അങ്ങനെയും ഒരു കാലം

സലാം സുറുമ എടത്തനാട്ടുകര

2021 ജൂൺ 12 1442 ദുല്‍ക്വഅ്ദ 01

സമീപത്ത് കളിക്കുന്ന കുട്ടികള്‍ മുഴുവന്‍ ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും ആനക്ക് കേട്ടഭാവമില്ല. മുറംപോലത്തെ ചെവിയും ആട്ടി അത് ഒന്നുമറിയാത്തതു പോലെ നില്‍ക്കുന്നു. ഞങ്ങള്‍ സമീപത്തെല്ലാം പന്ത് വീണ്ടും തിരഞ്ഞു.

കുട്ടിക്കാലത്തെ ഒരു വേനലവധിക്കാലത്ത് ബന്ധുവിന്റെ വീട്ടില്‍ വിരുന്നുപോയപ്പോള്‍ ഉണ്ടായതാണീ അനുഭവവം. 'ഫുട്‌ബോള്‍' ഇന്നത്തെപ്പോലെ അന്ന് അത്ര സുലഭമല്ല. കൂട്ടുകാര്‍ പിരിവിട്ട് എടുക്കുന്ന തുകകൊണ്ട് വാങ്ങുന്ന റബ്ബര്‍പന്തോ തുണിയും മറ്റും കൊണ്ട് കെട്ടിയുണ്ടാക്കുന്ന പന്തോ ആണ് കളിക്കാന്‍ ഉപയോഗിക്കുക. വീടിനുസമീപത്തെ ഒരു സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ പറമ്പാണ് ഗ്രൗണ്ട്. ഗോള്‍ പോസ്റ്റിനു പകരം രണ്ട് കല്ലുകള്‍ സാങ്കല്‍പിക പോസ്റ്റായിരിക്കും. കളിയുടെ വീറിനും വാശിക്കും ഒരു കുറവും ഉണ്ടാകില്ല. പലപ്പോഴും കളി കയ്യാങ്കളിയിലും മറ്റും എത്തുമെങ്കിലും കളി അവസാനിക്കുന്നതോടുകൂടി എല്ലാവരും അത് മറക്കും. സമീപത്തെ പുഴയില്‍ പോയി ഒന്നിച്ച് ആര്‍മാദിച്ച് കുളിക്കുന്നതോടെ വാശിയും ദേഷ്യവുമൊക്കെ അലിഞ്ഞ് ഇല്ലാതാകും.

ഞങ്ങള്‍ കളിക്കുന്ന പറമ്പിന് സമീപത്തുള്ള ഒരു വലിയ മരത്തില്‍ ഒരു ആനയെ തളച്ചിടാറുണ്ടായിരുന്നു. കളിക്കിടയില്‍ പന്തെങ്ങാനും അതിന്റെ അടുത്തേക്ക് വീണാലും ധൈര്യമായി പോയി എടുക്കാം. ആരെയും ഉപദ്രവിക്കുന്ന ശീലം അതിന് ഇല്ലായിരുന്നു. ഒരിക്കല്‍ അരോ നീട്ടിയടിച്ച റബ്ബര്‍പന്ത് ആനയുടെ സമീപത്താണ് വീണത്. പന്തെടുക്കാന്‍ ചെന്ന ആള്‍ കുറെ തിരഞ്ഞിട്ടും കിട്ടിയില്ല. സമീപത്തെ കുറ്റിക്കാട്ടില്‍ എല്ലാവരും കൂടി തിരഞ്ഞുവെങ്കിലും ഫലം നാസ്തി!

പന്തെങ്ങാനും ആന എടുത്തിട്ടുണ്ടാകുമോ എന്ന് ഒരാള്‍ സംശയം പ്രകടിപ്പിച്ചു. ഒറ്റക്കും കൂട്ടമായും ആനയോട് പന്ത് ചോദിച്ചു. ആനക്ക് യാതൊരു കൂസലുമില്ല. പുതുതായി വാങ്ങിയ റബ്ബര്‍ പന്തായതിനാല്‍ കിട്ടിയേതീരൂ എന്ന വാശിയോടെ എല്ലാവരും തിരച്ചില്‍ തുടര്‍ന്നു. അര മണിക്കൂറോളം പരതിയിട്ടും പന്ത് കിട്ടിയില്ല. എല്ലാവരും നിരാശരായി ഇരിക്കുമ്പോള്‍, ആന വായില്‍നിന്നും പന്ത് പതുക്കെ പുറത്തേക്കെടുത്ത് ഞങ്ങള്‍ക്ക് നേരെ എറിഞ്ഞ് തന്നു.  ആ നിമിഷത്തില്‍  ഉണ്ടായ സന്തോഷം ഇന്നും ഓര്‍മയിലുണ്ട്. ഇപ്പോള്‍ ആ സ്ഥലത്ത് പുതിയ കുറെ വീടുകള്‍ വന്നു. എങ്കിലും ആ പ്രദേശത്തു കൂടി പോകുമ്പോള്‍ പഴയകാല ഓര്‍മകള്‍ മനസ്സില്‍ പെയ്തിറങ്ങും.

പണ്ടത്തെ കളികള്‍ കാലാവസ്ഥക്ക് അനുയോജ്യമായവയായിരുന്നു. വേനല്‍ക്കാലം പന്തുകളിയുടെയും പമ്പരം കറക്കലിന്റെയും കബഡിയുടെയും ആണെങ്കില്‍ കോട്ടി (ഗോലി) കളിയും കുട്ടിയും കോലും കളിയും മഴക്കാലത്തെ വിനോദങ്ങളായിരുന്നു. ഒളിച്ചുകളിയെന്ന സാറ്റ്കളിയും തൂണുമാറി കളിയുമൊക്കെ എക്കാലത്തും കുട്ടികള്‍ക്ക് ഹരമായിരുന്നു. മഴ പുറത്ത് ആര്‍ത്ത് പെയ്യുമ്പോള്‍ വീടിന്റെ അകത്തിരുന്ന് കള്ളനും പോലീസും, പാമ്പും കോണിയും, ഈര്‍ക്കില്‍കൊണ്ടോ കോല്‍ഐസിന്റെ കമ്പ്‌കൊണ്ടോ ഉള്ള നൂറാങ്കോല്‍ തുടങ്ങിയ കളികളില്‍ ഏതിലെങ്കിലും മുഴുകിയിരുന്നത് ഇന്നലെ കഴിഞ്ഞതു പോലെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നുണ്ട്. കോവിഡ് 19ന്റെ വീട്ടിലിരിപ്പുകാലത്ത് മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും ടാബിലും കളിയുടെ വെര്‍ച്ച്വല്‍ രൂപം തീര്‍ക്കുന്ന പുതുതലമുറക്ക് ഇവയില്‍ പലതും കേട്ടുകേള്‍വി മാത്രമായിരിക്കുമെന്നത് ഉറപ്പ്.

സ്‌കൂള്‍ വിട്ടുവന്ന ശേഷം കളിക്കാന്‍ പോയാല്‍ മഗ്‌രിബ് നമസ്‌കാരത്തിന് വീട്ടില്‍ തിരിച്ചെത്തും. നമസ്‌കാരശേഷം ക്വുര്‍ആന്‍ പാരായണവും മദ്‌റസയിലെ ഹോംവര്‍ക്കുമെല്ലാം കഴിഞ്ഞശേഷമേ സ്‌കൂളിലെ പാഠങ്ങള്‍ പഠിക്കാനൊരുങ്ങൂ. വീട്ടിലെ മുതിര്‍ന്നവരും ഈ സമയം അല്‍പമെങ്കിലും ക്വുര്‍ആന്‍ ഓതുമായിരുന്നു. ഇൗ രീതിക്കും വലിയ മാറ്റംവന്നിരിക്കുന്നു. മഗ്‌രിബിനുശേഷം ക്വുര്‍ആന്‍ പാരായണം ചെയ്യുന്ന ശീലം ഇല്ലെന്നുതന്നെ പറയാം. തിരിച്ചുപിടിക്കണം ഈ ശീലങ്ങളെ.