വെല്ലുവിളിയില്‍നിന്ന് കുതറിയോടുന്നവരുടെ 'ന്യായങ്ങളും' കുതന്ത്രങ്ങളും

അബൂബക്കര്‍ സലഫി

2020 നവംബര്‍ 07 1442 റബിഉല്‍ അവ്വല്‍ 20

(വിശുദ്ധ ക്വുര്‍ആന്‍: പ്രാമാണികതയും ദൈവികതയും: 2)

(അഹ്‌ലുസ്സുന്നഃ ആദര്‍ശപഠനം)

പരിശുദ്ധ ക്വുര്‍ആനിന്റെ ദൈവികതയെ സൂചിപ്പിക്കുന്ന അതിന്റെ വെല്ലുവിളിയെ സംബന്ധിച്ച് കഴിഞ്ഞ ലക്കത്തില്‍ നാം ചര്‍ച്ചചെയ്യുകയുണ്ടായി. വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയാത്ത എതിരാളികള്‍ സ്വന്തം കഴിവില്ലായ്മ മറച്ചുവെക്കാന്‍ മറ്റുചില വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിക്കുവാനാണ് ശ്രമിച്ചത്,

നബിതിരുമേനി ﷺ യെ തന്റെ ദൗത്യത്തില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍ വേണ്ടി അവര്‍ ക്വുര്‍ആനിനെ ചീത്ത പറയുക, അത് മാരണമാണ്, ജ്യോത്സ്യമാണ്, കവിതയാണ്, പകര്‍ത്തിയെഴുതിയതാണ്, പൂര്‍വികരുടെ കെട്ടുകഥകളാണ്... എന്നെല്ലാമുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ചുനോക്കുകയുണ്ടായി. അതുപോലെ നബി ﷺ യെ വ്യക്തിഹത്യ നടത്തുക, പ്രലോഭിപ്പിക്കുക, ഭീഷണിപ്പെടുത്തുക, കളവു പ്രചരിപ്പിക്കുക, പരിഹസിക്കുക ഇടിച്ചുതാഴ്ത്തുക, മര്‍ദിക്കുക തുടങ്ങിയ വഴികളും സ്വീകരിച്ചുനോക്കി.

പിന്നെ അവര്‍ ചെയ്തുനോക്കിയ മറ്റൊരു കാര്യം അല്ലാഹു പറഞ്ഞുതരുന്നത് കാണുക:

''സത്യനിഷേധികള്‍ പറഞ്ഞു: നിങ്ങള്‍ ഈ ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്. അത് പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളമുണ്ടാക്കുക. നിങ്ങള്‍ക്ക് അതിനെ അതിജയിക്കാന്‍ കഴിഞ്ഞേക്കാം'' (ക്വുര്‍ആന്‍ 41:26).

അവരെ വല്ലാതെ അലട്ടിയിരുന്ന ഒരു വലിയ ആശങ്കയായിരുന്നു ജനങ്ങള്‍ ക്വുര്‍ആന്‍ കേട്ടുപോകുമോ എന്നത്. ജനങ്ങള്‍ ക്വുര്‍ആന്‍ കേട്ടാല്‍ അതില്‍ ആകൃഷ്ടരാവും, അത് അവരില്‍ സ്വാധീനമുണ്ടാക്കും, അതിന്റെ പിന്നില്‍ അണിചേരും എന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. അതില്‍നിന്ന് തടയുവാനാണ് ഈ തന്ത്രം പയറ്റിനോക്കിയത്.

അബൂബക്ര്‍(റ) ശത്രുക്കളുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ എതേ്യാപ്യയിലേക്ക് ഹിജ്‌റ പോവുകയായിരുന്നു. ബര്‍കുല്‍ ഗിമാദ് എന്ന സ്ഥലത്തെത്തിയപ്പോര്‍ ഇബ്‌നുദുഗന്ന എന്ന ഒരു പ്രധാന വ്യക്തി അദ്ദേഹത്തെ കണ്ടു. അദ്ദേഹം ചോദിച്ചു: ''താങ്കള്‍ എങ്ങോട്ട് പോകുന്നു?'' അദ്ദേഹം കാര്യങ്ങളെല്ലാം വിവരിച്ചു കൊടുത്തു. അപ്പോള്‍ ഇബ്‌നു ദുഗന്ന പറഞ്ഞു: ''നിങ്ങളെപ്പോലെയുള്ള ഒരാള്‍ നാടുവിടാന്‍ പാടില്ല. നിങ്ങള്‍ ഇല്ലാത്തവരെ സഹായിക്കുന്നു. കുടുംബബന്ധം ചേര്‍ക്കുന്നു. അന്യന്റെ ഭാരം ചുമക്കുന്നു. അതിഥികളെ ആദരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഈ നാട്ടില്‍ വേണം. ഞാന്‍ നിങ്ങളെ സഹായിക്കാം. എന്റെ കൂടെ വരൂ.''

എന്നിട്ട് ക്വുറൈശി പ്രധാനികളോട് അദ്ദേഹം പറഞ്ഞു: ''അബൂബക്‌റിന് ഞാന്‍ അഭയം നല്‍കിയിരിക്കുന്നു. അദ്ദേഹത്തെപ്പോലെയുള്ള ഒരാള്‍ പുറത്തുപോവുകയോ പുറത്താക്കപ്പെടുകയോ ചെയ്യാവതല്ല. അദ്ദേഹം ഇല്ലാത്തവരെ സഹായിക്കുന്നു. കുടുംബബന്ധം ചേര്‍ക്കുന്നു. അന്യന്റെ ഭാരം ചുമക്കുന്നു. അതിഥികളെ ആദരിക്കന്നു...''

അപ്പോള്‍ ക്വുറൈശികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''എങ്കില്‍ താങ്കള്‍ അബൂബക്‌റിനോട് പറയൂ; അദ്ദേഹം വീട്ടില്‍വെച്ച് രഹസ്യമായി ആരാധനകള്‍ ചെയ്യട്ടെ. ഉറക്കെ ക്വുര്‍ആന്‍ ഓതാനും പാടില്ല. ഞങ്ങളുടെ മക്കളും സ്ത്രീകളും അതില്‍ ആകൃഷ്ടരാവും. അത് ഞങ്ങള്‍ ഭയക്കുന്നു.''

കുറച്ചുകാലം അദ്ദേഹം രഹസ്യമായി അങ്ങനെ ചെയ്തു. പിന്നെ വീടിന്റെ മുറ്റത്ത് ഒരു പള്ളി നിര്‍മിച്ചു, അതില്‍വെച്ച് നമസ്‌കരിച്ചു. ഉറക്കെ ക്വുര്‍ആന്‍ പാരായണം ചെയ്തു. സ്ത്രീകളും കുട്ടികളും അത് കാണാനും കേള്‍ക്കാനും തടിച്ചുകൂടി.

അതോടെ ക്വുറൈശി നേതാക്കള്‍ ഭയപ്പെട്ടു. അവര്‍ ഉടനെ ഇബ്‌നു ദുഗന്നയെ വരുത്തുകയും അഭയം നല്‍കിയത് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ''ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞപ്പോള്‍ അബൂബക്‌റിന് അഭയം നല്‍കിയത് വ്യവസ്ഥയോടെയായിരുന്നു. അത് അദ്ദേഹം ലംഘിച്ചിരിക്കുന്നു. അദ്ദേഹം പരസ്യമായി ആരാധനകള്‍ നടത്തുന്നു. ഉറക്കെ ക്വുര്‍ആന്‍ ഓതുന്നു. ഇതൊരിക്കലും ഞങ്ങള്‍ സമ്മതിക്കുകയില്ല...''

ക്വുര്‍ആനിന്റെ വെല്ലുവിളി സ്വീകരിക്കാന്‍ അവര്‍ക്ക് എന്തായാലും കഴിയില്ല. അത് അവരുടെ ഉന്നത നേതാക്കളെല്ലാം നേര്‍ക്കുനേരെയല്ലെങ്കിലും വ്യക്തമാക്കിയിരിക്കുന്നു. വേറെ ചിലര്‍ പറയാതെ പറഞ്ഞിരിക്കുന്നു. അതേസമയം പരിശുദ്ധ ക്വുര്‍ആന്‍ ജനഹൃദയങ്ങളിലേക്ക് അനുസ്യൂതം ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്നാല്‍ അവര്‍ക്ക് അവരുടെ ധിക്കാരവും അസൂയയും മറ്റു സ്വാര്‍ഥ താല്‍പര്യങ്ങളും കാരണം അതില്‍ നിന്ന് മാറിനില്‍ക്കുകയും മറ്റുള്ളവരെ മാറ്റിനിര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. അതിന് അവര്‍ക്ക് അനേകം 'ന്യായങ്ങള്‍' ആവശ്യമുണ്ട്. അത് സംഘടിപ്പിക്കാന്‍ അവര്‍ നന്നേ കഷ്‌പ്പെടുന്നുമുണ്ട്. അവരുടെ ആവശ്യങ്ങള്‍ നോക്കൂ:

''അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നതുവരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നതുവരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചതുപോലെ ആകാശത്തെ ഞങ്ങളുടെമേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നതുവരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടംകൂട്ടമായി നീ കൊണ്ടുവരുന്നതുവരെ. അല്ലെങ്കില്‍ നിനക്ക് സ്വര്‍ണംകൊണ്ടുള്ള ഒരു വീടുണ്ടാകുന്നതുവരെ. അല്ലെങ്കില്‍ ആകാശത്തുകൂടി നീ കയറിപ്പോകുന്നതുവരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കി കൊണ്ടുവരുന്നതുവരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?'' (ക്വുര്‍ആന്‍ 17:90-93).

ഇവരുടെ ഇത്തരം ആവശ്യങ്ങള്‍ക്ക് എന്തുകൊണ്ടാണ് അല്ലാഹു ഉത്തരം നല്‍കാതിരുന്നത്? അവരുടെ ആവശ്യം ഒരിക്കലും സദുദ്ദേശ്യപരമല്ല എന്നതുകൊണ്ടുതന്നെ. വിശ്വസിക്കാന്‍ വേണ്ടിയല്ല അവര്‍ ആവശ്യപ്പെടുന്നത്. അതിന്റെ പിന്നില്‍ ധിക്കാരവും കുതന്ത്രവും മാത്രമാണുള്ളത്.

ക്വുര്‍ആന്‍ എന്ന 'ദൃഷ്ടാന്തങ്ങളുടെ ദൃഷ്ടാന്ത'ത്തില്‍ വിശ്വസിക്കാത്ത ഇവരുണ്ടോ മറ്റു ദൃഷ്ടാന്തങ്ങള്‍ ലഭിച്ചാല്‍ വിശ്വസിക്കുന്നു! ഇത്തരക്കാരെ സൂചിപ്പിച്ച് അല്ലാഹു പറയുന്നത് നോക്കൂ:

''(നബിയേ,) നിനക്കു നാം കടലാസില്‍ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും എന്നിട്ടവരത് സ്വന്തം കൈകള്‍കൊണ്ട് തൊട്ടുനോക്കുകയും ചെയ്താല്‍ പോലും ഇത് വ്യക്തമായ മായാജാലമല്ലാതെ മറ്റൊന്നുമല്ല എന്നായിരിക്കും സത്യനിഷേധികള്‍ പറയുക. ഇയാളുടെ (നബി ﷺ യുടെ) മേല്‍ ഒരു മലക്ക് ഇറക്കപ്പെടാത്തത് എന്താണ് എന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല''(ക്വുര്‍ആന്‍ 6:7,8).

അവരുടെ സത്യനിഷേധത്തിന്റെ ആധിക്യം എത്രമാത്രമായിരുന്നുവെന്ന് അവരുടെ മനസ്സറിയുന്ന അല്ലാഹു പറഞ്ഞുതരുന്നത് കാണുക:

''അവരുടെമേല്‍ ആകാശത്തുനിന്ന് നാം ഒരു കവാടം തുറന്നുകൊടുക്കുകയും എന്നിട്ട് അതിലൂടെ അവര്‍ കയറിപ്പോയിക്കൊണ്ടിരിക്കുകയും ചെയ്താല്‍ പോലും അവര്‍ പറയും: ഞങ്ങളുടെ കണ്ണുകള്‍ക്ക് മത്തുബാധിച്ചത് മാത്രമാണ്; അല്ല, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ഒരുകൂട്ടം ആളുകളാണ്'' (ക്വുര്‍ആന്‍ 15:14,15).

''നാം അവരിലേക്ക് മലക്കുകളെ ഇറക്കുകയും മരിച്ചവര്‍ അവരോട് സംസാരിക്കുകയും സര്‍വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടംകൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല; അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട് പറയുകയാകുന്നു'' (ക്വുര്‍ആന്‍ 6:111).

അവര്‍ ആവശ്യപ്പെട്ട പോലെയുള്ള വല്ല ദൃഷ്ടാന്തവും ലഭിച്ചാല്‍ അവര്‍ വിശ്വസിക്കുമായിരിക്കും എന്ന്, അവരുടെ മനസ്സറിയാത്ത റസൂല്‍ ﷺ  വിചാരിച്ചപ്പോള്‍ അല്ലാഹു ആക്ഷേപ സ്വരത്തില്‍ പറയുന്നത് നോക്കൂ:

''അവര്‍ പിന്തിരിഞ്ഞുകളയുന്നത് നിനക്ക് ദുസ്സഹമായി തോന്നുന്നുവെങ്കില്‍ ഭൂമിയില്‍ (ഇറങ്ങിപ്പോകുവാന്‍) ഒരു തുരങ്കമോ, ആകാശത്ത് (കയറിപ്പോകുവാന്‍) ഒരു കോണിയോ തേടിപ്പിടിച്ചിട്ട് അവര്‍ക്കൊരു ദൃഷ്ടാന്തം കൊണ്ടു വന്നുകൊടുക്കാന്‍ നിനക്ക് സാധിക്കുന്ന പക്ഷം (അതങ്ങ് ചെയ്‌തേക്കുക). അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെയൊക്കെ അവന്‍ സന്‍മാര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യുമായിരുന്നു. അതിനാല്‍ നീ ഒരിക്കലും അവിവേകികളില്‍ പെട്ടുപോകരുത്'' (ക്വുര്‍ആന്‍ 6:35).

അവരുടെ ആവശ്യത്തിന് മറുപടി നല്‍കാത്തതിന്റെ മറ്റൊരു കാരണം, അതിന് ഉത്തരം നല്‍കാതിരിക്കലാണ് അവര്‍ക്കും ഈ സമുദായത്തിനും ഗുണകരം എന്നതാണ്. ആവശ്യപ്പെട്ട ദൃഷ്ടാന്തം ലഭിച്ചുകഴിഞ്ഞിട്ടും വിശ്വസിക്കുന്നില്ലെങ്കില്‍ അവരെ ഒന്നടങ്കം നശിപ്പിക്കുക എന്നതാണ് അല്ലാഹുവിന്റെ ഒരു സമ്പ്രദായം:

''എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല'' എന്ന മുകളില്‍ കൊടുത്ത ക്വുര്‍ആനിക വചനം (6:8) അതിലേക്കാണ് സൂചന നല്‍കുന്നത്.

വേറെയും വചനങ്ങള്‍ അക്കാര്യം അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

''നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന് നമുക്ക് തടസ്സമായത് പൂര്‍വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിക്കളഞ്ഞു എന്നത് മാത്രമാണ്. നാം ഥമൂദ് സമുദായത്തിന് പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട് ഒട്ടകത്തെ നല്‍കുകയുണ്ടായി. എന്നിട്ട് അവര്‍ അതിന്റെ കാര്യത്തില്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്'' (ക്വുര്‍ആന്‍ 17:59).

ദൃഷ്ടാന്തങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ക്വുറൈശികളോട് ഥമൂദ് ഗോത്രത്തിന്റെ ഒട്ടകത്തെപ്പറ്റി പറയാന്‍ പ്രത്യേക കാരണങ്ങളുണ്ടെന്ന് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു:

'അവരുടെ അയല്‍പക്കത്ത് സംഭവിച്ച കാര്യമാണത്. സ്വാലിഹ്ൗ അയക്കപ്പെട്ട ഥമൂദ് ഗോത്രം താമസിച്ചിരുന്നത് ഹിജാസിനും തബൂക്കിനുമിടയിയലുള്ള ഹിജ്ര്‍ എന്ന പ്രദേശത്തായിരുന്നു. പിന്നെ ഥമൂദ് ഗോത്രം അറബികളുമായിരുന്നു. കച്ചവടാവശ്യത്തിനും മറ്റും ഹിജ്ര്‍ വഴിയിലൂടെയുള്ള പോക്കുവരവുകള്‍ കാരണം അവര്‍ക്കേറ്റ ദുരന്തം ധാരാളമായി ക്വുറൈശികള്‍ കേട്ടറിഞ്ഞിട്ടുണ്ടാകും.'

ഈ വചനത്തിന്റെ അവതരണകാരണമായി ഇമാം അഹ്മദ്, ഇമാം നസാഈ തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥ് ഇങ്ങനെ വായിക്കാം:

ഇബ്‌നു അബ്ബാസ്(റ) നിവേദനം; അദ്ദേഹം പറഞ്ഞു: ''സഫാമല സ്വര്‍ണമാക്കിത്തരണമെന്ന് മക്കാനിവാസികള്‍ നബി ﷺ യോട് ആവശ്യപ്പെട്ടു; അവര്‍ക്ക് കൃഷിചെയ്യാന്‍ അവിടെയുള്ള മറ്റു മലകളെ നീക്കിക്കൊടുക്കാനും. അപ്പോള്‍ നബി ﷺ യോട് പറയപ്പെട്ടു. (അഥവാ അല്ലാഹു ദിവ്യബോധനം നല്‍കി): 'താങ്കള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ക്ക് സാവകാശം നല്‍കാം. അല്ലെങ്കില്‍ അവര്‍ ആവശ്യപ്പെട്ടവ നല്‍കാം. പക്ഷേ, എന്നിട്ടും അവര്‍ നിഷേധിച്ചാല്‍ മുമ്പുള്ളവരെ നാം നശിപ്പിച്ചതുപോലെ അവരെ നശിപ്പിക്കും.' അപ്പോള്‍ അല്ലാഹു ഈ വചനമിറക്കി.''

മുമ്പുള്ളവരെ നശിപ്പിച്ചതുപോലെ ഒന്നടങ്കം ഈ സമുദായത്തെ നശിപ്പിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. അവര്‍ വഴിയേ വിശ്വസിച്ചുകൊള്ളും. അതിന് അവസരം നല്‍കുന്നത് അവരോടുള്ള കാരുണ്യമാണ്. ഇനിയവര്‍ വിശ്വസിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവരുടെ മുതുകില്‍നിന്ന് വരുന്ന സന്താനങ്ങളെങ്കിലും സത്യത്തിന്റെ രാജപാതയിലേക്ക് കടന്നുവരാം. അതിന് അവസരം നല്‍കുകയാണ്.

ഇക്കാര്യം വ്യക്തമാക്കുന്ന മറ്റൊരു ഹദീഥ് കൂടി കാണുക:

ഇബ്‌നു അബ്ബാസ്(റ) നിവേദനം: ''ക്വുറൈശികള്‍ നബി ﷺ യോട് പറഞ്ഞു: 'സഫാമല ഞങ്ങള്‍ക്ക് സ്വര്‍ണമാക്കിത്തരാന്‍ താങ്കളുടെ റബ്ബിനോട് പ്രാര്‍ഥിക്കുക, എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കാം.' നബി ﷺ  ചോദിച്ചു: 'എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?' അവര്‍ പറഞ്ഞു: 'അതെ.' അപ്പോള്‍ നബി ﷺ  പ്രാര്‍ഥിച്ചു. അന്നേരം ജിബ്‌രീല്‍ൗ ഇറങ്ങിവന്നു. എന്നിട്ട് പറഞ്ഞു: 'താങ്കളുടെ രക്ഷിതാവ് താങ്കളോട് സലാം പറയുന്നു. അവന്‍ പറയുന്നു; താങ്കള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ സഫാമല അവര്‍ക്കുവേണ്ടി സ്വര്‍ണമാവും. എന്നാല്‍ അതിനുശേഷം അവര്‍ അവിശ്വസിച്ചാല്‍ ലോകത്ത് ഒരാളെയും ശിക്ഷിക്കാത്ത രൂപത്തില്‍ അവരെ ഞാന്‍ ശിക്ഷിക്കുന്നതായിരിക്കും. അല്ലെങ്കില്‍ താങ്കള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ക്ക് ഞാന്‍ പശ്ചാത്താപത്തിന്റെയും കാര്യണ്യത്തിന്റെയും വാതില്‍ തുറന്നുകൊടുക്കാം.' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'പശ്ചാത്താപത്തിന്റെയും കാരുണ്യത്തിന്റെയും വാതിലാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്.''