വിശുദ്ധ ക്വുര്‍ആന്‍: പ്രാമാണികതയും ദൈവികതയും

അബൂബക്കര്‍ സലഫി

2020 ഒക്ടോബര്‍ 31 1442 റബിഉല്‍ അവ്വല്‍ 13

(അഹ്‌ലുസ്സുന്നഃ ആദര്‍ശപഠനം)

ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ പരിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമാണ്. അതനുസരിച്ച് ജീവിക്കുകയാണ് ഓരോ സത്യവിശ്വാസിയുടെയും ബാധ്യത. നബി ﷺ  പറഞ്ഞു:

''രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടുപോകുന്നു. അവയ്ക്ക് ശേഷം (അവയെ മുറുകെ പിടിച്ചാല്‍) നിങ്ങള്‍ വഴിപിഴക്കുകയില്ല, അല്ലാഹുവിന്റെ കിതാബും എന്റെ സുന്നത്തുമാണത്, അവ രണ്ടും എന്റെയടുത്ത് (നാളെ) ഹൗദില്‍ വരുന്നത് വരെ വേര്‍പിരിയുകയില്ല'' (സ്വഹീഹുല്‍ ജാമിഅ്).

ആദ്യമായി പരിശുദ്ധ ക്വുര്‍ആനിന്റെ പ്രാമാണികതയെപ്പറ്റിയും അതിന്റെ ദൈവികതയെപ്പറ്റിയും അല്‍പം മനസ്സിലാക്കാം.

പരിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവിന്റെ സംസാരമാണ്, അവന്റെ സന്ദേശമാണ്, ഉപരിലോകത്തുനിന്ന് ജിബ്‌രീല്‍ൗ എന്ന മലക്ക് വഴി മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിച്ചു നല്‍കിയ വഹ്‌യാണ്, അഥവാ ദിവ്യബോധനമാണ്.

മനുഷ്യര്‍ക്ക് നേര്‍വഴി കാട്ടുന്നതിനായി അനേകം പ്രവാചകന്‍മാരെ അല്ലാഹു ഈ ഭൂമുഖത്തേക്ക് നിയോഗിച്ചിട്ടുണ്ട്. അവര്‍ സത്യപ്രവാചകന്‍മാരാണെന്ന് തെളിയിക്കുന്ന നുബുവ്വത്തിന്റെ (പ്രവാചകത്വത്തിന്റെ) തെളിവുകളും നല്‍കിയിട്ടുണ്ട്. അവ നിരവധിയാണ്. അവയില്‍ ഏറ്റവും വലിയ അമാനുഷിക ദൃഷ്ടാന്തമാണ് മുഹമ്മദ് നബി ﷺ ക്ക് നല്‍കപ്പെട്ട വിശുദ്ധ ക്വുര്‍ആന്‍. അത് സൃഷ്ടികളുടെ രചനയല്ലെന്ന് തെളിയിക്കുന്ന ധാരാളം തെളിവുകള്‍ കാണാന്‍ കഴിയും. ചിലതു മാത്രം ഇവിടെ സൂചിപ്പിക്കുകയാണ്.

ഒന്ന്) ക്വുര്‍ആനിന്റെ വെല്ലുവിളി

അന്ത്യനാള്‍വരെ നിലനില്‍ക്കുന്ന വെല്ലുവിളിതന്നെയാണ് ക്വുര്‍ആനിന്റെ ദൈവികതയ്ക്കുള്ള ഒരു പ്രധാന തെളിവ്. ലോകത്ത് ഒരാള്‍ക്കും താന്‍ രചിച്ചതോ നിര്‍മിച്ചതോ ആയ ഒന്നിനെ മുന്‍നിറുത്തി അത് അന്യൂനമാണെന്നു പ്രഖ്യാപിക്കുവാനോ അതുപോലുള്ള ഒന്ന് രചിക്കുവാനോ നിര്‍മിക്കുവാനോ വെല്ലുവിളിക്കുവാനോ ധൈര്യം വരില്ല. കാരണം അതിനെക്കാള്‍ നല്ലത് രചിക്കുവാനും നിര്‍മിക്കുവാനും കഴിവുള്ളവര്‍ വേറെയുണ്ടാകും. തന്റെ സൃഷ്ടി കുറ്റമറ്റതല്ലെന്നും അതിലേക്ക് കൂട്ടിച്ചേര്‍ക്കാനും അതില്‍നിന്ന് കുറക്കാനും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കാനും ധാരാളമുണ്ടാകുമെന്നും ബുദ്ധിയുള്ളവര്‍ക്കൊക്കെ ബോധമുണ്ടാകും.

എന്നാല്‍ പരിശുദ്ധ ക്വുര്‍ആനിന്റെ വെല്ലുവിളി നോക്കൂ: ''(നബിയേ,) പറയുക: ഈ ക്വുര്‍ആന്‍ പോലെയൊന്ന് കൊണ്ടുവരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ടുവരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും'' (ക്വുര്‍ആന്‍ 17:88).

''അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചു പറഞ്ഞതാണ് എന്ന് അവര്‍ പറയുകയാണോ? അല്ല, അവര്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ അവര്‍ സത്യവാന്‍മാരാണെങ്കില്‍ ഇതുപോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ'' (ക്വുര്‍ആന്‍ 52:33).

പരിശുദ്ധ ക്വുര്‍ആനിന്റെ ഈ വെല്ലുവിളി സ്വീകരിക്കുകയെന്നത് എതിരാളികള്‍ക്ക് അസാധ്യമായിരുന്നു. സാഹിത്യത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ വിരാജിച്ചിരുന്ന, അന്നത്തെ ഇരുത്തംവന്ന സാഹിത്യകാരന്മാര്‍ക്കത് അചിന്ത്യമായിരുന്നു.

ക്വുര്‍ആനിന്റെ മുമ്പില്‍ പകച്ചുപോയ എതിരാളികള്‍ പിന്നെ ചെയ്തത് വില കുറഞ്ഞ ആരോപണങ്ങളുന്നയിക്കലായിരുന്നു. ചിലപ്പോള്‍ അവര്‍ പറഞ്ഞു നോക്കും, അത് മുഹമ്മദ് നബി ﷺ യുടെ രചനയാണെന്ന്. മറ്റു ചിലപ്പോള്‍ പറയും; മുഹമ്മദ് നബി ﷺ  ഭ്രാന്തനാണെന്ന്, അല്ലെങ്കില്‍ ജ്യോത്സ്യനാണെന്ന്, മാരണക്കാരനാണെന്ന്, അങ്ങനെയങ്ങനെ...

പരിശുദ്ധ ക്വുര്‍ആന്‍ തൊടുത്തുവിട്ട ഈ വെല്ലുവിളിയുടെ സഞ്ചാരം ഏതെങ്കിലും വിഭാഗത്തിലോ നാട്ടിലോ ഏതെങ്കിലും കാലത്തിലോ ഒതുങ്ങുന്നില്ല. സകല സീമകളെയും അത് മറികടന്നുകൊണ്ടിരിക്കുന്നു. കാലദേശ വ്യത്യാസമില്ലാതെ അത് മനുഷ്യരുടെയും ജിന്നുകളുടെയും കര്‍ണപുടങ്ങളിലൂടെ കാലാതിവര്‍ത്തിയായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അന്ത്യനാള്‍വരെ അത് തുടരുകയും ചെയ്യും.

ക്വുര്‍ആനിന് സമാനമായത് കൊണ്ടുവരാന്‍ കഴിയില്ലെങ്കില്‍ അതിലെ പത്ത് അധ്യായത്തിന് സമാനമായത് കൊണ്ടുവരാന്‍ കഴിയുമോ എന്ന രണ്ടാമത്തെ വെല്ലുവിളിയാണ് മറ്റൊരല്‍ഭുതം. അല്ലാഹു പറയുന്നതു നോക്കൂ:

''അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപോലെയുള്ള പത്ത് അധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. അവരാരും നിങ്ങളുടെ വിളിക്ക് ഉത്തരം നല്‍കിയില്ലെങ്കില്‍, അല്ലാഹുവിന്റെ അറിവോട് കൂടി മാത്രമാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും അവനല്ലാതെ യാതൊരു ദൈവവുമില്ലെന്നും നിങ്ങള്‍ മനസ്സിലാക്കുക. ഇനിയെങ്കിലും നിങ്ങള്‍ കീഴ്‌പെടാന്‍ സന്നദ്ധരാണോ?'' (ക്വുര്‍ആന്‍ 11:13,14).

നൂറ്റിപ്പതിനാല് അധ്യായങ്ങളുള്ള വിശുദ്ധ ക്വുര്‍ആനിലെ ചില അധ്യായങ്ങള്‍ വളരെ ചെറിയവയാണ്. അതില്‍നിന്ന് ഏറ്റവും ചെറിയ പത്ത് അധ്യായങ്ങള്‍ തിരഞ്ഞെടുത്ത് അതിന് സമാനമായത് അവര്‍ക്ക് കൊണ്ടുവന്നുകൂടായിരുന്നോ? ഒരിക്കലും അതിന് കഴിയില്ല എന്നതുകൊണ്ടുതന്നെയാണ് അവരതിന് മുതിരാതിരുന്നത്.

പത്ത് അധ്യായത്തിന് സമാനമായതല്ല ഒരു അധ്യായത്തിന് സമാനമായത് കൊണ്ടുവരാനും അവര്‍ക്ക് സാധ്യമല്ല. ഒരു അധ്യായം കൊണ്ടുവരാനും അവരെ വെല്ലുവിളിച്ചു നോക്കി. വെല്ലുവിളികളിലെ ഏറ്റവും വലിയ അല്‍ഭുതം ഇതാണെന്നു പറയാം.

''അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അധ്യായം നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍'' (ക്വുര്‍ആന്‍ 10:38).

13 വര്‍ഷത്തോളം ഈ വെല്ലുവിളി അവരുടെ ചെവിയില്‍ മുഴങ്ങി. അവര്‍ പ്രതികരിച്ചില്ല. കഴിയുമെങ്കില്‍ അവര്‍ അതിന് മുതിരുമായിരുന്നു. അതാണവര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതിനു തയ്യാറാകാതെ വിഷയത്തില്‍നിന്ന് മാറി, തരംതാഴ്ന്ന ശൈലിയില്‍ നബി ﷺ യെ വിമര്‍ശിക്കുവാനാണ് അവര്‍ ശ്രമിച്ചത്.

''അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ'' (ക്വുര്‍ആന്‍ 15:6).

''അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു'' (ക്വുര്‍ആന്‍ 38:4).

''...(റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്'' (ക്വുര്‍ആന്‍ 25:8).

''സത്യനിഷേധികള്‍ പറഞ്ഞു: ഇത് (ക്വുര്‍ആന്‍) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന് സഹായിച്ചിട്ടുമുണ്ട്. എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ് ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്'' (ക്വുര്‍ആന്‍ 25:4).

''ഇത് പൂര്‍വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന്‍ അത് എഴുതിച്ചുവെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്ന് വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു'' (ക്വുര്‍ആന്‍ 25:5).

ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തുക എന്ന് പറയാറുണ്ടല്ലോ. ആ പ്രവര്‍ത്തനമാണവര്‍ കാണിച്ചത്. അവര്‍ക്കിതിന്റെയൊന്നും ആവശ്യമില്ല; ഒരു അധ്യായത്തിന് സമാനമായത് കൊണ്ടുവന്ന് ഞങ്ങള്‍ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നുവെന്ന് പറഞ്ഞാല്‍ മതി. അതിന് സാധ്യമല്ലെന്ന ബോധ്യമാണ് അവരെ ഇങ്ങനെയൊക്കെ പറയാന്‍ പ്രേരിപ്പിച്ചത്.

സ്വന്തം പരാജയം മറച്ചുപിടിക്കാനുള്ള മറ്റൊരു അടവാണ് എതിരാളിക്കെതിരെ പൊതുജനത്തിന്റെ വികാരമിളക്കിവിടുകയെന്നത്. അതും ഇവര്‍ പയറ്റി നോക്കി.

മുഹമ്മദ് നമ്മുടെ ദൈവങ്ങളെ ചീത്ത പറയുന്നു, നമ്മുടെ മതത്തെ ആക്ഷേപിക്കുന്നു, നമ്മുടെ നേതാക്കളെ വിഡ്ഢികളാക്കുന്നു, നമ്മുടെ പൂര്‍വപിതാക്കള്‍ വഴിപിഴച്ചവരാണെന്നു പറയുന്നു, ഐക്യത്തില്‍ ജീവിച്ചുപോന്ന നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു...  എന്നിങ്ങനെയെല്ലാം അവര്‍ പറഞ്ഞുനോക്കി.

തങ്ങളുടെ കഴിവുകേട് മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ പിന്നെയവര്‍ ചെയ്തത് നബി തിരുമേനി ﷺ ക്കും സ്വഹാബത്തിനും നേരെ ശാരീരിക അക്രമങ്ങള്‍ അഴിച്ചുവിടുക എന്നതായിരുന്നു. എന്നാലും ചിന്തിക്കുന്നവരുടെ മനസ്സുകളില്‍ ക്വുര്‍ആനിന്റെ വെല്ലുവിളി അലോസരം സൃഷ്ടിച്ചു കൊണ്ടിരുന്നു.

ഇതുവരെ നാം സൂചിപ്പിച്ച വെല്ലുവിളികള്‍ സംഭവിച്ചത് മക്കയില്‍ വെച്ചായിരുന്നുവെങ്കില്‍ നബി ﷺ മദീനയിലെത്തിയ ശേഷവും വെല്ലുവിളി ആവര്‍ത്തിച്ചു. അല്ലാഹു പറഞ്ഞു:

''നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റെത് പോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്). നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്'' (ക്വുര്‍ആന്‍ 2:23,24).

'അല്‍കൗഥര്‍' വിശുദ്ധ ക്വുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായമാണ്. വളരെ ചെറിയ മൂന്നു സൂക്തങ്ങളാണ് അതിലുള്ളത്. അതിനു സമാനമായ മൂന്ന് അറബി വാചകങ്ങളെങ്കിലും കൊണ്ടുവരാന്‍ ഉന്നതരായ സാഹിത്യകാരന്മാരുണ്ടായിട്ടും അവര്‍ ശ്രമിച്ചില്ല! എന്തുകൊണ്ട്? അങ്ങനെ ചെയ്താല്‍ സമൂഹത്തിനിടയില്‍ തങ്ങളുടെ വിലയിടിയും, തങ്ങള്‍ വഷളാവും എന്ന് കൃത്യമായ തിരിച്ചറിവുള്ളതുകൊണ്ട് തന്നെ.

ക്വുര്‍ആനിന്റെ വെല്ലുവിളി സ്വീകരിക്കാന്‍ കഴിയില്ലെങ്കിലും അതിനെതിരെ വല്ലതും പറയുകയെങ്കിലും ചെയ്തുകൂടേ എന്ന പൊതു സമ്മര്‍ദത്തിന് വിധേയരായ സാഹിത്യത്തറവാട്ടിലെ ഉന്നതരും അത്യുന്നത സാഹിത്യനിരൂപകരും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് ക്വുര്‍ആനെപ്പറ്റി വീണ്ടും വീണ്ടും ആലോചിക്കേണ്ടി വന്നു. അവരില്‍പെട്ട ഒരാളാണ് വലീദുബ്‌നുല്‍ മുഗീറ.

അന്നത്തെ ഇസ്‌ലാംവിരോധികളെല്ലാവരും അദ്ദേഹത്തിന്റെയടുത്ത് സമ്മേളിച്ചു. പരിസര പ്രദേശങ്ങളില്‍നിന്ന് ജനങ്ങള്‍ ഹജ്ജിനു വരാന്‍ സമയമായതിനാല്‍ അവര്‍ ക്വുര്‍ആനില്‍ ആകൃഷ്ടരാവാതിരിക്കാന്‍, അവരുടെ മുമ്പില്‍ വിശുദ്ധ ക്വുര്‍ആനിനെതിരെയും നബി തിരുമേനിക്കെതിരെയും ഐകകണ്‌ഠ്യേന ഒരു വാചകം കൂടിയാലോചിച്ചു കണ്ടെത്തലായിരുന്നു സമ്മേളന ലക്ഷ്യം! ക്വുര്‍ആനിനെതിരെ പറയാന്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ മുഴുവനും ബാലിശങ്ങളാണെന്ന് പറഞ്ഞ് വലീദ് തള്ളിക്കളഞ്ഞു!

എങ്കില്‍ സര്‍വാംഗീകൃതമായ ഒരു തീരുമാനം നിങ്ങള്‍തന്നെ പറയൂ എന്ന് അദ്ദേഹത്തോട് എല്ലാവരും ആവശ്യപ്പെട്ടു. അദ്ദേഹത്തിനും എന്തു പറയണമെന്ന് അറിയില്ലായിരുന്നു. അവരോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: ''അല്ലാഹുവാണ സത്യം! തീര്‍ച്ചയായും അദ്ദേഹത്തിന്റെ വാക്കിന് അതീവ മാധ്യര്യമുണ്ട്. അതിന്റെ ആശയങ്ങളെ പൊതിഞ്ഞിരിക്കുന്ന വാചകങ്ങള്‍ അതിമനോഹരങ്ങളാണ്. അതിന്റെ മുകള്‍ഭാഗം സമൃദ്ധമായി കായ്കനികള്‍ നല്‍കും. അതിന്റെ വേരുകള്‍ താഴ്ഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് രൂഢമൂലമായിരിക്കുന്നു. തീര്‍ച്ചയായും അത് ഉയരുകതന്നെ ചെയ്യും. അതിനെ പരാചയപ്പെടുത്തകയെന്നത് അസാധ്യമാണ്. അത് മനുഷ്യരുടെ വാക്കുകളല്ല.''

അക്കാലത്തെ ഉന്നതനായ ഒരു അറബി സാഹിത്യകാരന്‍ ക്വുര്‍ആനിന്റെ മുന്നില്‍ അടിയറവ് പറയുന്ന വാചകങ്ങളാണ് നാമിതില്‍ കണ്ടത്. പക്ഷേ, ആ സമ്മേളനം അദ്ദേഹത്തോട് ആവശ്യപ്പെട്ടു; നിങ്ങള്‍ ഇങ്ങനെ പറയരുത്, ക്വുര്‍ആനിനെതിരെ സംസാരിക്കുക തന്നെ വേണം എന്ന്. അപ്പോള്‍ അയാള്‍ പറഞ്ഞു: 'എന്നാല്‍ ഞാനൊന്ന് ആലോചിക്കട്ടെ.' അന്നു രാത്രി അയാള്‍ ഉറക്കമിളച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു.

അത് മാരണമല്ല, മനുഷ്യന്റെ വാക്കുകളല്ല എന്നു പറഞ്ഞ അതേ മനുഷ്യന്‍ സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് അത് മാറ്റിപ്പറയുകയായിരുന്നു! അയാള്‍ പറഞ്ഞു: 'അത് മാരണമാണ്. മനുഷ്യന്റെ വാക്കുകള്‍ മാത്രമാണ്.'

ഇയാളെപ്പറ്റിയാണ് സൂറത്ത് അല്‍ മുദ്ദസ്സിറില്‍ വന്ന ഏതാനും വചനങ്ങള്‍ എന്ന് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്.

''എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക. അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും. അവന്നു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു. അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു. പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്. തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു. അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്? വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്? പിന്നീട് അവനൊന്നു നോക്കി. പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു. എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല. വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്'' (ക്വുര്‍ആന്‍ 74:11-26).

ക്വുര്‍ആന്‍ മനുഷുരുടെ രചനയാണെന്നും മാരണമാണെന്നുമുള്ള ഇയാളുടെ പ്രസ്താവന ഹാജിമാരില്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെല്ലാം അവര്‍ ഹാജിമാരുടെ വരവും കാത്ത് നിലയുറപ്പിച്ചു. കണ്ടവരെയെല്ലാം അവര്‍ 'വിവര'മറിയിച്ചു! എന്നാല്‍ എതിരാളികളുടെ പല കുതന്ത്രങ്ങളെയും പോലെത്തന്നെ ഈ കുതന്ത്രവും ഇസ്‌ലാമിന് ഗുണമായി ഭവിക്കുകയാണ് ചെയ്തത്. ഇതുവഴി നബിതിരുമേനി ﷺ യെപ്പറ്റിയുള്ള പരസ്യം അവര്‍ ഏറ്റെടുത്തതുപോലെയായി! ചിലര്‍ ഇസ്‌ലാമിലേക്കു വരാന്‍ അത് കാരണമാവുകയും ചെയ്തു.

തുഫൈലുബ്‌നു അംറുദ്ദൗസിയുടെ ചരിത്രം അതിനൊരു ഉദാഹരണമാണമായി ഇവിടെ പറയാം: അദ്ദേഹം തന്റെ ഗോത്രത്തിന്റെ നേതാവും അറിയപ്പെട്ട ഒരു കവിയുമായിരുന്നു. മക്കയിലെത്തിയപ്പോള്‍ ക്വുറൈശികള്‍ അദ്ദേഹത്തോട് പറഞ്ഞു: 'അല്ലയോ തുഫൈല്‍! താങ്കള്‍ ഒരു കവിയാണ്, ഗോത്ര നേതാവാണ്. താങ്കളെ മുഹമ്മദ് കാണുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അവന്റെ സംസാരം ആകര്‍ഷണീമായി അനുഭവപ്പെടും. എന്നാല്‍ അറിയുക; അത് സിഹ്‌റാണ്. അതില്‍ വഞ്ചിതനാകരുത്. അദ്ദേഹം മാരണക്കാരനാണ്. നിങ്ങളെയും ഗോത്രത്തെയും അദ്ദേഹം കുഴപ്പത്തിലാക്കുമോ എന്ന് ഞങ്ങള്‍ ഭയക്കുന്നു. സൂക്ഷിക്കുക! അവന്‍ കുടുംബകലഹമുണ്ടാക്കും, ഭിന്നിപ്പുണ്ടാക്കും.'

തുഫൈല്‍ പറയുന്നു: 'നബി ﷺ യെപ്പറ്റിയും നബിയില്‍നിന്ന് ഒന്നും കേള്‍ക്കരുതെന്നും അവര്‍ എന്നോട് നിരന്തരമായി പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം അദ്ദേഹത്തില്‍നിന്ന് ഒന്നും കേള്‍ക്കുകയില്ലെന്ന് ഞാന്‍ തീരുമാനിച്ചു. മാത്രവുമല്ല അദ്ദേഹത്തെ കാണുമ്പോള്‍ ചെവി അടച്ചുവയ്ക്കാന്‍ രണ്ട് പഞ്ഞിക്കഷ്ണങ്ങളും കരുതിവച്ചു. അങ്ങനെ ഹറമില്‍ പ്രവേശിച്ചപ്പോള്‍ അവിടെ നബി തിരുമേനി ﷺ  ക്വുര്‍ആന്‍ പരായണം ചെയ്യുന്നത് കണ്ടു. ഞാനെന്റെ മനസ്സില്‍ പറഞ്ഞു: ഞാനെന്തിന് കേള്‍ക്കാതിരിക്കണം? കാര്യങ്ങള്‍ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ എനിക്കും കഴിയുമല്ലോ! വേണമെങ്കില്‍ സ്വീകരിച്ചാല്‍ മതിയല്ലോ. അല്ലെങ്കില്‍ തള്ളിക്കളയാം. ഞാന്‍ ശ്രദ്ധിച്ചു കേട്ടു. സുബ്ഹാനല്ലാഹ്! ഇതിനെക്കാള്‍ നല്ലത്, ഇതിനെക്കാള്‍ മനോഹരമായത് എന്റെ ജീവിതത്തില്‍ ഞാന്‍ കേട്ടിട്ടില്ല. ഞാന്‍ നബി ﷺ യെ പിന്തുടര്‍ന്നു. ക്വുറൈശികള്‍ പറഞ്ഞതെല്ലാം അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി, ഇസ്‌ലാമില്‍ പ്രവേശിച്ചു. നാട്ടിലേക്ക് പ്രബോധകനായി മടങ്ങിപ്പോയി.'

രണ്ട്) ക്വുര്‍ആനിന്റെ സ്വാധീനം

എത്ര വലിയ വിരോധിയാണെങ്കിലും സ്വസ്ഥമായി ക്വുര്‍ആന്‍ കേള്‍ക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ അത് അവന്റെ ഹൃദയത്തിലുണ്ടാക്കുന്ന സ്വാധീനം നിസ്സാരമല്ല. ചില ഉദാഹരണങ്ങള്‍ സൂചിപ്പിക്കാം.

 ഉത്ബത്തുബ്‌നു റബീഅ: ഇസ്‌ലാമിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വര്‍ധിച്ചപ്പോള്‍, പ്രത്യേകിച്ചും ഹംസ(റ), ഉമര്‍(റ) എന്നിവര്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ക്വുറൈശികള്‍ വല്ലാതെ അസ്വസ്ഥതയിലായി. നബി ﷺ യോട് നയപരമായി അല്‍പം സൗഹൃദ സംസാരമായാലോ എന്നവര്‍ ആലോചിച്ചു. പ്രഗല്‍ഭനായ ഒരു നേതാവിനെ അഥവാ ഉത്ബത്തുബ്‌നു റബീഅ(റ)യെ അവര്‍ നബി ﷺ  അടുത്തേക്ക് പറഞ്ഞയച്ചു.

അദ്ദേഹം നബിയോട് പറഞ്ഞു: 'എന്റെ സഹോദരപുത്രാ, നീങ്ങളി നാട്ടിലെ ഉന്നത കുലജാതനാണ്. നിങ്ങള്‍ കാരണം നമ്മുടെ കുടുംബങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായി എന്നത് സത്യമാണല്ലോ. പരിഹാരം എന്ന നിലയ്ക്ക് എനിക്ക് താങ്കളുടെ മുമ്പില്‍ ചില കാര്യങ്ങള്‍ അവതരിപ്പിക്കണമെന്നുണ്ട്. നിങ്ങള്‍ക്കത് സ്വീകാര്യമാവും എന്നാണെന്റെ പ്രതീക്ഷ. അത് നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുമോ?'

നബി ﷺ  പറഞ്ഞു: 'നിങ്ങള്‍ അവതരിപ്പിച്ചോളൂ; ഞാന്‍ ശ്രദ്ധിച്ചുകേള്‍ക്കാം.'

അപ്പോള്‍ അദ്ദേഹം പ്രശ്‌ന പരിഹാര ഫോര്‍മുല ഇങ്ങനെ അവതരിപ്പിച്ചു: 'നിങ്ങളീ ഉദ്യമംകൊണ്ട് ലക്ഷ്യമാക്കുന്നത് സാമ്പത്തിക നേട്ടമാണെങ്കില്‍, ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ധനം ശേഖരിക്കാം. ഈ നാട്ടിലെ ഏറ്റവും വലിയ ധനികനാക്കാം. ഇനി അതല്ല, പ്രതാപവും അംഗീകാരവുമാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ഞങ്ങള്‍ അത് നല്‍കാം. നിങ്ങളില്ലാതെ ഒരു കാര്യവും ഞങ്ങള്‍ തീരുമാനിക്കുകയില്ല. അതല്ല, ഈ നാടിന്റെ രാജാവാകാനാണ് നിങ്ങളുടെ താല്‍പര്യമെങ്കില്‍ ഞങ്ങള്‍ നിങ്ങളെ രാജാവാക്കി വാഴിക്കാം. അതുമല്ല, നിങ്ങള്‍ക്ക് വല്ല അസുഖവുമാണെങ്കില്‍ ഏറ്റവും പ്രഗല്‍ഭനായ ഡോക്ടറെ ഞങ്ങള്‍ കൊണ്ടു വന്ന് ചികില്‍സ നടത്താം...'

അയാള്‍ക്ക് പറയാനുള്ളതെല്ലാം നബി ﷺ  ഇടയില്‍ കയറി സംസാരിക്കാതെ കേട്ടുകൊടുത്തു. അയാള്‍ നിര്‍ത്തിയപ്പോള്‍ അവിടുന്നു ചോദിച്ചു: 'അവതരിപ്പിച്ചു കഴിഞ്ഞോ?' അയാള്‍ പറഞ്ഞു: 'അതെ.' അപ്പോള്‍ നബി ﷺ  അദ്ദേഹത്തിന് ക്വുര്‍ആനിലെ 'ഫുസ്സിലത്ത്' എന്ന അധ്യായത്തിലെ തുടക്കം മുതലുള്ള 13 വചനങ്ങള്‍ ഓതിക്കേള്‍പിച്ചു. പതിമൂന്നാമത്തെ വചനം ഇങ്ങനെയാണ്:

'എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്നപക്ഷം നീ പറഞ്ഞേക്കുക: ആദ്, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു.'

അയാള്‍ ആ ഭയങ്കരശിക്ഷ തന്നെ പിടികൂടുമോ എന്നു ഭയപ്പെട്ടപോലെ ഭയവിഹ്വലനായി എഴുന്നേല്‍ക്കുകയും വന്നേടത്തേക്ക് തന്നെ ധൃതിപിടിച്ചു പോവുകയും ചെയ്തു. എന്നിട്ട് ക്വുറൈശികളോട് പറഞ്ഞു: 'നിങ്ങള്‍ മുഹമ്മദിനെയും അദ്ദേഹത്തിന്റെ ദൗത്യത്തെയും വെറുതെ വിടുക. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ കേട്ടത് ജേ്യാത്സ്യമോ കവിതയോ മാരണമോ ഒന്നുമല്ല. ഇന്നുവരെ ഞാന്‍ കേട്ടിട്ടില്ലാത്ത അതിമഹത്തായ കുറെ വചനങ്ങളാണ്. തീര്‍ച്ചയായും അതിലെന്തൊക്കെയോ ഉണ്ട്.'

ക്വുര്‍ആന്റെ സ്വാധീനത്താല്‍ അവര്‍ സുജൂദ് ചെയ്യുന്നു

ഒരിക്കല്‍ നബി ﷺ  ഹറമില്‍ ചെന്നപ്പോള്‍ അവിടെ ധാരാളം ക്വുറൈശികളും നേതാക്കളും ഹാജറുണ്ടായിരുന്നു. അവരുടെ മുമ്പില്‍വച്ച് റസൂല്‍ ﷺ  ക്വുര്‍ആനിലെ അന്നജ്മ് അധ്യായം പാരായണം ചെയ്തു. ക്വുര്‍ആനിന്റെ വശ്യതയില്‍ അവര്‍ ലയിച്ചുപോയി.

ആ അധ്യായം അവസാനിക്കുമ്പോ ള്‍ തിലാവത്തിന്റെ (പാരായണത്തിന്റെ) സുജൂദുണ്ട്. നബി തിരുമേനി ﷺ  അത് നിര്‍വഹിച്ചപ്പോള്‍ അവരും സുജൂദിലേക്ക് വീണു.

ഈ ചെയ്തി അവിടെ ഒരു പ്രശ്‌നമായി. ചെയ്തത് അബദ്ധമായി എന്ന് അവര്‍ക്കും തോന്നി. പലരും ക്വുറൈശികളെ ആക്ഷേപിക്കാനും തുടങ്ങി. ജാള്യതയില്‍നിന്നു രക്ഷപ്പെടാന്‍ പിന്നെയവര്‍ ചെയ്തത് ഒരു കളവ് മെനയുകയായിരുന്നു. അവര്‍ ഇങ്ങനെ പറഞ്ഞു: 'മുഹമ്മദ് ക്വുര്‍ആന്‍ ഓതിയപ്പോള്‍ അന്നജ്മ് അധ്യായത്തിലെ ''ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും'' എന്ന സൂക്തങ്ങള്‍ക്കു ശേഷം ഇങ്ങനെ രണ്ടു വചനങ്ങളും ഓതി.'എന്നിട്ട് 'ലാത്തയുടെയും മനാത്തയുടെയും ശുപാര്‍ശകള്‍ പ്രതീക്ഷിക്കപ്പെടാവുന്നതാണ്' എന്ന് അര്‍ഥമുള്ള അവര്‍ നിര്‍മിച്ച രണ്ടു വചനങ്ങള്‍ ജനങ്ങളെ ഓതിക്കേള്‍പിച്ചു.

ജുബൈറുബ്‌നു മുത്ഇം(റ)

ജുബൈര്‍(റ) താന്‍ ഇസ്‌ലാമിലേക്ക് കടന്നുവരാനുള്ള കാരണം വിശദീകരിക്കുന്നുണ്ട്: 'ബദ്ര്‍ യുദ്ധത്തില്‍ ബന്ധിയാക്കപ്പെട്ട തന്റെ ബന്ധുവിന്റെ വിഷയം സംസാരിക്കാന്‍ ഒരിക്കല്‍ മദീനയില്‍ പോയതായിരുന്നു. അവിടെ എത്തിയത് മഗ്‌രിബ് നമസ്‌കാരത്തിന്റെ സമയത്തായിരുന്നു. നബി ﷺ യും സ്വഹാബികളും നമസ്‌കരിക്കുകയായിരുന്നു. 'അത്ത്വൂര്‍' എന്ന അധ്യായമാണ് നബി ﷺ  ഓതിക്കൊണ്ടിരിക്കുന്നത്. ഞാനത് ശ്രദ്ധിച്ചു. അതു കേട്ട് എന്റെ ഹൃദയം പറന്നുപോവാറായി! ഇസ്‌ലാം ആദ്യമായി എന്റെ ഹൃദയത്തിലേക്ക് പ്രവേശിച്ചത് ആ സമയത്തായിരുന്നു.'

ഇങ്ങനെ പരിശുദ്ധ ക്വുര്‍ആന്‍ കേള്‍ക്കുകവഴി അനേകം പേര്‍ ഇസ്‌ലാമിലേക്കു വന്നത് കാണാന്‍ കഴിയും.