സ്വപ്‌ന ഭൂമിയില്‍നിന്ന് കര്‍മഭൂമിയിലേക്ക് ഉണരുക

ടി.കെ.അശ്‌റഫ്

2020 ഫെബ്രുവരി 01 1441 ജുമാദല്‍ ആഖിറ 02

ഇന്ത്യയുടെ ആകാശത്ത് വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും കാര്‍മേഘം ഉരുണ്ട് കൂടിയിരിക്കുകയാണ്. അതിന്റെ അസ്വസ്ഥതയില്‍ വിങ്ങുകയാണ് ഇന്ത്യന്‍ ജനത. ഇന്ത്യന്‍ ജനതയെ മതപരമായി വിഭജിക്കുന്ന കരിനിയമത്തിനെതിരെ രാജ്യത്ത് അലയടിക്കുന്ന ജനാധിപത്യ സമരങ്ങളോട് ആരും പുറംതിരിഞ്ഞ് നിന്നുകൂടാ.

രാജ്യത്ത് അറിയപ്പെടുന്ന യൂണിവേഴ്‌സിറ്റികളും നഗരങ്ങളിലും ഉത്തര്‍പ്രദേശിന്റെ ഉള്‍ഗ്രാമങ്ങളില്‍ പോലും സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ എങ്ങനെയാണ് ഭരണകൂടത്തിന് ന്യായീകരിക്കാനാവുക?

നോട്ട് നിരോധനം, മുത്ത്വലാക്വ് നിയമം, കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളയല്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, സ്ത്രീപീഡനങ്ങള്‍ എന്നിവയിലെല്ലാം കുറ്റകരമായ മൗനത്തിലാണ്ടുപോയ മതേതര സമൂഹം പൗരത്വവിഭജനത്തിനെതിരെ ഒന്നിച്ചെഴുന്നേറ്റ് നിന്ന് ഇന്ത്യന്‍ തെരുവുകള്‍ ഇളക്കി മറിക്കുന്നത് കാണുമ്പോള്‍ ഈ രണ്ടാം സ്വാതന്ത്ര്യസമരം പകുതി വിജയിച്ചുവെന്നാണ് പറയാനുള്ളത്.

ഇരു സഭകളിലും സഭക്ക് പുറത്തും ഈ കരിനിയമത്തിനെതിരെ ശക്തമായി സമരത്തിന്‍ പോര്‍മുഖം തുറക്കാന്‍ മുന്നില്‍ നിന്ന രാഷ്ട്രീയ നേതാക്കള്‍, എം.പിമാര്‍, എന്‍.ആര്‍.സി നടപ്പാക്കില്ലെന്നും എന്‍.പി.ആര്‍ നിര്‍ത്തിവെക്കുമെന്നും പ്രഖ്യാപിച്ച നമ്മുടെ സംസ്ഥാനത്തിന്റെതടക്കമുള്ള മുഖ്യമന്ത്രിമാര്‍, ചരിത്രകാരന്മാര്‍, കലാകാരന്മാര്‍ തുടങ്ങി എല്ലാവരെയും ഈ രാജ്യത്തെ സ്‌നേഹിക്കുന്ന പൗരന്മാര്‍ അകൈതവമായി അഭിനന്ദിക്കേണ്ടതുണ്ട്.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പൗരത്വ ഭേദഗതി നിയം വന്നതു മുതല്‍ വളരെ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. മുസ്‌ലിം സമുദായം മാത്രം തെരുവിലിറങ്ങി ഇതൊരു മുസ്‌ലിം പ്രശ്‌നമാക്കി മാറ്റരുത് എന്ന നിലപാട് സംരക്ഷിക്കാനുള്ള നേതൃപരമായ ഇടപെടലുകള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഇതിനായി സമുദായ നേതാക്കളെയും ഇടത്, വലത് മുന്നണികളെയും ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമം പ്രത്യക്ഷത്തില്‍ മുസ്‌ലിം സമുദായത്തെയാണ് ബാധിക്കുന്നതെങ്കിലും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങള്‍ക്ക് നേരെയുള്ള പോര്‍വിളികൂടിയാണ്.

ഇന്ത്യന്‍ മതേതരത്വത്തിന്റെ ന്യൂക്ലിയസായ നാനാത്വത്തില്‍ ഏകത്വം എന്നതിന്റെ നട്ടെല്ലിനാണ് ഇപ്പോള്‍ പരിക്ക് പറ്റിയിരിക്കുന്നത്. അതിനാല്‍ തന്നെ ഈ സമരപോരാട്ടം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ളതല്ല; മതേതര ഇന്ത്യയും ഫാഷിസവും തമ്മിലുള്ളതാണ്. ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണ്.

ഇതിനെ കേവലം സാമുദായിക പ്രശ്‌നമാക്കി ചുരുക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കണം. രാഷ്ട്രീയമായാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത്. മതസംഘടനകള്‍ അതിന് ഊര്‍ജം പകരുകയാണ് വേണ്ടത്.

സമരത്തില്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളും മുദ്രാവാക്യങ്ങളും സുചിന്തിതമായിരിക്കണം. എന്‍.ആര്‍.സി, സി.എ.എ എന്നിവയില്‍ ഇളവുവരുത്തുകയല്ല നമ്മുടെ ആവശ്യം; സി.എ.എ റദ്ദ് ചെയ്യുകയും എന്‍.ആര്‍.സി യില്‍ നിന്ന് പിന്‍തിരിയുകയും ചെയ്യലാണ്.

എന്‍.ആര്‍.സി, സി.എ.എ എന്നിവ പിന്‍വലിക്കലാണ് എന്‍.പി.ആര്‍ തുടങ്ങാനുള്ള ഏക പരിഹാരം. അല്ലാത്ത പക്ഷം എന്‍.ആര്‍.സി ക്കുവേണ്ടി എന്‍.പി.ആര്‍ ദുരുപയോഗം ചെയ്യുമെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല.

സമരപരിപാടികള്‍ ജനാധിപത്യ മര്യാദകള്‍ അതിലംഘിച്ചുകൊണ്ടാവരുത്. രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സമരം നയിക്കേണ്ടതിന്റെ ലക്ഷ്യവും മാര്‍ഗവും ഈ പ്രസ്ഥാനത്തിന്റെ മുന്‍ഗാമികള്‍ പ്രയോഗവല്‍ക്കരിച്ച് കാണിച്ചുതന്നിട്ടുണ്ട്.

മുജാഹിദ് പ്രസ്ഥാനത്തിന്റെ മുന്‍ഗാമികളും സ്വാതന്ത്ര്യസമര സേനാനികളുമായ ഇ.മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കെ.എം സീതി സാഹിബ്, കെ.എം മൗലവി തുടങ്ങിയവരുടെ ജീവിതം അതിന്റെ നേര്‍സാക്ഷ്യമാണ്.

മുജാഹിദ് നേതാക്കള്‍ മുമ്പേകാണിച്ച മാര്‍ഗത്തില്‍ ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത് പൗരത്വ വിഭജനത്തിനെതിരെ 'ചേര്‍ന്ന് നില്‍ക്കുക, ചെറുത്ത് തോല്‍പിക്കുക' എന്ന പ്രമേയവുമായി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ദേശരക്ഷാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് വരികയാണ്. ഇതൊരു തുടക്കമല്ല; തുടര്‍ച്ചയാണ് എന്നര്‍ഥം.

പാഠപുസ്തകത്തിലൂടെ വര്‍ഗീയതയുടെ വിത്ത് വിതച്ചപ്പോള്‍ 'വര്‍ഗീയവല്‍കരിക്കപ്പെടുന്ന പാഠപുസ്തകത്തിനെതിരെ' മുജാഹിദ് വിദ്യാര്‍ഥിഘടകം കടമ നിര്‍വഹിച്ചിട്ടുണ്ട്.

ബാബരി മസ്ജിദ് തകര്‍ത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ വര്‍ഗീയത ആളിക്കത്തിയപ്പോള്‍ പാലക്കാട് കോട്ടമൈതാനിയില്‍ 'മതം മനുഷ്യസൗഹാര്‍ദത്തിന്' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മുജാഹിദ് സംസ്ഥാന സമ്മേളനം രാജ്യത്തെ സമാധാനത്തിലേക്ക് ദിശതിരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഭൂരിപക്ഷ വര്‍ഗീയതക്ക് ന്യൂനപക്ഷ തീവ്രവാദമാണ് പരിഹാരമെന്ന തെറ്റായ ആശയം മുസ്‌ലിം യുവാക്കളില്‍ സ്വാധീനിച്ചപ്പോള്‍, യുവജനസംഘടന നടത്തിയ 'ഇസ്‌ലാം തീവ്രവാദത്തിനെതിരെ' എന്ന കാംപയ്ന്‍ യുവാക്കളെ വിചാരതലത്തിലേക്ക് നയിക്കാന്‍ കാരണമായി.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് മതേതര വോട്ടുകള്‍ ഭിന്നിക്കരുതെന്ന സന്ദേശം നല്‍കിക്കൊണ്ട് വിസ്ഡം സംഘടിപ്പിച്ച 'ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത' എന്ന കാംപയ്ന്‍ ശ്രദ്ധേയമായിരുന്നു.

ഇതിന്റെ തുടര്‍ച്ച തന്നെയാണ് വിസ്ഡം സംഘടിപ്പിക്കുന്ന ദേശരക്ഷാ സമ്മേളനങ്ങള്‍. അനീതി പേമാരി പോലെ കോരിച്ചൊരിയുന്നൊരു കാലത്ത് തന്നെ മാത്രം കാണുന്ന കണ്ണാടികള്‍ മാറ്റിവച്ച് രാജ്യത്തെ മുഴുവനായി കാണും വിധമുള്ള ജാലകമാണ് നാം തുറന്നിടേണ്ടത്. കാഴ്ചയുടെ സ്വപ്‌ന ഭൂമിയില്‍ നിന്ന് കാഴ്ചപ്പാടുകളുടെ കര്‍മ ഭൂമിയിലേക്ക് നമുക്ക് ഒന്നിച്ചുണരണം.