മീസാന്‍കല്ലിന്റെ കൂട്ടുകാരന്‍

സവാദ് മമ്പറം

2021 ജൂൺ 26 1442 ദുല്‍ക്വഅ്ദ 16

പൊടിപിടിച്ച ഓര്‍മകള്‍ പുറത്തെടുക്കാന്‍ പറ്റിയ സമയമാണ് ക്വാറന്റൈന്‍ കാലം. എന്റെ പിതാവ് വലിയ പുരയില്‍ അബു ഹാജി എന്ന വി.പി ഹാജി മരണപ്പെട്ടത് ഈയിടെയാണ്. പുരുഷാരവങ്ങളുടെ കൂടെയല്ലാതെ ഉപ്പയെ കാണല്‍ വിരളമാണ്. ഒരു പ്രമാണിയുടെ എല്ലാ മട്ടും ഭാവവും ഉപ്പയിലുണ്ടായിരുന്നു. വി.പി ഹാജിയുടെ മക്കള്‍ എന്ന തിരിച്ചറിയല്‍ കാര്‍ഡിലായിരുന്നു ഞങ്ങള്‍ നാല് ആണ്‍മക്കളും വളര്‍ന്നതും പന്തലിച്ചതും. നാട്ടിലെ ഒട്ടുമിക്ക മത, രാഷ്ട്രീയ സംഘടനക്കാര്‍ക്കല്ലാം വി.പി ഹാജി വേണ്ടപ്പെട്ടവനാണ്. എനിക്ക് ഓര്‍മവെച്ച കാലംമുതലേ ഉപ്പ മഹല്ല് പ്രസിഡന്റായിരുന്നു. ബാംഗ്ലൂരിലും എറണാകുളത്തുമാണ് ഉപ്പക്ക് ബിസ്‌നസ്. മാസത്തില്‍ നാലോ അഞ്ചോ ദിവസമെ നാട്ടിലുണ്ടാവാറുള്ളൂ. മഹല്ല് തെരഞ്ഞടുപ്പ് കാലത്ത് മാത്രമെ പ്രസിഡന്റ്കസേരയില്‍ മഹല്ലുഭാരവാഹികള്‍ വി.പി ഹാജിയെ കാണാറുള്ളൂ.

കഴിഞ്ഞ വര്‍ഷമായിരുന്നു പെങ്ങളുടെ കല്യാണം. നാടിനെ ഇളക്കിമറിച്ചുകൊണ്ടായിരുന്നു വി.പി ഹാജിയുടെ ഒരേയൊരു മകളുടെ കല്യാണം നടന്നത്. നാടുമുഴുവനുും അന്ന് വലിയപുരയിലായിരുന്നു. സാധാരണക്കാരായ നാട്ടുകാര്‍ക്ക് വലതുഭാഗത്തെ പന്തലിലായിരുന്നു ഭക്ഷണം. റോഡില്‍നിന്ന് നേരിട്ട് വരാനും പോകാനും പ്രത്യേകം വഴിയൊരുക്കിയിരുന്നു. വീടിന്റെ പരിസരം ചുവന്ന പരവതാനി വിരിച്ച് വേര്‍തിരിച്ച് അവിടേക്ക് പ്രധാനികള്‍ക്ക് മാത്രം പ്രവേശനം നല്‍കി. കല്യാണത്തിരക്കില്‍ ഇക്കയോടെന്തോ സംസാരിച്ചിരിക്കുന്നതിനിടെയാണ് ഞാന്‍ ആ കാഴ്ച കണ്ടത്!

പ്രധാനികള്‍ക്ക് മാത്രമായി ഒരുക്കിയ സോഫകളിലൊന്നില്‍ മമ്മദ് ഇരിക്കുന്നു! സെക്യൂരിറ്റിക്കാരന്റെ അശ്രദ്ധകൊണ്ടാണ് നാട്ടുകാര്‍ മമ്മദ്ക്ക എന്ന് വിളിക്കുന്ന മമ്മദ് ഇതിനകത്ത് കടന്നത്. ഉപ്പയെയാണ് ഞാനാദ്യം നോക്കിയത്. ഉപ്പ അവിടെ അവനെ കണ്ടാല്‍ സീനാകും. പോരാത്തതിന് നമുക്കും വയറ് നിറച്ച് കിട്ടും. ഇക്കയുടെ കണ്ണില്‍ ഈ രംഗം പെട്ടപ്പോള്‍ അവന്‍ എവിടന്ന് കയറിക്കൂടി എന്നും പറഞ്ഞ് അവിടേക്ക് ഓടി. ഇക്കക്ക് ഉപ്പയുടെ മട്ടായിരുന്നു. ഞാന്‍ ഭയന്നത് തന്നെ സംഭവിച്ചു! ഉപ്പ തന്റെ പുതിയ ബിസ്‌നസ് പാര്‍ട്ണറെയും സ്വീകരിച്ചുകൊണ്ട് വരുന്നതിനിടെയാണ് മമ്മദിനെ കണ്ടത്. 'എണീക്കെടാ' എന്ന ഘനഗാഭീര്യമുള്ള ശബ്ദം ആ കല്യാണവീടിനെ മൊത്തം ഒരു നിമിഷത്തേക്ക് സ്തംഭിപ്പിച്ചു. പേടിച്ച് എഴുന്നേല്‍ക്കുന്നതിനിടെ വിറക്കുന്ന കയ്യില്‍നിന്ന്  ലെതര്‍ സോഫയിലേക്ക് മറിഞ്ഞുപോയ ഫ്രൂട്ട് സലാഡ് തന്റെ നരച്ച കൈലികൊണ്ട് തുടക്കാന്‍ ശ്രമിക്കുന്നതിനിടെ മമ്മദിന്റെ പിരടിയില്‍ പിടിച്ചുകൊണ്ട് ഉപ്പ തള്ളിമാറ്റി. നല്ല ആരോഗ്യമുള്ള മമ്മദ് ആ തള്ളലില്‍ ബോള് പോലെ തെറിക്കുന്നതായി എനിക്ക് തോന്നി. എവിടെനിന്നോ ഓടിയത്തിയ സെക്യൂരിറ്റിക്കാരന്‍ അവനെ തൂക്കിയെടുത്ത് പുറത്തേക്ക് മാറ്റി. അപ്പോഴും അവന്റെ ചുണ്ടില്‍ എന്നും മായാതെ കിടന്നിരുന്ന ചിരിയുണ്ടായിരുന്നു.

അഞ്ചാറു ദിവസമായി ഫോണിന് വിശ്രമമില്ല. അനുശോചനങ്ങളും ആശ്വാസവാക്കുകളും കേട്ട് മടുത്തു.

പുതുതായി തുടങ്ങുന്ന ഹോട്ടലിന്റെ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപ്പയും വല്ലിക്കയും ബാംഗ്ലൂരിലേക്ക് പോയത്. ഓരാഴ്ചകൊണ്ട് മടങ്ങാനുള്ള യാത്രയായിരുന്നു. അപ്പോഴാണ് രാജ്യം ലോക് ഡൗണിലായത്. രണ്ടര മാസത്തോളം അവിടെ കുടുങ്ങി. തിരിച്ചുവന്ന ഉപ്പ ആകെ മാറിപ്പോയിരുന്നു. വി.പി ഹാജിയുടെ എല്ലാ ചിഹ്നങ്ങളും ഉപ്പയില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ടായിരുന്നു. വീട്ടില്‍തന്നെയായിരുന്നു ക്വാറന്റൈന്‍. മൂന്നാമത്തെ ദിവസം ശക്തമായ പനിവന്നു. പഞ്ചായത്തില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വന്നാണ് ഉപ്പയെ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജിവിതത്തിലാദ്യമായിട്ടായിരിക്കണം ചികിത്സക്ക് ഉപ്പ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുന്നത്. ഉപ്പയുടെ റിസല്‍ട്ട് പോസിറ്റീവാണെന്നറിഞ്ഞതോടെ വീടൊരു ജയിലായി മാറി. പുറംലോകം ജനലഴിക്കുള്ളിലെ കാഴ്ചകളായി മാറി.

ഉപ്പയുടെ മരണവിവരം ആശുപത്രിയില്‍നിന്ന് അറിയുന്നതിന് മുമ്പുതന്നെ ന്യൂസ് ചാനല്‍ പറഞ്ഞ് തന്നിരുന്നു. മയ്യിത്ത് അവസാനമായൊന്ന് കാണാന്‍ പോലുമാവില്ല എന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത് അപ്പോഴാണ്. പ്രതിസന്ധികള്‍ ഓരോന്നായി കടന്നുവന്നു. അവസാനം, മയ്യിത്ത് മറമാടാന്‍ ആെരെയങ്കിലും കിട്ടുമോ എന്ന് പള്ളി സെക്രട്ടറി വിളിച്ച് ചോദിച്ചപ്പോഴാണ് എനിക്ക് നിയന്ത്രണം വിട്ടുപോയത്. പള്ളിക്കാട്ടിലേക്ക് മയ്യിത്ത് എത്തിക്കാന്‍ ഏതാനും യുവാക്കള്‍ തയ്യാറായി. പക്ഷേ, മറമാടാന്‍ ആരും മുന്നോട്ട് വന്നില്ല. എന്റെ മനസ്സിലേക്ക് പല മുഖങ്ങളും കടന്നുവന്നു. ഉപ്പയുടെ അശ്രിതരായി നടന്നവര്‍, ഉപ്പയുടെ ഇടതും വലതുമായി എന്നും കൂടെ നിന്നവര്‍. പക്ഷേ, ആരെയും വിളിക്കാന്‍ തോന്നിയില്ല. അപ്പോഴാണ് മമ്മദിന്റെ മുഖം മനസ്സിലേക്ക് വന്നത്. നാട്ടില്‍ ആര് മരിച്ചാലും ക്വബ്‌റ് കുഴിക്കാന്‍ മമ്മദ് മുമ്പിലുണ്ടാകും. സെക്രട്ടറിയോട് അവനെ വിളിക്കാന്‍ പറഞ്ഞു. മമ്മദിനെയും തേടി അവന്റെ കൂരക്ക് മുമ്പില്‍ അന്നാദ്യമായി ഒരു വാഹനം ചെന്നുനിന്നു! പറയുന്നത് ചെയ്യുക എന്നല്ലാതെ അയാള്‍ക്ക് സ്വന്തമായി ഒരഭിപ്രായമില്ലായിരുന്നു.

സെക്രട്ടറി നീട്ടിനല്‍കിയ പി.പി.ഇ കിറ്റ് സ്‌കൂള്‍ യൂനിഫോം ധരിക്കുന്ന കുട്ടിയെ പോലെ ധരിച്ചുകൊണ്ട് പള്ളിക്കാട്ടിലേക്ക് അയാള്‍ നടന്നു. ആബുലന്‍സില്‍നിന്ന് അടിമുടി മൂടിക്കെട്ടിയ നാലുപേര്‍ മയ്യിത്തുമേന്തി വി.പി ഹാജിക്ക് വേണ്ടി തയ്യാറാക്കിവെച്ച ക്വബ്‌റിനരികില്‍ വെച്ചുകൊണ്ട് തിരിഞ്ഞ് നടന്നു. ഭാരമുള്ള ശരീരം ഒരു ഫയല്‍വാന്റെ മെയ്‌വഴക്കത്തോടെ അനായാസം ക്വബ്‌റില്‍വെച്ച് മൂടുകല്ലുകള്‍ ഓരോന്നായി വെക്കുമ്പോള്‍ മമ്മദിന്റെ  കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. അയാള്‍ മണ്‍വെട്ടികൊണ്ട് ക്വബ്ര്‍ മൂടി തലഭാഗത്ത് മീസാന്‍ കല്ല് നാട്ടിവെച്ച് അതിനരികിലിരുന്നു. വിറക്കുന്ന ചുണ്ടുകളോടെ മമ്മദ് പറഞ്ഞു: അല്ലാഹുമ്മഗ്ഫിര്‍ലഹു... (അല്ലാഹുവേ, അദ്ദേഹത്തിനു നീ പൊറുത്തുകൊടുക്കണേ). വിയര്‍ത്തൊട്ടിയ പി.പി.ഇ കിറ്റിനെ നനച്ചുകൊണ്ട് ആ സമയം വാനലോകത്തുനിന്ന് മഴത്തുള്ളികള്‍  പെയ്തിറങ്ങുന്നുണ്ടായിരുന്നു.