ആ നല്ല കാലത്തിനായി ഇനിയും കാത്തിരിക്കാം

അബ്ദുറഹീം മഞ്ചേരി

2021 മെയ് 08 1442 റമദാന്‍ 26

റൂമിലെ പൊടിപിടിച്ച പ്ലാസ്റ്റിക് റോസാപ്പൂ കണ്ടപ്പോഴാണ് ചില ചിന്തകള്‍ പെട്ടെന്ന് എന്റെ ഉറക്കം കളഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടവണ്ണപ്പാറ മദ്‌റസയില്‍നിന്ന് ഒരു കൊച്ചുവിദ്യാര്‍ഥി നല്‍കിയ സ്‌നേഹോപഹാരമായിരുന്നു അത്.

ഇന്ന് വെങ്കിടങ്ങ് സല്‍സബീല്‍ മദ്‌റസയിലെ കുട്ടികളുടെ കൂടെയുള്ള സുന്ദര നിമിഷങ്ങള്‍ വല്ലാതെ മിസ് ചെയ്യുന്നു.

എത്ര സുന്ദരമായിരുന്നു ആ മണിക്കൂറുകള്‍...!

തിരിച്ചും മറിച്ചുമുള്ള 'ഉസ്താദേ' എന്നുള്ള വിളികേള്‍ക്കല്‍തന്നെ ആനന്ദമായിരുന്നു.

ചിരിച്ചും കളിച്ചും പറഞ്ഞും പാടിയുമുള്ള നിമിഷങ്ങള്‍... അതെല്ലാം ഇന്ന് ഓണ്‍ലൈനില്‍ ഒതുങ്ങിയപ്പോള്‍ വല്ലാത്ത നഷ്ടബോധം.

തല്‍ക്കാലം രക്ഷപ്പെടാന്‍ ഉമ്മ പറഞ്ഞുകൊടുക്കുന്ന കള്ളത്തരങ്ങള്‍ നിഷ്‌കളങ്കരായ കുരുന്നുകള്‍ സത്യസന്ധമായി പറഞ്ഞൊപ്പിക്കുന്നത് കേട്ട് എത്രയോ ചിരിച്ചിട്ടുണ്ട്. അവര്‍ക്കുണ്ടോ കളവ് പറഞ്ഞുള്ള പരിചയം!

ചിരിക്കുന്ന മുഖങ്ങള്‍ക്കിടയില്‍ വാടിയ ചില മുഖങ്ങളുടെ രഹസ്യം തേടുമ്പോള്‍ അവ ഒന്നുകില്‍ ഉമ്മയോടുള്ള പിണക്കമോ വീട്ടിലെ മറ്റു പ്രയാസങ്ങളോ വിശപ്പോ ഒക്കെയാണെന്ന് പലപ്പോഴും തിരിച്ചറിയാറുണ്ടായിരുന്നു.

ദേഷ്യംവരുന്ന ചില സന്ദര്‍ഭങ്ങളില്‍ പോലും ചിരിപ്പിക്കാന്‍ കഴിയുന്ന ചില കുസൃതികള്‍ എല്ലാ ക്ലാസ്സിലുമുണ്ടാവും. അവരെക്കുറിച്ച് അധ്യാപകര്‍ പരസ്പരം ചര്‍ച്ച ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും പറയാനുണ്ടാവും പല അനുഭവങ്ങള്‍...

എന്തൊക്കെയായാലും മദ്‌റസ കഴിഞ്ഞിറങ്ങുമ്പോള്‍ കൈപിടിച്ച് സലാം പറയാന്‍ തിരക്ക് കൂട്ടുന്ന ആ കുഞ്ഞുമക്കളെ നേരില്‍ കാണാന്‍ വല്ലാതെ കൊതിയാവുന്നു...