എലാങ്കോട് കുഞ്ഞബ്ദുല്ല ഹാജി; വേറിട്ട വ്യക്തിത്വം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 ആഗസ്ത് 07 1442 ദുല്‍ഹിജ്ജ 27

മരണം ആര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു യഥാര്‍ഥ്യമാണ്. സാധാരണ ഒരാള്‍ മരിച്ചു ദിവസങ്ങളോ മാസങ്ങളോ കഴിയുമ്പോള്‍ ഏറെക്കുറെ ആ വ്യക്തി വിസ്മരിക്കപ്പെട്ടിരിക്കും. എന്നാല്‍ ചില വ്യക്തികള്‍ പിന്‍തലമുറക്ക് ബാക്കിവെച്ച മഹിതമാതൃകകള്‍ ഒരിക്കലും മറക്കാനാവാത്തതാണ്. ചരിത്രത്തിലെ ഗുണ പാഠങ്ങള്‍ എന്ന് നാം പറയുന്നത് ഈ ബാക്കിവെച്ച നല്ല മാതൃകകളെപ്പറ്റിയാണല്ലോ.

എലാങ്കോട് പി.കെ കുഞ്ഞബ്ദുല്ല ഹാജിയുടെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ ചില വ്യക്തിത്വങ്ങളില്‍ അപൂര്‍വമായി കാണുന്ന മഹനീയമാതൃകകളാണ് ഓര്‍മവന്നത്. കേരളത്തിലെ ഇസ്വ്‌ലാഹി തറവാടുകളിലൊന്നായി വിശേഷിപ്പിക്കാവുന്ന, അനേകം പണ്ഡിതന്മാരുടെയും കാരണവന്മാരുടെയും ഈറ്റില്ലമായ കടവത്തൂരും പരിസര പ്രദേശങ്ങളുമായി 1975 കാലം മുതല്‍ ഞാന്‍ ബന്ധപ്പെടാറുണ്ട്. കെ.പി കുഞ്ഞിമൂസ മൗലവി, ഇ.കെ മൗലവി, എടപ്പാറ കുഞ്ഞഹമ്മദ് മൗലവി, കെ.എന്‍ ഇബ്‌റാഹീം മൗലവി, എന്‍.കെ അഹ്മദ് മൗലവി തുടങ്ങിയ പണ്ഡിത ശ്രേഷ്ഠന്മാരും പി. പി മമ്മുഹാജി, പി.കെ മമ്മുഹാജി തുടങ്ങിയ കാരണവന്മാരും ആ പ്രദേശങ്ങളില്‍ മാത്രമല്ല കേരളത്തില്‍ മൊത്തം മുസ്‌ലിം നവോത്ഥാനത്തിന് നേതൃത്വം നല്‍കിയവരായിരുന്നു. ഈ മഹാന്മാരുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന പിന്‍തലമുറയിലെ ഉമറാക്കളില്‍ മുതിര്‍ന്ന വ്യക്തിയാണ് പി.കെ കുഞ്ഞബ്ദുല്ല ഹാജി. മരണപ്പെടുമ്പോള്‍ കെ.എന്‍.എം വൈസ് പ്രസിഡന്റും കേരള സ്‌റ്റേറ്റ് മുസ്‌ലിം ലീഗിന്റെ കൗണ്‍സിലറുമായിരുന്നു. ഇതിനുപുറമെ, എലാങ്കോട് ഓര്‍ഫനേജ് കമ്മിറ്റി അധ്യക്ഷന്‍, നമാഉല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ്, റാഹ ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്നിലും കുഞ്ഞബ്ദുല്ല ഹാജിയുടെ ധീരമായ നേതൃത്വമുണ്ടായിരുന്നു

1970കളുടെ തുടക്കംമുതല്‍ യുഎഇയില്‍ എത്തിയ ഹാജി സാഹിബ് വിപുലമായ ബിസിനസ്സ് സംരംഭങ്ങളാരംഭിച്ചു. 'അല്‍മദീന ഗ്രൂപ്പ്' എന്ന പേരിലരിയപ്പെട്ട ഈ ബിസിനസ്സുകളുടെ നേട്ടം ഗള്‍ഫ് നാടുകളിലെ മലയാളികളിലും നാട്ടിലും പരിസരങ്ങളിലും മാത്രമല്ല കേരളമൊട്ടുക്കുമുള്ള മത, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലും വ്യാപകമായിരുന്നു. ഗള്‍ഫ് നാടുകളിലും നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും ഒട്ടേറെ സംരംഭങ്ങളുള്ള കുഞ്ഞബ്ദുല്ല ഹാജി, എന്നാല്‍ വിനീതനും അല്‍പം മാത്രം സംസാരിക്കുവാനിഷ്ടപ്പെട്ട വിനയാന്വിതനുമായിരുന്നു. എല്ലാ മതവിഭാഗങ്ങളോടും ദരിദ്ര-സമ്പന്ന വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരോടും ആര്‍ദ്രതയും സ്‌നേഹവും പുലര്‍ത്തിയിരുന്ന അദ്ദേഹം നല്‍കിയിരുന്ന ദാനധര്‍മങ്ങള്‍ തന്റെ ഉറ്റവര്‍പോലും അറിയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

മത, രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഹാജി സാഹിബ് സമൂഹത്തിലെ സ്പന്ദനങ്ങള്‍ സൂക്ഷ്മമായി തിരിച്ചറിയുകയും താനുമായി ബന്ധമുള്ളവരെ കൃത്യമായി മനസ്സിലാക്കുകയും ചെയ്തിരുന്നു. താന്‍ നിരീക്ഷിച്ചെടുത്ത നിലപാടുകളും അഭിപ്രായങ്ങളും പതുക്കെയാണെങ്കിലും ധീരമായി അദ്ദേഹം പ്രകടിപ്പിക്കാറുമുണ്ടായിരുന്നു. സമ്പന്നതയുടെ ഉന്നത ശ്രേണിയിലെത്തിയിട്ടും അതിന്റെ യാതൊരു ഭാവവുമില്ലാതെ കണിശമായ മതനിഷ്ഠയില്‍ വിനയാന്വിതനായി സ്വയം ജീവിക്കാനും അതനുസരിച്ച് കുടുംബത്തെ വളര്‍ത്താനും അദ്ദേഹം ബദ്ധശ്രദ്ധനുമായിരുന്നു. അനാരോഗ്യം മൂലം വിശ്രമത്തിലാകുന്നതുവരെ ഗള്‍ഫ് നാടുകളിലും നാട്ടിലും എല്ലാ ദീനീ പരിപാടികളിലും കല്യാണം, മരണം തുടങ്ങിയ സന്ദര്‍ഭങ്ങളിലും അദ്ദേഹം എത്തിച്ചേരുകയും  പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും  കയ്യഴിഞ്ഞ് സഹായിക്കാനും  മുന്നില്‍ നില്‍ക്കുകയും ചെയ്തു.

തൊണ്ണൂറ് വയസ്സുവരെ ജീവിച്ച ഹാജി സാഹിബിന്റെ ജീവിതത്തില്‍ മത-രാഷ്ട്രീയ രംഗങ്ങളിലും മറ്റു പൊതുമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒട്ടേറെ മാതൃകയുണ്ട്. കുഞ്ഞബ്ദുല്ല ഹാജിയുടെ മക്കളും സഹോദരങ്ങളുമടങ്ങുന്ന പ്രദേശത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആ മഹനീയ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരാണെന്നത് സന്തോഷവും സമാധാനവും നല്‍കുന്നു. സമ്പത്തുകൊണ്ട് പരിധിവിടാതെ, സ്ഥാനമാനങ്ങള്‍ ഒട്ടും ആഗ്രഹിക്കാതെ, എല്ലാ മനുഷ്യര്‍ക്കും നാടിനും തണലും കുളിരുമായി ജീവിച്ച മഹാന്മാര്‍ ഈ സമുദായത്തില്‍ ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തെയും നമ്മളെയെല്ലാവരെയും അല്ലാഹു ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചുകൂട്ടുമാറാകട്ടെ. അദ്ദേഹവും സഹപ്രവര്‍ത്തകരും വളര്‍ത്തിയെടുത്ത മത, വിദ്യാഭ്യാസ കേന്ദ്രങ്ങളും മറ്റു സംരംഭങ്ങളും തുടര്‍ന്നും നാട്ടിന്നും സമൂഹത്തിന്നും തണലായി ഭവിക്കാന്‍ റബ്ബ് തൗഫീഖ് നല്‍കുമാറാകട്ടെ- ആമീന്‍.