെ ക്വുർആൻ അവതരിപ്പിച്ചു:

“നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങൾ ഇച്ഛിക്കും വിധം നിങ്ങൾക്ക് നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്.’’

പ്രമുഖ സ്വഹാബിയും ക്വുർആൻ വ്യാഖ്യാതാവായ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: “സ്ത്രീകൾ നിങ്ങളുടെ കൃഷിയിടമാണ് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അവർ ഗർഭപാത്രം വഹിക്കുന്നവരാണ് എന്നതാണ്. നിങ്ങൾ ആഗ്രഹിക്കുന്നവിധം നിങ്ങൾക്ക് നിങ്ങളുടെ കൃഷിയിടത്തിൽ ചൊല്ലാവുന്നതാണ് എന്നതിന്റെ അർഥം നിങ്ങൾക്ക് ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഇഷ്ടമുള്ള പൊസിഷനുകൾ സ്വീകരിക്കാം എന്നതാണ്. അഭിമുഖമായിക്കൊണ്ടും തിരിഞ്ഞുനിന്നുകൊണ്ടുമൊക്കെ ലൈംഗികബന്ധത്തിലേർപ്പെടാവുന്നതാണ്. അതിൽ യാതൊരു വിരോധവുമില്ല.’’

ബുഖാരിയും മുസ്‌ലിമും അബൂദാവൂദും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: ജാബിർ (റ) പറഞ്ഞു: “ഭാര്യയുടെ പിൻവശത്തിലൂടെ (യോനിയിൽ) ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ജനിക്കുന്ന കുട്ടികൾക്ക് കോങ്കണ്ണ് ഉണ്ടാകുമെന്ന് മദീനയിലെ ജൂതന്മാർ വിശ്വസിച്ചിരുന്നു. അപ്പോൾ പ്രസ്തുത ആയത്ത് (ആ അന്ധവിശ്വാസം തിരുത്താനായി) അവതരിക്കപ്പെട്ടു.’’

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇമാം അഹ്‌മദ് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം: “മദീനയിലെ ചില മുസ്‌ലിംകൾ ഭാര്യമാരുമായി ഇപ്രകാരത്തിൽ ബന്ധപ്പെടാൻ ഇസ്‌ലാമിൽ വിലക്കുണ്ടോ എന്ന കാര്യം അന്വേഷിച്ചു വന്നു. ഒരാൾക്ക് ഇഷ്ടമുള്ള പൊസിഷനുകളിൽ ഭാര്യയുമായി ബന്ധപ്പെടാവുന്നതാണെന്നും എന്നാൽ യോനിയിൽ മാത്രമെ ബന്ധപ്പെടാവൂ എന്നും പ്രവാചകൻ ﷺ   മറുപടി കൊടുത്തു.’’

മദീനയിലെ ചില അൻസ്വാരി വനിതകൾ പ്രവാചക പത്‌നിയായ ഉമ്മുസലമ(റ)യോട് ഇക്കാര്യത്തിൽ സംശയം ചോദിച്ചതും മേൽപറഞ്ഞ രൂപത്തിൽ അതിന് മറുപടി നൽകപ്പെട്ടതുമൊക്കെ വേറെയും ഹദീസുകളിൽ കാണാൻ സാധിക്കും.

അബ്ദുല്ലാഹിബ്‌നു ഉമർ(റ) പ്രസ്തുത ആയത്ത് അവതരിക്കപ്പെട്ട സാഹചര്യം വിശദീകരിക്കുന്നതും തഫ്‌സീറുകളിൽ കാണാവുന്നതാണ്: ‘മക്കയിൽനിന്നും പലായനം ചെയ്തു വന്ന മുഹാജിറുകൾ മദീനയിലെ സ്ത്രീകളെ വിവാഹം കഴിക്കുകയും വൈവാഹിക ജീവിതം ആരംഭിക്കുകയും ചെയ്തു. എന്നാൽ സ്ത്രീകളുടെ പിറകിലായി പുരുഷൻ വരുന്ന സെക്‌സ് പൊസിഷനുകൾക്ക് മദീനയിലെ സ്ത്രീകൾ വിസമ്മതം പ്രകടിപ്പിച്ചു. ജൂത സ്വാധീനംമൂലം മദീനയിലെ ആളുകൾക്കിടയിൽ നിലവിലുണ്ടായിരുന്ന അന്ധവിശ്വാസമായിരുന്നു ഇതിനു കാരണം. അപ്പോഴാണ് ക്വുർആനിലെ ഈ ആയത്ത് അവതരിക്കപ്പെട്ടത്.’

ചുരുക്കിപ്പറഞ്ഞാൽ ജനങ്ങൾക്കിടയിൽ നിലവിലുണ്ടായിരുന്ന അന്ധവിശ്വാസത്തെ തിരുത്തുകയും അത് ഒട്ടും അശ്ലീലതയില്ലാതെ മനോഹരമായ അറബി സാഹിത്യശൈലിയിൽ അവതരിപ്പിക്കുകയാണ് ക്വുർആൻ ചെയ്തത്.