വിധിയെ പഴിക്കരുത്

അമര്‍ ബഷീര്‍

2021 ഫെബ്രുവരി 13 1442 റജബ് 01

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പതിവില്ലാതെ സുഹൃത്ത് റിയാസ് രണ്ടുതവണ വിളിച്ചു. എടുത്ത ഫോണ്‍ തിരികെവച്ചത് ഒലിച്ചിറങ്ങിയ രണ്ടുതുള്ളി കണ്ണീരോടെയാണ്. യാസീന്‍റെ സഹോദരിയുടെ കുട്ടി മരിച്ച വിവരം അറിയിക്കാന്‍ വിളിച്ചതായിരുന്നു.

കടയടച്ചു നേരെ പോയത് യാസീന്‍റെ വീട്ടിലേക്കാണ്. ഒരു മരണവീടിന്‍റെ പ്രതീതി ആയിത്തുടങ്ങിയിരുന്നു. സങ്കടം തുറന്നുവെച്ചതും മൂടിവെച്ചതുമായ കുറച്ചു മുഖങ്ങള്‍ക്കരികിലൂടെ ഞാന്‍ പതിയെ കട്ടിലിന്‍റെ അടുത്തേക്ക് നടന്നുനീങ്ങി. ഒരു മയക്കത്തിലെന്ന പോലെ അവള്‍ മലര്‍ന്നുകിടക്കുന്നു. ഉറങ്ങുകയാണെന്നേ തോന്നുകയുളളൂ.

പല മൂലകളില്‍നിന്നായി തേങ്ങലുകള്‍ കേള്‍ക്കാം. കുഞ്ഞിന്‍റെ ഉമ്മയുടെ തേങ്ങലായിരുന്നു അവിടെ കൂടുതല്‍ ഉയര്‍ന്നുകേട്ടത്. മുലകുടിപ്രായം തീരുംമുമ്പേ മകളെ നഷ്ടപ്പെട്ട ഒരു മാതാവിന്‍റെ ഹൃദയവേദന വിവരണാതീതമാണ്.

ഞാന്‍ പുറത്തിറങ്ങിയതും യാസീന്‍ എന്‍റെ അടുത്തേക്ക് വന്നു.

'എന്നാലും... എന്നാലും...' അവന്‍ വിതുമ്പി.

തേങ്ങലടക്കിക്കൊണ്ട് അവന്‍ ചോദിച്ചു: 'കണ്ടു കൊതിതീരും മുമ്പേ എന്തിനാണ് അവളെ കൊണ്ടുപോയത്? എന്തു തെറ്റാണ് ആ പിഞ്ചു പൈതല്‍ ചെയ്തത്? ആശുപത്രിയില്‍ ശരിക്കും ശ്രദ്ധ കിട്ടിയിരുന്നെങ്കില്‍ അവള്‍ക്ക് ഈ ഗതി വരില്ലായിരുന്നു.'

ഇതുപോലുള്ള സന്ദര്‍ഭങ്ങളിലാണ് നാഥന്‍റെ വിധിയിലുള്ള വിശ്വാസം ഒരു കാവല്‍ക്കാരനായി കടന്നുവരേണ്ടത്. അല്ലാത്തപക്ഷം വിധിയെ പഴിച്ച് സമാധാനം നഷ്ടപ്പെടുത്തുന്ന അവസ്ഥയുണ്ടാകും.

ഞാന്‍ അവനെ ചേര്‍ത്തുപിടിച്ചുകൊണ്ട് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

'നിങ്ങളിലാര്‍ക്കെങ്കിലും ഒരു ദുരിതമോ വിഷമമോ ബാധിക്കുമ്പോള്‍ ഞാന്‍ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ അങ്ങനെയാകുമായിരുന്നു, ഞാന്‍ ഇങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍  ഇങ്ങനെയൊന്നും ആകുമായിരുന്നില്ല എന്നൊന്നും നിങ്ങള്‍ പറയരുതെന്നും ഇത് അല്ലാഹുവിന്‍റെ വിധിയാണെന്നും അവന്‍ ഉദ്ദേശിച്ചതുപോലെ നടന്നു എന്നും പറയുക' എന്ന് നബി ﷺ പറഞ്ഞ കാര്യം ഞാന്‍ അവനെ ബോധ്യപ്പെടുത്തി.

'ഇങ്ങനെ ചെയ്തിരുന്നെങ്കില്‍... അങ്ങനെ ചെയ്തിരുന്നെങ്കില്‍' എന്നൊക്കെയുള്ള ചിന്ത പിശാചിന് കടന്നുവരാനുള്ള പഴുതുണ്ടാക്കും. ആ ചിന്തകള്‍ മനസ്സില്‍ ധാരാളം മുറിവുകള്‍ കോറിയിടും; ചിലപ്പോള്‍ ഒരിക്കലും ഉണങ്ങാത്ത വിധത്തിലുള്ളത്. ഒരുപക്ഷേ, അവ പഴുത്ത് ജീര്‍ണിച്ച് മറ്റുള്ളവരോടും മറ്റു ചിലപ്പോള്‍ സ്രഷ്ടാവിനോടു പോലുമുള്ള ദേഷ്യത്തിന് കാരണമായേക്കാം.

 ജീവിതത്തിന്‍റെ കൈപ്പേറിയ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാഥന്‍റെ വിധിയിലുള്ള വിശ്വാസം മാത്രമെ നമുക്ക് താങ്ങായും തണലായും ഉണ്ടാവുകയുള്ളൂ. അവന്‍റെ തീരുമാനത്തിനപ്പുറം ഈ ലോകത്ത് ഒന്നും സംഭവിക്കുകയില്ല എന്ന ചിന്തയാണ് നമ്മിലുണ്ടായിരിക്കേണ്ടത്.

"...നീ പറയുക: അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍, അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്കു വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്‍റെ പക്കല്‍നിന്ന് നിങ്ങള്‍ക്കു വല്ലതും അധീനപ്പെടുത്തിത്തരാന്‍ ആരുണ്ട്?..."(ക്വുര്‍ആന്‍ 48:11).